Sunday, May 31

അപ്പോഴീ ഗവർണർ സ്ഥാനം ഒന്നുമല്ലേ.. രഘുനന്ദൻ എഴുതുന്നു

ഗവർണർ പദവിയെ നിർവചിക്കുമ്പോൾ ഭരണഘടനാപരമായി രണ്ടു കാര്യങ്ങൾ വ്യകതമാകുന്നുണ്ട്. ലോകസഭയിലോ സംസ്ഥാന അസംബ്ളിയിലോ അംഗമാകരുതെന്നുള്ള സൂചന.മറ്റൊന്ന് തെരഞ്ഞെടുപ്പിനു ശേഷം ഒരു രാഷ്ട്രീയ കക്ഷിയ്ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഗവർണർക്കുള്ള പ്രത്യേക നിർണയാവകാശം ഉപയോഗിച്ചുകൊണ്ട് ഭൂരിപക്ഷം തെളിയിക്കണമെന്നുള്ള കണ്ടീഷനിൽ ഭരണാധികാരത്തിനായി ഒരു കക്ഷിയെ ക്ഷണിക്കാമെന്നുള്ള അധികാരം. ഇവിടെ മനസിലാക്കേണ്ടത്, ഈ രണ്ടു കാര്യങ്ങളും സൂചിപ്പിക്കുന്നത് ഗവർണർ പദവിയുടെ കക്ഷിരാഷ്ട്രീയമില്ലായ്മയാണ്. അതല്ലെങ്കിൽ നിഷ്പക്ഷനിലപാടാണ്.


കേരളത്തിൽ കുറച്ചുകാലം മുൻപ് ഒരു ഗവർണർ ഉണ്ടായിരുന്നു.രാം ദുലാരി സിൻഹ. സംസ്ഥാനം അന്ന് ഭരിച്ചിരുന്നത് ഇ കെ നായനാർ.സംയമനത്തിന്റെ ഏറ്റവും വലിയ പ്രതീകമായി കേരളരാഷ്ട്രീയം ചർച്ചചെയ്യുന്ന ചുരുക്കം ചില സംസ്ഥാന നേതാക്കന്മാരിലൊരാളായ സാക്ഷാൽ നായനാരുമായി പ്രത്യക്ഷ വാദപ്രതിവാദങ്ങൾ നടത്തിയ പ്രത്യക്ഷ കോൺഗ്രസ് രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ശ്രീമതി സിൻഹ ഒരു തുടക്കമായിരുന്നു. ഗവർണർ പദവിയുടെ രാഷ്ട്രീയ മുഖമായിരുന്നു സിൻഹ. ഇതേസമയത്തു തന്നെയായിരുന്നു കുമുദ്ബെൻജോഷിയെന്ന ഗവർണർ ആന്ധ്ര പ്രദേശിലെ സംസ്ഥാന ഗവണ്മെന്റിനു നേരെ നടത്തിയ നീക്കങ്ങളും നടന്നത്. ഗവർണ്ണർ പദവിയുടെ അന്തസും രാഷ്ട്രീയ നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത്. പല ഉദാഹരണങ്ങൾ… പിന്നീട് അതൊരു ശീലമായി മാറി. രാഷ്ട്രീയ വനവാസത്തിലെത്തുന്ന പല്ലുപോയ സിംഹങ്ങൾക്കു പാർക്കാനുള്ള ഒരു കൂടായിമാറി ഗവർണർ സ്ഥാനം. മാറിവന്ന കേന്ദ്രഗവണ്മെന്റുകൾ ഇത് രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരിന് മുകളിൽ തൂക്കിയിട്ട വാളുപോലെയാക്കി സൂക്ഷിച്ചു. ഈ രാഷ്ട്രീയ പരിപ്രേക്ഷ്യത്തിൽ നിന്ന് ചിന്തിക്കുമ്പോഴാണ്  ഗവർണർ സദാശിവം എൽ ഡി എഫ് ഗവണ്മെന്റിന്റെ നയപ്രഖ്യാപനം അവതരിപ്പിക്കുമ്പോൾ നമ്മൾ അതിശയിക്കുന്നത്.
ഒടുവിൽ സജ്ജീവ രാഷ്ട്രീയത്തിൽ നിൽക്കുന്നവരെയും ഗവർണ്ണർ സ്ഥാനത്തേക്ക് പരിഗണിച്ചു തുടങ്ങുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി. ഭരണഘടനാപരമായ ഒരു സ്ഥാനത്തെ എങ്ങനെ രാഷ്ട്രീയ വ്യഭിചാരത്തിനായി മാറ്റിയെടുക്കാവുന്നതാണെന്നത്തിന്റെ തെളിവാണ് ഇപ്പോൾ  ഗവർണർ സ്ഥാനം.


കുമ്മനം രാജശേഖരൻ കേരളത്തിലെ ബി ജെ പി അദ്ധ്യക്ഷനായിരുന്നു. ബിജെപി എന്ന രാഷ്ട്രീയ കക്ഷിയ്ക്കു വലിയ മുന്നേറ്റം നല്‍കിക്കൊണ്ടിരുന്ന സമയത്താണ് കേന്ദ്ര ഗവണ്മെന്റ് അവരുടെ പ്രതിനിധിയായി അദ്ദേഹത്തെ മിസോറാമിലേക്ക് പറഞ്ഞയക്കുന്നത്. അവിടത്തെ നിഷ്പക്ഷനായ ഗവര്‍ണറാകാൻ. അതായത് പ്രായോഗിക രാഷ്ട്രീയത്തിന്റെ നടുവെയിലത്തുനിന്നാണ് കുമ്മനത്തെ മിസോറാമിലേക്കു പറഞ്ഞയച്ചത്.അറിയാമല്ലോ ഒരു ഗവർണർ പദവി നൽകുന്ന ഭരണഘടനാപരമായ അവകാശങ്ങളും പദവികളും. രാഷ്ട്രപതി കഴിഞ്ഞുവരുന്ന ശ്രേഷ്ഠ പൗരനായി മാറുന്ന അവസ്ഥ. ഒരിക്കൽ അദ്ദേഹത്തിന്റെ പേരിൽ കേരളജനത ഉണ്ടാക്കിയെടുത്ത ചില പദാവലികൾ പോലും ഉപയോഗിക്കുന്നത് ശിക്ഷാർഹമായി മാറുന്ന അവസ്ഥ. പിന്നീടാരും ആ വാക്കുപയോഗിച്ചിട്ടില്ല; സമാന സന്ദർഭങ്ങൾ ഉണ്ടായിട്ടുപോലും. ഈ കാര്യം ഇവിടെ സൂചിപ്പിക്കുന്നത് സാമാന്യമായ ചില മനസിലാക്കലിന് വേണ്ടിയാണ്. അതായത് ഒരു ഗവർണ്ണർ പദവി നൽകുന്ന ഔന്നിത്യം എത്രമാത്രം വലുതായിരുന്നു എന്നകാര്യം മനസ്സിലാക്കാനാണ്.

ഇനി ഒരു ചെറിയ സംശയം കൂടി ഇവിടെ സൂചിപ്പിച്ചുകൊണ്ട് കാര്യങ്ങൾ അവസാനിപ്പിക്കാം. പിന്നെന്തിനാണ് സാക്ഷാൽ കുമ്മനം സർവ്വാധികാര പദവിയെന്ന ഗവർണ്ണർ സ്ഥാനം വച്ചൊഴിഞ്ഞു പാർലമെന്റ് തെരെഞ്ഞെടുപ്പിലേക്കു വരുന്നത്. ഓർഡർ ഓഫ് പ്രസിഡൻസ് ഓഫ് ഇന്ത്യയുടെ റാങ്കിൽ നാലാമത് നിൽക്കുന്ന പദവിയായി കാണുന്ന സംസ്ഥാന ഗവർണർ സ്ഥാനം നിഷ്കരുണം ത്യജിച്ചുകൊണ്ട് പ്രൊട്ടോകാളിൽ ഇരുപത്തിയൊന്നാമതു നിൽക്കുന്ന വെറും ലോകസഭംഗമായി മാറുന്നു. ഇവിടെയല്ലേ സംഗതിയുടെ യഥാർത്ഥ വശത്തെ മനസിലാക്കേണ്ടത്. രാഷ്ട്രീയ വനവാസം ഒരിക്കലും ഒരു രാഷ്ട്രീയക്കാരന്റെ ചിന്തയിൽ ഉണ്ടാകുകയില്ല എന്ന സത്യം. വക്കം പുരുഷോത്തമനുൾപ്പടെ നമ്മുടെ മുൻപിൽ വൻ ഉദാഹരണങ്ങൾ കിടപ്പുണ്ട്.അതാണ് രാഷ്ട്രീയം.

Read Also  പൗരത്വനിയമം മതനിരപേക്ഷത തകർക്കുമെന്ന് ഗവർണർ ; സി ഐ എക്കെതിരെ രൂക്ഷവിമർശനവുമായി നയപ്രഖ്യാപനപ്രസംഗം

ഇന്ത്യൻ രാഷ്ട്രീയം ആർക്കും എന്തുമാകാം. അതിനായി ജനിച്ചവരാണ് അവരെല്ലാം.അതാണ് രാഷ്ട്രീയം. ജനങ്ങളെ സേവിക്കണം എന്നുള്ള ഉൾവിളി ഉണ്ടാകുമ്പോഴെല്ലാം അവർക്ക് പലവേഷത്തിൽ നിറഞ്ഞാട്ടവും നടത്താം. എം എൽ എയ്ക്കു എം പിയാകാം ലോകസഭാ എം പിയ്‌ക് രാജ്യസഭാ എം പി യാകാം പ്രസിഡന്റാകാം വൈസ് പ്രസിഡന്റാകാം ഇതിനെല്ലാം ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ അതുമാകാം. അതാണ് ദി ഗ്രേറ്റ് ഇന്ത്യൻ പ്രാഗ്മാറ്റിക് പൊളിറ്റിക്സ്.ഇനി നമുക്ക് ആ പദമുപയോഗിക്കാം, ഇടിച്ചുകയറി നിൽക്കുന്ന മനുഷ്യനെ സൂചിപ്പിക്കുന്ന പദം. കാരണം ഗവർണർ പദവിയുടെ അതി വിശിഷ്ടമായ സത്തയുടെ ഭാരം ഇല്ലാതായതുകൊണ്ട്. നമ്മൾ വിക്കി പീഡിയയ്ക്കു നൽകിയ പദം, ഇപ്പോൾ രാജിവച്ചു  തിരുവനന്തപുരത്തെത്തിയ ഗവർണറുടെ പേരിലുള്ള പദം!  

Leave a Reply

Your email address will not be published.