Wednesday, April 21

‘ലീഗുകാർ ഈ ദിനം ഓർത്തുവെയ്ക്കും’ മൻസൂർ കൊല്ലപ്പെടുന്നതിനുമുമ്പ് പ്രതിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ്

പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ കൊലപാതകം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പങ്കുവച്ച വാട്‌സാപ്പ് സ്റ്റാറ്റസ് പുറത്തുവന്നു. മുസ്ലീം ലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും, ഉറപ്പ് എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവച്ച സ്റ്റാറ്റസ്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം

കണ്ണൂർ കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. ആക്രമണം നടന്ന ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മന്‍സൂര്‍ മരിക്കുകയായിരുന്നു.

മൻസൂറിനൊപ്പം ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്‌സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 8.30ഓടു കൂടിയാണ് ആക്രമണം ഉണ്ടാകുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ മേഖലയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു.

രാത്രിയായതോടെ ഒളിച്ചിരുന്ന ഒരു സംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരതുരമായി പരിക്കേറ്റ മന്‍സൂറിനെയും സഹോദരന്‍ മുഹ്സിനെയും ആദ്യം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടേക്കുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്‍സൂറിനെ നിഷ്ഠുരമായിട്ടാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും പൊലീസ് നിഷ്ക്രിയമായിരുന്നു എന്ന് ആരോപണമുണ്ട്.

Spread the love
Read Also  താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു