Thursday, January 20

നവകേരള സൃഷ്ടിക്കായി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പൊതുഖജനാവ് തുറക്കണം; എ പി ശരച്ചന്ദ്രന്‍

എ പി ശരച്ചന്ദ്രന്‍ 

ദുരിതക്കയത്തിലകപ്പെട്ട കേരളജനതയുടെ മുമ്പാകെ ഞങ്ങൾ നാലുവർഷം മുമ്പ് വെച്ച ഒരു നിർദ്ദേശമാണ് ദുരിതക്കയത്തിലകപ്പെട്ട കേരളജനതയുടെ മുമ്പാകെ ഇപ്പോൾ പ്രശസ്തസാഹിത്യകാരനായ കെ പി നിർമ്മൽ കുമാർ സാമൂഹികമാധ്യമത്തിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. തീർച്ചയായും സ്വാഗതാർഹമാണ് ഈ നിർദ്ദേശം. ഈ വിഷയത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധയെ കൊണ്ടുവരുന്നതിനുവേണ്ടിയാണ് സജീവമായി കേരള വികസനചർച്ചകൾ നടക്കുന്ന ഈ വേളയിൽ  ഞങ്ങള്‍  നേരത്തെ ഉന്നയിച്ച ശ്രീപദ്മനാഭന്റെ അറയിൽ വിശ്രമിക്കുന്ന ഖജനാവ് വീണ്ടെടുടുക്കുന്നതിനെക്കുറിച്ചുള്ള ആശയം വീണ്ടും മുന്നോട്ടുവെക്കുന്നത്.

പ്രളയം ഉഴുതുമറിച്ച ഈ മണ്ണിൽ ഇപ്പോഴുള്ള ജനത മാത്രമല്ല ഇനി പിറക്കാനിരിക്കുന്ന ഓരോ കുഞ്ഞും പല കോടി രൂപ മൂല്യമുള്ള സാമൂഹികസ്വത്തിന്റെ ഉടമയായിക്കഴിഞ്ഞുവെന്നുള്ള യാഥാർഥ്യം ആരും മറന്നിട്ടുണ്ടാകില്ല. ഇതിൽ ആചാരാനുഷ്ഠാനങ്ങളുടെ മുടന്തൻന്യായം ഉന്നയിക്കേണ്ട സമയമല്ലിത്. ഒരു മനുഷ്യസ്നേഹിയും ഈ ആശയത്തെ തള്ളിക്കളയുമെന്നു തോന്നുന്നില്ല. ശ്രീപദ്മനാഭനുവേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച ഒരു മഹാഭക്തനാണ് ഇതിന്റെ നിയമയുദ്ധം തുടങ്ങിവെച്ചത് എന്നത് ഓർക്കുമല്ലോ. പ്രളയക്കെടുതിയിൽപെട്ട് നട്ടംതിരിയുന്ന പാവപ്പെട്ട മലയാളിക്ക് ജീവിതം മടക്കിക്കൊണ്ടുവരാൻ എല്ലാ വിഭാഗം ജനങ്ങളുടെയും അടിയന്തിര ഇടപെടൽ ആവശ്യമായിവരുന്ന സന്ദർഭമാണിത്.

 2014 ല്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെട്ട ലഘുലേഖ

 

അറബി വാണിജ്യത്തിന്റെയും റോമൻ സമ്പർക്കത്തിന്റെയും കാലഘട്ടത്തിൽ ഒരു തോല കുരുമുളക് ഒരു തോല സ്വർണത്തിന് കൈമാറിയിരുന്നതായാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. അന്നത്തെ കാലത്ത് സുഗന്ധദ്രവ്യങ്ങൾ, പട്ട്, തേക്ക് തുടങ്ങിയ വനവിഭവങ്ങളും വ്യാപകമായി വ്യാപാരം ചെയ്യപ്പെട്ടിരുന്നു. പ്രാദേശികഭരണനിധിശേഖരമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ളത്. ഇത് സാധ്യമാക്കിയ ഡച്ചുകാരനായ സൈനികമേധാവി ഡിലനോയിയുടെ പടയോട്ടത്തോട് മലയാളി കടപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ രാഷ്ട്രീയപ്രക്രിയയിലൂടെ ശേഖരിക്കപ്പെട്ട സ്വത്താണത്. അതിനാൽ വിശ്വാസവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല.

തിരുവിതാംകൂറിലെ മീനവ – നാടാർ – ദളിത് മറ്റു കീഴാളവിഭാഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഉപ്പും ചോരയുമാണ് കുളച്ചൽ യുദ്ധം ജയിക്കാൻ മാര്ത്താണ്ഡവർമ്മയെ സഹായിച്ചത്. ഈ വിജയമാണ് മാർത്താണ്ഡവർക്കയ്ക്ക് തിരുവിതാംകൂറിന്റെ ഏകീകരണം സാധ്യമാക്കിയത്. പക്ഷെ ഈ സമൂഹങ്ങളാകട്ടെ ഇന്നും പ്രാന്തവൽക്കരിക്കപ്പെട്ട നിന്ദിതസമൂഹമായി തുടരുകയാണ്. ഈ പശ്ചാത്തലം തിരിച്ചറിഞ്ഞു പ്രളയക്കെടുതിയിൽ വലയുന്ന പാവപ്പെട്ടവരുടെ മാത്രമല്ല മുഴുവൻ കേരളജനതയുടെയും താല്പര്യങ്ങൾ ഉയർത്തിപ്പിടിച്ചു എല്ലാവരും അണിചേരേണ്ട സമയമാണിത്.

കൊള്ള ചെയ്യപ്പെട്ട മുതൽ ശേഖരത്തിനടുത്തേക്ക് പൊതുജനങ്ങൾക്കുതന്നെ പ്രവേശിക്കാൻ കഴിയില്ല. പൊതുജനങ്ങൾക്കുതന്നെ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന പൊതുഖജനാവാണിത്. റിസർവ്വ് ബാങ്കിന്റെ നിധിശേഖരത്തിന്റെ അടുത്തേക്ക് ഒരാൾക്ക് കയറിച്ചെല്ലാനുള്ള വിലക്കുതന്നെയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് വീണ്ടെടുത്ത് നവകേരളം കെട്ടിപ്പടുക്കുകയും കേരളീയർക്ക് സൗജന്യവിദ്യാഭ്യാസം, സൗജന്യതൊഴിൽ തുടങ്ങിയവ ലഭ്യമാക്കി മാന്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തേണ്ടത് ഒരു പുരോഗമനസർക്കാരിന്റെ ചുമതലയാണ്. പ്രളയത്തിലകപ്പെട്ടവരെയും അവരെ സംരക്ഷിക്കാനായി പെടാപ്പാടു പെടുന്ന ജനതയെയും കരകയറ്റാനായി, നവകേരളസൃഷ്ടിക്കായി, ഈ ആശയം വീണ്ടെടുക്കാൻ എല്ലാ പുരോഗമനവാദികളും രംഗത്തുവരേണ്ടിയിരിക്കുന്നു.

(സാമൂഹ്യപ്രവര്‍ത്തകനാണ് ലേഖകന്‍ )

https://www.facebook.com/kpnirmalkumar/posts/1994037047283720?__xts__%5B0%5D=68.ARCl5DfPvBS7VuwJu-X2qd1wuOhPM7qOlalEcj6kTlKgfvzAqwobv16YY5YWMAHKnetppxYKjPwJqNg3FvEjy6xqHxncQbGVIiqvQ_NkotcnIN06h3Qy9sLb15uykOthzTdHszE&__tn__=-R

എഴുത്തുകാരനായ കെ പി നിർമ്മൽകുമാർ ഇത് സംബന്ധിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

Spread the love