Sunday, May 31

‘കോവിഡ് 19 ‘ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു ; പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നു ആരോഗ്യമന്ത്രാലയം

കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. ദില്ലിയിലെ ജാനക്പുരി സ്വദേശിനിയായ 69കാരിയാണ് മരിച്ചത്. ഇവര്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത രക്ത സമ്മര്‍ദവും പ്രമേഹവും രോഗിക്കുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 85 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ കല്‍ബുര്‍ഗിയില്‍ രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദില്ലിയില്‍ കൊറോണ ബാധിച്ച ആറാമത്തെയാളായിരുന്നു ഇവര്‍

രാജ്യത്തെ കോവിഡ് 19 വൈറസ് വ്യാപനത്തിൽ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ കൊറോണ ബാധ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം നാലായിരത്തില്‍ അധികം പേര്‍ രോഗം ബാധിച്ചരുമായി ഇടപഴകിയിട്ടുണ്ടെന്നും, ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. 42000ത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം ഒരു രോഗി മരിച്ച കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്.

തെലങ്കാനയില്‍ ആകെ ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 34 സാമ്പിളുകളുടെ ഫലം വരാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ച യുവാവിന് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇയാളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 14 ദിവസം ഇയാളെ വീട്ടില്‍ നിരീക്ഷണത്തിനു വിധേയമാക്കും. സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്. ഈയിടെ തെലങ്കാന സർക്കാരിന്റെ ഉന്നതതല മെഡിക്കൽ സംഘം കേരളത്തിലെ ആരോഗ്യമന്ത്രിയെ കണ്ടു പ്രതിരോധമാർഗ്ഗങ്ങൾ മനസ്സിലാക്കി മടങ്ങിയിരുന്നു

അതേസമയം ജമ്മു കശ്മീരില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കശ്മീരിലും ലഡാക്കിലുമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. കൊറോണ ബാധിച്ചവരുമായി ബന്ധപ്പെട്ടയാള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജമ്മു കശ്മീര്‍ മേഖലയില്‍ രണ്ട് പേര്‍ക്കും ലഡാക്ക് മേഖലയില്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ വൃദ്ധയ്ക്ക് കൊറോണ ഉണ്ടെന്ന് സംശയമുണ്ട്. ഇവര്‍ അനന്ത്‌നാഗ് ജില്ലയില്‍ ഐസൊലേഷനിലാണ്. ഇവരെ പരിശോധനയ്ക്ക് വിധേയയാക്കും. ദില്ലിയിലോ ശ്രീനഗറിലോ ഉള്ള വിമാനത്താവളങ്ങളില്‍ ഇവര്‍ കൊറോണ പരിശോധനയ്ക്ക് വിധേയയായിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്.

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  രാജ്യത്ത് ഇതുവരെ 73 കോവിഡ് 19 രോഗികൾ ; ആശങ്ക വർദ്ധിപ്പിച്ചുകൊണ്ടു രോഗികളുടെ എണ്ണം കൂടുന്നു

Leave a Reply

Your email address will not be published.