Friday, September 17

വൈദ്യുതി ബിൽ അടക്കുന്നതിനും സർവീസ് ചാർജ്; ഉപഭോക്താക്കളെ പിഴിഞ്ഞ് കെഎസ്ഇബി

വൈദ്യുതി ബിൽ അടക്കുന്നതിനും സർവീസ് ചാർജ് ഏർപ്പെടുത്തി കെഎസ്ഇബി ഉപഭോക്താക്കളെ പിഴിയുന്നു. 2,000 രൂപയ്ക്ക് മേൽ വരുന്ന ബില്ലുകൾ കെഎസ്ഇബി ഓഫീസുകളിൽ ഇപ്പോൾ സ്വീകരിക്കുന്നില്ല. പകരം ഇത്തരം ബില്ലുകൾ ഓൺലൈൻ മുഖേന അടക്കുവാനാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിരി ക്കുന്നത്. കെഎസ്ഇബിയുടെ വെബ്‌സൈറ്റായ kseb.in വഴി കൺസ്യൂമർ നമ്പർ നൽകി ബിൽ അടക്കുവാൻ ശ്രമിക്കുമ്പോൾ ആണ് 2,000 രൂപയ്ക്ക് മേൽ വരുന്ന ഇടപാടിന് കെഎസ്ഇബി സർവീസ് ചാർജ് ഈടാക്കുന്നത്.

ഡെബിറ്റ് കാർഡ് വഴി പണം അടയ്ക്കുമ്പോൾ ഫെഡ് ഇ ഗേറ്റ്, ടെക്ക് പ്രോസസ്സ് പേയ്‌മെന്റ് സർവീസ് തുടങ്ങിയ രണ്ട് ഓപ്‌ഷനുകൾ ആണ് സൈറ്റിൽ ഉള്ളത്. ഫെഡ് ഇ ഗേറ്റ് വഴി പണം അടച്ചാൽ 2,000 രൂപയ്ക്ക് മുകളിൽ ഉള്ള ബില്ലിന് 17 രൂപ സർവീസ് ചാർജ് ഈടാക്കുന്നതിന് പുറമെ ജിഎസ്ടിയും ഈടാക്കും. അതേസമയം ടെക്ക് പ്രോസസ്സ് പേയ്‌മെന്റ് സർവീസ് വഴിയാണ് പണം അടയ്ക്കുന്നതെങ്കിൽ ബില്ലിന്റെ .90% സർവീസ് ചാർജ് ഈടാക്കുന്നതിന് പുറമെ ജിഎസ്ടിയും ഈടാക്കും.

കെഎസ്ഇബിയുടെ ഈ കൊള്ളയ്‌ക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ടെങ്കിലും യാതൊരു നടപടിയും ബോർഡ് എടുത്തിട്ടില്ല. ഇത്തരത്തിൽ ഉപഭോക്താക്കളെ പിഴിയാൻ വേണ്ടിയാണ് 2,000 രൂപയ്ക്ക് മുകളിൽ ഉള്ള ബിൽ ഓൺലൈൻ വഴി ആക്കിയതെന്ന വ്യാപക വിമർശനമാണ് ഉയരുന്നത്. കോർപ്പറേറ്റ് പണം ഇടപാട് സ്ഥാപനങ്ങളെ സഹായിക്കാനാണ് കെഎസ്ഇബി ഓൺലൈൻ പേയ്‌മെന്റ് നീക്കം നടത്തിയതെന്നും വ്യാപക അഴിമതി ഇതിൽ നടന്നിട്ടുണ്ടെന്നും ഉപഭോക്താക്കൾ പറയുന്നു. കൂടാതെ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തവർ, ഓൺലൈൻ വഴി ബിൽ അടയ്ക്കാൻ അറിയാത്തവർ എന്നിവരെ സ്വകാര്യ ഇന്റർനെറ്റ് കഫേകളും മറ്റും ചാർജുകൾ ഈടാക്കിയാണ് ബിൽ അടക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് അധികബാധ്യത വരുത്തി വെയ്ക്കുകയാണ്.

ഓഫീസിൽ നേരിട്ടെത്തി ബിൽ അടക്കാവുന്ന പഴയ സംവിധാനം പുനഃസ്ഥാ പിക്കണമെന്നും അല്ലെങ്കിൽ സർവീസ് ചാർജ് ഈടാക്കുന്ന ഇത്തരം നീക്കങ്ങൾ ബോർഡ് പിന്‍ വലിക്കണമെന്നുമാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്നത്.

Spread the love
Read Also  സാക്ഷര കേരളമേ ഈ കൊല ചെയ്തത് നിങ്ങളാണ്; കാലം 2019 മാർച്ച് മാസം, സ്ഥലം മലപ്പുറം, കേരളം

Leave a Reply