Thursday, January 20

നട്ടെല്ലികളായ പത്രപ്രവര്‍ത്തകര്‍ക്ക് വംശനാശം; അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറിന് പ്രതിപക്ഷത്തിന്‍റെ ആദരം

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. പുലര്‍ച്ചെ 12.30ന് ഡല്‍ഹിയിലെ എസ്കോര്‍ട്സ് ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. ശവസംസ്കാരം ആഗസ്റ്ര് 23 ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.

ഇപ്പോള്‍ പാകിസ്ഥാന്‍റെ ഭാഗമായിരിക്കുന്ന പഞ്ചാബിലെ സിയാല്‍ക്കോട്ടിലായിരുന്നു കുല്‍ദീപ് നയ്യാറിന്‍റെ ജനനം. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ മെഡില്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ പഠിച്ച അദ്ദേഹം ഉര്‍ദു പത്രറിപ്പോര്‍ട്ടറായാണ് പത്രപ്രവര്‍ത്തനരംഗത്തെത്തിയത്. പില്‍ക്കാലത്ത് ദ സ്റ്റേറ്റ്സ്മാന്‍ പത്രത്തിന്‍റെ ഡല്‍ഹി എഡിറ്ററായും ദ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ എഡിറ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ രാജ്യത്തിന്‍റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ അദ്ദേഹം  നിലപാടുകളെടുത്തിരുന്നു.

1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്തു വന്ന പത്രപ്രവര്‍ത്തകനാണ് അദ്ദേഹം. നിരവധി പത്രപ്രവര്‍ത്തകരെ സംഘടിപ്പിച്ച് അന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അടിയന്തിരാവസ്ഥയില്‍ ആഭ്യന്തര സുരക്ഷിത നിയമ പ്രകാരം (മിസ) അദ്ദേഹം ജയിലില്‍ അടയ്ക്കപ്പെട്ടു.

പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി എഴുത്തുകാരനുമായിരുന്നു കുല്‍ദീപ് നയ്യാര്‍. ഇന്ത്യ നെഹ്രുവിന് ശേഷം, അടിയന്തിരാവസ്ഥ, ഭയരഹിമായി അടിയ്ന്തിരാവസ്ഥയെ വീണ്ടും   പറയുന്നു, ഭഗത്സിംഗിന്‍റെ ജീവചരിത്രമായ ഭഗത് സിംഗിന്‍റെ ജീവിതവും വിചാരണയും, അതിരുകള്‍ക്കതീതം, വാഗയിലെ മതില്‍, അകന്ന അയല്‍ക്കാര്‍, ഇന്ത്യാ പാകിസ്ഥാന്‍ ബന്ധം, വിധിന്യായം തുടങ്ങി പതിനഞ്ച് പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.  

മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുടെ മുന്‍നിര നേതാവായിരുന്ന കുല്‍ദീപ് നയ്യാര്‍ 1990ല്‍ യു.കെയിലെ ഹൈക്കമ്മീഷണറായിരുന്നു. രാജ്യസഭാംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനാന്തരീക്ഷം സംജാതമാക്കാന്‍ അങ്ങേയറ്റം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു കുല്‍ദീപ് നയ്യാര്‍. 2000 വരെ എല്ലാ സ്വാതന്ത്യ്രദിനത്തിലും അമൃത്സറിലെ ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയായ അത്താരി വാഗയില്‍ അദ്ദേഹം സമാധാനത്തിന് വേണ്ടിയുള്ള മെഴുകുതിരി കത്തിക്കുമായിരുന്നു. ശിക്ഷാകലയളവ് കഴിഞ്ഞും പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരെയും ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാകിസ്ഥാന്‍കാരെയും മോചിപ്പിക്കാന്‍ അദ്ദേഹം അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. സമകാല മാധ്യമരംഗം വെച്ചു നോക്കുമ്പോള്‍ കുല്‍ദീപ് നയ്യാറിന്‍റെ മരണത്തോടെ ഇന്ത്യയിലെ നട്ടെല്ലുള്ള പത്രപ്രവര്‍ത്തകര്‍ വംശനാശം നേരിടുകയാണ്.

 

Spread the love