Thursday, January 20

‘ചമ്പാൻ വിതച്ചതിനുമീതേ ചിറ്റേനിവിതച്ചതുപോലെ’; ഖസാക്കിന് അരനൂറ്റാണ്ട്

കെ. രാജേഷ് കുമാർ

ഓണക്കാലം വായനക്കാലം കൂടിയാണ്. അങ്ങനെയൊരു ശീലം മലയാളികൾ വളർത്തിയെടുത്തിട്ടുണ്ട്. കൊട്ടക്കണക്കിനുള്ള ആഴ്ചപ്പതിപ്പുകളും മാസികകളും എല്ലാം ഓണപ്പതിപ്പുകളായി തടിച്ച് മിനുങ്ങി ഇറങ്ങും. പൈങ്കിളികൾവരെ സാഹിത്യ പ്രഭുക്കളുടെ സൃഷ്ടികൾ അണിനിരത്തി തിരുവോണത്തോണിയുടെ ഗരുഢ മുഖം പോലെ ഗൗരവപ്പെടും. പ്രളയം കുത്തിയെടുത്ത ഈ പോയ ഓണക്കാലത്ത് വായനയും നനഞ്ഞു പോയി. ഓണപ്പതിപ്പുകൾ കൂമ്പാരം കൂടി കിടക്കുന്നുണ്ട്. അവിടവിടെ നിന്ന് മൂന്നോ നാലോ കഥകൾ, കുറച്ചു കവിതകൾ ,ചില്ലറ പലവക കൾ ഒക്കെയേ ഇതുവരെ വായിച്ചുള്ളു.

വായിച്ചവയുടെ കൂട്ടത്തിൽ ഏറ്റവും മനസ്സിൽ പിടിച്ചത് അയ്മനം ജോണിന്റെ ഖസാക്ക് സ്മരണയാണ്. അയ്മനം എന്തെഴുതിയാലും ഒരു തെളിച്ചം കാണും. മരക്കൂട്ടങ്ങളിൽ നിന്ന് മാറി ഒറ്റയ്ക്കു പൂത്തു നിൽക്കുന്ന നാട്ടു ചെമ്പകത്തെപോലെയാണ് അയ്മനത്തിന്റെ ചെറുകഥകൾ .അയ്മനം ജോൺ മാതൃഭൂമിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഖസാക്കിന്റെ ഇതിഹാസം വായിച്ചു. അപ്പോൾ അദ്ദേഹത്തിന് പതിനാലു വയസ്സ്. വായിച്ചത്ഭുതപ്പെട്ടു. അതിൽ അത്ഭുതമില്ല. ഇതേതു കേരളം, ഇതെന്തു മലയാളം, എവിടുന്നു വരുന്നു ഈ വാക്കുകളൊക്കെ? കൗമാരക്കാരൻ വിസ്മയിച്ചു. പുസ്തകമായി ഇറങ്ങിയപ്പോൾ തന്നെ ഖസാക്ക് വീണ്ടും വായിച്ചു. പിന്നെയും പലതവണ വായിച്ചു. നമ്മളിൽ പലരെയുംപോലെ. അരനൂറ്റാണ്ടിനിപ്പുറം ഖസാക്കിനെക്കുറിച്ച് ചിതറി ഓർമ്മിക്കുമ്പോൾ, വിചാരിക്കുമ്പോൾ പുതിയ ചില അറിവുകളിൽ അദ്ദേഹം എത്തുന്നു. ‘

ഒരു യുദ്ധത്തിന്റെ ആരംഭം ‘ എന്ന 1955-ൽ പ്രസിദ്ധീകരിച്ച കഥയിൽ ഖസാക്കിന്റെ ഭാഷയുടെ ആദിമരൂപം ഉണ്ടായിരുന്നു എന്നും ആ കഥയിലെ പാഴുതറ ഖസാക്കിന്റെ പ്രാഗ്രൂപമായിരുന്നുവെന്നും അയ്മനം നിരീക്ഷിക്കുന്നു. എട്ടുവർഷത്തെ അടയിരിപ്പിനു ശേഷമാണ് വിജയൻ ഖസാക്ക് വിരിയിച്ചെടുത്തത്. അതിനു ശേഷവും സാഹിത്യമെഴുത്തിൽ വിജയനൊരിടവേളയുണ്ട്.

ഖസാക്ക് പലതരത്തിൽ വായിക്കപ്പെട്ടിട്ടുണ്ട്. രവിയെ കേന്ദ്രീകരിച്ചുള്ള അസ്തിത്വവാദ വായനയൊക്കെ പഴഞ്ചരക്കുകളായി. രവി പോയ് മറഞ്ഞിട്ട് ഖസാക്ക് ചാന്തുമ്മയാൽ നിറയുകയാണിപ്പോൾ അയ്മനമനസ്സിൽ. ദീപൻ ശിവരാമൻ ഖസാക്ക്മൂന്നു കൊല്ലം മുമ്പ് നാടകമാക്കിയപ്പോൾ രവിയെ കടിച്ച പാമ്പ് അസ്തികൂടമായി മാറിയിരുന്നു. ആ നാടകം ഖസാക്കിന്റെ നവ്യമായ ഒരു അരങ്ങു വായനയായിരുന്നു. അമ്പതാമാണ്ടിൽ പലപല പാരായണങ്ങൾക്കായി ഖസാക്ക് കാത്തു കിടക്കുന്നു. സത്തിയം പലതാണല്ലോ.

തസ്രാക്കിലേക്ക് ഇതിനിടയിൽ നടത്തിയ രണ്ടു മൂന്നു സഞ്ചാരങ്ങളെക്കുറിച്ചും അയ്മനം ഓർമ്മിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പ് തസ്രാക്കിലെത്തിയപ്പോൾ ഖസാക്കിന്റെ ജൈവികസ്മരണകൾ അവിടെ നിന്ന് ഒട്ടു മുക്കാലും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. പകരം ടൈൽസ് മുറ്റമുള്ള ഞാറ്റുപുരയും വിജയന്റെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ട ശില്പങ്ങളും ചിത്രങ്ങളുമൊക്കെ. ഒരു കക്ഷി ചമ്പാൻ വിതച്ച വയലിൽ എതിർകക്ഷി ചിറ്റേനി വിതക്കുന്ന സംഭവത്തോടെയാണ് ഒരു യുദ്ധത്തിന്റെ ആരംഭം എന്ന കഥ അവസാനിക്കുന്നത്. ചിറ്റേനിയും ചമ്പാനും രണ്ടു തരം നെൽവിത്തുകളാണ്. ഒന്നിനു മേൽ മറ്റൊന്നു വിതച്ചാൽ രണ്ടും വിളയാതെ പോകും.

അയ്മനം പറയാതെ പോയ ഒന്ന് കൂട്ടിച്ചേർക്കട്ടെ. ചമ്പാനുമീതേ ചിറ്റേനി വിതച്ചതു പോലെയായിരുന്നു പല ഖസാക്ക് നിരൂപണങ്ങളും. ഖസാക്കിനു മേൽ നമ്മുടെ ആധുനിക വിമർശകർ ചിറ്റേനി വിതച്ച് അതിനെ നശിപ്പിക്കാൻ ശ്രമിച്ച കഥ കൂടി നമ്മുടെ വിമർശന ചരിത്രം പറയാതെ പറയുന്നുണ്ട്. ആത്മായനങ്ങളുടെ ഖസാക്കൊക്കെ സർപ്പദംശനം പോലെ ഭീകരമായിരുന്നു.

Spread the love
Read Also  വിശ്വമാനവികതയുടെ എഴുത്തുകാരനാണ് അയ്മനം ജോൺ: എസ്. ഹരീഷ് 'പ്രതിപക്ഷ'ത്തോടു സംസാരിക്കുന്നു