Wednesday, June 23

മലയാളപാഠാവലി ; പണമൊഴുക്കിയാൽ പിടിച്ചെടുക്കാനാവില്ല കേരളത്തെ

കെ സുരേന്ദ്രൻ, കെ സുന്ദര, ജാനു കേരളത്തിൻ്റെ അന്തി ചർച്ചകളിൽ തെളിഞ്ഞു വരുന്ന രാഷ്ട്രിയക്കാരുടെ പേരുകളാണിത്.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പലതരത്തിലും ലംഘിക്കപ്പെട്ടതിൻ്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു ദേശീയപ്പാർട്ടിയുടെ പണം കടത്തൽ എന്ന സേഫ് ന്യൂസ് കഴിഞ്ഞിപ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയും അതിൻ്റെ സംസ്ഥാന നേതൃത്വവും വിയർക്കുകയാണ്. അന്തി ചർച്ചകളിൽ ന്യായീകരണ വിദഗ്ദ്ധർ ഒന്നടങ്കം വന്നിരുന്നു ശരിക്കും വാങ്ങിച്ചു കൂട്ടി പോകുന്നുമുണ്ട്.

മികച്ച സംസ്ഥാന നേതൃത്വം എന്നു പറയുന്നത് കളവ് പറയാനും പ്രവർത്തിക്കാനുമുള്ള ലൈസൻസാണ് എന്ന് ധരിച്ചു വച്ചാൽ എന്താകും സ്ഥിതി. പണം തന്നെയാണ് തെരഞ്ഞെടുപ്പിൻ്റെയും അധികാരം നിലനിർത്തുന്നതിൻ്റെയും മാനദണ്ഡം എന്നു കരുതിയാൽ എന്താകും അവസ്ഥ പോണ്ടിച്ചേരിയിൽ വരെ പണം മറിച്ച് അധികാരം നിലനിർത്തിയതിൻ്റെ അവസാന എപ്പിസോഡിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളാനാണ് ബി.ജെ.പി ശ്രമിച്ചതെങ്കിലും ചില സീറ്റുകൾ വിജയിപ്പിച്ചെടുക്കാൻ ചില അനോമിലികളെ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും ആണ് അവർ ശ്രമിച്ചത്. ഇത്തരം അപാകതകളിൽ ഒന്നായിരുന്നു  കെ സുന്ദര. ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തിയ മഞ്ചേശ്വരത്ത് എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ വോട്ട് നേടിയ ആളായിരുന്നു. അതുകൊണ്ടുതന്നെ ഈ അപരൻ്റെ സാന്നിധ്യം ഒഴിവാക്കാൻ കെ.സുരേന്ദ്രൻ്റെ നേതൃത്വം ശ്രമിക്കുന്നു.

ഒത്തുതീർപ്പ് വ്യവസ്ഥ വയ്ക്കുന്നു ചോദിച്ച പണമില്ലെങ്കിലും കിട്ടിയ പണത്തിനും ലഭിച്ച ഓഫറിനും പിന്നാലെ ബി.ജെ.പിയിലേക്ക് ചേർന്ന് ഫെയ്സ് ബുക്ക് ഫോട്ടോ ഇട്ട് സ്ഥാനാർത്ഥിത്വം പിൻവലിച്ചുകൊണ്ട് സുന്ദര എന്ന ബി.എസ് പി അവിടെ നിശബ്ദനാകുന്നു.
വയനാടൻ ചുരം കയറിയെത്തിയാൽ സി.കെ ജാനുവിനെ ഒപ്പം നിർത്തിയാൽ ബഹുതരമായ ഗുണമുണ്ടെന്ന് മനസിലാക്കുകയും അവരെ പിന്നിൽ നിർത്താൻ അടുത്ത ബാർഗയ്നിങ്ങ് നടത്തുകയും ചെയ്തു. ലഭിക്കുന്ന സൂചനകളനുസരിച്ച് ആദിവാസി മേഖലയുടെ ശബ്ദമായ സി.കെ ജാനു അങ്ങനെ മൊത്തമായി ബി.ജെപി പാളയത്തിൽ.

തെക്കോട്ടുള്ള സഞ്ചാര ഗതിയിൽ പലയിടങ്ങളിലും പാർശ്വവത്കൃത ദളിത് നേതാക്കൻമാർ തന്നെയായിരുന്നു ബി.ജെ.പിയുടെ ടാർജറ്റ്.
അതവർ കൃത്യമായി നടപ്പാക്കാൻ പദ്ധതിയിടുകയും ചെയ്തു. അടൂർ ഉൾപ്പടെയുള്ള സംവരണ മണ്ഡലങ്ങളിൽ മറ്റ് പാർട്ടികളിൽ നിന്നും ദളിത് പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നേതാക്കളെ വേർപെടുത്തിക്കൊണ്ട് വരാൻ ബി.ജെ പി യ്ക്ക് കഴിഞ്ഞത് ആശയപരമായി അവർ മുന്നോട്ടുവയ്ക്കുന്ന സാധ്യത കൊണ്ടല്ല മറിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒഴുകുന്ന പണത്തിൻ്റെ ബാഹുല്യം കൊണ്ടായിരിക്കാനേ സാധ്യമുള്ളു.

മുൻ കാലതെരഞ്ഞെടുപ്പുകളിൽ പാർട്ടികൾ അനുവർത്തിക്കുന്ന ഒരു അവസാന ഗയിമുണ്ട്. കോളനികളിൽ കാശ്, മദ്യം ഇവ വിതരണം ചെയ്യുക എന്നത്. ഇതൊരു വിധം അരാഷ്ട്രീയവത്കരണമായിരുന്നു. പൊതുവിൽ ഒരു ധാരണയുണ്ടാക്കുക കോളനിവാസികൾ ഇത്തരം നാലാംകിട കൈമടക്കുകളിൽ വീണുപോകും എന്ന ധാരണ. അവർക്ക് തുട്ടും മദ്യവും നൽകിയാൽ ആരോടൊപ്പവും നിൽക്കും എന്ന്. ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങുമെത്താത്ത ദളിത് അവസ്ഥയെ തന്നെയാണ് ഇവിടെ ചൂഷണം ചെയ്യുന്നത്.

Read Also  ബി ഡി ജെ എസ് എൽഡിഎഫ് മുന്നണിയിലേയ്ക്ക് ? ലോക് സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനം

നിലവിൽ ഇതിൻ്റെ ഒരുയർന്ന വേർഷനാണ് ബിജെപി നടത്തിയത് ബി.എസ് പി. ജാനു മറ്റ് പിന്നാക്ക ദളിത് നേതാക്കൾ ഇവരെ പ്രലോഭിപ്പിച്ച് ഒപ്പം നിർത്തുന്നു.

ഇവർ ചെയ്യുന്നത് ഇരവാദമുയർത്തിയും സത്യസന്ധരാകാൻ ഇനിയും മനസില്ല എന്ന സത്യാനന്തര വ്യാഖ്യാന മുയർത്തിയും അത് പ്രതിരോധിക്കുന്നു. ഇത്തരം നേതാക്കൻമാരിൽ നിന്നും പൊളിറ്റിക്കൽ പാർട്ടികളിൽ നിന്നും വിടുതൽ പ്രാപിച്ച് പാർശ്വവത്കൃത സമൂഹം രക്ഷപെടും കാലം ഇനിയും വരേണ്ടതുണ്ട്.

തനതു മൂല്യങ്ങൾ നിലനിർത്തിപ്പോരുന്ന ഒരു ദേശമാണ് മലയാളഭൂമി. ഇവിടെ നക്കാപ്പിച്ചയെറിഞ്ഞാൽ ഒപ്പം കൂടുമെന്ന മൂഡ വിശ്വാസവുമായി വടക്കുനിന്ന് ഗോസായിമാർ എത്തുന്ന പതിവ് ഇനിയെങ്കിലുമവസാനിപ്പിക്കുകയാണ് വേണ്ടത്

Spread the love