Monday, January 17

അസാം പൗരത്വ പട്ടിക: മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കളും പുറത്ത്

കഴിഞ്ഞ ദിവസം പുറത്തിറക്കിയ അസാം പൗരരത്വ നിര്‍ണയത്തിനുള്ള കരട് പട്ടിക ചില വിഭാഗങ്ങളെ രാജ്യത്ത് നിന്നും ഒഴിവാക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബോധപൂര്‍വമായ ശ്രമമാണെന്ന പ്രതിപക്ഷ ആരോപണത്തിന് ആക്കം കൂട്ടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കള്‍ക്കും പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിച്ചിട്ടില്ല. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് എന്ന പേരില്‍ 1951ന് ശേഷം ആദ്യമായി പുതുക്കിയ പട്ടികയില്‍ തനിക്ക് ഇടംപിടിക്കാനായില്ലെന്ന് അന്തഃരിച്ച രാഷ്ട്രപതിയുടെ സഹോദരപുത്രന്‍ സിയാവുദ്ദീന്‍ അലി അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ രാഷ്ട്രപതി ഉള്‍പ്പെടെയുള്ള പൂര്‍വീകരുടെ പേരുകളൊന്നും 1951ലെ പൗരത്വ പട്ടികയിലോ 1971ല്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലോ ഇല്ല. ഇതിനാല്‍ തന്നെ തന്റെ കുടുംബത്തിന് പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാന്‍ പോലും സാധിക്കുന്നില്ല. 1951ലേത് ഉള്‍പ്പെടെ 1971 മാര്‍ച്ച് 24 വരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലേയും വോട്ടര്‍ പട്ടികകള്‍, പൗരത്വ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റലൈസ് ചെയ്തിരുന്നു. ഈ പട്ടികയില്‍ ഇടം പിടിച്ചവര്‍ക്കെല്ലാം ഓരോ പാരമ്പര്യ ചിഹ്നവും നല്‍കിയിരുന്നു. പുതിയ പട്ടികയില്‍ ഇടം നേടുന്നതിനായി അപേക്ഷിച്ചരെല്ലാം 1971ന് മുമ്പുള്ള പൂര്‍വീക ബന്ധം തെളിയിക്കുന്നതിനായി ഈ ചിഹ്നമാണ് ഉപയോഗിക്കുന്നത്.

എന്നാല്‍ ഡിജിറ്റല്‍ രേഖകളില്‍ നിന്നും ഈ പാരമ്പര്യ ചിഹ്നം കണ്ടെത്താന്‍ സിയാവുദ്ദീന് സാധിക്കുന്നില്ല. 32,991,384 അപേക്ഷകരില്‍ 28,983,677 പേരെ പൗരന്മാരായി അംഗീകരിക്കുന്ന അന്തിമ കരട് ജൂലൈ 30നാണ് പ്രസിദ്ധീകരിച്ചത്. സിയാവുദ്ദീന്റെ കുടുംബം ഉള്‍പ്പെടെ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കാതിരുന്ന നാല്‍പത് ലക്ഷം പേരുടെ പൗരത്വം നഷ്ടപ്പെടുമെന്ന ഭീതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

1971 മാര്‍ച്ച് 24ന് മുമ്പ് തങ്ങളുടെ പൂര്‍വീകര്‍ ഇന്ത്യയില്‍ പ്രവേശിച്ചിരുന്നു എന്ന് സ്ഥാപിക്കുന്നവര്‍ക്ക് മാത്രമാണ് പൗരത്വ പട്ടികയില്‍ ഇടം ലഭിക്കുക എന്നാണ് ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നത്. ഇത് തെളിയിക്കുന്നതിനായി 1971 മാര്‍ച്ച് 24ന് മുമ്പ് തങ്ങളുടെ പൂര്‍വീകര്‍ ഇന്ത്യയില്‍ പ്രവേശിച്ചിരുന്നു എന്നതിനും അവരുമായി തങ്ങള്‍ക്ക് രക്തബന്ധം ഉണ്ടായിരുന്നു എന്നതിനുമുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പൗരത്വം പുതുക്കുന്ന പ്രക്രിയയുടെ ഭാഗമായി 1951ലെ പൗരത്വ പട്ടികയും 1971 മാര്‍ച്ച് 24 വരെയുള്ള തിരഞ്ഞെടുപ്പുകളിലെ വോട്ടര്‍ പട്ടികളും ഡിജിറ്റല്‍വല്‍ക്കരിച്ചിരുന്നു.

അസാമിലെ കാമരൂപ് ജില്ലയിലെ രംഗിയയിലാണ് സിയാവുദ്ദീനും കുടുംബവും താമസിക്കുന്നത്. തങ്ങളുടെ പൂര്‍വീകര്‍ താമസിച്ചിരുന്നു എന്ന് അറിയപ്പെടുന്ന സ്ഥലങ്ങളിലെ വോട്ടര്‍ പട്ടികകളിലെല്ലാം അവരുടെ പേരുകള്‍ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സിയാവുദ്ദീന്‍ പറയുന്നു. തന്റെ പിതാവ് ജനിച്ച ഗോലഗാട്ടിലെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലെന്നും കര്‍ഷകനായ സിയാവുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു. പാരമ്പര്യ വിവരങ്ങള്‍, പാരമ്പര്യ ചിഹ്നം, പൗരത്വ അപേക്ഷയുടെ രസീത് എന്നിവ കണ്ടെത്തുന്നതിന് പ്രാദേശിക സേവ കേന്ദ്രങ്ങള്‍ പൊതുജനത്തെ സഹായിക്കുമെന്നാണ് എന്‍ആര്‍സി വെബ്‌സൈറ്റ് പറയുന്നത്. എന്നാല്‍ പ്രാദേശിക സേവ കേന്ദ്രങ്ങളെ സമീപിച്ചപ്പോള്‍ രേഖകള്‍ ലഭ്യമല്ലെങ്കില്‍ അപ്പീല്‍ നല്‍കാനുള്ള നിര്‍ദ്ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സിയാവുദ്ദീന്റെ പുത്രന്‍ പറയുന്നു.

Read Also  കാർഗിൽ പോരാളി സനാവുള്ള ഇന്ത്യൻ പൗരനല്ലാതാകുന്നു ; ആഭ്യന്തരമന്ത്രി അമിത് ഷായുടെ നയങ്ങളുടെ തുടക്കമോ!!! പി കെ സി പവിത്രൻ എഴുതുന്നു

അന്തഃരിച്ച രാഷ്ട്രപതിയുടെ ഇളയ സഹോദരന്‍ എത്രാമുദ്ദീന്‍ അലി അഹമ്മദിന്റെ മകനാണ് സിയാവുദ്ദീന്‍. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ പിതാവ് സല്‍നൂര്‍ അലി അഹമ്മദാണ് മെഡിക്കല്‍ ബിരുദം നേടിയ ആദ്യ ആസാമി പൗരന്‍. കരസേനയില്‍ ജോലിയുണ്ടായിരുന്ന അദ്ദേഹം കേണലായാണ് വിരമിച്ചത്. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ മക്കള്‍ ഉള്‍പ്പെടെയുള്ള തന്റെ അര്‍ദ്ധ സഹോദരരെല്ലാം അസാമിന് വെളിയില്‍ താമസിക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ പൗരത്വ പട്ടികയില്‍ ഇടംനേടുന്നതിനായി അപേക്ഷിച്ചിട്ടില്ലെന്ന് സിയൂാവുദ്ദീന്‍ വിശദീകരിക്കുന്നു.

സിയാവുദ്ദീന്റെ നാല് കൂടപ്പിറപ്പുകളില്‍ രണ്ട് പേര്‍ ഡല്‍ഹിയില്‍ സ്ഥിര താമസമാണ്. ഒരു സഹോദരിയെ പാകിസ്ഥാന്‍ പൗരനാണ് വിവാഹം കഴിച്ചിരിക്കുന്നത്. അസാമില്‍ ജീവിച്ചിരുന്ന ഒരേയോരു സഹോദരി മരിച്ചു പോയി. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ മക്കളെല്ലാം ഡല്‍ഹിയില്‍ സ്ഥിര താമസമാണ്. സിയാവുദ്ദീന്റെ പിതാവ് എത്രാമുദ്ദീന്‍ വിവാഹ ശേഷമാണ് രംഗിയയിലേക്ക് താമസം മാറ്റിയത്. എഞ്ചിനീയറായിരുന്ന അദ്ദേഹം ഗുവാഹത്തിയില്‍ ജോലി ചെയ്യുകയും രംഗിയയില്‍ താമസി്ക്കുകയും ചെയ്യുകയായിരുന്നു. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പമാണ് സിയാവുദ്ദീന്‍ ഇപ്പോള്‍ രംഗിയയില്‍ താമസിക്കുന്നത്.

എന്നാല്‍ മറ്റ് 12 രേഖകള്‍ സമര്‍പ്പിച്ചാല്‍ പൗരത്വ പട്ടികയില്‍ ഇടം നേടാനാവുമെന്നാണ് എന്‍ആര്‍സി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രദീക് ഹജേല പറയുന്നത്. പലരും ഇത്തരം രേഖകള്‍ സമര്‍പ്പിച്ച് പട്ടികയില്‍ ഇടം നേടിയതായും അദ്ദേഹം അവകാശപ്പെടുന്നു. ഭൂമി, കുടികിടപ്പ് രേഖകള്‍, പൗരത്വ സര്‍ട്ടിഫിക്കറ്റ്, സ്ഥിരം മേല്‍വിലാസം, അഭയാര്‍ത്ഥി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, എല്‍ഐസി രേഖകള്‍ തുടങ്ങിയവയാണ് അവ. ഈ രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കുകയും രേഖകളില്‍ പേരുള്ള പൂര്‍വീകരുമായി രക്തബന്ധമുണ്ടെന്ന് തെളിയിക്കുകയും ചെയ്താല്‍ സിയാവുദ്ദീനും കുടുംബത്തിനും പൗരത്വ പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കുമെന്നാണ് എന്‍ആര്‍സി ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പിതാവിന്റെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥത രേഖയുമായി താന്‍ അധികൃതരെ സമീപിച്ചപ്പോള്‍ സമയം വൈകി എന്ന കാരണം പറഞ്ഞ് അവര്‍ തിരിച്ചയയ്ക്കുകയായിരുന്നു എന്നാണ് സിയാവുദ്ദീന്റെ വിശദീകരണം.

തന്റെയും കുടുംബത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കയില്ലെന്ന് സിയാവുദ്ദീന്‍ പറയുന്നു. പരമ്പരാഗതമായി ലഭിച്ച ഭൂമിയുടെ രേഖകള്‍ സമര്‍പ്പിച്ച് തനിക്കും കുടുംബത്തിനും പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സിയാവുദ്ദീന്‍. എന്നാല്‍ സിയാവുദ്ദീന്‍ വിചാരിക്കുന്നത്ര എളുപ്പമായിരിക്കില്ല കാര്യങ്ങള്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2015 ഓഗസ്റ്റ് 31ന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ഈ ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന അപ്പീല്‍ പ്രക്രിയയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ പരമ്പരാഗത രേഖകളില്‍ ഇടംപിടിക്കാന്‍ സാധിക്കാത്തത് മൂലം ഇതുവരെ അപേക്ഷയൊന്നും സമര്‍പ്പിക്കാന്‍ സിയാവുദ്ദീനും കുടുംബത്തിനും സാധിച്ചിട്ടില്ല. മുന്‍ രാഷ്ട്രപതിയുടെ ബന്ധുവായതിനാലാണ് സിയാവുദ്ദീന്റെ വാര്‍ത്ത പുറംലോകം അറിയുന്നത്. ഇങ്ങനെ അപേക്ഷകള്‍ തള്ളപ്പെട്ട അര്‍ഹരായവരുടെ പട്ടിക നീളുമ്പോഴാണ് പൗരത്വം നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട ബിജെപി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്.

Read Also  അസമിൽ പ്രതിഷേധിച്ച ഗ്രാമീണർക്ക് നേരെ വെടിവെയ്പ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു

ആസാം പൗരത്വ പട്ടിക ജനങ്ങളെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കുന്നു: മമത ബാനര്‍ജി

അസാം പൗരത്വ പട്ടിക: വഴിയാധാരമാകുന്ന നാല്‍പതു ലക്ഷം ജനങ്ങള്‍

Spread the love