Wednesday, January 19

ഗാഡ് ഗിൽ റിപ്പോർട്ടിൻ്റെ പേരു പറയാതെ കേരളശാസ്ത്ര സാഹിത്യ പരിഷത്ത് നവകേരള പദ്ധതിക്കുള്ള നിർദ്ദേശങ്ങൾ   മുഖ്യമന്ത്രിക്കു നൽകി

ഗാഡ് ഗിൽ റിപ്പോർട്ടിൻ്റെ പേരു പറയാതെ കേരളശാസ്ത്ര സാഹിത്യ പരിഷത്ത് നവകേരള പദ്ധതിക്കുള്ള നിർദ്ദേശങ്ങൾ  മുഖ്യമന്ത്രിക്കു  നൽകിയിരിക്കുന്നു

അതിരുവിട്ടതരത്തിൽ വിഭവവിനിയോഗം നടത്തുന്ന ഒരു വിഭാഗമാണ് ഗാഡ് ഗിൽ റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെടുന്നതെന്നും മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുംവിധം അതിൻ്റെ അന്തസത്ത ചോർത്താതെ  വികസനോന്മുഖമായി അതുപയോഗിക്കണമെന്നും ഗാഡ് ഗിൽ റിപ്പോർട്ടിൻ്റെ മലയാള പരിഭാഷ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പോർട്ടിൻ്റെ ആമുഖത്തിൽ പറഞ്ഞിരുന്നു.

പ്രളയാനന്തരമായാലും അതിനു മുൻപായാലും കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങൾക്ക് ഒട്ടുംതന്നെ ദഹിക്കാത്ത ഗാഡ് ഗിൽ റിപ്പോർട്ടിനെപ്പറ്റി പരാമർശിക്കാതെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അതിൻ്റെ രാഷ്ട്രീയ വിധേയത്വം കാത്തു സൂക്ഷിക്കുന്നതിൻ്റെ തെളിവാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് അവർ സമർപ്പിച്ച നിർദ്ദേശങ്ങൾ

നിലവിൽ അതിൽ സൂചിപ്പിക്കുന്ന പല കാര്യങ്ങളും ഗാഡ് ഗിൽ പരാമർശങ്ങൾ ആണെങ്കിലും അതു പ്രത്യക്ഷത്തിൽ പറയാതിരിക്കുക എന്ന മാർഗ്ഗമാണ് പരിഷത്ത് സ്വീകരിച്ചിരിക്കുന്നത്.

കത്തിൻ്റെ പൂർണ്ണരൂപം വായിക്കാം 

പുതിയ കേരളം നിർ‍മ്മിക്കാൻ
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,
————————————————————
അങ്ങേയറ്റം വിനാശകരമായ പ്രകൃതിദുരന്തങ്ങളാൽ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിർ‍മ്മാണമല്ല പുതിയ കേരളത്തിന്റെ സൃഷ്ടിയാണ് നടക്കേണ്ടതെന്ന് കേരള സര്‍ക്കാരിനും ജനതയ്ക്കുംവേണ്ടി അങ്ങ് നടത്തിയ പ്രഖ്യാപനത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു.
കേരളത്തിന്റെ സവിശേഷതയാർ‍ന്ന മൂന്ന് ഭൗമമേഖലകളെയും – ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി നടന്ന മലനാട്, ആകസ്മികവെള്ളപ്പൊക്കത്തിൽ തകര്‍ന്ന ഇടനാട്, പ്രളയജലത്തില്‍ മുങ്ങിയ തീരപ്രദേശം-പ്രകൃതിദുരന്തം ബാധിച്ചു. 483 പേര്‍ക്ക് ജീവൻ ‍ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സർ‍വ്വവും നഷ്ടമായി. കൃഷിയും ജീവനോപാധികളും ഇല്ലാതായി. കെട്ടിടങ്ങൾ‍ നശിച്ചു. റോഡുകൾ‍ തകർ‍‍ന്നു. 40,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ‍ ഉണ്ടായിയെന്നാണ് പ്രാഥമിക കണക്ക്. ഇത്തരത്തിൽ പ്രളയത്തിൽ‍ തകർ‍‍ന്നടിഞ്ഞ കേരളത്തെ പുതുക്കി പണിയുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.

അപ്രതീക്ഷിതമായി വന്ന പ്രകൃതിദുരന്തങ്ങളിൽ‍ തളരാതെ അതിനെ നേരിടാനും അതിജീവിക്കാനും കേരളത്തിലെ സർ‍‍ക്കാരിനും ജനങ്ങള്‍ക്കും കഴിഞ്ഞു എന്നതില്‍ സംശയമില്ല. സേവനസന്നദ്ധരായി ഒറ്റ മനസ്സോടെ അണിനിരന്ന ജനങ്ങള്‍ക്ക് മുന്നില്‍നിന്ന് ലഭ്യമായ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം പൂർ‍‍ത്തിയാക്കാന്‍ സർ‍‍ക്കാരിന് സാധ്യമായി. സമാനതകളില്ലാത്ത രക്ഷാപ്രവർ‍ത്തനമെന്ന് അത് വിശേഷിപ്പിക്കപ്പെട്ടു.

എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ട് പൂർ‍‍ത്തിയാക്കാന്‍ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി. ഹ്രസ്വകാലദീർ‍ഘകാല നടപടികളും പരിപാടികളും അടങ്ങുന്ന പുതുകേരള മാസ്റ്റര്‍പ്ലാന്‍ രൂപപ്പെടുത്തണം. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍, നവകേരളത്തിനായുള്ള മാസ്റ്റര്‍പ്ലാനില്‍ – മലനാട്, ഇടനാട്, തീരദേശം എന്ന തരത്തില്‍ സബ്പ്ലാനുകള്‍ ഉണ്ടാവണം.
ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ഒരു നിരതന്നെ കേരളത്തില്‍ ഉണ്ട്. ഇതിനു പുറമെ വിവിധ സര്‍വ്വകലാശാലകളും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്. ഇവ കേരളത്തിന്റെ വലിയ ഒരു ആസ്തിയാണ്. കേരളത്തിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ഈ ബൃഹത്തായ യജ്ഞത്തിന് കഴിയണം.
പുതിയ കേരളസൃഷ്ടിയില്‍ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർ‍ഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാന്‍ പാടില്ല എന്നതും.

സമീപനം
———————————————————
സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി
ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.
———————————————————

1. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങള്‍ കേരളത്തില്‍ കൂടുതലായി അനുഭവപ്പെടും എന്നാണ് എല്ലാ പഠനങ്ങളും നല്‍കുന്ന സൂചന. ആഘാതലഘൂകരണത്തിനുള്ള എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്നതാകണം പുതിയ കേരളസൃഷ്ടിക്കുള്ള പ്രവര്‍ത്തനങ്ങള്‍.

2. ദുരന്തം നല്‍കുന്ന പാഠങ്ങളില്‍ പ്രാധാനം പശ്ചിമഘട്ടത്തിലെ ഏതാനും വില്ലേജുകള്‍ മാത്രമല്ല കേരളത്തിന്റെ മിക്ക ഭാഗങ്ങളും പാരിസ്ഥിതിക ദുര്‍ബലപ്രദേശമാണ് എന്നതാണ്.

3. പാരിസ്ഥിതികതകര്‍ച്ചയെ പരിഗണിക്കാതെ നടന്ന വികസന ഇടപെടലുകള്‍ ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു എന്നത് ഏവര്‍ക്കും മനസ്സിലായിരിക്കുന്നു.

4. പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം സുസ്ഥിരവികസനകാഴ്ചപ്പാടില്‍ ഉള്‍ക്കൊള്ളണം. സുസ്ഥിരവികസനമെന്നത് തലമുറകള്‍ക്കിടയില്‍ തുല്യത ഉറപ്പാക്കാനുള്ള സമീപനമാണ്. വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ട വിഭവങ്ങള്‍ ഇപ്പോഴെ ചെലവഴിക്കരുത്.

5. പ്രവര്‍ത്തനങ്ങളിലെ സുതാര്യത സാമൂഹ്യപങ്കാളിത്തം വര്‍ധിപ്പിക്കും. വിവരസാങ്കേതികവിദ്യകളുടെ പ്രയോഗം ഇതിന് അനിവാര്യമാണ്.

6. പുതിയ കേരള സൃഷ്ടിയില്‍ സാമൂഹ്യപങ്കാളിത്തം വിശിഷ്യാ യുവതലമുറയുടെ മുന്‍കയ്യും പങ്കാളിത്തവും ഉറപ്പാക്കണം.

7. പുതുകേരളസൃഷ്ടിയില്‍ സ്ത്രീകളുടെ പങ്ക് ഏറെ നിര്‍ണായകമാണ്. അവരുടെ സാമൂഹ്യപങ്കാളിത്തവും തൊഴില്‍പങ്കാളിത്തവും വലിയതോതില്‍ വര്‍ധിപ്പിക്കുവാനും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് വളര്‍ത്തുവാനും കഴിഞ്ഞാലേ നാളത്തെ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ക്ക് സുസ്ഥിരത ഉറപ്പാക്കാനാകൂ.

8. സര്‍ക്കാരിന്റെ മുഖ്യചുമതലക്കാരായിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീക്ഷണവും സമീപനവും പുതുകേരള സൃഷിടിയില്‍ നിര്‍ണായകമാണ്. അവരുടെ സര്‍ഗാത്മകപങ്കാളിത്തം ജനപങ്കാളിത്തത്തോടൊപ്പം ഉറപ്പാക്കുക എന്നത് അനിവാര്യമാണ്.

9. ബാഹ്യഏജന്‍സികളുടേതടക്കമുള്ള ഉപദേശ നിര്‍ദേശങ്ങള്‍ കേരളത്തിലെ ശാസ്ത്രസാങ്കേതിക സമൂഹവുമായി സംവദിച്ചുകൊണ്ടുവേണം പ്രായോഗിക പദ്ധതികള്‍ രൂപപ്പെടുത്താന്‍.

Read Also  പൊതുസമൂഹം ഗാഡ് ഗിൽ എന്ന പ്രവാചകനെ വീണ്ടും വിളിക്കുന്നു, ഭരണകൂടമോ ?

10. നവകേരള നിര്‍മാണത്തിനായി ആഭ്യന്തര വിഭവസമാഹരണത്തിനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം.

11. ഉപാധികളില്ലാത്ത ദീര്‍ഘകാലവായ്പകളാണ് അഭികാമ്യം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍
————————————————————-
1. പുതുക്കപ്പെടാത്ത പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥത പൂര്‍ണമായും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണം. ഇവയുടെ വിനിയോഗം പൊതുനിയന്ത്രണത്തിലാവണം.

2. പ്രകൃതിയെയും പുതുക്കപ്പെടാത്ത പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തെയും ബാധിക്കുന്ന നിയമങ്ങള്‍ (ഉദാ: നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം, ക്വാറി ചട്ടങ്ങള്‍, തീരദേശപരിപാലനനിയമം തുടങ്ങിയവ.) പ്രളയപശ്ചാത്തലത്തില്‍ പുനഃപരിശോധിക്കുകയും കാലാവസ്ഥാമാറ്റത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ ഭേദഗതി ചെയ്യുകയും വേണം.

3. നിലവില്‍ നിയമമില്ലാത്ത ഖനനമേഖലയ്ക്കായി സമഗ്രനിയമം കൊണ്ടുവരണം. ഇക്കാര്യങ്ങള്‍ക്കായി ഒരു ഹരിത നിയമകമ്മീഷനെ നിയോഗിക്കാവുന്നതാണ്.

4. പാരിസ്ഥിതിക പാദമുദ്ര (Ecological Footprint) കുറച്ചുകൊണ്ടുള്ള വളര്‍ച്ചയാവണം നവകേരളസൃഷ്ടിയില്‍ ഉണ്ടാകേണ്ടത്.

5. കേരളത്തില്‍ ഭൂമിയുടെ അളവ് പരിമിതമാണ്. ഭൂമിയില്‍ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ അപരിഹാര്യമായ മാറ്റങ്ങള്‍ വരുത്തുവാനുള്ള വ്യക്തിയുടെ അവകാശം നിയന്ത്രിക്കണം. ഊഹക്കച്ചവടത്തിനുള്ള ഉല്‍പ്പന്നമായി കണക്കാക്കുന്നിടത്തോളം ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കാനാവില്ല. ഭൂമി കൈമാറ്റം സര്‍ക്കാര്‍ നിയന്ത്രിത ലാന്റ്ബാങ്കുകളിലൂടെ മാത്രം എന്ന നിയന്ത്രണം അനിവാര്യമാണ്.

6. കേരളം പൊതുവില്‍ പരിസ്ഥിതി ദുര്‍ബലമായതിനാല്‍ Zonation കര്‍ശനമായി നടപ്പാക്കപ്പെടണം. ദീര്‍ഘകാലത്തെ അനുഭവപാഠങ്ങളുടെയും ശാസ്ത്രീയപഠനങ്ങളുടെയും അടിസ്ഥാ നത്തില്‍ പുതിയ നിര്‍മ്മിതികളോ മാറ്റങ്ങളോ പാടില്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങള്‍ No Development Zone കള്‍ ആയി വിജ്ഞാപനം ചെയ്യണം. പരിസ്ഥിതിലോലമേഖലകളില്‍ കയ്യേറ്റങ്ങളും പുതിയ നിര്‍മ്മിതികളും പൂര്‍ണമായി തടയണം. അതിന്റെ ഫലമായുള്ള പുനരധിവാസത്തിന് സര്‍ക്കാര്‍ ആവശ്യമായ തീരുമാനം, സഹായം, നിര്‍വഹണം എന്നിവ ഉറപ്പാക്കണം.

7. കേരളത്തിന്റെ ഭൂപ്രകൃതി, കുറഞ്ഞ ഭൂലഭ്യത, ജനപ്പെരുപ്പം എന്നിവ പരിഗണിച്ച് കേരളത്തിന് സമഗ്രമായ ഒരു പാര്‍പ്പിടനയം ഉണ്ടാകണം. ഭൂമി പരമാവധി കുറച്ച് ഉപയോഗിക്കുന്ന മുകളിലേക്കുള്ള വളര്‍ച്ചാരീതി (ഫ്‌ളാറ്റ് സമുച്ചയം), തരിശുവീടുകളുടെ പുനര്‍വിതരണം, ഒരു കുടുംബത്തിന് ഒന്നിലധികം വീടുകള്‍ക്ക് അനുമതി നല്‍കാതിരിക്കല്‍, വീടിന്റെ വലിപ്പം ആളുകളുടെ എണ്ണത്തിനനുസരിച്ച് നിയന്ത്രിക്കല്‍, കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിക്കുന്ന ഊര്‍ജസാന്ദ്രത കുറഞ്ഞ വീടുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കല്‍ എന്നിവ പാര്‍പ്പിടനയത്തിന്റെ ഭാഗമാകണം. കേരളത്തില്‍ പാര്‍ക്കുന്നവര്‍ക്കായിരിക്കണം പാര്‍പ്പിടനിര്‍മ്മാണത്തില്‍ മുന്‍ഗണന.

8. പ്രകൃതിക്കിണങ്ങുന്ന വാസ്തുവിദ്യയും നിര്‍മ്മാണസാമഗ്രികളും പ്രോത്സാഹിപ്പിക്കണം. കരിങ്കല്ല്, വെട്ടുകല്ല്, ചുടുകട്ട, കോണ്‍ക്രീറ്റ് ഇവയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം. മറ്റ് ഉപായങ്ങളും വസ്തുക്കളും നിര്‍ദേശിക്കപ്പെടണം.

9. പുതിയ നിര്‍മ്മിതികള്‍ക്കെല്ലാം ഹരിത പ്രോട്ടോക്കോള്‍ ബാധകമാക്കണം. നിര്‍മ്മിതികള്‍ വിഭവ മിതത്വം പാലിക്കുന്നവയാകണം.

10. നദികളുടെയും നദീതടങ്ങളുടെയും സംരക്ഷണം ശാസ്ത്രീയമാക്കണം. തീരദേശ സംരക്ഷണത്തിന് സമാനമായ River Regulation Zone അംഗീകരിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം വേണം.

11. കായല്‍ പ്രദേശങ്ങളുടെയും തണ്ണീര്‍ത്തട പ്രദേശങ്ങളുടെയും കുന്നിന്‍ ചരിവുകളുടെയും കൊടുമുടികളുടെയും സംരക്ഷണം കര്‍ശന വ്യവസ്ഥകളോടെ ഉറപ്പാക്കണം.

12. കാലവര്‍ഷക്കാലത്ത് പൊഴികളുടെ മാനേജ്‌മെന്റിന് വിശദമായ പഠനങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം.

13. 44 നദികളും 80 ലധികം അണക്കെട്ടുകളും എന്നത് കേരളത്തിന്റെ സവിശേഷതയാണ്. അതിനാല്‍ നദീതടങ്ങളെ അടിസ്ഥാനമാക്കിയുള്ള നീര്‍ത്തടാധിഷ്ഠിത വികസനസമീപനം അനിവാര്യമാണ്.

14. കേരളത്തില്‍ ഉണ്ടാകാനിടയുള്ള പ്രകൃതിദുരന്തങ്ങളുടെ പ്രത്യേകതകളും അവയ്ക്കുള്ള അതിജീവനമാര്‍ഗങ്ങളും പ്രത്യേകമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.

15. കഴിയുന്നത്ര പൊതുഗതാഗതസംവിധാനം ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. അതിനുതകുന്ന രീതിയില്‍ അതിനെ സൗകര്യപ്രദവും കാര്യക്ഷമവും ഏകോപിതവും സാര്‍വത്രികവുമാക്കണം. വ്യക്തിഗതവാഹനഉപയോഗം ഒരു നിശ്ചിതകാലയളവിനുള്ളില്‍ പരമാവധി നിയന്ത്രിക്കാന്‍ ശ്രമിക്കണം. ഒരു സമഗ്രഗതാഗതനയം ആവിഷ്‌ക്കരിക്കണം.

16. ആരോഗ്യ വിദ്യാഭ്യാസമേഖലകള്‍ മികവിന്റെ കേന്ദ്രങ്ങളാകണം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മികവിന്റെ ഒരു പ്രധാന ഘടകമാണ്. എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി മാറണം.

17. കാര്‍ഷിക-വ്യാവസായികമേഖലകളുടെ വളര്‍ച്ചക്കൊപ്പം കേരളത്തിന്റെ ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. വിനോദസഞ്ചാരം, ജൈവസാങ്കേതികവിദ്യ, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കണം.

ഉടൻ ‍ ചെയ്യേണ്ട കാര്യങ്ങൾ
———————————————————
1. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ അതേ സ്ഥലത്തോ അത് അനുവദനീയമല്ലെങ്കില്‍ മറ്റിടങ്ങളിലോ നടപ്പാക്കണം.

2. വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ നശിപ്പിക്കരുത്. ദീർഘകാലമായി ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന കെട്ടിടങ്ങൾ ‍ സർക്കാർ വിലയ്‌ക്കെടുത്തോ, വാടകയ്‌ക്കോ വീടില്ലാത്തവർക്ക് നൽകുന്നതിനുള്ള തീരുമാനം എടുക്കണം.

3. കല്ല്, മണൽ മുതലായവ ഉപയോഗിച്ചുള്ള മതില്‍ നിർമ്മാണം തടയൽ ‍, മതിലിനുപകരം ജൈവവേലി എന്നിവ പരിഗണിക്കണം.

4. നദീതീരസംരക്ഷണത്തിന് അനുയോജ്യമായ ജൈവരീതികള്‍ പരമാവധി പ്രോത്സാഹിപ്പിക്കണം.

5. Flood Zone കള്‍ അടയാളപ്പെടുത്തിയ ഭൂപടങ്ങൾ തയ്യാറാക്കണം.

6. തീരദേശ പരിപാലനനിയമം കർ ശനമായി നടപ്പിലാക്കണം. കേരളത്തിന്റെ റാംസർ സൈറ്റുകള്‍ സംരക്ഷിക്കുന്നതിനായി അവയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് വിജ്ഞാപനം ചെയ്യണം. തീരസംരക്ഷണത്തിന് കല്‍ക്കെട്ടുകൾ ക്ക് പകരം അനുയോജ്യമായ മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കണം.

Read Also  ഇന്ന് 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

7. പ്രളയാനന്തരം കായലുകളിലും തീരക്കടലിലും വലിയ തോതില്‍ ചെളിയും മാലിന്യങ്ങളും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് ജലാശയങ്ങളുടെ ആഴം കുറയുന്നതിനും സുഗമമായ ഒഴുക്കിനെ തടയുന്നതിനും കാരണമാകും. ഇവയെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തി പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക പദ്ധതികള്‍ ഉണ്ടാക്കണം.

8. വേമ്പനാട്ട് കായലിന്റെയും കുട്ടനാടിന്റെയും വികസനം പാരിസ്ഥിതിക പുനഃസ്ഥാപന മുൻ ഗണനയോടുകൂടിയ പ്രത്യേക പാക്കേജുകളായി നടപ്പാക്കണം. കുട്ടനാടിന് പ്രത്യേകമായി Flood SheIter കളും Evacuation Protocol ഉം തയ്യാറാക്കണം. ഇതിനായി കുട്ടനാട് വാട്ടര്‍ ബാലന്‍സ് സ്റ്റഡി, ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ ഡോക്ടര്‍ പ്രഭാത് പട്‌നായിക് ചെയര്‍മാനായിട്ടുള്ള കായല്‍ക്കമ്മീഷന്‍ റിപ്പോര്‍ട്ട്, കൊച്ചി കാരീയിങ് കപ്പാസിറ്റി സ്റ്റഡി എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.

9. കുട്ടനാട്ടിനും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾക്കും തീരദേശത്തിനും കക്കൂസ് നിർ‍‍മ്മാണത്തിനും അനുയോജ്യമായ ഭവന നിർമ്മാണത്തിനും പുതിയരീതികള്‍ വേണ്ടിവരും. ഇതിനാവശ്യമായ ഒരു ഏകോപിത ഗവേഷണപദ്ധതി ആരംഭിക്കണം.

10. നിലവിലുള്ള എല്ലാ അണക്കെട്ടുകളുടെയും റിസ ർവോയറുകള്‍ ചെളിനീക്കി ജലസംഭരണ ശേഷി ഉയര്‍ത്തുന്നതിനുള്ള ഒരു സമയബന്ധിതപരിപാടി വേണം.

11. കേരളത്തിലെ അണക്കെട്ടുകൾ പലതിനും 50 വര്‍ഷത്തിനുമേല്‍ പ്രായമായിരിക്കുന്നു. അതിനാല്‍ അണക്കെട്ടുകളുടെ സുരക്ഷാപരിശോധന നടത്തി ആവശ്യമായ ബലപ്പെടുത്തൽ നടപടികള്‍ കൈക്കൊള്ളണം. പിന്നീട് നിശ്ചിതകാലയളവിൽ ‍ ഈ പരിശോധന ആവര്‍ത്തിക്കണം.

12. കാലാവസ്ഥാവ്യതിയാനം, അതിന്റെ ആഘാതങ്ങൾ ‍, ഇവ ലഘൂകരിക്കാനുള്ള മാര്‍ഗങ്ങൾ ‍, എന്നിവ കേരള സമൂഹത്തിന്റെ പൊതു ബോധമായി ഉയര്‍ത്തണം. ഇതിനായി ബൃഹത്തായ ഒരു ബഹുജനബോധവല്‍ക്കരണപരിപാടി നടപ്പിലാക്കണം. വിഭവ വിനിയോഗത്തിലെ മിതത്വം, മണ്ണ്-ജല സംരക്ഷണം, പരിസര ശുചിത്വം, രോഗപ്രതിരോധം തുടങ്ങിയവ ഇതിന്റെ ഭാഗമാകണം.

13. കേരളത്തിൽ ഖര-ദ്രാവക-വാതക മാലിന്യസംസ്‌ക്കരണത്തിനും പരിപാലനത്തിനും വികേന്ദ്രീകൃതവും ഫലപ്രദവുമായ മാർ‍ഗങ്ങൾ നിര്‍ണ്ണയിച്ച് സമയബന്ധിതമായി നടപ്പാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ജനപങ്കാളിത്തത്തോടെ നടപ്പാക്കണം. ഉറവിട മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കപ്പെടണം.

14. പ്രകൃതിദുരന്തസാദ്ധ്യതാ പ്രവചന സംവിധാനങ്ങളും ജനങ്ങളെ അറിയിക്കുന്നതിനുള്ള മാര്‍ഗങ്ങളും കുറ്റമറ്റതാകണം. ഇതിനുള്ള കേന്ദ്രങ്ങൾ ‍ കേരളത്തില്‍ ഉണ്ടാവണം. അടിയന്തിരഘട്ട വാര്‍ത്താവിനിമയവും വിവരവിനിമയവും പഴുതുകളില്ലാതെ ഉറപ്പാക്കണം.

15. പ്രാദേശിക ഭരണകൂടങ്ങളുടെ (LSG) ചുമതലയിൽ മൾ ട്ടിപർപ്പസ് ഡിസാസ്റ്റര്‍ ഷെല്‍ട്ടറുകള്‍ നിർമ്മിക്കണം.
16. പരിശീലനം സിദ്ധിച്ച പ്രാദേശിക ദുരന്തസഹായസേനകള്‍ ഓരോ പഞ്ചായത്തിലും രൂപീ കരിക്കണം.

17. പ്രളയത്തിൽ ‍ തകർ‍‍ന്നടിഞ്ഞ പമ്പയുടെയും ശബരിമല തീര്‍ത്ഥാടനസൗകര്യങ്ങളുടെയും പുനര്‍നിര്‍മ്മിതി ഒരു മാസ്റ്റർ ‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇന്നുള്ള അനിയന്ത്രിത തിരക്ക് ഒഴിവാക്കാന്‍ കഴിയുന്ന തരത്തില്‍ ശബരിമലയിലെ ദര്‍ശന കാലയളവിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കണം. ശബരിമലയോട് അടുത്തുള്ള ചെറുപട്ടണങ്ങളോടു ചേര്‍ന്ന് കൂടുതൽ ഇടത്താവളങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സന്നിധാനത്തിലേക്കുള്ള യാത്ര നിയന്ത്രിക്കണം.

18. ഓരോ ഭൂപ്രകൃതിക്കും അനുയോജ്യമായ സാങ്കേതിക നിബന്ധനകള്‍ കര്‍ക്കശമായി പാലിച്ചുകൊണ്ടു മാത്രമേ റോഡുകളുടെ നിര്‍മ്മാണവും പുനര്‍നിർമ്മാണവും നടത്താവൂ. എല്ലാ റോഡുകളുടെയും നിർ ‍മ്മാണത്തോടൊപ്പം ഡ്രെയിനേജും ഉണ്ടാകണം.

19. ജീവനോപാധി പുനഃസ്ഥാപനത്തിന് പുതിയ കേരളത്തില്‍ പ്രത്യേക പരിഗണന നല്‍കണം. പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ വിവിധ സ്ഥലങ്ങളിൽ‍ എങ്ങനെ ഉല്‍പാദനം സാധ്യമാക്കാം എന്ന് പരിശോധിക്കണം.

20. മത്സ്യത്തൊഴിലാളി, ആദിവാസി മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങൾ ‍ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം.

21. കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവം പോലെതന്നെ ലോകത്തിന് ഒരു മാതൃക നല്‍കുന്നതായിരിക്കണം നവകേരള സൃഷ്ടി. സാമൂഹ്യനീതിയും ലിംഗനീതിയും സുസ്ഥിരതയും ജനകീയതയും സുതാര്യതയും വൈവിധ്യസംരക്ഷണവും, ഉയർ‍ന്ന സാമൂഹ്യമൂലധന സൃഷ്ടിയും മുഖമുദ്രയായ ഒരു ഭാവികേരളം എന്നത് ഈ പുനര്‍നിര്‍മ്മിതിയിലൂടെ സാധ്യമാകണം.

മാനവവികാസത്തിലും, പാരിസ്ഥിതിക സുസ്ഥിരതയിലും തുല്യതയിലും ജനാധിപത്യപ്രക്രിയയിലും പങ്കാളിത്തത്തിലും അടിയുറച്ച ഒരു വികസന മാതൃകയാവണം കേരളത്തിന്റെ പുനര്‍ സൃഷ്ടിക്ക് ആധാരമാകേണ്ടത്. പുതിയ കേരളസൃഷ്ടിയുടെ കാതലായ രാഷ്ട്രീയ സമീപനം ഇതാകണം. ഈ പുതുകേരള സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ ശുഭാപ്തിവിശ്വാസം കൈമുതലായ കേരളീയന്റെ അതിരുകളില്ലാത്ത സംഘബോധവും സന്നദ്ധതയും കൈത്താങ്ങാകണം. ലോകത്തിന് മുന്നില്‍ വീണ്ടും മാതൃകയാകാന്‍ പുതുകേരള സൃഷ്ടി അവസരമാകണം.
കഴിഞ്ഞ 56 വര്‍ഷമായി കേരള ജനജീവിതത്തോടൊപ്പം ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പിന്തുണയും പങ്കാളിത്തവും പുതിയ കേരള സൃഷ്ടിക്ക് നല്‍കുവാന്‍ തയ്യാറാണെന്ന് അങ്ങയെ അറിയിക്കുന്നു.

അഭിവാദനങ്ങളോടെ,

കേരള ശാസ്ത്രസാഹിത്യ പരിഷത്തിനു വേണ്ടി

ടി.ഗംഗാധരന് ‍(പ്രസിഡണ്ട്) ടി.കെ.മീരാഭായ്(ജനറല്‍ സെക്രട്ടറി)

Spread the love

Leave a Reply