Saturday, January 29

പാ രഞ്ജിത്ത് രജനി കാന്തിലൂടെ ബി ജെപി അജണ്ട നടപ്പാക്കുകയാണ്’:ലീന മണിമേകലൈ

 

കഴിഞ്ഞ ദിവസം ഒരു അക്കാദമിക് പരിപാടിയിൽ പങ്കെടുക്കാനായി കേരളത്തിലെത്തിയതായിരുന്നു ലീനാ മണിമേകലൈ. ഇന്ത്യൻ രാഷ്ട്രീയത്തിൽ പലപ്പോഴും വളരെ ശക്തമായ സാമൂഹിക ഇടപെടൽ നടത്താറുള്ള ലീന പലപ്പോഴും വലതു പക്ഷ രാഷ്ട്രീയത്തിനെതിരെ സർഗ്ഗാത്മകമായ എതിരുകൾ സൃഷ്ടിച്ചിട്ടുമുണ്ട്. തമിഴ് രാഷ്ട്രീയത്തിലെ ഹിന്ദുത്വ ഇടപെടലുകളെപ്പറ്റിയും വേർതിരിക്കാൻ കഴിയാത്ത വിധം തമിഴ് ജീവിതത്തിൽ ചേർന്നു നിൽക്കുന്ന ദളിത് സിനിമാ വ്യവസായത്തെപ്പറ്റിയും വളരെ വ്യക്തമായ കാഴ്ചപ്പാടുകൾ പ്രതിപക്ഷം ന്യൂസുമായി പങ്കുവയ്ക്കുകയാണ് ലീന…

വിദ്വേഷത്തിൻ്റെ ,വെറുപ്പിൻ്റെ , അകറ്റിനിർത്തലിൻ്റെ രാഷ്ട്രീയം പലപ്പോഴും ലീന ചർച്ചാ വിഷയമാക്കാറുണ്ടല്ലോ അവിടെനിന്നും തുടങ്ങാം…

എനിക്ക് തോന്നുന്നു ഇത്രമാത്രം ഇരുണ്ട ഒരവസ്ഥ- നമ്മളനുഭവിക്കുന്ന അവസ്ഥ- ഈ അടുത്തകാലത്തൊന്നും ഇന്ത്യാചരിത്രത്തിലുണ്ടായിട്ടില്ലെന്നാണ്. വിദ്വേഷത്തിൻ്റെ വെറുപ്പിൻ്റെ രാഷ്ട്രീയം അതിഭീകരമായി നിലനിൽക്കുന്നു. ഒരാളെ മറ്റൊരാളിൽ നിന്നും അകറ്റി നിർത്തുന്ന അവസ്ഥ. ഞാൻ ഫാസിസത്തെപ്പറ്റിആകെ വായിച്ചിട്ടുള്ളത് ഹിറ്റ്ലറെ കുറിച്ചുള്ള പുസ്തകങ്ങളിലൂടെയായിരുന്നു. ഇന്ത്യയിലെ അടിയന്തിരാവസ്ഥയെപറ്റി എനിക്ക് വായിച്ചുള്ള അറിവു മാത്രമാണുള്ളത്. നിർഭാഗ്യവശാൽ അതെനിക്കിപ്പോൾ എൻ്റെ ജീവിതകാലത്ത് അനുഭവിക്കേണ്ടി വരുന്നു. അല്പം ആശ്വാസം തോന്നുന്നത് കഴിഞ്ഞദിവസത്തെ തെരെഞ്ഞെടുപ്പിലുണ്ടായ വിജയം മാത്രമാണ്. എന്തോ അല്പം പ്രതീക്ഷ തോന്നുന്നു. ഈ ആളുകൾ എതൊക്കെ രീതി ഉപയോഗിച്ചും അധികാരം നിലനിർത്താൻ ശ്രമിക്കും. അതു വ്യാപകമായി ആക്രമണങ്ങൾ നടത്തിയായാലും വോട്ടിം ഗ് യന്ത്രത്തിൽ കുഴപ്പങ്ങളുണ്ടാക്കിയായാലും അവർ നടത്തും.

നമുക്കറിയാം ഗുജറാത്തിലും മറ്റും ഇവരെന്താണ് ചെയ്തതെന്ന്. ഈ വിജയം അല്പം ശുഭാക്തി വിശ്വാസം നൽകുന്നു. 2019ലേക്കുള്ള പോക്കിൽ അല്പം പ്രതീക്ഷനൽകുന്നു. എന്തൊക്കെയാണിവിടെ നടക്കുന്നത്?, കളവു പ്രചരിപ്പിക്കുന്നു… വ്യാജ വാർത്തകൾ ഉണ്ടാക്കുന്നു…ചരിത്രം തിരുത്തിയെഴുതുന്നു…സെൻസർ ഷിപ്പ് ഏർപ്പെടുത്തുന്നു…എതിർത്തു സംസാരിക്കുന്നവരെ ഇല്ലാതാക്കുന്നു…. ഇതെല്ലാം ഹിറ്റ്ലറുടെ കാലത്തേയും അടിയന്തിരാവസ്ഥകാലത്തേയും ഓർമ്മിപ്പിക്കുന്നു.

പുതിയ ദളിത് മുഖമായി ഇപ്പോൾ തമിഴ് സിനിമയിൽ പാ രഞ്ജിത്തിൻ്റെയുമൊക്കെ സിനിമകൾ  വിലയിരുത്താറുണ്ട്.  ഇങ്ങനെയൊരുത്തരവാദിത്വം പാ രഞ്ജിത് സിനിമയിലൂടെ സംഭവിക്കുന്നുണ്ടോ…

പാ രഞ്ജിത്തിൻ്റെ സിനിമകളോടെനിക്ക് അത്രപ്രിയമല്ല. മദിരാശിയൊക്കെ ഇഷ്ടമായിരുന്നു. എന്നാൽ അയാൾ രജനികാന്തെന്ന താരത്തെ വച്ചെടുക്കുന്ന ചിത്രങ്ങളോടെനിക്കത്ര താത്പര്യം തോന്നുന്നില്ല. കാരണം കഴിഞ്ഞ ഇരുപതുവർഷങ്ങളായി തമിഴ് സിനിമയുടെ ദുരന്തത്തിനപ്പുറമാണ് രജനികാന്തെന്ന താരം. അദ്ദേഹത്തെ വച്ച് രാഷ്ട്രീയ സിനിമചെയ്യുന്നതിനെ മറ്റൊരു തരത്തിൽ വേണം കാണേണ്ടത്.

രഞ്ജിത്ത് പറയുന്ന മതേതരത്വത്തെ ശ്രദ്ധിക്കൂ, അയാൾക്ക് മാർക്സ് വേണ്ട പെരിയോറെ വേണ്ട അംബേദ്ക്കറെ വേണം അയാൾ സെക്കുലറിസം പറഞ്ഞ് ദ്രവീഡിയൻ മുന്നേറ്റത്തെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്.


അതും വളരെ വ്യക്തമായ വലതുപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന രജനികാന്തിനേപ്പോലുള്ള താരം. ദളിത് രാഷ്ട്രീയത്തെ കൊമേഴ്സ്യലൈസ് ചെയ്യുമ്പോൾ അതും രജനീകാന്തിനെപ്പോലുള്ള ഒരു ഹീറോയെ ഉപയോഗിച്ച് അവിടെ വളരെ വലിയ രാഷ്ട്രീയ പ്രശ്നങ്ങൾ കാണണം. എങ്ങനെ ആ ചിത്രം നിർമ്മിച്ചിരിക്കുന്നു? എങ്ങനെ അതിൻ്റെ ടിക്കറ്റ് വിറ്റിരിക്കുന്നു? എങ്ങനെ അതു ആളുകളിൽ എത്തിക്കുന്നു? രജനീകാന്തിനെ ഒരു ചേരിയിലേക്ക് കൊണ്ട് പോകുകയും അമീർഖാനാക്കി അദ്ദേഹത്തെ മാറ്റുകയുമൊക്കെ ചെയ്യുന്നത് അപകടകരമായ കാര്യമാണ്. രഞ്ജിത്തിൻ്റെ ഇത്തരത്തിലുള്ള പോളിറ്റിക്കൽ സിനിമകളിൽ എനിക്ക് താത്പര്യം തോന്നുന്നില്ല. അയാൾക്ക് സൂപ്പർ ഡ്യൂപ്പർ സിനിമകൾ രജനികാന്തിനെ വച്ച് ചെയ്യാം, എന്നാൽ അത് രാഷ്ട്രീയ ചിത്രമാണെന്നവകാശപ്പെടുന്നത് തികച്ചും അപകടകരമാണ്. ഈയടുത്തിടയിൽ രഞ്ജിത്ത് ദളിത് ഏകോപനത്തെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. അതുപോലെതന്നെ പെരിയോർ വിരുദ്ധ പ്രസ്താവനകൾ നടത്തുകയുമൊക്കെ ചെയ്തിരുന്നു. തിരുമാവിലനെപ്പോലുള്ള ദളിത് നേതാക്കന്മാർ തുറന്നു പറയുന്നു രഞ്ജിത്ത് ബി ജെ പി എലമെൻ്റാണ് സിനിമയിലൂടെ സംസാരിക്കുന്നതെന്ന്. രഞ്ജിത്ത് ബി ജെ പി യുടെ കൈകളിൽ തന്നെയാണെന്ന്. തികച്ചും അപകടകരമായ ഒരു നീക്കമാണ് അയാൾ നടത്തുന്നത്. ഇപ്പോൾതന്നെ രാജ്യത്തെ ഏതാണ്ടെല്ലാ ചേരികളും കാവിവൽക്കരിച്ചുകഴിഞ്ഞു. തമിഴ് നാട്ടിലും ചേരി പ്രദേശങ്ങളിൽ ബി.ജെ.പി. കൊടികൾ പറക്കുന്നു. രഞ്ജിത്തിൻ്റെ സിനിമകളിൽ അയാൾ ചേരിയെ കാവിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. അംബേദ്ക്കറെ കാവിവൽക്കരിക്കുന്നു. രഞ്ജിത്ത് പറയുന്ന മതേതരത്വത്തെ ശ്രദ്ധിക്കൂ, അയാൾക്ക് മാർക്സ് വേണ്ട പെരിയോറെ വേണ്ട അംബേദ്ക്കറെ വേണം അയാൾ സെക്കുലറിസം പറഞ്ഞ് ദ്രവീഡിയൻ മുന്നേറ്റത്തെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്.

Read Also  പുരുഷജീവിതം പൊതു ഇടത്തിലും വീട്ടിലും ; പാ രഞ്ജിത്തിൻ്റെ സർപ്പട്ട പരമ്പര എന്ന ചിത്രത്തിലൂടെ

സ്വാതന്ത്യസമരകാലത്ത് ഗാന്ധിജി തന്നെ ദ്രാവിഡ മുന്നേറ്റങ്ങളെയൊക്കെ ഒറ്റപ്പെടുത്താനാണ് ശ്രമിച്ചത്. അതിനെതിരെ വൻവിമർശനങ്ങളാണുയർത്തിയത്, പക്ഷേ ഈ മുന്നേറ്റമില്ലായിരുന്നെങ്കിൽ ബാഹ്മണേതരമായ സമുദായങ്ങളുടെ ഒരു ഉയർച്ച ഉണ്ടാകുമായിരുന്നില്ല. തമിഴ്‌നാട്ടിലെ ദളിത് നേതാവായ ഒരു തിരുമാവിലൻ ഇത്തരമൊരു ദലിത് മുന്നേറ്റമില്ലായിരുന്നുവെങ്കിൽ അവിടെയുണ്ടാകുമായിരുന്നില്ല. പിന്നീടിതിനെന്തുപറ്റിയെന്നത് മറ്റൊരുകാര്യം, പക്ഷേ, മറ്റൊരു മുന്നേറ്റങ്ങളും ദലിതുകളുടെ അവകാശങ്ങളെ ഇത്രമാത്രം ഉയർത്തികൊണ്ടു വന്നിട്ടില്ല.

ഒരു കച്ചവടസിനിമയിൽ ലോകത്തുള്ള എതും ചെയ്യാൻ സാധിക്കുന്ന ഒരു ഹീറോയെ അവതരിപ്പിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ എനിക്ക് തോന്നുന്നത് സിനിമയിൽ എന്തു പറയുന്നതിനുപരി ആരിലൂടെ പറയുന്നുവെന്നതും പ്രധാനമാണെന്നാണ്. കാലയോ അതുപോലെയുള്ള സിനിമകളോ ബ്രാഹ്മണനല്ലാത്ത ഒരാളെ  ഉപയോഗിച്ചു ചെയ്യാവുന്നതാണ്. അതും ബി ജെ പി യുടെ ഭാഗമെന്ന് തിരിച്ചറിയപ്പെട്ട ഒരു മനുഷ്യൻ. പലപ്പോഴും വളരെ പിന്തിരിപ്പൻ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന ആൾ. ഇത്തരം സിനിമയിലൂടെ സൂപ്പർതാരമായ രജനികാന്തിനെ ദളിതുകളുടെ ഒരു സ്പെഷ്യൽ സൂപ്പർ സ്റ്റാറാക്കി പ്രതിഷ്ഠിക്കുകയാണുചെയ്യുന്നത്. ഈ സിനിമകളിൽ ജനപ്രിയ താരങ്ങളെ ഉപയോഗിച്ച്  മാർക്സ് വിരുദ്ധവും പെരിയോർ വിരുദ്ധവും വർഗ്ഗിയവുമായ സംഭാഷണങ്ങൾ പറയിപ്പിക്കുന്നു, ഞാൻ വിശ്വസിക്കുന്നത് ഇവയൊന്നുമില്ലാതെ ദളിത് ഏകീകരണം നടക്കില്ലെന്നുതന്നെയാണ്. രഞ്ജിത് ഒരു ബിജെപിക്കാരനാണോയെന്നു തിരുമാവിലനെപ്പോലുള്ളവർ സംശയിക്കുന്നതിനു കാരണവുമിതുതന്നെയാണ്.

തമിഴ് രാഷ്ട്രീയത്തിൽ ദ്രാവിഡ മുന്നേറ്റത്തിലുള്ള പ്രതീക്ഷ.

ഇപ്പോൾ ഡി എം കെ മാത്രമാണ് പ്രതീക്ഷ. എ ഡി എം കെ യുടെ കാര്യമെടുത്താൽ വിശിഷ്ടനേതാവായിരുന്ന ജയലളിതയ്ക്ക് ശേഷം ഒരു രണ്ടാം നിര നേതൃത്വം ഇല്ലായിരുന്നു. അവരുടെ അടക്കിവാഴൽ കാരണമാണിത് സംഭവിച്ചതും. അങ്ങനെ ചിന്തിക്കുമ്പോൾ കരുണാനിധിയ്ക്ക് രണ്ടാം നിര നേതാക്കന്മാരുണ്ടായിരുന്നു. അവരെല്ലം മെച്ചപ്പെട്ടവരൊന്നുമല്ല. ഇപ്പോഴത്തെ തമിഴ്നാട് രാഷ്ട്രീയം ശരിക്കും ശൂന്യാവസ്ഥയിലാണ്..എനിക്കു തോന്നുന്നത് എല്ലാ മതേതര കക്ഷികളും ഒരു പൊതു ശത്രുവിനെ പുറത്താക്കാൻ വേണ്ടി ഒന്നിക്കുമെന്നുതന്നെയാണ്. ബിജെപി ഇപ്പോൾ ഒരു പ്രോക്സി റോളിലാണ് അവിടെ നിൽക്കുന്നത്. അവർക്ക് ചെയ്യേണ്ടതെല്ലാം എ.ഡി.എം.കെ.യിലൂടെ നടത്തുന്നു. ദുർഭൂതത്തെ പുറത്ത് കൊണ്ടുവരികയെന്നതാണ് അടുത്ത തെരെഞ്ഞെടുപ്പിലെ ലക്ഷ്യം. അതിനുശേഷം ഞങ്ങൾതമ്മിലുള്ള യുദ്ധം തുടരുമായിരിക്കും, പക്ഷേ ഇതാണാവശ്യം. ഞാൻ ദ്രവീഡിയൻ
മുന്നേറ്റത്തെകുറിച്ച് പലപ്പോഴും വിമർശിച്ചിട്ടുണ്ട്. പക്ഷേ ദ്രവീഡിയൻ മുന്നേറ്റത്തെ ഒഴിച്ചു നിർത്തിക്കൊണ്ടുള്ള നിലപാടുകൾ, അതൊരു അപകടകരമായ രീതി തന്നെയാണ്.

ശബരിമല

ഞാൻ ഒരു ദൈവ വിശ്വാസിയല്ല. ഞാൻ കരുതുന്നത് ഓരോ അമ്പലങ്ങളും സ്ത്രീ വിരുദ്ധതയുടെ സ്ഥലങ്ങളാണെന്നാണ്. സ്ത്രീകൾ ഇന്നഭിമുഖീകരിക്കുന്ന എല്ലാ ദുരിതങ്ങളുടേയും കാരണം ക്ഷേത്രങ്ങളാണ്. ജാതി മതം എന്നിവയെല്ലാം സ്ത്രീവിരുദ്ധതയുടെ പ്രതീകങ്ങളാണ്. എനിക്ക് പോകണമെന്നില്ല പക്ഷേ എൻ്റെ കൂടെയുള്ള ഒരു പെണ്ണിനു ശബരിമലയിൽ പോകണമെന്ന് തോന്നിയാൽ അവർക്ക് അവിടെ പോകാനുള്ള അവകാശമുണ്ട്. ആരാധനാലയങ്ങൾ ജനാധിപത്യ ഇടങ്ങളാകണം. എൻ്റെയമ്മ ഒരു ശബരിമല വിശ്വാസിയാണ്, അവർ അവിടെ പോകുന്നുണ്ട്. എന്നാൽ അവരുടെ മുപ്പതുകളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ആത്തരത്തിലിത് കാണണം.

Read Also  തമിഴ് താര മാമാങ്കം: ഉദയനിധി സ്റ്റാലിനെ മുന്‍നിറുത്തി ഡിഎംകെ പടക്കളത്തിലേക്ക്‌

ഇതൊരു വെറും സുപ്രിം കോടതി വിധിയായി മാത്രം കാണരുത്. ഇത് ഭരണഘടനാപരമായ അവകാശമായി കാണണം.അരാണ് ഒരു ഭരണഘടനാവകാശത്തെ തടയുന്നത്. ഒരു സ്റ്റേറ്റിൻ്റെ കടമയാണ് ഏതൊരാളുടേയും അവകാശത്തെ തുണയ്ക്കുകയെന്നത്. ഞാൻ കരുതുന്നില്ല ഇപ്പോഴത്തെ രാഷ്ട്രീയക്കാരിൽ പിണറായി വിജയൻ ഒഴികെ മറ്റാർക്കും ഈ നട്ടെല്ലുണ്ടെന്ന്. ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു. ഇത്തരത്തിൽ ഭരണഘടനാവകാശത്തെ നിലനിർത്താൻ ശ്രമിച്ചതിന്. അതും വലിയ ഹിന്ദു വോട്ട് ബാങ്കുള്ള കേരളത്തിൽ അതു തീർച്ചയായും തെരെഞ്ഞെടുപ്പിനെ ബാധിക്കുമെന്നറിഞ്ഞുകൊണ്ട്. അദ്ദേഹത്തിനെൻ്റെ സല്യൂട്ട്.

അർബൻ നക്സലിസം

ആരു ബിജെപിയ്ക്ക് എതിരേ സംസാരിക്കുന്നുവോ അവർ അർബൻ നക്സലുകളാണ്. ആരവരുടെ നിയമങ്ങളെ എതിർക്കുന്നുവോ അവർ അർബൻ നക്സലുകളാണ്. അവർ ദേശീയതാ വിരുദ്ധരാണ് അവർ പാക്കിസ്ഥാനിലേക്ക് പോകണം. അല്ലെങ്കിൽ എവിടേക്കെങ്കിലും പോകണം. അവരെ കൊല്ലും, അവരെ നാടുകടത്തും, അവരെ ജയിലിലടയ്ക്കും. തുറന്നമനസുള്ളവരെന്നവരെ കാണാനാണെനിക്കിഷ്ടം. അർബൻ നക്സലുകൾ എന്നവരെ വിളിക്കുന്നതിൽ ഞാൻ ഇഷ്ടപ്പെടുന്നില്ല. അവരെല്ലം സാമൂഹ്യപ്രവർത്തകരും നിയമജ്ഞരും മനുഷ്യാവകാശപ്രവർത്തകരും ജേർണലിസ്റ്റുകളുമൊക്കെയാണ്..ആദിവാസിക്കൊപ്പവും ദരിദ്രർക്കൊപ്പവും ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നവരുമാണ്. അവരെ പ്രതിനിധീകരിക്കുന്നവരുമാണ്. അവരൊടൊപ്പം ജീവിക്കുന്നവരാണ്. അവർക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ്. ഇവിടെ ചിലർക്ക് മനുഷ്യർക്കിടയിലെ മതേതര സ്വഭാവത്തെ വേർതിരിക്കേണ്ടതായുണ്ട്. വേർ തിരിക്കുക, ഭരിക്കുക ഇതവർക്കാവശ്യമാണ്. ഏത് നിമിഷമാണോ നിങ്ങൾ ബി ജെ പി യെ വിമർശിക്കുന്നത് ആ നിമിഷം അവർ നിങ്ങളെ അനഭിമതമായി പ്രഖ്യാപിക്കും. ഈ ദുർഭൂതങ്ങളെ നമുക്ക് എത്രയും വേഗം അകറ്റേണ്ടതാണ്.

മീ റ്റു

മീറ്റു ഇന്ത്യയിലെത്താൻ വൈകിയെന്നു പറയുന്നതാവും ശരി. ലോകം മുഴുവൻ സ്ത്രീകൾ അവർക്കുണ്ടായ അനുഭവം തുറന്നുപറയുമ്പോൾ ലോകം അതു വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷേ ഇന്ത്യയിൽ ഇത് അത്രമാത്രം ആളുകൾ വിശ്വസിക്കുന്നില്ല. കാരണം നമ്മൾ തുടർന്നു വരുന്ന ചില വിശ്വാസങ്ങളുടെ ഭാഗമാണ്. ഇത് നിങ്ങൾ എന്തുകൊണ്ടാണ് ഇരുപതു വർഷങ്ങൾക്ക് മുൻപ് പറയാതിരുന്നതെന്ന് പലരും എന്നോട് ചോദിക്കുന്നു. അതേ അന്ന് പറഞ്ഞില്ല എന്നാൽ ഇപ്പോൾ പറയുന്നത് ഇനിയും ഒരു ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു പെൺകുട്ടിക്കും ഇത് പറയാതിരിക്കാൻ പറ്റരുത്. ഇപ്പോഴുണ്ടാകുന്നത് മറ്റൊരു സ്ത്രീക്ക് ഇനി സംഭവിക്കരുത് എന്നെല്ലാമാണ് കരുതേണ്ടത്.

കവിത സാഹിത്യം ഇവയെപ്പറ്റി...അഭിമുഖം തുടരും......

കാവാലം മോഷ്ടിച്ചത് വെട്ടിയാർ പ്രേംനാഥ് എന്ന ദലിതന്‍റെ ഒരായുസ്സ് നീണ്ട അധ്വാനത്തിന്‍റെ വില ; മകള്‍ പ്രമീള പ്രേംനാഥിന്‍റെ വെളിപ്പെടുത്തല്‍

 

 

Spread the love

14 Comments

Leave a Reply