Wednesday, August 5

വയനാട്ടില്‍ സ്ഥിതി ആശങ്കാജനകം; ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ്‌ കുറഞ്ഞു

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു. രക്ഷാപ്രവര്‍ത്തനം ദുഷ്കരമായ വയനാട്ടില്‍ സ്ഥിതി ആശങ്കാജനകമാണ്. മേപ്പാടി പ്രദേശത്തുനിന്നു ഒന്‍പതു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാളെ രക്ഷപ്പെടുത്തി. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തകരെ വലക്കുന്നു.

ഇന്നും നാളെയും എറണാകുളം, ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതി തീവ്രമാഴയുടെ സൂചകമായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തുമാലയില്‍ ഏറെപ്പേരെ കാണാതായിട്ടുണ്ട്. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍ ഉള്‍പെടുന്ന പ്രദേശം പൂര്‍ണമായും തകര്‍ന്നു. ഇവരില്‍ അധികവും അന്യസംസ്ഥാനതൊഴിലാളികള്‍ ആയതിനാല്‍ കൃത്യമായ കണക്കുകള്‍ ആര്‍ക്കും അറിയില്ല. തിരച്ചില്‍ തുടരുകയാണ്.
മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, ഏ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരോടൊപ്പം ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

മലപ്പുറത്തെ കവളപ്പാറയിലും സ്ഥിതി ഗുരുതരമാണ്. നാല്പതോളം പേരെ കാണാതായിട്ടുണ്ട്. എഴുപതോളം വീടുകള്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ട്. റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ കഴിയാതെ വലഞ്ഞു.

ആകെ നാല്പതു പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഇന്നുമാത്രം മുപ്പതു മരണങ്ങള്‍ സ്ഥിരീകരിചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ശ്രീകണ്ഠപുരം, ഇരിട്ടി, ഇരിക്കൂര്‍ പട്ടണങ്ങള്‍ ഒറ്റപ്പെട്ടു.

ഇതിനിടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ്‌ കുറഞ്ഞത് താല്‍കാലിക ആശ്വാസം ആയിട്ടുണ്ട്. കൊച്ചി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. വെള്ളം നീക്കം ചെയ്യാന്‍ അത്രയും സമയം വേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണിത്.

പട്ടാമ്പി, നിലമ്പൂര്‍ പട്ടണങ്ങള്‍ വെള്ളത്തിലായി. പാലക്കാട്ട് സമീപകാലചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മഴയാണ്‌ രേഖപ്പെടുത്തിയത്.

മഴ തുടര്‍ന്നാല്‍ സ്ഥിതി കഴിഞ്ഞവര്‍ഷത്തെ സ്ഥിതിയില്‍ എത്തുമോ എന്നാണു അധികൃതരുടെയും രക്ഷപ്രവര്‍ത്തകരുടെയും ആശങ്ക.

Spread the love
Read Also  എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Leave a Reply