രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി സെമിയിൽ പ്രവേശിച്ച് കേരള  ടീം. 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനെ മൂന്നാം ദിനം 31.3 ഓവറിൽ 81 റൺസിനാണ് കേരള ടീം പുറത്താക്കിയത്. 113 റണ്‍സിനാണ് കേരളത്തിന്റെ ജയം. സ്കോർ: കേരളം – 185/9, 171. ഗുജറാത്ത് – 162, 81

ബേസിൽ തമ്പിയും സന്ദീപ് വാരിയറും ചേർന്നാണ് കേരള വിജയത്തിന്റെ വേഗത കൂട്ടിയത്. ബേസിൽ തമ്പി രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ 33 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 37 റൺസെടുത്ത് കേരളത്തിന്റെ ടോപ് സ്കോററായി ബേസിൽ തമ്പി. സന്ദീപ് വാരിയർ രണ്ടാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റ് വീഴ്ത്തി. മൽസരത്തിലാകെ ബേസിലും സന്ദീപും എട്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

രാഹുൽ ഷാ മാത്രമാണ് ഗുജറാത്ത് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 70 പന്തുകൾ നേരിട്ട ഷാ നാലു ബൗണ്ടറികളുടെ അകമ്പടിയോടെ 33 റൺസെടുത്തു. ഗുജറാത്തിനായി റൂഷ് കലാരിയ, അക്സർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഗ്വാസ്‌വല്ല രണ്ടും ചിന്തൻ ഗജ, പിയൂഷ് ചാവ്‌ല എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 96 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, ആറാം വിക്കറ്റിൽ സിജോമോൻ ജോസഫ്–ജലജ് സക്സേന സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് (55) കരുത്തായത്. നാലു വിക്കറ്റിന് 149 റൺസ് എന്ന നിലയിൽനിന്ന കേരളത്തിന് വെറും 22 റൺസിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകൾ നഷ്ടമായത്.

വിദർഭ–ഉത്തരാഖണ്ഡ് ക്വാർട്ടർ വിജയികളുമായാണ് കേരളത്തിന്റെ സെമി പോരാട്ടം.

Read Also  റ്റി ട്വന്‍റി ന്യൂസിലാന്‍റിനെ തോല്പിച്ച് ഇന്ത്യന്‍ വനിതകള്‍

LEAVE A REPLY

Please enter your comment!
Please enter your name here