Thursday, January 20

പൊളിറ്റിക്കൽ റൗഡിസം മലയാളത്തിൽ ശക്തി പ്രാപിക്കുന്നു; കുരീപ്പുഴ ശ്രീകുമാർ

സാംസ്‌കാരിക രംഗത്തെയും കടന്നാക്രമിക്കാമെന്ന പൊളിറ്റിക്കൽ റൗഡിസം മലയാളത്തിൽ ശക്തി പ്രാപിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

 

മലയാളത്തിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ എസ്. ഹരീഷ് തന്റെ മീശ എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിവന്നിരുന്ന നോവൽ പിൻവലിച്ചു. സംഘപരിവാർ നിരന്തരം ആക്രമിക്കുന്ന കുരീപ്പുഴ ശ്രീകുമാർ, എസ്. ഹരീഷ് നോവൽ പിൻവലിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഹിന്ദുത്വ തീവ്രവാദികളുടെ സാംസ്ക്കാരിക രംഗത്തേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ചും പ്രതിപക്ഷം ന്യൂസിനോട്  സംസാരിക്കുന്നു.

ഞെട്ടൽ ഉളവാക്കുന്ന ഒരു സംഭവമാണിത്. ഇത്രയേറെ പുരോഗമന പ്രസ്ഥാനങ്ങളുടെ സാന്നിധ്യം ഉള്ള കേരളത്തിൽ ഒരു എഴുത്തുകാരന് ഇത്തരത്തിൽ ഒരനുഭവം ഉണ്ടായി സ്വന്തം നോവൽ പിൻവലിക്കേണ്ടി വരിക എന്നത് വേദനാജനകമാണ്. ഒരു പക്ഷെ വാരികയ്ക്ക് ഉണ്ടായ സമ്മർദ്ദത്തിന്റെ പേരിലാവാം നോവൽ പിൻവലിക്കാനുള്ള തീരുമാനം. അതൊരു പ്രധാന പോയിന്റാണ്. എഴുത്തുകാരന് കാലിടറാൻ പാടില്ലെന്നാണ് എന്റെ അഭിപ്രായം.

എഴുത്തുകാരൻ എന്ന നിലയ്ക്ക് വൻ തോതിൽ ആക്രമണം നേരിട്ട ഒരാളാണ് ഞാൻ. വ്യക്തിപരമായ അധിക്ഷേപം വളരെ അധികം നേരിട്ട ആളാണ് ഞാൻ. എന്റെ ഒരു കുടുംബ സുഹൃത്ത് കൂടിയായ വായനക്കാരി എന്നെ ചുംബിക്കുന്ന പടം വായനക്കാരി തന്നെ അവരുടെ ഫേസ്‌ബുക്കിൽ ഇട്ടതാണ്. അത് എടുത്ത് വാട്സ് ആപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും എന്റെ പടം, എന്റെ കുടുംബിനിയുടെ പടം, മകന്റെ പടം, മരുമകളുടെ പടം ഇതെല്ലാം  ചേർത്തു കൊടുത്താണ് സംഘികൾ എന്നെ അപമാനിച്ചത്. ഇത് എന്റെ രോമത്തിൽ പോലും ബാധിച്ചില്ല. നമുക്കൊരു ദൃഢ വിശ്വാസം ഉണ്ടെങ്കിൽ ഇത് നമ്മളെ ബാധിക്കേണ്ട കാര്യമല്ല. മാത്രമല്ല സാംസ്ക്കാരിക രംഗത്ത് നിന്ന് നമുക്ക് കിട്ടുന്ന ഒരു ഊർജ്ജം വളരെ വലുതാണ്.

‘ഒളിയമ്പിന് വിരുതനാം ശരവീരൻ ശ്രീരാമന് വിളയാടാനുള്ളതല്ല ഇനിയീ ലോകം’ എന്ന് എഴുതിയ ചങ്ങമ്പുഴയെ എന്ത് ചെയ്യും? ‘അന്തോണി നീയും അച്ചനയോടാ’ എന്ന് ചോദിച്ച പൊൻകുന്നം വർക്കിയെ എന്ത് ചെയ്യാൻ പറ്റും? ‘കർത്താവിന് എന്തിനാ പൊൻകുരിശ്‌’ എന്ന് ചോദിച്ച ബഷീറിനെ എന്ത് ചെയ്യും? ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എഴുതിയ പിഎം ആന്റണിയെ എന്ത് ചെയ്യും? ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് എഴുതിയ സഹോദരൻ അയ്യപ്പനെ എന്ത് ചെയ്യാൻ കഴിയും? ക്രിസ്തവ ദൈവീകതയെയും ആത്മീകതയെയും രൂക്ഷമായി വിമർശിച്ച പി അയ്യനേത്തിനെ എന്ത് ചെയ്യും? നിർമ്മാല്യത്തിലെ വെളിച്ചപ്പാട് തുപ്പുന്ന ആ രംഗം, അതിനു കാരണമായിട്ടുള്ള മുസ്ളീം കച്ചവടക്കാരനെ ഒക്കെ അവതരിപ്പിച്ച എംടി വാസുദേവൻ നായരേ എന്ത് ചെയ്യാൻ കഴിയും?

ഇതൊക്കെ സാംസ്ക്കാരിക പരിസരത്ത് നിന്ന് നമുക്ക് ലഭിക്കുന്ന ഊർജമാണ്. ആ ഊർജ്ജം ലഭിക്കുന്ന ഒരു മലയാളി പെരുമാൾ മുരുകൻ ആവേണ്ട കാര്യമില്ല. ദുർബലമനസ്കനായ ഒരു എഴുത്തുകാരനാണ് ഹരീഷ്. അത് കൊണ്ടാണ് അങ്ങനെ പറ്റിയത്. എന്തായാലും അങ്ങനെ ഒരു സംഭവം ഉണ്ടായത് ലജ്ജാകരമായ കാര്യമാണ്. അദ്ദേഹത്തെക്കൊണ്ട് ആത്മഹത്യപരമോ അല്ലെങ്കിൽ വീരമൃത്യു എന്ന് പറയാവുന്ന ഒരു തീരുമാനം എടുപ്പിക്കുക വഴി വായനക്കാരന്റെ വായിക്കാനുള്ള അവകാശമാണ് ഇല്ലാതായത്. മീശ എന്ന നോവൽ നല്ലൊരു ജൈവീക ഭാഷയുള്ള നല്ല ഒരു തുടക്കമായി വായിച്ചുവന്നതാണ്. കെ. പി. അപ്പനുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ആദ്യത്തെ കഥ തന്നെ നല്ലവണ്ണം ശ്രദ്ധിക്കപെട്ടതാണ്. മലയാളത്തിന്റെ കഥാ സാഹിത്യത്തിന് നല്ലൊരു വാഗ്ദാനമാണ് ഹരീഷ്. അങ്ങനെയുള്ള ഹരീഷിന് മനം മടുത്ത്, മനസ്സ് വേദനിച്ച് സ്വന്തം കഥ പിൻവലിക്കേണ്ടി വന്നത് സമ്പൂർണ്ണ സാക്ഷരതയുള്ള കേരളത്തിന് അപമാനമാണ്. അങ്ങനെ ഒരു സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു.

Read Also  ഹമീദ് അൻസാരിക്കെതിരെ ആരോപണം ഉന്നയിച്ച റോ മുൻ ഉദ്യോഗസ്ഥൻ സംഘപരിവാർ പ്രചാരകൻ

എനിക്കെതിരെ ഭീഷണിയുണ്ടായ സന്ദർഭത്തിൽ പച്ചത്തെറി മാത്രമാണ് അവർ എന്നെ വിളിച്ചത്. അതിനൊന്നും ഞാൻ മറുപടി പറഞ്ഞില്ല. ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിന്നു. ലോകം മുഴുവനുള്ള മലയാളി ഈ വിഷയം ചർച്ച ചെയ്തു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളിൽ എല്ലാം ഈ വിഷയവുമായി ഞാൻ ചെന്നു. മതപരമായമായിട്ടുള്ള കീഴടങ്ങൽ വേണോ എന്ന നിലയ്ക്ക് സംവാദത്തിലേക്ക് അത് വികസിച്ചു എന്നുള്ളത് വലിയ കാര്യമാണ്. അങ്ങനെ വികസിപ്പിക്കേണ്ട ഒരു കാര്യമാണ് ഇത്. കുടുംബത്തെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ എല്ലാം പിന്തുണ അദ്ദേഹത്തിന് ഉണ്ടാവും.

കേരളത്തിൽ ഒന്നും നടക്കില്ലെന്ന് അഹങ്കരിക്കാൻ ഒന്നുമില്ല. ഇവിടെ ഈ വിഷ ജീവികൾ അപകടകരമായ രീതിയിൽ തല ഉയർത്തിയിട്ടുണ്ട്. ഈ തീവ്രവാദികൾക്ക് എല്ലാം ഒരു മതമാണ്. എല്ലാ മത വിശ്വാസികളും തീവ്രവാദികൾ അല്ലെങ്കിലും എല്ലാ മത തീവ്രവാദികളും മത വിശ്വാസികൾ ആണ്. പി. എം. ആന്റണിക്കെതിരെ പറയുന്നതിനും, ഇസ്ലാമിനെ ആക്ഷേപിച്ചു, ഹിന്ദുവിനെ ആക്ഷേപിച്ചു എന്ന് പറഞ്ഞു ഭീഷണിക്കത്തയക്കുന്നത് എല്ലാം അതിന്റെ ഭാഗമാണ്. സാംസ്‌കാരിക രംഗത്തെയും കടന്നാക്രമിക്കാമെന്ന പൊളിറ്റിക്കൽ റൗഡിസം മലയാളത്തിൽ ശക്തി പ്രാപിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Spread the love