Wednesday, June 23

ജോളിയുടെ സാമ്പത്തിക ഇടപാടുകൾ ഏറ്റെടുത്തു നടത്താൻ അനുവാദം വേണമെന്ന വാദവുമായി ആളൂർ

കൂടത്തായി കേസില്‍ വിചിത്ര അപേക്ഷയുമായി ജോളിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍. ജോളി ജയിലില്‍ ആയതിനാല്‍ അവര്‍ക്കായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി. പലരിൽ നിന്നായി ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ആളൂര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ആളൂര്‍ വിചിത്രമായ അപേക്ഷ നല്‍കിയത്. കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്. തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ അവർക്ക് കഴിയുന്നില്ല.
അതു കൊണ്ട് അവരുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ തനിക്ക് അനുവാദം നല്‍കണമെന്നാണ് ആളൂരിന്‍റെ ആവശ്യം.

ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലുള്ള ആളൂരിൻ്റെ ഇടപെടലിനെ പ്രോസിക്യൂഷനും പൊലീസും പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. ജോളി കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തിക നേട്ടത്തിനായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍.

ജയിലിന് പുറത്ത് ആളൂരുമായി സംസാരിക്കാന്‍ അനുവാദം നല്‍കണമെന്ന് ജോളി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കൂടത്തായി കൂട്ടക്കൊല കേസിലെ ആറ് കേസുകളുടേയും വിചാരണ അടുത്തമാസം 18-ലേക്ക് കോടതി മാറ്റി വച്ചിരിക്കുകയാണ്.

Spread the love
Read Also  കൂടത്തായിയിലെ ദുരൂഹമരണങ്ങൾ ; ജോളിയും രണ്ടാം ഭർത്താവും ബന്ധുവായ യുവാവും പിടിയിൽ