*പണമിടപാട് സംബന്ധിച്ച പരാതികൾ ഇനി പോലീസ് സ്റ്റേഷനുകളിൽ സ്വീകരിക്കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അറസ്റ്റും കസ്റ്റഡിയും സംബന്ധിച്ച് ഡി.ജി.പി. നൽകിയ പതിനൊന്നിന നിർദേശങ്ങളിലൊന്നാണിത്.

ഐ.പി.സി. 420 പ്രകാരം വഞ്ചനാക്കുറ്റങ്ങളുടെ പരിധിയിൽവരുന്ന പരാതികളൊഴികെ മറ്റൊരു പരാതിയും സ്വീകരിക്കേണ്ടെന്നാണ് നിർദേശം. മുമ്പേ ഈ നിർദേശമുണ്ടെങ്കിലും പല പണമിടപാട് കേസുകളിലും പോലീസ് ഇടപെടുകയും മധ്യസ്ഥശ്രമങ്ങൾ നടത്തുന്നുമുണ്ട്.
ഇനിമുതൽ സിവിൽ സ്വഭാവമുള്ള പണമിടപാടു കേസുകളിൽ ഇടപെട്ടാൽ ആ ഉദ്യോഗസ്ഥനെതിരേ ക്രിമിനൽ കേസെടുക്കും.

*നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിൽ ഉൾപ്പെട്ട ചെക്ക് കേസുകൾ പോലുള്ളവ സ്റ്റേഷനുകളിൽ തീർപ്പാക്കാൻ പാടില്ല.

പോലീസ് മേധാവിയുടെ നിർദേശത്തിനുപുറമേ, അതത് ജില്ലാ പോലീസ് മേധാവിമാരും ഉത്തരവിറക്കുന്നുണ്ട്.

അറസ്റ്റുമുതലുള്ള എല്ലാ പോലീസ് നടപടികളും വീഡിയോ റെക്കോഡ് ചെയ്യണമെന്നാണ് കോട്ടയം എസ്.പി.യുടെ നിർദേശം. വാഹനത്തിൽ കൊണ്ടുപോകുന്നതടക്കം റെക്കോഡ് ചെയ്യണം. അറസ്റ്റ്, കസ്റ്റഡി, ചോദ്യംചെയ്യൽ എന്നിവയിൽ ഉദ്യോഗസ്ഥർക്ക് ശില്പശാലയും ചില എസ്.പി.മാർ നിർദേശിച്ചു.

സർക്കുലറിലെ മറ്റ് നിർദ്ദേശങ്ങൾ

*കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനുള്ളിൽ നിർബന്ധമായും കോടതിയിൽ ഹാജരാക്കണം.

* ഒരാളെ ലോക്കപ്പിൽ സൂക്ഷിച്ചാൽ പാറാവുകാരനെ സഹായിക്കാൻ മറ്റുദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.

*അന്യായമായി ആരും ലോക്കപ്പിലില്ലെന്ന് രാത്രി പട്രോളിങ് ചുമതലയുള്ള ഓഫീസർമാർ പരിശോധിച്ച് മേലുദ്യോഗസ്ഥനെ അറിയിക്കണം.

* അനാവശ്യമായി ലോക്കപ്പിലിടുന്ന ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ കേസെടുക്കും.

* അനാവശ്യമായി കസ്റ്റഡിയിൽവയ്ക്കുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവികളെ അറിയിക്കേണ്ടത് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.മാരാണ്. ഇവർ വീഴ്ചവരുത്തിയാലും ക്രിമിനൽ നടപടി നേരിടണം.

*മദ്യപിച്ചതിന് ഒരാളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് കസ്റ്റഡിയിൽവയ്ക്കരുത്. ഇവരെ നേരെ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തണം. മദ്യപിച്ച് വാഹനമോടിച്ച കേസുകളിലും ലോക്കപ്പ് പാടില്ല.

* മദ്യപിച്ച് ബഹളംവയ്ക്കുന്ന ഒരാളെ നാട്ടുകാർ പിടികൂടി ഏൽപ്പിച്ചാൽ അവരുടെ കൂട്ടത്തിൽനിന്നൊരാളെ ഒപ്പം കൂട്ടി പോലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകണം.

* ദമ്പതിമാർ തമ്മിലുള്ള കലഹങ്ങളിൽ ആരെയെങ്കിലും കസ്റ്റഡിലെടുക്കുകയാണെങ്കിൽ മുഴുവൻ സംഭവങ്ങളും വീഡിയോയിൽ ചിത്രീകരിക്കണം.

*സ്റ്റേഷൻ ജാമ്യം നൽകാൻ കഴിയുന്ന കേസുകളിൽ ആരെയും ലോക്കപ്പിലിടരുത്.

Read Also  ഹൈക്കോടതിയ്ക്കും മേലെ കോടതിയുണ്ട്; പിഴ അടക്കില്ലെന്നും ശോഭാ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here