Thursday, January 20

യുഎഇയുടെ ഖലീഫാസാറ്റ് എന്ന കൃത്രിമ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഒക്ടോബര്‍ 29 ന്

പൂര്‍ണമായും യുഎഇ എന്‍ജിനീയര്‍മാര്‍ രൂപകല്‍പ്പന ചെയ്ത ആദ്യ കൃത്രിമ ഉപഗ്രഹം ഒക്ടോബര്‍ 29 ന് വിക്ഷേപിക്കും. ഖലീഫാസാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം ജപ്പാനിലെ തനിഗാഷിമ സ്പേസ് സെന്ററിലായിരിക്കും.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്കൊപ്പം സ്പേസ് സെന്ററിലെ പ്രവര്‍ത്തനം വീക്ഷിക്കുന്ന ഫോട്ടോകളും ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പൂര്‍ണമായും ഇമറാത്തി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹം ഇമറാത്തി യുവത്വത്തിന്റെ വിജയവിളംബരം കൂടിയാണെന്ന് ശൈഖ് ഹംദാന്‍ വിശദീകരിച്ചു.

രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഇത് പുതിയ നാഴികക്കല്ലായിരിക്കും. ഇമറാത്തി യുവത്വത്തെ എക്കാലത്തും പിന്തുണച്ച യുഎഇ രാഷ്ട്രനേതാക്കളുടെ നടപടികളാണ് ഈ നേട്ടത്തിന് പിന്നിലെ പ്രചോദനം എന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ ശാസ്ത്രസാങ്കേതിക രംഗത്തെ പുതിയ ചുവടുവെപ്പിനാണ് യുഎഇ തയ്യാറെടുക്കുന്നതെന്ന് ഗവേഷണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ദുബൈയിലെ മൊഹമ്മദ് ബിന്‍ റാഷിദ് സ്പേസ് ഏജന്‍സിയും ട്വീറ്റ് ചെയ്തു. ഉന്നത നിലവാരവും ഗുണവുമുള്ള മികച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെ അയക്കാവുന്ന സംവിധാനം ഖലീഫാസാറ്റിനുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി. ഭൂമിയെ നിരീക്ഷിക്കാനും മികച്ച വിവരങ്ങള്‍ ലഭ്യമാക്കാനുമുള്ള സംവിധാനങ്ങളാണ് ഖലീഫാസാറ്റിലുള്ളതെന്ന് സ്പേസ് സെന്റര്‍ ഡയറക്ടര്‍ യൂസഫ് അല്‍ ഷൈബാനിയും പ്രതികരിച്ചു.

 

Spread the love