സമൂഹത്തിലെ മുകൾത്തട്ടിലുള്ളവരുടെ ജീവിതകഥകളെ വിട്ട് അടിസ്ഥാന വർഗ്ഗത്തിന്റെ വൈകാരിക സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളെ ബിംബാത്മകമായി ആവിഷ്കരിക്കുകയും എന്നാൽ അത് യഥാതഥ കഥാവിഷ്കാര കാലഘട്ടത്തിന്റെ നേർപ്പതിപ്പാകാത്ത വിധത്തിൽ വേറിട്ടതാക്കുകയും ചെയ്യുന്ന ഒരു കഥാഖ്യാനതന്ത്രം പുതുമുഖ കഥാകൃത്തുക്കളുടെ രചനകളിൽ കാണാം. അങ്ങനെയുള്ള മൂന്നു കഥകളാകട്ടേ ഇന്ന്.

പെരടി (സമകാലിക മലയാളം)

ശ്രീ.കെ. എൻ. പ്രശാന്തിന്റെ ‘പെരടി’ പ്രമേയത്തിന്റെ വ്യത്യസ്തതയും ഭാഷാസൗന്ദര്യത്തിന്റെ പ്രൗഢതയുംകൊണ്ട് വായനക്കാരുടെ ഹൃദയങ്ങളെ ഒരു ചലനചിത്രംപോലെ കീഴ്പ്പെടുത്തിക്കളയുന്നു. ആഴങ്ങളിലേക്ക് അറിവ് പരക്കാത്ത ഒരു മേഖലയിലേക്ക് പരകായപ്രവേശത്തിലെന്നതുപോലെ കഥാകൃത്ത് തഴക്കവും പഴക്കവുമാർന്ന അഭ്യാസിയെപ്പോലെ നമ്മെ വഴിനടത്തുന്നു.

കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ വടക്കേക്കരയിൽ നിയമത്തിന്റെ ഒഴിവിടങ്ങളിലൂടെ മുന്നേറുന്ന കോഴിപ്പോരും അതിന്റെ പശ്ചാത്തലമായ കാടകവും അവയെത്തമ്മിലിണക്കുന്ന മനുഷ്യജീവിതത്തിലെ അടിസ്ഥാന വൈകാരികതകളും സമ്മിശ്രതാളലയങ്ങളോടെ നമ്മിലേക്കു വാർന്നുവീഴുന്നു.കാമേഷ് എന്ന കേന്ദ്രകഥാപാത്രത്തിന്റെ കണ്ണിലൂടെ മുന്നേറുന്ന കഥയിൽ സ്വാഭാവികതയോടെ ഭൂതവർത്തമാനകാലങ്ങൾ ഇണങ്ങി നിൽക്കുന്നു. ഒരു സ്വപ്നത്തിന്റെ തുടർച്ചയെന്നോണം ഭൂതകാലത്തിൽനിന്ന് പൈതൃകവഴികൾ ഏറ്റുവാങ്ങുന്ന കാമേഷ്, അപ്പന്റെ വഴികളിലൂടെ നിയോഗമെന്നോണം സഞ്ചരിച്ചുപോകുന്നു.

കോഴിപ്പോരിനു പോകുന്ന കെട്ടുകാരന്റെ ജീവിതവ്യഥകളെ കുടഞ്ഞിടുന്നുണ്ട് കഥ. ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ കെട്ടഴിഞ്ഞ വിടവുകളിലൂടെ ജീവിതം കൈയിൽനിന്നു വഴുതിപ്പോകാൻ വിധിക്കപ്പെട്ട കെട്ടുകാരന്റെ പരമ്പര മാറ്റമില്ലാതെ തുടരുന്നെങ്കിലും തന്റെ ജീവിതത്തിനു മുന്നിൽ ചതിക്കുഴികൾ തീർത്ത് തന്റെ പ്രണയത്തിലും കാമത്തിലും കരിനിഴലായിപ്പരക്കുന്ന ‘സൗക്കാറുകളെ’ നിശ്ശബ്ദം സഹിക്കാൻ അടുത്ത തലമുറ തയ്യാറാകുന്നില്ലാ. പ്രതിഷേധത്തിന്റേയും പ്രതികാരത്തിന്റേയും പകവീട്ടലിന്റെയും സ്വരം അനീതികൾക്കു നേരേ ഉയർത്താൻ മറഞ്ഞിരുന്നെങ്കിലും തയ്യാറാവുന്നു, പിൻതലമുറ.

കാടകങ്ങളിൽ നിയമവിരുദ്ധതകൾക്കായി നിയോഗിക്കപ്പെടുന്ന അടിയാളവർഗ്ഗത്തിന്റെ കള്ളക്കടത്തും, കോഴിപ്പോരുംകൊണ്ട് കൊഴുക്കുന്ന മുതലാളിവർഗ്ഗം അവരുടെ ചെറ്റ പൊളിച്ച് പെണ്ണുങ്ങളെ കീഴ്പ്പെടുത്തി സുഖഭോഗികളായി കഴിയുമ്പോൾ നഷ്ടസ്വർഗ്ഗങ്ങളിൽനിന്ന് അവർ പകമാത്രം കൊയ്യുന്നു. ആ പകയുടെ പ്രതീകങ്ങളായിത്തീരുന്നു ഓരോ കോഴിപ്പോരും. വിശപ്പും കാമവും അതിജീവനത്തിന്റെ പോരിനായിറങ്ങാൻ കെട്ടുകാരനേയും പ്രേരിപ്പിക്കുന്നു. അങ്കച്ചേകവൻമാരെപ്പോലെ ചാവേറുകളാകുന്ന കോഴികൾ നിസ്സഹായന്റെ പ്രതികാരത്തിന്റെ പ്രതിരൂപമായി മാറുന്നു.

കെട്ടുകാരനും പോരുകോഴിക്കും സമം വില കല്പിക്കുന്ന ലോകത്ത് നിയമം കെട്ടഴിഞ്ഞ ശവപ്പെട്ടിപോലെ ദുർഗന്ധം വമിപ്പിക്കുന്നു. കണ്ണിനുമുമ്പിൽ നടമാടുന്ന ആയിരം അനീതികൾക്കപ്പുറത്തേക്ക് ചവിട്ടിക്കയറിവന്ന് വരിയെല്ലുടയ്ക്കുന്ന നിയമം പരിഹാസ്യമാകുന്നു. അവയുടെ പഴുതുകളിലൂടെ ചിലപ്പോൾമാത്രം തിരിച്ചുകിട്ടുന്ന ജീവിതം, കാമനകളിലേക്ക് തിരിയാൻ വെമ്പുന്നെങ്കിലും അതിന്റെ നിരർത്ഥകതയോർത്ത് പ്രകൃതിയുടെ വിളികളിലേക്ക് ,പൈതൃകം പകർന്നിട്ട ഉൾവിളികളിലേക്ക് മടങ്ങിപ്പോകുന്നിടത്ത് കഥയവസാനിക്കുമ്പോൾ പ്രകൃതി ഒരു സമ്പൂർണ്ണ പ്രതിഭാസമായി അനുവാചകനിൽ നിറയുന്നു.

തനിമയാർന്ന സംഭാഷണങ്ങൾ, ജിജ്ഞാസയുളവാക്കുന്ന കാടകക്കാഴ്ചകളിലേക്കുള്ള വഴിതെളിക്കൽ, തികച്ചും അപരിചിതമായ കോഴിപ്പോരിന്റെ നേർസ്സാക്ഷ്യാവതരണം, കാടിന്റെ ഗന്ധവും നാദവും, രതിയുടേയും പകയുടേയും തീവ്രാവിഷ്കാരം – ഒക്കെ കഥാകാരന്റെ കൈയടക്കത്തേയും, തൻമയത്വത്തേയും ഒരു കാൻവാസിലെന്ന പോലെ വായനക്കാർക്ക് വെളിവാക്കിത്തരുന്നുണ്ട്.

ഉയിർപ്പുടൽ (ചന്ദ്രിക ആഴ്ചപ്പതിപ്പ്)

ശ്രീ.മധു തൃപ്പെരുന്തുറയുടെ ‘ഉയിർപ്പുടൽ’ അരികുവൽക്കരിക്കപ്പെടുന്ന പെൺജീവിതത്തിന്റെ ചില കോണളവുകളിലേക്ക് തിരിച്ചുവച്ച ഒരു പ്രമേയത്തെ ചർച്ചചെയ്യുന്ന കഥയാണ്. ഓരോ സൂക്ഷ്മാംശങ്ങളിലും സ്പർശിച്ച് പടർന്നു വികസിക്കുന്ന രചനാരീതിക്കായി സ്വീകരിക്കുന്ന ഭാഷയാകട്ടേ ആദ്യകാലകഥാസ വിശേഷതകളിലേക്ക് എത്തിനോട്ടം നടത്തുന്നുണ്ട്.

Read Also  പോയകാലം പുത്തൻ സങ്കേതങ്ങളിലൂടെ കഥകളാകുമ്പോൾ ; എം ടി രാജലക്ഷ്മി എഴുതുന്നു

ഒരു സാധാരണ സന്ദർഭത്തിന്റെ നേർക്കാഴ്ചകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയി വ്യവസ്ഥിതിയുടെ സമത്വപരതയിലുള്ള ചില പരിക്കുകളെ മറനീക്കിക്കാണിക്കുന്നതിന് കഥാകൃത്ത് പരിശ്രമിച്ചിരിക്കുന്നു. തൊഴിലില്ലായ്മയെ മറികടക്കാൻ ലൈംഗികത്തൊഴിലാളിയാവുന്ന സ്ത്രീ അന്നും ഇന്നും എന്നും പുതുമയല്ലാ. ചേരിയിലെ ജീവിതം അവസാനിപ്പിക്കുന്നതിനും മകളുടെ ഭാവി പച്ചപിടിപ്പിക്കുന്നതിനുംവേണ്ടി ലൈംഗികത്തൊഴിലാളിയാകുന്ന മറിയത്തിന്റെ കഥ മകൾ റോഷ്നിയുടെ ഓർമ്മപ്പെയ്ത്തിലൂടെ വായനക്കാരിലേക്കെത്തുന്നു. ചേരിയിൽനിന്ന് ഫ്ലാറ്റിലെത്തിയ ശേഷം പാപക്കറകൾക്കുമീതേ മാലാഖയുടെ വസ്ത്രം ധരിക്കാൻ സജ്ജയായിരിക്കേ മരണപ്പെട്ട മറിയം റോഷ്നിയെന്ന വള്ളിച്ചെടിക്കു മാത്രം പടരാനുള്ള തായ്മരമായിരുന്നു. സ്വാശ്രയത്വത്തിനായി മുൾവഴി തെരഞ്ഞെടുത്തെങ്കിലും അത് തുടരാനോ, പിൻതലമുറകളിലേക്ക് പടർത്താനോ അവർ കൊതിക്കുന്നില്ലാ. മലിനജലത്തിലിറങ്ങിനിന്ന് മകളെ തലയ്ക്കുമുകളിൽ കയറ്റിപ്പിടിച്ച് മാലിന്യം സ്പർശിക്കാതെ വളർത്തിയെടുക്കാൻ പാടുപെടുന്ന സ്ത്രീ, സാമൂഹ്യ വ്യവസ്ഥിതിയിൽ ഇന്നും ചോദ്യച്ചിഹ്നമായിത്തുടരുന്നു. സ്വയംപര്യാപ്തത എന്നത് സ്വത്വസ്ഥാപന ഘടകമായിരിക്കേ ഇത്തരം തൊഴിലുമായി ബന്ധപ്പെട്ട് അത് നേടേണ്ടിവരുന്നത് സ്ത്രീക്കുമാത്രമാണ്.

മറിയത്തിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോകുന്ന മകൾക്കും അമ്മയുടെ സാരഥിയായ കുര്യച്ചൻതന്നെ സാരഥിയായേക്കുമെന്നും അതിനെതിരെ ഏകാന്തതയുടെ ജാലകം വലിച്ചടച്ച് പൊരുതാൻ എത്രനാൾ ആ മകൾക്കാവുമെന്നും ഉള്ള ചോദ്യം നമ്മളിൽ ഉണർത്തിയാണ് കഥ അവസാനിക്കുന്നത്.
ഭാഷയുടെ വേറിട്ട വഴിയിലൂടെയുള്ള അവതരണംകൊണ്ടും സമൂഹത്തിന്റെ ഉള്ളിൽ പതിയിരിക്കുന്ന ചില വ്രണങ്ങളുടെ ഇരുട്ടിലേക്ക് ,ടോർച്ച് തെളിക്കുന്നതിനുള്ള പരിശ്രമംകൊണ്ടും സ്ഥിരംപ്രമേയത്തെ പുതുമയാർന്ന താക്കാൻ കഥാകാരൻ നടത്തിയ ഉദ്യമങ്ങളെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു.

ആനക്കാട്ടിൽ കേറ്ററിംഗ് ( കഥ മാസിക)

ശ്രീ.ജേക്കബ്ബ് എബ്രഹാമിന്റെ ‘ആനക്കാട്ടിൽ കേറ്ററിംഗ് ‘കേരളത്തിലെ തെക്ക് -വടക്ക് രുചിപ്പെരുമയുടെ വാണിജ്യപരതയും ഭക്ഷണ സംസ്കാരത്തിന്റ സാംക്രമികതയും നാവിൽ കൊതിയൂറുംവിധത്തിൽ ആവിഷ്കരിക്കുന്ന കഥയാണ്.

ജോസ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കച്ചവടക്കണ്ണിലൂടെ ഒരു നാടിന്റെ ഭക്ഷണ സംസ്കാരംതന്നെ മാറിപ്പോകുന്നതെങ്ങനെയെന്ന കാലികപ്രസക്തമായ പ്രമേയമാണ് ചർച്ചചെയ്യപ്പെട്ടിരിക്കുന്നത്. തലശ്ശേരി ദം ബിരിയാണിയുടെ നിറവും മണവും രുചിയുംപോലെ ഭക്ഷണവും രതിയും പരമ്പരാഗതജീവിതവും ഒക്കെ കെട്ടുപിണഞ്ഞു മുന്നേറുന്ന കഥ വായനക്കാരെ ഒരു നിമിഷംപോലും മുഷിപ്പിക്കില്ല. ജോസും ഉസ്താദും വിക്രമണ്ണനും സാലിയും സ്വത്വമുള്ള കഥാപാത്രങ്ങളായിത്തന്നെ നമ്മുടെ മനസ്സിൽ ചേക്കേറുന്നു.
എങ്ങനെയാണ് സംസ്കാരം ഒരു നാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക് സന്നിവേശിക്കുന്നത് എന്ന് തലശ്ശേരി ദം ബിരിയാണിയെ റാന്നിയിലെ രുചിപ്പെരുമയാക്കി മാറ്റുന്ന പ്രതീകാത്മകതയിലൂടെ കഥാകാരൻ സുന്ദരമായി ആവിഷ്കരിക്കുന്നു.

നാടൻ തനിമകളെ പടിയടച്ച് പിണ്ഡം വയ്ക്കുന്ന സ്വാർത്ഥ താല്പര്യങ്ങളും അതിന്റെ ആഡംബരത്തിലും അതിപ്രസരത്തിലുമാണ്ടുപോകുന്ന സമൂഹത്തിന്റെ പുതുകാമനകളും ഭക്ഷണമെന്ന ബിംബത്തിലൂടെ വിജയകരമായി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ കഥയെ വേറിട്ടതാക്കുന്നത്.പടിയിറങ്ങിപ്പോയ വിക്രമണ്ണന്റെ നാടൻകൂട്ട് തലശ്ശേരിയിൽ നിന്നെത്തിയ ദം ബിരിയാണിക്കു മുമ്പിൽ തോൽക്കുമെന്ന് സാലി പറയുമ്പോൾ ഒരു നാട് തലമുറകളിലൂടെ പുതുവഴികളിലേക്ക് പൈതൃകത്തെ പിൻതള്ളിക്കൊണ്ട് മുന്നേറുന്നതെങ്ങനെയെന്ന് നാമറിയുന്നു. കാറ്ററിംഗിൽത്തുടങ്ങി ഊബർവരെയെത്തി നിൽക്കുന്ന ഭക്ഷണ സംസ്കാരത്തിനിടയിൽ പൊലിഞ്ഞു പോകുന്നത് നാടൻ തനിമകളാണെന്ന് വിക്രമണ്ണനെക്കൊണ്ട് കഥാകാരൻ പറയിക്കുന്നു.

Read Also  ഭൗമരാഷ്ട്രീയം ചർച്ച ചെയ്യുന്ന കഥകൾ ; എം ടി രാജലക്ഷ്മി എഴുതുന്നു

നറുരുചിമേളങ്ങളുടെ കൊതിപ്പെരുക്കങ്ങൾ നാവിലും മനസ്സിലും സൃഷ്ടിച്ചുകൊണ്ട് കടന്നുപോകുന്ന ‘ആനക്കാട്ടിൽ കേറ്ററിംഗ് ‘ മാറ്റത്തിന്റെ രാഷ്ട്രീയം തന്നെയാണ് ചർച്ച ചെയ്യുന്നത്. സാലി എന്ന പെൺ കഥാപാത്രത്തിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നതെങ്കിലും അങ്ങനെയൊരു പെണ്ണത്തം അനുഭവിപ്പിക്കാൻ കഥയ്ക്കായില്ലാ എന്നു പറയേണ്ടിയിരിക്കുന്നു. എന്നാൽ തികച്ചും ധിഷണാപരമായ, അവധാനതയോടെയുള്ള നീക്കങ്ങളിലൂടെ കഥയെ ഒഴുക്കോടെ തനിമയോടെ അനുവാചകനിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞതാണ് ഈ കഥാകാരന്റെ സാമർത്ഥ്യം.

LEAVE A REPLY

Please enter your comment!
Please enter your name here