Thursday, January 20

അക്രമികൾ അഴിഞ്ഞാടിയപ്പോൾ പോലീസ് എന്തുചെയ്യുകയായിരുന്നു

കേരളം ഇതുവരേ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അക്രമാസക്തമായ ഹർത്താലാണ് കഴിഞ്ഞ ദിവസം  ശബരിമല സംരക്ഷണ സമിതിയെന്നപേരിൽ ബി ജെ പി യും സംഘപരിവാർ സംഘങ്ങളും അഴിച്ചു വിട്ടത്. നാട്ടിൽ നിലവിലുള്ള നിയമ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് ഒരുസംഘം ഭക്തിയുടേയും വിശ്വാസത്തിൻ്റെയും പേരിൽ തെരുവിലിറങ്ങി സാധാരണജീവിതം നയിക്കുന്ന മനുഷ്യരെ നിഷ്ക്കരുണം ആക്രമിക്കുമ്പോൾ കണ്ണുകൾ കുറച്ചുകൂടി തുറക്കണം, കാതുകൾ ജാഗരൂകമാണം. നമ്മൾ ഉദ്ഘോഷിക്കുന്ന വിദ്യാഭ്യാസ പുരോഗതിയും ചിന്തകളിലെ  പുരോഗമനാത്മകതയുമാണ് ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നത്. ഇപ്പോഴും ജാതിയും മതവും നിറവും  സ്ത്രീ വിരുദ്ധതയുമൊക്കെ മനസിൽ നിന്നും ഉന്മൂലനം ചെയ്തിട്ടില്ലെന്നതിൻ്റെ വെളിപ്പെടുത്തലാണിവിടെ നടക്കുന്നത്.

കേരളത്തിൻ്റെ തെരുവുകളിൽ കച്ചവടം ചെയ്യുന്ന അത്താഴപട്ടിണിക്കാരായ മനുഷ്യർ മുതൽ ജി എസ് ടി കാറ്റഗറിയിൽ വരുന്ന വൻ വ്യാപാരികൾവരെ ഇന്നലെ വിശ്വാസത്തിൻ്റെ പേരിൽ ആക്രമിക്കപ്പെട്ടു. പാലക്കാട്ടും തിരുവനന്തപുരത്തും പത്തനം തിട്ടയിലും ജനങ്ങൾ ഇത്രയേറെ ഭയന്നു കഴിഞ്ഞ ദിവസമില്ല. വീടിനു നേരെ കല്ലെറിയുകയും മാരകായുധങ്ങളുമായി വന്ന് പൊതു പ്രവർത്തകരുടെ വീടുകൾ കയ്യേറി ആക്രമിക്കുകയും ചെയ്യുന്നതരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു.

 

കെ എസ് ആർ ടി സി   ബസുകളുൾപ്പടെ പൊതു മുതൽ നശിക്കുന്നു. ഹർത്താലറിയാതെ വന്ന അന്യസംസ്ഥാനക്കാരുടെ വാഹനങ്ങൾ നശിപ്പിക്കുന്നു അവർക്ക് നേരേ ഭീഷണി മുഴക്കുന്നു. ഇതു കേരളമാണ്. പ്രിയ മുഖ്യമന്ത്രി അങ്ങയുടെ കീഴിലുള്ള പോലീസ് സേനാ വിഭാഗം ഈ അവസ്ഥയിൽ എങ്ങനെയിടപെടുന്നുവെന്ന് ഒരു ഓഡിറ്റിംഗ് നടത്തേണ്ടതാണ്.

കഴിഞ്ഞ ദിവസത്തെ പ്രഖ്യാപിത ഹർത്താലിനു മുൻപുള്ള ദിവസം അതായത് ബിന്ദുവും  കനകദുർഗ്ഗയും ശബരിമല ദർശിച്ച ദിവസം മുതൽ കേരളം അക്ഷാരാർത്ഥത്തിൽ പുകയുകയായിരുന്നു. അപ്രഖ്യാപിത ഹർത്താലറിയാതെ ഓഫീസുകളിലെത്തിയവർ സ്കൂളിൽ എത്തിയ കുട്ടികൾ മറ്റ് മേഖലയിൽ പണിയെടുക്കുന്നവർ.പിന്നിട് അടുത്തദിവസത്തെ ഹർത്താൽ പ്രഖ്യാപിക്കുന്നു. നമ്മുടെ വ്യാപാരി വ്യസായി അംഗങ്ങൾ കടതുറന്നുവയ്ക്കുമെന്നും പോലീസ് എല്ലാവിധ സംരക്ഷണവും നൽകുമെന്നും പ്രഖ്യാപിക്കുന്നു.ബസുകൾ നിരത്തിലിറക്കമെന്ന് കെ എസ് ആർ ടി സി പറയുന്നു അവർക്കും സംരക്ഷണം നൽകാമെന്ന് പോലീസ്. പക്ഷേ എന്താണ് സംഭവിച്ചത്? കടകൾ തുറന്ന വ്യാപാരികൾക്ക് നേരെ അതിഭീകരമായ ആക്രമണമാണ് ഹർത്താൽ അനുകൂലികൾ നടത്തിയത്. തെരുവിലിറങ്ങിയ വാഹനങ്ങൾ ആക്രമിക്കപ്പെടുന്നു. നമ്മുടെ സേനാവിഭാഗത്തിൻ്റെ വാക്കുകൾ വിശ്വസിച്ച മനുഷ്യരുടെ അവസ്ഥ ഇതാണെങ്കിൽ എത്രയും വേഗം തന്നെ സേനയിൽ അഴിച്ചു പണിയുണ്ടാക്കണം. കാരണം പൊതുജനത്തിൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് പോലീസ് സേനയുടെ ഉത്തരവാദിത്വം അല്ലാതെ ആരെങ്കിലും കല്ലെറിയുമ്പോൾ ജനത്തിനു മുന്നിലൂടെ ഓടുകയല്ല വേണ്ടത്. 

കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരസ്ഥാപനങ്ങൾക്ക് നേരെ നടത്തിയ അക്രമങ്ങളുടെ പ്രധാന ലക്ഷ്യം തന്നെ അതൊരു വർഗ്ഗീയകലാപത്തിലേയ്ക്ക് വഴിതിരിച്ചുവിടുക എന്നുള്ളതായിരുന്നു. പക്ഷെ ആത്മനിയന്ത്രണത്തോടെ വ്യാപാരികൾ അതിനെ നേരിട്ടതോടെ അക്രമികളുടെ പദ്ധതി പാളിപ്പോവുകയായിരുന്നു. യുവജനസംഘടനയുടെ സഹായവും പിന്തുണയും വ്യാപാരികളെ ഒറ്റപ്പെടുത്തി മുതലെടുപ്പുണ്ടാക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടിയായി 

Read Also  സംസ്ഥാനമൊട്ടാകെ സംഘപരിവാറിൻ്റെ അഴിഞ്ഞാട്ടം ; തലസ്ഥാനത്തു ജലപീരങ്കിയും കണ്ണീർ വാതകവും

അവശ്യ സർവീസുകളും ആശുപത്രി മേഖലയുംപോലും സ്തംഭിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ശബരിമലയുടെ പേരിൽ ചിലർ കാട്ടിക്കൂട്ടുന്നത്. പോലീസ് കയ്യും കെട്ടി നോക്കിനിന്നതിനു പൂർണ്ണമായും ഡി ജി പി തന്നെ പൊതുസമൂഹത്തിനുമുന്നിൽ കണക്കുപറയേണ്ടിവരും. അക്രമികൾ   ഒരു സംസ്ഥാനത്തെ തച്ചുതകർക്കുമ്പോൾ ഒരു വിഭാഗം പോലീസുകാർ നിഷ്ക്രിയമായി കാഴ്ചക്കാരായി നിൽക്കുന്നത് സമൂഹം കണ്ടതാണു. സാധാരണ ഗതിയിൽ ഇത്രയും വ്യാപകമായ തോതിൽ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുമ്പോൾ അക്രമികളെ മാരകമായി തല്ലിക്കെടുത്തുന്ന നമ്മുടെ പോലീസ് രണ്ടുദിവസമായി കാഴ്ചക്കാരായി നിന്നതിൻ്റെ പിന്നിലെ ഗൂഡാലോചന കണ്ടെത്തണം. ഇടതുമുന്നണി അധികാരത്തിലെത്തിയ സന്ദർഭത്തിൽ തന്നെ പോലീസിൽ ഒരു വിഭാഗം വർഗ്ഗീയശക്തികളുമായി രഹസ്യധാരണ ഉണ്ടാക്കി സേനയുടെ കടിഞ്ഞാൺ കൈക്കലാക്കിയിട്ടുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ച് നാമൊക്കെ കേട്ടതാണു. വിശദമായ ഒരന്വേഷണം നടത്തി ഈ നിഷ്ക്രിയനയത്തിനു കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുക്കാൻ മുഖ്യമന്ത്രി മുൻ കൈ എടുക്കണം. അതാണു സമാധാനകാംക്ഷികളായ കേരള ജനത ആഗ്രഹിക്കുന്നത്. 

ഹർത്താൽ ദിനങ്ങൾ കഴിഞ്ഞിട്ടും അടൂരും കണ്ണൂരും മറ്റ് പലേടങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തേണ്ട സാഹചര്യം നിലനിൽക്കുന്നു. ഈ നിലയിൽ കേരളമെത്തിച്ചേർന്ന സാഹചര്യത്തിന്റെ ഉത്തരവാദിത്വം നമ്മുടെ പോലീസ് സേനയുടെ നിരുത്തരവാദിത്വം തന്നെയാണ്. ഹർത്താലിനു മുമ്പ് കരുതൽ തടങ്കലിൽ വയ്ക്കണമെന്ന്  ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തവരെപ്പോലും മുൻകരുതൽ പ്രകാരം അറസ്റ്റ് ചെയ്യാതിരിക്കുകയും അവരിൽ പലരും ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിൽ ഒരിക്കൽക്കൂടി നമ്മുടെ ആഭ്യന്തര വകുപ്പ് പ്രതിപ്പട്ടികയിൽ വരുന്നു. ജനജീവിതം ദുസഹമാക്കുന്ന ഏതൊരു ശക്തിക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കേണ്ടതാവശ്യമാണെന്നും അതിന് ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും ഓർമ്മിപ്പിക്കുന്നു.

 

Spread the love

16 Comments

Leave a Reply