Monday, January 17

സ്തീകളെ ജോലിക്ക് വിടൂ: ഇന്ത്യയുടെ സമ്പല്‍സമൃദ്ധി 27% കണ്ട് വര്‍ദ്ധിക്കും

പെണ്ണുങ്ങളെ ജോലിക്ക് വിടുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? വളരെ നിഷേധാത്മകമായ ഒരു ചോദ്യമാണിത്. ഇത് സംബന്ധിച്ച് ഇന്ത്യയില്‍ ധാരാളം സംവാദങ്ങള്‍ വിവിധ തലങ്ങളില്‍ നടക്കുന്നുണ്ട്. പെണ്‍കുട്ടികളെ ജോലിക്ക് വിടാന്‍ പാടില്ലെന്ന പഴയ കിഴവന്‍ മൂരാച്ചിമാരുടെ മാനസികാവസ്ഥയില്‍ ിന്നും നമ്മള്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. എന്നാല്‍ ഇനിയും ഈ രംഗത്ത് മുന്നേറാനുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലുള്ളവരെ നിലനിറുത്തുകയും കൂടുതല്‍ സ്ത്രീകളെ നമ്മുടെ തൊഴില്‍സേനയില്‍ ചേര്‍ക്കുന്നതോടെ ഇന്ത്യ 27 ശതമാനം അധികം സമ്പന്നമാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, സാമ്പത്തിക കാരണങ്ങളാലും മികച്ച തൊഴില്‍ സാധ്യതകള്‍ തേടിയും കൂടുതല്‍ സ്ത്രീകള്‍ ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യുന്നുണ്ടെന്നും പത്രം പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടയിലാണ് ഈ പ്രവണത വര്‍ദ്ധിച്ചിരിക്കുന്നത്. ഗ്രാമ, നഗര മേഖലകളില്‍ ഒരുപോലെ ഇത് ദൃശ്യവുമാണ്. എന്നാല്‍ പുരുഷന്മാരുടെ കുടിയേറ്റ നിരക്കില്‍ കുറവുണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റിസര്‍ച്ച് ആന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം ഫോര്‍ ഡെവലപ്പിംഗ് കണ്‍ട്രീസിലെ ഫെലോ പ്രൊഫസര്‍ അമിതാബ് കുണ്ഡുവാണ് പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക ഗോവണിയുടെ ഏറ്റവും അടിത്തട്ടിലാണെങ്കില്‍ പോലും നഗര തൊഴില്‍ കമ്പോളം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ഇടത്തരം, ഉപരി വര്‍ഗ്ഗ സ്ത്രീകള്‍ കൂടുതല്‍ കൂടുതലായി ജോലിക്ക് പോകാന്‍ തുടങ്ങിയതോടെ ഗാര്‍ഹീക തൊഴിലാളികളായി ഗ്രാമങ്ങളില്‍ നിന്നുമെത്തുന്ന പാവപ്പെട്ട സ്ത്രീകളുടെ ആവശ്യകത വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കുണ്ഡു ചൂണ്ടിക്കാട്ടുന്നു.

1998 സ്ത്രീ കുടിയേറ്റം നഗരമേഖലയില്‍ 3802 ശതമാനമായിരുന്നെങ്കില്‍ 2008 ആയപ്പോഴേക്കും അത് 45.6 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ കാലയളവില്‍ പുരുഷന്മാരുടെ കുടിയേറ്റം 23.9 ശതമാനത്തില്‍ നിന്നും 25.9 ശതമാനത്തിലേക്കുള്ള വളരെ നേരിയ വര്‍ദ്ധന മാത്രമാണ് കാണിച്ചത്. വിവാഹം വഴിയുള്ള കുടിയേറ്റം സാമൂഹ്യ-സാംസ്‌കാരിക ഘടകങ്ങളെ ആശ്രയിച്ച് വളരെ സാവധാനത്തില്‍ മാത്രം നടക്കുന്ന ഒരു പ്രക്രിയ ആയതിനാല്‍ സ്ത്രീകളുടെ ഈ വര്‍ദ്ധിച്ച കുടിയേറ്റ നിരക്ക് തൊഴില്‍ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പഠനം അനുമാനിക്കുന്നു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സാമ്പത്തിക കാരണങ്ങളാലുള്ള ചലനാത്മകതയും വര്‍ദ്ധിക്കുന്നത് വളരെയധികം സ്വാഗതാര്‍ഹമായ ഒരു മാറ്റമായി വിലയിരുത്തണമെന്നും പഠനം നിരീക്ഷിക്കുന്നു.

ദാരിദ്രവും മറ്റ് സമ്മര്‍ദഘടകങ്ങളും മൂലം അവിവാഹിതരായ പുരുഷന്മാര്‍ കുടിയേറുന്ന പ്രവണതയിലും കുറവ് വന്നിട്ടുണ്ട്. മെച്ചപ്പെട്ട സാമ്പത്തിക മേച്ചില്‍പ്പുറങ്ങള്‍ തേടി കുടുംബങ്ങളായി തന്നെ കുടിയേറുന്ന പ്രവണതയാണ് ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നത്. കുടിയേറ്റത്തിലെ ലിംഗാനുപാദം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും കുണ്ഡു നിരീക്ഷിക്കുന്നു.
എന്നാല്‍ ഇന്ത്യന്‍ തൊഴില്‍സേനയില്‍ സ്ത്രീകളുടെ ശതമാനം കുറയുന്നത് ആശങ്കയ്ക്ക് ഇടനല്‍കുന്നുണ്ട്. 2004ല്‍ 35 ശതമാനമായിരുന്നത് നിലവില്‍ 25 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രായ ഗ്രൂപ്പുകളുടെ കണക്കെടുക്കുമ്പോള്‍ ഈ ആശങ്ക വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. 15-24 പ്രായപരിധിയിലുള്ളവരുടെ പങ്കാളിത്തത്തിലാണ് വലിയ ഇടിവുണ്ടാകുന്നത് എന്ന വസ്തുത ഭാവിയിലേക്കുള്ള സൂചകം കൂടിയാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ തൊഴില്‍സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം1994ലെ 35.8 ശതമാനത്തില്‍ നിന്നും 2012ല്‍ 20.2 ശതമാനമായി താണു.

Spread the love
Read Also  'സത്യത്തെ അംഗീകരിക്കുന്നതിന് പകരം ശിക്ഷയോ' പ്രശാന്ത് ഭൂഷണെതിരായ വിധിയെ വിമർശിച്ചു അരുൺ ഷൂരി

Leave a Reply