Wednesday, January 19

ആർഎസ്എസിനെയും ബിജെപിയെയും കാഴ്ചക്കാരാക്കി കേരള ഹിന്ദു ഉണർന്നു

ശബരിമലയിൽ സ്ത്രീകൾക്കെതിരെ നിലനിന്നിരുന്ന വിവേചനം നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ പരസ്യമായി പ്രതികരിക്കാൻ ആഹ്വാനം ചെയ്ത സംഘടനകൾ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ അഭൂതപൂർവമായ ആൾകൂട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ തെരുവുകളിൽ കണ്ടത്. ഭക്തിയുടെ മറവിൽ സങ്കുചിത രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടകളും വർഗീയതയും ഏറ്റവും എളുപ്പത്തിൽ കടത്തിവിടാൻ കഴിയുന്നതാണ് എന്ന് മുൻപ് പലവട്ടം തെളിയിച്ച ഹിന്ദുത്വ സംഘടനകൾ പോലും കേരളത്തിലെ ഈ ആൾക്കൂട്ടത്തെ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആർഎസ്എസ് പോലും കേരളത്തെ ഇത്രമാത്രം വർഗീയവൽക്കരിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അത് കൊണ്ടാണ് സുപ്രീം കോടതി വിധിയെ ആർഎസ്എസ് ആദ്യം സ്വാഗതം ചെയ്തത്. ഒരു രാമനെ വെച്ച് ഇന്ത്യ മുഴുവൻ പിടിക്കാം എന്നുള്ള സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ ദ്രാവിഡ രാഷ്ട്രീയം എന്ത് കൊണ്ട് തിരിഞ്ഞു നിന്നു എന്ന് ഇപ്പോഴവർക്ക് മനസ്സിലായിക്കാണും.

 ഒക്ടോബർ 21നുള്ളിൽ രാജ്യത്ത് വർഗീയ കലാപം നടത്തുമെന്ന് പ്രതീഷ് വിശ്വനാഥ്

സൗത്ത് ഇന്ത്യൻ ദ്രാവിഡ രാഷ്ട്രീയത്തിലെ രാമൻ സംശയത്തിന്റെ പേരിൽ സീതയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ രാമൻ ആയിരുന്നില്ല, മറിച്ച് യൗവ്വനയുക്തയായ സ്ത്രീകളെ തന്റെ ദൃഷ്ടിയിൽ പോലും പെടുത്താത്ത രാമൻ ആയിരുന്നു. അഥവാ സ്വാമി അയ്യപ്പൻ ആയിരുന്നു. ദ്രാവിഡ രാഷ്ട്രീയം സംഘപരിവാറിന് പിടിച്ചെടുക്കണം എങ്കിൽ അത് വടക്കേ ഇന്ത്യയിലെ രാമനെന്ന ബിംബം കൊണ്ട് സാധ്യമാകുന്ന ഒന്നായിരുന്നില്ല. കാരണം ഇവിടെ രാമഭഗവാന് അത്ര വേരോട്ടം ഇല്ല എന്നത് തന്നെ. ഇവിടെ സാക്ഷാൽ അയ്യപ്പനാണ് ഭരിക്കുന്നത്. അയ്യപ്പന്റെ രാജ്യമാണ് സൗത്ത് ഇന്ത്യ. ആ സൗത്ത് ഇന്ത്യ സംഘപരിവാർ കൈകളിലെത്തണമെങ്കിൽ അവിടെ അയ്യപ്പനെ മുന്നിൽ നിർത്തണം. അങ്ങനെ അയ്യപ്പനെ മുന്നിൽ നിർത്തിയപ്പോൾ ഇത്രനാളും ശശികലയും കുമ്മനം രാജശേഖരനും സുരേന്ദ്രനും തുടങ്ങി സകല ഹിന്ദുത്വ വക്താക്കളും വർഷങ്ങളായി ഹിന്ദുവിനെ ഉണർത്താൻ ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ് ഒരൊറ്റ രാത്രി കൊണ്ട് പ്രതീഷ് വിശ്വനാഥ്‌ സാധിച്ചെടുത്തത്. അമ്പലസ്വത്തുക്കൾ സർക്കാർ കൊണ്ട് പോകുന്നു എന്ന് തുടങ്ങി ബീഫിന്റെ പേരിലും മുസ്ലീമിന്റെ പേരിലും കുരിശിന്റെ പേരിലും ഒന്നും ഉണരാത്ത ഹിന്ദുവിനെയാണ് പ്രതീഷ് വിശ്വനാഥ്‌ അയ്യപ്പൻറെ പേരിൽ ഉണർത്തിയത്.

നമ്മൾ ഹിന്ദുക്കൾ ഒറ്റകെട്ടായി രാഷ്ട്രീയം മറന്ന് അയ്യപ്പന് വേണ്ടി നിലകൊള്ളണം എന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ ആഹ്വാനം. നിങ്ങൾ കമ്യൂണിസ്റ്റ് പ്രവർത്തകനോ, കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകനോ, മാറ്റ് രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവരോ ആയിക്കൊള്ളട്ടെ അയ്യപ്പന്റെ കാര്യത്തിൽ നമ്മൾ ഒന്നിച്ചു നിൽക്കണം. അവിടെ കക്ഷി രാഷ്ട്രീയമില്ല. അവിടെ ഹിന്ദു എന്ന ഒരൊറ്റ വികാരമേ ഉള്ളൂ എന്നാണ് പ്രതീഷ് ഉദ്ബോധിപ്പിച്ചത്. ആ ഉദ്ബോധനം നവോതഥാന കേരളം അക്ഷരം പ്രതി അനുസരിച്ചു. ആദ്യ ദിവസങ്ങളിൽ കേരളത്തിന്റെ തെരുവോരങ്ങളിൽ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ബാനറിൽ തന്നെ സ്വാമി ശരണം വിളികളോടെ പ്രതിഷേധ പരിപാടികൾ നടന്നു. തുടർന്ന് ബാനർ ഒഴിവാക്കി ഹിന്ദുക്കളെ സംഘടിപ്പിച്ചു. നല്ല ബീഫ് കൊടുക്കാം എന്ന് പറഞ്ഞിട്ട് പോലും ഉറങ്ങി കിടന്ന ഹിന്ദു ഉണരുന്നത് കണ്ട സുരേന്ദ്രൻ ആദ്യം കളം മാറ്റി ചവിട്ടി. തുടർന്ന് ബിജെപി മൊത്തത്തിൽ കളം മാറ്റി ചവിട്ടി. ആർഎസ്എസ് നിലപാടിന് വിരുദ്ധമായി കേരളത്തിൽ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ബിജെപി ഒരു നിലപാട് സ്വീകരിക്കുന്നത്.

Read Also  ശബരിമലയിലെ നിലപാട് തുറന്ന് പറഞ്ഞ് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ

രാമക്ഷേത്രത്തെ മുന്നിൽ നിർത്തി വടക്കേ ഇന്ത്യയിൽ കളിക്കുന്ന ജാതി കളികൾക്ക് തെക്കേ ഇന്ത്യയിൽ വളർച്ചയില്ലെന്ന സ്വയം കണ്ടെത്തലിനുള്ള ആർഎസ്എസ് നിഗമനത്തിന് ഏറ്റ അടി കൂടിയാണ് ഈ വമ്പിച്ച ഹിന്ദു മുന്നേറ്റം!. ആർഎസ്എസിന് കരണം ചേർത്ത ആ അടി നൽകിയത് സംഘപരിവാറിൽ നിന്നും ഹിന്ദുത്വത്തിന് തീവ്രത പോരാ എന്ന് പറഞ്ഞു പ്രവീൺ തൊഗാഡിയയുടെ നേതൃത്വത്തിൽ പോന്ന അന്താരഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതാവ് കൂടിയായ പ്രതീഷ് വിശ്വനാഥ് ആണ്. എത്ര ഉറങ്ങിയാലും ഹിന്ദുവിന് ഉണരാതെ പറ്റില്ലെന്ന് കേരളം ഇപ്പോൾ മനസ്സിലാക്കി. ഉണർന്ന ഹിന്ദുവിനെ ആന പിടിച്ചാൽ പോലും കിട്ടില്ലെന്നാണ് പഴമക്കാർ പറയുന്നത്. ഇന്ദ്രനും ചന്ദ്രനും മുന്നിൽ പതറാത്ത പിണറായി വിജയന് ഇരട്ട ചങ്കുണ്ടെങ്കിൽ അദ്ദേഹം ഇപ്പോൾ കേരള നിയമസഭാ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തട്ടെ. അയ്യപ്പൻ അനുഗ്രഹിച്ചാൽ കേരളത്തിൽ നിന്ന് സിപിഐഎം വാനിഷ് ചെയ്യപ്പെടും. അത്രക്കുണ്ട് അയ്യപ്പന്റേയും ഉണർന്ന ഹിന്ദുവിന്റെയും ശക്തി.

രാമരാജ്യമല്ല കേരളത്തിൽ ഉയരേണ്ടത്.

കേരളത്തിൽ ഉയരേണ്ടത് സ്വാമി ശരണമാണ്.

സ്വാമിയേ ശരണമയ്യപ്പ.

സ്വാമിയെ ശരണമയ്യപ്പ.

ഹരഹര സുതൻ അയ്യപ്പ സ്വാമിയെ ശരണമയ്യപ്പ.!

Spread the love

Leave a Reply