Friday, May 27

സംവരണം പറഞ്ഞു കരിന്തണ്ടനെ കൊല്ലരുത്; വി. കെ. അജിത് കുമാർ എഴുതുന്നു

വി. കെ. അജിത് കുമാർ

കരിന്തണ്ടനെ അറിയാതാരും വയനാടൻ ചുരം കടന്നെത്തിയിട്ടില്ല. അല്ലെങ്കിൽ വയനാടെന്തെന്നറിയുമ്പോൾ കരിന്തണ്ടൻ എങ്ങനെ വിസ്മരിക്കപ്പെടും? മലയാള പൊതു സാംസ്കാരിക വേദിയിലെ മ്യൂസിയം കാഴ്ചയായാണ് പലപ്പോഴും ഭൂമിയുടെ ഈ ഉടമസ്ഥരുടെ ആട്ടവും പാട്ടും പിന്നെ പാരമ്പര്യവും.

നമ്മുടെ സ്വയം പ്രഖ്യാപിത സാംസ്കാരിക മേധാവികൾ അർബൻ മേലാളന്മാർക്കു മുൻപിൽ അതെത്തിച്ചുകൊടുക്കുന്നതങ്ങനെയൊരു മനസോടെയാണ്. ഞെളിഞ്ഞു നിന്ന് ഇവരെക്കാട്ടി തന്നത് ഞാനാണെന്ന ഭാവത്തിൽ നഗര പഥങ്ങളിലേക്ക് അവർ നോക്കും . ആദിവാസി നൃത്തമെന്നും പാട്ടെന്നും ഒക്കെ പറഞ്ഞുകൊണ്ട്. കെട്ടിയാടിച്ചുകൊണ്ടുവരുന്ന ഇവർക്കു മുൻപിൽ പലപ്പോഴും വളരെ വ്യക്തമായ ഒരു വര വരയ്ക്കാറുണ്ട്. അത് പതിവുപോലെ എല്ലാം തികഞ്ഞവർ നഗരവാസിയെന്നും ഇപ്പോഴും എപ്പോഴും കാരുണ്യം ഏറ്റുവാങ്ങേണ്ടവരാണിവരെന്ന രീതിയിൽ വേർതിരിച്ചുനിർത്തുന്ന വര. ഈ വരയിൽ നിന്നാണ് നമ്മൾ ലീലയെന്ന സ്ത്രീയുടെ സിനിമാ ഇടപെടലിനെ ദൗർഭാഗ്യവശാൽ കാണാൻ ശ്രമിക്കുന്നത്.

പുതിയ കാലത്ത് കേരളം കണ്ട ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയാരെന്നു ചോദിച്ചാൽ നമുക്കു ബിനെഷ് ബാലനെ കാണിച്ചു കൊടുക്കാം. പക്ഷെ അരാണയാൾ എന്ന അന്വേഷണവും ഒടുവിൽ നമ്മളെ കൊണ്ടു കെട്ടുന്നതും ഈ മനസ്ഥിതിയിൽ തന്നെ ആദിവാസികൾക്കിടയിൽ നിന്നും സസക്സ് സർവകലാശാലയിൽ പഠിക്കാൻ അവസരം ലഭിച്ചയാൾ എന്നൊക്കെ പറഞ്ഞുകൊണ്ടുതന്നെ മുൻപുണ്ടായിരുന്ന വര കുറച്ചുകൂടി തെളിച്ചു വരയ്ക്കനാണു ശ്രമിക്കുന്നത്.

ചരിത്രത്തിലെ എറ്റവും മോശപ്പെട്ട എഴുതി ചേർക്കൽ എന്തെന്നു ചോദിച്ചാൽ അത് മറ്റ് സമൂഹത്തിനു നേരെ ചില മനുഷ്യർ നടത്തിയ പ്രതിരോധത്തെ, അതിജീവന ചെറുത്തുനിൽപ്പിനെ ജാതിയുടെയും മതത്തിൻ്റെയും നിറത്തിൻ്റെയുമൊക്കെ പേരിൽ വിലയിരുത്തുന്നതാണ്. പലപ്പോഴും സ്വാഭിമാനം സംരക്ഷിക്കാൻ അവർ നടത്തിയ ശ്രമങ്ങൾ ലോകവ്യാപകമായിത്തന്നെ ഇങ്ങനെയൊക്കെത്തന്നെയാണ് വിലയിരുത്തപ്പെടുന്നത്.


പറഞ്ഞുവന്നത് സിനിമയെപ്പറ്റിയാണ്. വർഷങ്ങൾക്ക് മുൻപ് ഒരവധിക്കാലത്ത് വയനാടിലെ നടവയലിൽ പോയതോർമ്മയുണ്ട്. കെ ജെ ബേബിയെന്ന കേട്ടറിവു തേടിപ്പോയ യാത്ര കനവെന്ന ബദൽ വിദ്യാഭ്യാസകേന്ദ്രം അന്നുമുതൽ മനസിലുണ്ട്. ഇപ്പോളറിയുന്നു, ലീല കനവിൻ്റെ പ്രൊഡക്ടാണെന്ന്. അതൊരു വലിയ സ്വപ്നത്തിൻ്റെ ഭാഗം തന്നെയാണ്. ഭൂമിശാസ്ത്രത്തിൻ്റെയും വ്യക്ത്യാധിഷ്ഠിതമായ ബുദ്ധിപരതയുടെയും അളവുകോൽ കൊണ്ട് നൈസർഗ്ഗികജീവിതം നയിച്ചിരുന്ന ഒരു കൂട്ടം മനുഷ്യരെ അളന്നുമാറ്റിയതെന്തിനെന്ന ചോദ്യത്തിനുത്തരമാകുന്ന സ്വപ്നം.

കരിന്തണ്ടൻ്റെ കഥ പറയാൻ തന്നിലും മെച്ചപ്പെട്ടയാളില്ലെന്നു ലീല പറയുന്നില്ല മറിച്ച് കരിന്തണ്ടനെ പറയുകയെന്നത് അവളുടെ ഉത്തരവാദിത്വമാണെന്നുമാത്രമാണ് അവളുടെ വാദം.

വയനാടിൻ്റെ ഗതി മാറ്റിവരച്ച കരിന്തണ്ടൻ പുതിയ കാല ചരിത്ര നിർമ്മിതിയിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ ഒരു മിത്തിൻ്റെ ഭാവത്തിൽ മാത്രമാണിന്ന് മലയാളിയുടെ മനസിൽ നിറയുന്നത്. അതുകൊണ്ടുതന്നെ ലീലയുൾപ്പെടുന്ന സമൂഹം തന്നെവേണം കരിന്തണ്ടൻ എന്ന പൂർവപിതാവിനെ മറ്റുള്ളവർക്കു മുൻപിൽ എത്തിക്കാൻ. മനസുതൊട്ടറിഞ്ഞുള്ള അവരുടെ ശ്രമം വിജയിക്കട്ടെ.

എന്നാൽ അതിനെ മറ്റൊരുതരത്തിൽ മാർക്ക് ചെയ്യപ്പെടാൻ ശ്രമിക്കാതിരിക്കുക. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ സ്ത്രീ പ്രതിനിധിയെന്നും പ്രാഥമിക വിദ്യാഭ്യാസം കിട്ടാതെ പഠിച്ചവൾ എന്നും കാടിൻ്റെ സന്തതിയെന്നുമൊക്കെപ്പറഞ്ഞുകൊണ്ടുള്ള പിന്താങ്ങലുകൾ.

Read Also  യുവതിയുടെ പരാതി; നടൻ വിനായകനെ അറസ്റ്റ് ചെയ്തു

ഈ പൊതു ബോധമാണ് ഇന്ന് കലാ സാംസ്കാരിക രംഗത്ത് നിലനിൽക്കുന്നത്. കഥകളിയും കൂത്തും ക്ലാസിക്കൽ കലകളാകുമ്പോൾ തനത് ഗോത്രകലകൾ ഫോക്ക് ആർട്ടുകളായി കാണുന്ന പൊതുബോധം. എന്ത് അന്തരമാണ് കാലാകാലങ്ങളായി നമ്മുടെ കൃത്രിമ പൊതുബോധമുണ്ടാക്കിയെടുത്തിരിക്കുന്നത്.

ഇവിടെ സ്ത്രീകളായ സിനിമാ പ്രവർത്തകർ ധരാളമുണ്ട്. നമ്മൾ അവരെ ജാതിയുടെയൊ വർഗ്ഗത്തിൻ്റെയോ പേരിൽ അവരുടെ സ്വത്വം ബോധിപ്പിക്കാറില്ല. മേനോന്മാരുടെ ഇടയിൽനിന്നും ആദ്യ വനിത സംവിധാനം ചെയ്യുന്നുവെന്നും നായർ വനിതകളിലാദ്യത്തെ സംരംഭകയെന്നൊന്നും നമ്മൾ പറയാറില്ല. കാരണം മുൻപ് സൂചിപ്പിച്ച ആ വ്യാജ പൊതു ബോധം നമ്മളെ അത്രയേറെ കീഴടക്കി കഴിഞ്ഞിട്ടുണ്ട്.അല്ലെങ്കിൽ ഇത്തരം വേദികളിൽ അവർ ഉയർത്തുന്ന മോണോപോളി. ഇതെല്ലാം തന്നെയാണ് ലീലയെ ഒരു റിസർവേഷൻ സീറ്റിൽ ഇരുത്താൻ അറിയാതെയെങ്കിലും നമ്മൾ ശ്രമിക്കുമ്പോൾ പറഞ്ഞു വയ്ക്കുന്നത്.

നാട്ടറിവുകളുടെ പ്രായോഗികബുദ്ധിയ്കപ്പുറം മറ്റൊന്നുമില്ലെന്നു പറയുന്ന ചിന്തകരെ നമ്മൾ സ്ഥാനത്തും അസ്ഥാനത്തും എടുത്ത് പ്രയോഗിക്കും. പക്ഷെ യഥാർഥ്യത്തോടടുക്കുമ്പോൾ നമ്മൾ പഴയ അഢ്യത്വം എടുത്തണീയും. പിന്നെ ആദിവാസിയായി ദലിതനായി അങ്ങനെ ഓരൊന്നായി നമുക്ക് ചുറ്റുമുള്ളവരെ എണ്ണിത്തുടങ്ങും.

ഒരാളെപ്പറ്റിയുള്ള ഏറ്റവും ഒടുവിലത്തെ ചിന്തയാകണം ജാതിയെന്നത്. എങ്കിൽ മാത്രമേ അനിഹിലേഷൻ സംഭവിച്ചുവെന്നു പറയാൻ കഴിയൂ, ഒരാളുടെ സർഗ്ഗാത്മകത വെളിപ്പെടുമ്പോൾ അയാളുടെ പൊതുജീവിതത്തിലെ ക്ലാസ് ഇന്നതാണന്നും അതിനാൽ കൂടുതൽ പരിഗണനവേണമെന്നും പറയുന്നതിൽ കൂടുതൽ അവഹേളനം മറ്റൊന്നില്ല. അതുകൊണ്ടുതന്നെ ആ പ്രയോഗം നമുക്ക് അവസാനിപ്പിക്കാം. ബിനെഷ് ബാലൻ്റെ കുറിപ്പിലൂടെ തന്നെ അവസാനിപ്പിക്കാം ഒരു പക്ഷെ നമ്മൾ പൊതുനിർമ്മിതിയുടെ വക്താക്കൾ തിരിച്ചറിയേണ്ട ഒന്നാണത്.

“ഒരു വ്യക്തിയുടെ സ്വത്വം എന്നത് വ്യക്തിപരമാണ്. അത് ജാതിയായാലും മതമായാലും വർഗമായാലും. നിങ്ങൾ ഞങ്ങളെ ആദിവാസി എന്ന് വിളിക്കുന്നു. ഇനി നിങ്ങൾ തന്നെ പറയണം. എന്താണ് അതിന്റെ അർത്ഥം എന്നതും. എന്തിനാണ് അങ്ങനെ വിളിക്കുന്നത് എന്നും. ഞങ്ങൾ ഞങ്ങളുടെ സ്വത്വം ഔദ്യോഗികമായി അവകാശപ്പെട്ടില്ലല്ലോ. പോട്ടെ ഞാൻ എന്നെ അങ്ങനെ വിളിക്കാൻ നിങ്ങോളോട് പറഞ്ഞിട്ടില്ലല്ലോ. പിന്നെ എന്നെ ആദിവാസി എന്നു വിളിക്കാൻ നിങ്ങൾക്ക് ആര് അതിനു അധികാരം തന്നു.? അപ്പോൾ ഞങ്ങൾ നിങ്ങളെ നാട്ടുവാസികൾ എന്നു വിളിക്കണമോ?. അതോ The man of industrialised era എന്നതിനോട് ഉപമിക്കണമോ? ആരു ആർക്കാണ് “ആദിവാസി”?

Spread the love