Monday, January 24

കെഎസ്എഫ്ഇ പ്രവാസിചിട്ടിയിൽ നിക്ഷേപത്തിന്റെ ഇരട്ടി തുക പരസ്യത്തിനായി ചിലവഴിച്ച് സർക്കാർ

സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പ്രവാസി ചിട്ടി നഷ്ട്ടത്തിലെന്ന കണക്കുകൾ പുറത്ത്. കേരളത്തിന് അധിക വരുമാനം ലക്ഷ്യമിട്ട് ധനമന്ത്രി ടി.എം. തോമസ് ഐസക് മുൻകൈ എടുത്തു നടപ്പിലാക്കിയ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയാണ് ഇപ്പോൾ നഷ്ടത്തിലാണെന്ന കണക്കുകൾ പുറത്തുവരുന്നത്. പതിന്നാലാം നിയമ സഭയുടെ പതിമൂന്നാം സമ്മേളനത്തിൽ മുവാറ്റുപുഴ എംഎൽഎ എൽദോസ് കുന്നപ്പള്ളി ഉന്നയിച്ച ചോദ്യത്തിനാണ് കെഎസ്എഫ്ഇ പ്രവാസിച്ചിട്ടി നിക്ഷേപത്തേക്കാൾ കൂടതൽ തുക പരസ്യത്തിന് വേണ്ടി മാത്രം ചിലവഴിച്ചു
എന്ന കണക്കുകൾ പുറത്ത് വിട്ടത്. സംസ്ഥാനം അതി ഭയങ്കരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ കൂടിയാണ് ഇത്രയേറെ കോടികൾ ചിലവഴിച്ച് പ്രവാസിച്ചിട്ടിക്ക് വേണ്ടി പരസ്യങ്ങൾ സംസ്ഥാന സർക്കാർ നൽകിയത്.

മൂന്ന് കോടി മുപ്പത് ലക്ഷം രൂപ മാത്രമാണ് നാളിതുവരെ പ്രവാസിച്ചിട്ടി വഴി കെഎസ്എഫ്ഇയ്ക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ പരസ്യ ഇനത്തിൽ മാത്രം സർക്കാർ പ്രവാസി ചിട്ടിക്ക് വേണ്ടി ചിലവഴിച്ചത് അഞ്ച് കോടി ഒരു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല് രൂപയാണ്. നിക്ഷേപത്തേക്കാൾ 1,71,06,534 രൂപ അധികം പരസ്യ ഇനത്തിൽ മാത്രം സർക്കാർ ചിലവഴിച്ചു. നിക്ഷേപം മാത്രമാണ് മൂന്ന് കോടി മുപ്പത് ലക്ഷം, അതിൽ നിന്ന് നാമമാത്രമായ ലാഭം ആണ് കെഎസ്എഫ്ഇയ്ക്ക് ലഭിക്കാനുള്ളൂ എന്നിരിക്കെയാണ് ഇത്രയധികം തുക പൊടിച്ച് സർക്കാർ പരസ്യത്തിന് വേണ്ടി മുടക്കിയത്.

തോമസ് ഐസക്കിന്റെ ധനകാര്യ മാനേജമെന്റിൽ വന്ന വീഴ്ചയാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രവാസികൾ സ്വദേശിവൽക്കരണം മൂലവും മറ്റും നാട്ടിലേയ്ക്ക് തിരികെ വരുന്ന സാഹചര്യത്തിൽ പ്രവാസികളെ മുന്നിൽ കണ്ട പ്രവാസി ചിട്ടി നടത്തിയത് വൻ സാമ്പത്തിക ബാധ്യതയാണ് വരും വർഷങ്ങളിൽ ഉൾപ്പടെ സർക്കാരിന് വരുത്തിവെക്കുക എന്നും സാമ്പത്തിക മേഖലയിലെ വിദഗ്ധർ പറയുന്നു.

Spread the love
Read Also  അഭിമന്യൂ വധം: രാഷ്ട്രീയമായി നേരിടുമെന്ന് തോമസ് ഐസക്ക്

Leave a Reply