Thursday, January 20

ലോകത്തിലെ മൂന്നിലൊന്ന് ശതമാനം ആളുകളും മടിയന്‍ന്മാരെന്ന് പഠനം

ലോകത്തിലെ മൂന്നിലൊന്നു ശതമാനം ആളുകളും നിഷ്‌ക്രിയരും ഉത്സാഹമില്ലാത്തവരുമാണെന്നാണ് പഠനം. ലാന്‍സെറ്റ് ജേണലിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഈ പഠനഫലം പ്രസിദ്ധീകരിച്ചത്. അലസത കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നും പഠനം പറയുന്നുണ്ട്. ലോക വ്യാപകമായി സ്ത്രീകളില്‍ മൂന്നിലൊന്നു പേരും (32%) പുരുഷന്മാരില്‍ നാലിലൊന്നും (23%) ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമുള്ളത്ര ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. ആരോഗ്യത്തോടെയിരിക്കാന്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ തോതില്‍ ഉള്ളതും 75 മിനിറ്റ് കഠിനമായ തോതിലുള്ളതുമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.

ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം ലോകാരോഗ്യ സംഘടനയിലെ ഗവേഷകരാണു നടത്തിയത്. പൊതു ഇടങ്ങളിലും പാര്‍ക്കുകളിലും തൊഴിലിടങ്ങളിലും ശാരീരിക പ്രവര്‍ത്തനത്തിനുള്ള അവസരം ഒരുക്കണമെന്നും നഗരങ്ങള്‍ കൂടുതല്‍ ‘നടത്ത സൗഹൃദം’ ആക്കണമെന്നും പഠനം പറയുന്നു. 2016ല്‍ ഇന്ത്യയ്ക്ക് 52-ാം റാങ്ക് ആയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, നിഷ്‌ക്രിയരായ രാജ്യങ്ങളുടെ ഗണത്തില്‍ മുകളില്‍ തന്നെ ഇന്ത്യയും ഉണ്ടെന്നു ചുരുക്കം. 20 ലക്ഷം പേരുടെ വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത് (ലോക ജനസംഖ്യയുടെ 96 ശതമാനത്തിന്‍റെ പ്രതിനിധികളാണ് ഇവര്‍) 168 രാജ്യങ്ങളിലെ, 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ജനസംഖ്യ അടിസ്ഥാനമാക്കി 358 സര്‍വേകള്‍ നടത്തിയാണ് പഠനം നടത്തിയത്. വീട്ടിലും ജോലിസ്ഥലത്തും യാത്രയ്ക്കിടയിലും വിശ്രമവേളകളിലും ഇവര്‍ ഏര്‍പ്പെടുന്ന പ്രവൃത്തികള്‍ വിശകലനം ചെയ്തു. ചടഞ്ഞു കൂടിയിരുന്നു ജോലി ചെയ്യുന്നവരിലും വാഹനങ്ങള്‍ ഉപയോഗിക്കുന്നവരിലും ചുറുചുറുക്കില്ലായ്മയും അലസതയും കൂടുതലായിരിക്കും.

സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ ആളുകള്‍ക്കിടയിലാണ് ഊര്‍ജസ്വലത ഇല്ലാത്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ തൊഴിലിടങ്ങളിലും മറ്റും കൂടുതല്‍ പേര്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇന്ത്യയുടെ കാര്യത്തിലും ഇതു സത്യമാണ്. എന്നാല്‍ ദാരിദ്ര്യവും പോഷകക്കുറവും ചില വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതിനാല്‍ പകര്‍ച്ചവ്യാധികളും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ നോണ്‍ കമ്യൂണിക്കബിള്‍ രോഗങ്ങളും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നും പഠനം പറയുന്നു.

Spread the love