Wednesday, January 19

മധുവും ഹനാനും നമ്മെ പഠിപ്പിക്കുന്നത്: മലയാളിയുടെ മാനസിക വൈകൃതത്തിന് മരുന്നില്ല

ശില്‍പ ഭാസ്‌കരന്‍

മധുവിനെപ്പറ്റി ഏറെ ചര്‍ച്ച ചെയ്ത പ്രബുദ്ധരായ മലയാളി ജനതയ്ക്ക് അധികം വൈകാതെ ഹനാനെപറ്റിയും ചര്‍ച്ച ചെയ്യേണ്ടിവന്നെങ്കില്‍ അതിനര്‍ത്ഥം മധുവിന്റെ ക്രൂരമായ അന്ത്യത്തില്‍ നിന്നും നാം ഒന്നും പഠിച്ചില്ലെന്നാണ്. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളൊന്നു ഇവിടെ ഒന്നിനെയും മാറ്റി മറിച്ചിട്ടില്ലെന്നാണ്. കൃത്യമായ വിശകലനങ്ങള്‍ നടക്കുന്നില്ലെന്നും ശരിയായ തിരിച്ചറിവുകള്‍ ഉണ്ടാകുന്നില്ലെന്നും കൂടിയാണ് ഇത്തരം ആവര്‍ത്തനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. എല്ലാത്തിനുമുപരിയായി ഉചിതമായ തിരുത്തലുകള്‍ സംഭവിക്കുന്നില്ലെന്നാണ്.

ഇന്ന് സമൂഹത്തില്‍ ഉണ്ടാകുന്ന ഒരു വിധപെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതി സ്ഥാനത്തു നിര്‍ത്തുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നത് സാങ്കേതികവിദ്യയുടെ കടന്നുകയറ്റമാണ്. സാങ്കേതിക വിദ്യ വളരുമ്പോള്‍ മൊബൈലുകളും ഇന്റര്‍നെറ്റും ഒക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാവുകയും വ്യക്തികള്‍ ഉള്‍പ്പെടുന്ന സംഭവങ്ങളില്‍ ഇവയുടെ പങ്ക് ചെറുതല്ലാതാവുകയും ചെയ്യുക സ്വാഭാവികം മാത്രം. സാങ്കേതിക വികാസങ്ങള്‍ മനുഷ്യജീവിതത്തെ ലഘൂകരിക്കാനും സൗകര്യപ്പെടുത്താനും ഉദ്ദേശിക്കുന്നിടത്തോളം കാലം ഇവയൊക്കെ ദുരുപയോഗം ചെയ്യപ്പെടാതെ കൈകാര്യം ചെയ്യാനും അവസരങ്ങളുണ്ട്. പക്ഷെ, അതിന് വ്യക്തിപരമായ അച്ചടക്കവും പൗരബോധവും നവസാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ഓരോരുത്തരും പ്രദര്‍ശിപ്പിക്കണമെന്ന് മാത്രം. പറഞ്ഞു വന്നത് സാങ്കേതിക മുന്നേറ്റങ്ങളെ പ്രതി സ്ഥാനത്തു നിര്‍ത്തണ്ട എന്ന് തന്നെയാണ്. ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും അതിപ്രസരത്തേക്കാളും വലിയ വിഷമാണ് മനുഷ്യന്റെ ഉള്ളില്‍ ഉള്ള ആധിപത്യമനോഭാവം എന്ന യഥാര്‍ത്ഥ പ്രതി. ഭൂരിഭാഗം ചര്‍ച്ചകളും ആദ്യം സൂചിപ്പിച്ച സാങ്കേതികവിദ്യ എന്ന ഘടകത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ ഏതൊരുവന്റെ ഉള്ളിലും ഉണ്ടാകാന്‍ സാധ്യതയുള്ള ഈ യഥാര്‍ത്ഥ പ്രതി അധികം വിചാരണ ചെയ്യപ്പെടാതെ രക്ഷപെടുന്നു. കണ്മുന്നില്‍ തിരിച്ചറിയുവാന്‍ കഴിയുന്ന അഹംബോധത്തെക്കാളും പതിന്മടങ്ങു വിനാശകാരിയാണ് പ്രത്യക്ഷത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഇപ്പറഞ്ഞ മേലാളത്ത മനോഭാവം. അണുകുടുംബങ്ങളില്‍ തുടങ്ങി മാനവരാശിയുടെ മൊത്തത്തില്‍ തന്നെയുള്ള ശിഥിലതയ്ക്കു കാരണമാകുവാന്‍ കഴിയുന്നത്ര വിനാശകരമായ ഇന്ധനമാണ് ഈ മേലാളത്ത മനോഭാവം.

ബീഫു കഴിച്ചതിന്റെ പേരില്‍ കൂട്ടം കൂടി വയോധികനെ അടിച്ചു കൊന്ന വലിയൊരാള്‍ക്കൂട്ടത്തിന്റെ പ്രാകൃതമനോഭാവത്തിനും ആഹാരം മോഷ്ടിച്ചുവെന്ന പേര് പറഞ്ഞു നിസ്സഹായനായ ആ യുവാവിനെ കെട്ടിയിട്ടു തല്ലിക്കൊന്ന സൗഹൃദസംഘത്തിനും ഉദയകുമാറിനെ ഉരുട്ടികൊന്നു വധശിക്ഷ ഏറ്റുവാങ്ങിയ നിയമത്തിന്റെ കാവല്‍ ഭടന്മാര്‍ക്കും തെന്നിന്ത്യന്‍ സിനിമയിലെ മിടുമിടുക്കിയായ നടിയെ അപമാനിച്ചു വിഡിയോയില്‍ പകര്‍ത്താന്‍ നിര്‍ദേശം കൊടുത്തവര്‍ക്കും അത് അനുസരിച്ചവര്‍ക്കും ഹനാന്‍ എന്ന മിടുക്കത്തിയായ പെണ്‍കുട്ടി അങ്ങനെ മിടുക്കു കാട്ടണ്ട എന്ന് തീരുമാനിച്ചു, അവളെ അപമാനിക്കാന്‍ ചുക്കാന്‍ പിടിച്ചവര്‍ക്കും ഒക്കെ ആന്തരികമായി ഉള്ളത് ഒരേ രോഗം തന്നെ. തന്നോളം എത്തിയിട്ടില്ല നീ എന്നോ തന്നെക്കാളും മുകളില്‍ അല്ല നീ എന്നോ അട്ടഹസിക്കുവാനുള്ള വ്യഗ്രത. ആദ്യത്തെ മൂന്ന് സന്ദര്‍ഭങ്ങളിലും ഇരകളുടെ നിസ്സഹായത ആണ് ഈ മനോരോഗത്തെ പുകച്ചു പുറത്തു ചാടിച്ചതെങ്കില്‍ അവസാനത്തെ രണ്ടു സന്ദര്‍ഭങ്ങളിലും ഇരകള്‍ ധൈര്യശാലികളും വിനീതവിധേയത്വം പ്രകടിപ്പിക്കാതെ തല ഉയര്‍ത്തി നിന്നവരും അനുജീവിയായി വര്‍ത്തിക്കുവാന്‍ ലേബല്‍ ചെയ്യപ്പെട്ട ലിംഗവിഭാഗത്തില്‍പ്പെട്ടവരും ആയിരുന്നു.

Read Also  ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ടെലിവിഷൻ ശിൽപ്പശാല സമാപിച്ചു

ആണ്മനസ്സിന്റെ അഹന്തതയുടെ കൂടി പ്രതിഫലനം ഇവിടെ ഉണ്ടെന്നത് കാണാതെ തരമില്ല. ഇറാഖില്‍ ന്യൂനപക്ഷമായ യസീദി സമൂഹത്തെ അടിമകളാക്കി മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്കു ഇരയാക്കുന്നതിലൂടെ ഐഎസും നടത്തിയത് ഈ ആധിപത്യപ്രഖ്യാപനം തന്നെയല്ലേ എന്ന് പരിശോധിക്കുമ്പോള്‍ ഇതിലെ സാമൂഹിക വിപത്തിന്റെ ആഴം നെഞ്ചിടിപ്പോടെയേ തിരിച്ചറിയാന്‍ സാധിക്കൂ. വ്യക്തികളുടെ ഉള്ളില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ട് അങ്കുരിച്ചു തുടങ്ങുന്ന ഇതിന്റെ വിഷവിത്തുകള്‍ ആവശ്യത്തിന് വെള്ളവും വളവും ലഭിച്ചു കരുത്തരാവുകയും പുറത്തു ചാടാന്‍ അവസരം പാര്‍ത്തിരിക്കുകയും ചെയുന്നു. (ഈ വിത്തുകളുടെ ഉറവിടം ഏതെന്നത് മറ്റൊരു പഠനവിഷയമാണ്). ഒടുവില്‍ ഹനാനെ പോലെയുള്ള ഇരകളെ കിട്ടുമ്പോള്‍ ആ വിഷവിത്ത് കൂട്ടത്തോടെ പുറത്തു ചാടുന്നു. വിരല്‍ത്തുമ്പില്‍ എല്ലാവരും കൊരുത്തിരിക്കുന്നതിനാല്‍ രോഗം പടരാനും പടര്‍ത്താനും എളുപ്പമാകുന്നു. രോഗം പിടിപെടാത്ത, പ്രതിരോധശേഷി നന്നായി ഉള്ളവരും അക്കൂട്ടത്തില്‍ ഉണ്ടെന്നത് തന്നെയാണ് അവിടെയും ശുഭാപ്തിവിശ്വാസം നല്‍കുന്നത്.

നേരം ഇരുട്ടികഴിഞ്ഞു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ‘നല്ല പാഠം’ പഠിപ്പിക്കാന്‍ ആണ് മനുഷ്യത്വരഹിതമായി ഇല്ലാതാക്കിയതെന്നു പറഞ്ഞു ഗര്‍വ് കാണിച്ച ദില്ലി കേസിലെ നിരക്ഷരരായ പ്രതികളെയും അവരുടെ അഭ്യസ്തവിദ്യനായ വക്കീലിനേയും ഏറെ വിചാരണ ചെയ്തവരാണ് നമ്മള്‍. ഒടുവില്‍ സ്വന്തം കേരളത്തില്‍ നിന്നും പുറത്തു വരുന്ന ഇത്തരം മേലാളത്ത വിചാരണയുടെ കുറ്റകൃത്യങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളെ പഴി ചാരി സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ സഹതപിച്ചു മടങ്ങുന്നു. ഇവര്‍ മടങ്ങി ചെല്ലുന്ന വീടുകളിലും സ്ഥിതി വ്യത്യസ്തമാവില്ല. ഈ പറഞ്ഞു വന്നതിന്റെ ഒരു ലഘുചിത്രം ആ വീടുകളിലും കണ്ടെത്താം. വിവാഹമോചന നിരക്കില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തു നമ്മുടെ സാക്ഷര സംസ്ഥാനം എത്തിയതിന്റെ കാരണം ചികഞ്ഞു പോയവര്‍ കേരളത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹികവുമായ മുന്നേറ്റം കാരണമായി ചൂണ്ടികാണിച്ചു എന്ന വസ്തുത ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. ബൗദ്ധികമായി ഒരുപാട് മുന്നേറിയ പെണ്‍കുട്ടികളുടെ പുറകെ ഓടിയെത്താന്‍ കഴിയാതെ വരുമ്പോള്‍ വിറളി പിടിക്കുന്ന അഹന്തതയുടെ അനന്തരഫലമാണ് ഇത്തരം സങ്കുചിതമായ പെരുമാറ്റമെന്നു പറയാതിരിക്കാന്‍ വയ്യ.

ഇതിനു മറുവശം ഉണ്ടെന്നത് അംഗീകരിക്കുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ കോളിളക്കം ഉണ്ടാക്കിയ പല വിഷയങ്ങളിലും ഇത്തരത്തില്‍ ഉള്ള മേലാളത്ത ചിന്താഗതിയുടെ സ്വാധീനം കാണാം. ആത്മവിശ്വാസമില്ലായ്മയും അപകര്‍ഷതാബോധവും ഈ സ്വാധീനത്തിന്റെ പരിണിതഫലങ്ങളുടെ ആക്കം കൂട്ടുന്നു. ഒടുവില്‍ ഈ അപകര്‍ഷതാബോധവും ആത്മവിശ്വാസമില്ലായ്മയും തുറന്നുവിടാന്‍ ഒരു വേദി കണ്ടെത്തുന്നു. സ്വന്തം മാളത്തില്‍ ഇരുന്നു കൊണ്ട് തന്നെ ഘോരഘോരമായ വാക്കുകള്‍ ഉപയോഗിച്ച് ഇരകളെ കണ്ടംതുണ്ടം വെട്ടിനുറുക്കാന്‍ കഴിയുന്നൊരു വേദി. തന്നെയുമല്ല, കാഴ്ചക്കാരും കേള്‍വിക്കാരും സെക്കന്റുകളുടെ നിരക്കില്‍ വര്‍ധിക്കുന്നു. ഇല്ലാതിരുന്ന ആത്മവിശ്വാസം അപകടകരമായ വഴിയില്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. നാലാള്‍ കൂടുന്നിടത്തു നടുനിവര്‍ത്തി നില്‍ക്കാന്‍ കഴിയാത്തവര്‍ക്കും ഈ വേദിയില്‍ താണ്ഡവ നൃത്തം ചവിട്ടാം. അങ്ങനെ എല്ലാം വളരെ സൗകര്യപ്രദം. അപ്പോഴാണ് ഹനാനെ വിചാരണ ചെയ്തവര്‍ക്ക് പിടി വീഴുന്നതും ബാക്കി ഉള്ളവരെ തിരഞ്ഞു പിടിക്കാന്‍ തുടങ്ങിയതും. ഒട്ടും അമാന്തിക്കുന്നില്ല, ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ കളം മാറ്റി ചവിട്ടി. ഞാന്‍ ഹനാന്റെ കട്ട ഫാന്‍ എന്നൊക്കെ വിളിച്ചു കൂവി. വ്യക്തിത്വവും ഇല്ല, തനിക്കു വ്യക്തമായ നിലപാടുകളും ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട്. സ്വയം തോന്നണ്ടേ അപമാനം?

Read Also  മധുവൊക്കെയാകുമ്പോൾ ചത്തവൻ ചത്തു ഇനി ജീവിച്ചിരിക്കുന്നവരെ കൂടി എന്തിനു വെറുതെ ....

ഈ രോഗത്തിനുള്ള പ്രതിവിധികളെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഇവിടെ മുതിരുന്നില്ല. രോഗ നിര്‍ണയമാണ് ആദ്യം വേണ്ടത്. തനിക്ക് രോഗമുണ്ടെന്ന് തിരിച്ചറിയുകയും. അതിന് ശേഷമുള്ള ചികിത്സയെ ഫലം ചെയ്യൂ. അത്തരമൊരു ചികിത്സയ്ക്ക് നമ്മുടെ സമൂഹം തയ്യാറായിട്ടുണ്ടോ എന്നുള്ള ചോദ്യമാണ് ബാക്കിയാവുന്നത്.

(കേരള സര്‍വകലാശാലയുടെ കീഴിലുള്ള കമ്പ്യൂട്ടേഷണല്‍ ബയോളജി ഡിപ്പാര്‍ട്ടുമെന്റിലെ റിസര്‍ച്ച് അസോസിയേറ്റാണ്  ശില്‍പ ഭാസ്‌കരന്‍)

Spread the love

Leave a Reply