Friday, September 17

ഗർജ്ജിക്കുന്ന വിപ്ലവകാരി ഗൗരിയമ്മ ചരിത്രത്തിലേയ്ക്ക്

കേരളത്തിൻ്റെ ജ്വലിക്കുന്ന വിപ്ലവകാരി കെ. ആർ ഗൗരിയമ്മ(102) അന്തരിച്ചു. കടുത്ത അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

കേരളത്തിൻ്റെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്നു.

1952-53, 1954-56 വർഷങ്ങളിൽ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും ഒന്നു മുതൽ പതിനൊന്നുവരെ തുടർന്നുള്ള എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. (അഞ്ചാം നിയമസഭ ഒഴികെ).1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു.

കെ ആർ ഗൗരി ഗൗരിയമ്മയാകുന്നു

ഗൗരിയമ്മ എന്ന വിളിപ്പേരിലും മെച്ചം എന്തുകൊണ്ടും അതായിരുന്നു. സഖാവ് കെ.ആർ ഗൗരി. പ്രായാധിക്യം വരുമ്പോൾ പലരേയും അമ്മ അച്ഛൻ ചേട്ടൻ ഇതൊക്കെ ചേർത്ത് വിളിക്കുന്ന ഒരു വലത് പക്ഷ കാഴ്ച ഇപ്പോൾ ഏറെ കൂടുതലാണ്. അതു കൊണ്ട് തന്നെ പല സഖാക്കന്മാരും ചേച്ചിയും ചേട്ടനും ഒന്നുമല്ലെങ്കിൽ മാഷും ടീച്ചറും ഒക്കെയാകുന്നു. ചില ആൾദൈവങ്ങളെ വിളിക്കുമ്പോലെ ഈ അമ്മ ചേർത്തുള്ള വിളി കെ. ആർ ഗൗരിയെപ്പോലുള്ളവരെ ഇടിച്ചുതാഴ്ത്തും പോലെയാണ്. കാരണം അത്തരം ‘കുല’പാരമ്പര്യത്തിനെതിരെ നാവുയർത്തിയ ആധുനിക കേരളത്തിലെ വനിതകളിൽ ഒരാളായിരുന്നു സഖാവ്.

ജീവിതവും പാർട്ടിയും ഒന്നായി മാറുന്ന അത്ര പരിചയമില്ലാത്ത ഒരു കഥയായിരുന്നു കെ.ആർ ഗൗരി.

കേരളത്തിലെ ചുവപ്പ് കൊടിയുടെ രക്തശോഭയിൽ അവരോളം പുളകം കൊണ്ട പെണ്ണുങ്ങൾ അന്നില്ലായിരുന്നു.
ചിലർ പറയും ഈഴവരിൽ നിന്നും ആദ്യം നിയമബിരുദമെടുത്തവർ അവരായിരുന്നുവെന്ന്. തിരുത്തുകയാണത്. കേരളത്തിലെ മൊത്തം സ്ത്രീകളിൽ വിരലിൽ എണ്ണാവുന്നവർ മാത്രം എത്തിച്ചേർന്ന നിയമബിരുദം കൈക്കലാക്കിയ സ്ത്രീകളിലൊരാളായിരുന്നു അവർ. മതം ജാതി ഇത്തരം ക്ലാസിഫിക്കേഷന് മുകളിലായിരുന്നു അവർ.

അത്തരം ചിന്തയിൽ സ കെ.ആർ ഗൗരിയുടെ ജീവിതത്തെ രണ്ടായി തിരിക്കാം.
ജാതി മതാതീതമായ ഒരു കാലവും അതിനുള്ളിൽപ്പെട്ട കാലവും എന്ന്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ കാലത്ത് കത്യമായി പറഞ്ഞാൽ നായനാർ മുഖ്യമന്ത്രിയാകുന്ന കാലം വരെ ജാതി ഇതര പ്രൊഫൈലായിരുന്നു സഖാവിൻ്റേത്.
ടി.വി.തോമസ് എന്ന സഹയാത്രികൻ്റെയൊപ്പം വൈവാഹിക ജീവിതം പങ്കിടുമ്പോഴും ഒടുവിൽ പാർട്ടി പ്പിളർപ്പ് ജീവിതത്തിൻ്റെ പിളർപ്പായി മാറുമ്പോഴും പ്രത്യയശാസ്ത്രമോ അതിലുള്ള വിശ്വാസമോ ആയിരുന്നു സഖാവിൻ്റേത്. വലത് കമ്മ്യൂണിസ്റ്റ് പാതയിലേക്ക് ടി.വി പലായനം ചെയ്യുമ്പോഴും അവർ കുറച്ചു കൂടി ഡോഗ് മാറ്റിക്ക് ചിന്തയിൽ ജീവിച്ച ഇടത് പക്ഷത്ത് മാറി നിൽക്കുകയായിരുന്നു.

ബി.ആർ.പി. ഭാസ്‌കർ. ഒരിക്കൽ പറഞ്ഞതോർക്കുന്നു.

“വാസ്തവത്തിൽ, അവരുടെ കരിയർ കേരളത്തിലെ സ്ത്രീ ശാക്തീകരണ നവോത്ഥാനത്തിന്റെ കയറ്റവും ഇറക്കവും പ്രതിഫലിപ്പിക്കുന്നു. തനിക്ക് കീഴിലുള്ള ബ്യൂറോക്രാറ്റുകളുമായി നല്ല ബന്ധം പുലർത്തുന്ന കെ.ആർ ഗൗരിയേക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്ററെ കണ്ടെത്താൻ ഇതുവരെ കേരളത്തിലെ സി.പിഎം ന്. കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് അവരുടെ പ്രശസ്തിക്കും ഏതാണ്ട് അടുത്തെത്തിയിരിക്കുന്നത്. അതുപോലെ തന്നെ ആദിവാസി ഭൂപ്രശ്നം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ അവർക്കുള്ള ആശങ്കകളെക്കുറിച്ചും തത്വാധിഷ്ഠിത നിലപാടും (നഷ്ടപ്പെട്ട വനഭൂമികൾ ആദിവാസികൾക്ക് തിരികെ നൽകുമായിരുന്ന 1975 ലെ നിയമം ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരായ വിയോജിപ്പിന്റെ ഏക ശബ്ദമായിരുന്നു അവർ) ” ഇങ്ങനെ ചിന്തിക്കുമ്പോൾ അവർ പ്രതിനിധീകരിച്ച പാർട്ടിയുടെ നയങ്ങളിൽ പലപ്പോഴും രോഷത്തിനു പരി ആത്മസംഘർഷമായിരുന്നു അവർ അനുഭവിച്ചത്. ഈ സംഘർഷം തന്നെയാണ് പിന്നീട് ഇം എം എസുമായി കലഹിച്ച് പാർട്ടിയിൽ നിന്നും പുറത്ത് പോകാൻ അവരെ പ്രേരിപ്പിച്ചതും. അതു മുതൽ കെ.ആർ ഗൗരിയുടെ രാഷ്ട്രീയത്തിൽ അറിയാതെ തന്നെ ജാതീയതയുടെ ലേബൽ വന്നു കഴിഞ്ഞു. പക്ഷേ ഒരിക്കലും അവരെപ്പോലൊരാൾ ജാതിയുടെ പേരിൽ അവകാശമുന്നയിച്ചിട്ടില്ല എന്നതുകൂടി മനസിലാക്കേണ്ടതാണ്. ഈ കാലഘട്ടത്തിലും വലതുപക്ഷം അവർക്ക് അനുയോജ്യമായ ഇരിപ്പടമല്ലെന്നുള്ള സ്വയം ബോധം സഖാവിനുണ്ടായിരുന്നു.

Read Also  മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

കേരള രാഷ്ട്രിയത്തിൽ വെള്ളാപ്പള്ളി പ്രതിനിധാനം ചെയ്യുന്ന യന്ത്രവത്കൃത ദളിത് രാഷ്ട്രിയമല്ല തൻ്റെ ഇടമെന്ന് അവർ മനസിലാക്കിയിരുന്നു. പാർളമെൻ്ററി മോഹമോ വ്യാമോഹമോ എന്നൊക്കെ നിർവചിക്കുന്നതിനുപരി തന്നെ പരാജയപ്പെടുത്തിയവർക്ക് നേര തലയുയർത്തി നിൽക്കാനുള്ള ശ്രമമായിരുന്നു അവർ നടത്തിയതെന്നു കരുതുന്നതാണ് ഉചിതം.
ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലും അവർ നിരാകരിക്കാതിരുന്നത് ഒന്നേയുള്ളു. അത് അവരുടെ നിലപാടിൻ്റെ രാഷ്ട്രീയം മാത്രമായിരുന്നു. അതു കൊണ്ട് തന്നെയാണ് അവരെ പ്രായാധിക്യമുള്ള എല്ലാവരെയും വിളിക്കുന്ന അമ്മയെന്ന സർവ നാമത്തിലൂടെയല്ല സഖാവെന്ന ജീവനുള്ള നാമത്തിലൂടെ അഭിസംബോധന ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്.

Spread the love