തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരട് നഗരസഭയുടെ പരിധിയിലുള്ള 5 ഫ്ളാറ്റുകള്‍ സെപ്റ്റംബര്‍ 20ന് മുമ്പ് പൊളിച്ചുനീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഫ്ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള നടപടികൾ തുടങ്ങി. ജില്ലാ കളക്ടർക്കാണു നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

പാരിസ്ഥിതികാഘാതമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി തീരദേശപരിപാലനസമിതി ദീർഘകാലമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണു ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഫ്ളാറ്റുകൾ കോടതി നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ജയിലിലടക്കുമെന്ന സൂചനയാണ് സുപ്രീം കോടതി നല്‍കുന്നത്. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ ജൂലായില്‍ തള്ളിയിരുന്നു.

നേരത്തെ മേയ് എട്ടിനാണ് ഫ്ളാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി പാലിച്ചിട്ടില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയിരുന്നു.

കായലോരം ചേർന്ന് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ച്വേഴ്സ് എന്നിവ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. മരട് മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. പിന്നീട് മരട് നഗരസഭ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.

കേരളത്തിൽ മാറിമാറിവന്ന സർക്കാരുകളെ സ്വാധീനിച്ച് തീരദേശപരിപാലനനിയമം മറികടന്നു കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ചെയ്തത്. തുടര്‍ന്നാണ് തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന് കാട്ടി നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കെട്ടിട നിര്‍മാതാക്കള്‍ക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. റിവ്യൂ ഹർജികൾ തള്ളിയതോടെ ഫ്ളാറ്റിലെ താമസക്കാർ ആകെ ആശയക്കുഴപ്പത്തിലായിരുന്നു.

ഫ്ളാറ്റിലെ താമസക്കാരെ പുനരധിവസിപ്പിക്കണമെന്നാണു സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ തങ്ങൾക്ക് പോകാനൊരിടമില്ലെന്നും ഭരണകൂടമാണു ഈ പ്രതിസന്ധികൾക്കുത്തരവാദികളെന്നും വാദിച്ച് ഫ്ളാറ്റ് നിവാസികൾ രംഗത്തെത്തിയിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കേരളത്തിന് സ്വന്തമായി ഹെലികോപ്റ്റർ വേണമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here