Sunday, September 20

മോദിയ്ക്കുവേണ്ടി ഒഡീഷയില്‍ ആയിരക്കണക്കിന് മരങ്ങള്‍ ‘ബലിദാനി’കളായി

രഘുനന്ദനന്‍ 

ഒഡീഷയിലെ വനദേവതകള്‍ വിലപിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആനന്ദത്തിനുവേണ്ടി ആയതിനാല്‍ എതിര്‍ക്കാനാവില്ലെന്നു വനദേവതകള്‍ക്കറിയാം. ഒരു പക്ഷേ വനദേവതകള്‍ പ്രതിഷേധിച്ചാല്‍ ചിലപ്പോള്‍ ലക്ഷക്കണക്കിന്‌ ബലിദാനികളെ കൊടുക്കേണ്ടിവന്നാലോ എന്ന ഭയം മൂലം പാവം ദേവതമാര്‍ അനങ്ങാതെ മണ്ണില്‍ തറഞ്ഞു നിന്നു നിശബ്ദരോദനം നടത്തി.    

ഒഡീഷയിലെ ബലാന്ഗിര്‍ ജില്ലയിലാണ് നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിനായി ആയിരക്കണക്കിന് മരങ്ങള്‍ ബലിദാനികളായത്. ജീവിച്ചിരിക്കുന്ന വിഗ്രഹമായ നരേന്ദ്രമോദിയ്ക്ക് ഇറങ്ങാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് വനദേവതകളുടെ കൂടി കര്‍ത്തവ്യമാണല്ലോ. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം  അത് മരം മുറിക്കലല്ല, ബലിദാനങ്ങളാണ്. പ്രധാനമന്ത്രിയായ വിഗ്രഹത്തിനു ഇറങ്ങാന്‍ സംവിധാനമുണ്ടാക്കുമ്പോള്‍  എല്ലാ ജീവജാലങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഭൂമിദേവിയോട് അഭേദ്യമായി ഇഴുകിച്ചേരലില്‍ പെട്ടുപോയ  മരങ്ങള്‍ക്ക് മറ്റൊരിടത്തേയ്ക്ക് വഴിമാറിക്കൊടുക്കാന്‍ കഴിയില്ലല്ലോ അതുകൊണ്ടാണ്  മരങ്ങള്‍ക്ക് ബലിദാനികളാവേണ്ടിവന്നത്.

ജനുവരി 15 നാണ് മോദി വൃക്ഷങ്ങളുടെ ശവപ്പറമ്പില്‍ ലാന്‍ഡ് ചെയ്യുന്നത്. എന്നാല്‍ ഇതിനെതിരെ വനപാലകര്‍ അന്വേഷണത്തിനിറങ്ങി പുറപ്പെട്ടിരിക്കുകയാണ്. അനുമതി ലഭിക്കാതെയാണ്‌ എല്ലാ മരങ്ങളും ഉന്മൂലനം ചെയ്തതെന്നും വേണ്ടപ്പെട്ടവര്‍ എത്തി വെട്ടിത്തള്ളിയതിന്റെ  കണക്കെടുപ്പ്  നടത്തുമെന്നും ബലാന്ഗിര്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ സമീര്‍ സത്പതി അറിയിച്ചു കഴിഞ്ഞു. റെയില്‍വേയുടെ സ്ഥലമായതിനാല്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് ഈസ്റ്റേണ്‍ റെയില്‍വ്വേയും അറിയിച്ചുകഴിഞ്ഞു. 

വെറുതെ അനാവശ്യമായി ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തി നടപടിയെടുത്ത എല്ലാവരെയും ഭീഷണിപ്പെടുത്തിയെന്നാണ് സംസാരം. മരമായാലും നിലമായാലും  പ്രധാനമന്ത്രിക്ക്  വഴിമാറിക്കൊടുത്തെ പറ്റൂ. ടിയാന്‍ വെളിപ്പെടുത്തിയത് ഈ രീതിയില്‍ തന്നെയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഭയക്കുന്നവരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നാണ് മോദി ഭക്തനായ  മന്ത്രി കണ്ടെത്തിയിരിക്കുന്നത്.

മരങ്ങളില്‍ കണ്ണുവെച്ച തടിയൂരാന്മാരാണ് ഇതിനു പിന്നിലെന്നാണ് വാര്‍ത്തകള്‍. ഏതോ ഒരു പടുകൂറ്റന്‍ നിര്‍മ്മാണത്തിനു  മൊത്തമായി ഉപയോഗിക്കാനായി തടിമോലാളിമാരും സ്ഥലം ബി ജെ  പി രാജാക്കന്മാരും പണിഞ്ഞ പണിയാണത്രേ ഇത്. പാവം മരങ്ങള്‍ ഇനിയെന്തുചെയ്യാനാണ്. ഇതൊക്കെ കേട്ട്  അമിത്ഷായെപ്പോലുള്ള  ശിഷ്യപ്രഭ്രുതികള്‍ക്ക് രക്തം തിളച്ചാല്‍ തണുപ്പിക്കാന്‍ ആരും ധൈര്യപ്പെടില്ല. അങ്ങേരിക്കും സമാനമായ കുസൃതി തോന്നിക്കൂടായ്കയില്ല. എല്ലായിടവും മൈതാനമായാല്‍ കൂടുതല്‍ കെട്ടിടങ്ങളും എയര്‍പോര്‍ട്ടുകളും കൂറ്റന്‍ പാതകളുമോക്കെ പണിഞ്ഞുകൂട്ടാന്‍  സ്കോപ്പുണ്ടാകുമെന്നു നല്ലവണ്ണം അറിയാവുന്നയാളാണ് ഈ മാന്യനും. അതുകൊണ്ടുതന്നെ വനദേവതകളുടെ രഹസ്യ ശാപത്തിനു വല്ല വഴിയുമുണ്ടോയെന്നു നോക്കി നടക്കുകയാണ് നമ്മുടെ പാവം പാവം വൃക്ഷസ്നേഹികള്‍.        

Spread the love

60 Comments

Leave a Reply