Sunday, January 16

കോബ്രാ പോസ്റ്റിന്റെ 33,000 കോടി രൂപയുടെ സാമ്പത്തിക അഴിമതി വെളിപ്പെടുത്തലിൽ വീഴാൻ പോകുന്നത് ആരെല്ലാം?

രാജ്യത്തെ ഞെട്ടിക്കാനുള്ള വെളിപ്പെടുത്തലിനായി ഇൻവെസ്റ്റിഗേറ്റീവ്‌ മാധ്യമമായ കോബ്ര പോസ്റ്റ് തയ്യാറായി കഴിഞ്ഞു. വൈകുന്നേരം മൂന്ന് മണിക്കാണ് രാജ്യത്തെ എല്ലാ മാധ്യമങ്ങളെയും ക്ഷണിച്ച് കോബ്രാ പോസ്റ്റ് വൻ വെളിപ്പെടുത്തലിന് ഒരുങ്ങുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് മുൻകൂട്ടി തീയതി പ്രഖ്യാപിച്ച് 33,000 കോടി രൂപയുടെ സാമ്പത്തിക അഴിമതിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ തങ്ങൾ നടത്തുമെന്ന് കോബ്രാ പോസ്റ്റ് പ്രഖ്യാപിച്ചത്. 33,000 കോടി രൂപ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അഴിമതികളുടെ പര്യായമായി മാറുന്നുവെന്നതാണ് മറ്റൊരു വസ്തുത. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇതിന് മുൻപ് ഇത്രയും വലിയൊരു തുകയുടെ അഴിമതി ആരോപണങ്ങൾ ഉയർന്നത്. എന്നാൽ ഇതേ തുക തന്നേയാണ് പുതിയ വെളിപ്പെടുത്തലിലും ഉയർന്ന് വരാൻ പോകുന്നത്. കോബ്ര വെളിപ്പെടുത്തൽ റാഫേൽ ഇടപാട് തന്നെയാണോ എന്നതാണ് മാധ്യമ ലോകം ഉറ്റു നോക്കുന്നത്. സാമ്പത്തിക അഴിമതിയാണ് തങ്ങൾ വെളിപ്പെടുത്തുക എന്നായിരുന്നു കോബ്ര പോസ്റ്റ് ട്വിറ്ററിൽ അറിയിച്ചത്. അതിനാൽ റാഫേൽ വെളിപ്പെടുത്തൽ അല്ല എന്ന് പ്രതീക്ഷിക്കാം. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തൽ വാരാനിരിക്കുന്നതെന്നാണ് മാധ്യമ പ്രവർത്തകർക്കിടയിലുള്ള ചർച്ചകൾ.

നരേന്ദ്ര മോദി സർക്കാർ കാലാവധി തികയ്ക്കാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴാണ് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തൽ വരുന്നത്. കൂടാതെ പാർലമെന്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കുമ്പോഴാണ് ജനുവരി 29 എന്ന തീയതി കോബ്ര പോസ്റ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് നാളെ പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകും എന്ന് ഉറപ്പാണ്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി ഈ അഴിമതി ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്നതും കാണേണ്ടിയിരിക്കുന്നു.

തുടർ ഭരണം ലക്ഷ്യമിട്ട് ഇപ്പോൾ തന്നേ പ്രചാരണം ആരംഭിച്ചിരിക്കുന്ന ബിജെപി സർക്കാരിനെ ഏത് വിധത്തിലായിരിക്കും ഇത്ര വലിയ അഴിമതി ബാധിക്കുക എന്നതും ഇതിനെ ഏത് വിധത്തിലായിരിക്കും പ്രതിരോധിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുക എന്നതും ഇന്ന് വൈകുന്നേരത്തോട് കൂടി അറിയാം. എല്ലാ ചാനലുകളിലെയും ഇന്ന് വൈകുന്നേരത്തെ ന്യൂസ് നൈറ്റ് ചർച്ച ഏതായാലും കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തൽ തന്നെയായിരിക്കും എന്നത് ഉറപ്പാണ്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോബ്രയുടെ വെളിപ്പെടുത്തൽ നടക്കുന്ന സമയത്ത് കേരളത്തിലാണ് ഉണ്ടാവുക. ബൂത്ത് തലത്തിലുള്ള നേതാക്കളെ അഭിസംബോധന ചെയ്ത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറയ്ക്കാനാണ് രാഹുൽ കേരളത്തിലെത്തിയിരിക്കുന്നത്. കോൺഗ്രസിനും രാഹുൽ ഗാന്ധിയ്ക്കും ലോക്സഭാ തിരഞ്ഞെടുപ്പെന്ന വലിയ കടമ്പ കടക്കുവാൻ കോബ്ര പോസ്റ്റ് ഇട്ട് തരുന്ന പാലം എത്ര എളുപ്പമുള്ളതാകും എന്നത് അറിയാൻ മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതിയാകും.

Spread the love
Read Also  താമസക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് 300 വീടുകൾ തകർത്ത് മോദിക്ക് വേദിയൊരുക്കി

61 Comments

Leave a Reply