Wednesday, July 15

ഇടതുപക്ഷം തെറ്റുകളിൽ നിന്നും പാഠം പഠിക്കുകയും ഉരുവിട്ടുകൊണ്ടേയിരിക്കുകയും വേണം

അരൂരിലെ തെറ്റും കോന്നിയിലെയും വട്ടിയൂർകാവിലെയും ശരിയും
കേരള രാഷ്ട്രീയത്തിലെ ചില രേഖപ്പെടുത്തലുകളാണ്.   ഇത്രയും മണ്ഡലങ്ങളിൽ ഒരുമിച്ചു ഉപതെരെഞ്ഞെടുപ്പുകൾ വരുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ലോകസഭ തെഞ്ഞെടുപ്പിൽ ഇരുപക്ഷത്തുനിന്നും പ്രവർത്തകർ ഇല്ലാഞ്ഞിട്ടല്ല നിലവിലെ നിയമ സഭ സാമാജികർ ജനവിധിതേടാൻ ഇടതു വലതു പാർട്ടികൾ സ്ഥാനാർഥികളെ നിർണ്ണയിച്ചത്. പലേടങ്ങളിലും പുതിയ സ്ഥാനാർത്ഥികളെ പരിഗണിക്കാതെ നിർത്തിയ കൂട്ടത്തിൽ യു ഡി എഫിലെ എം എൽ എ മാർ എല്ലാം ജയിക്കുകയും എൽ ഡി എഫിൽ നിന്നുമൊരാൾ മാത്രം ജയിക്കുകയും ചെയ്തു.

ഒരു പക്ഷെ എൽ ഡി എഫിൽ നിന്നും ചിലർ കൂടി ജയിച്ചിരുന്നെങ്കിൽ ഇതിൽ കൂടുതൽ മണ്ഡലങ്ങളിൽ തെരെഞ്ഞെടുപ്പ് വരുമായിരുന്നു. ഇതാണ് മറ്റൊരു തെറ്റ്, ഇപ്പോൾ എൽ ഡി എഫിൽ നിന്നും യു ഡി എഫിൽ നിന്നും മത്സരിച്ചവരെല്ലാം പുതു മുഖങ്ങളായിരുന്നു, ഷാനിമോൾ ഉസ്മാനെ മാറ്റിനിർത്തിയാൽ. ഇവരൊക്കെ അന്നും ഉണ്ടായിരുന്നല്ലോ …

ഇടതു പക്ഷത്തിനേറ്റ നഷ്ടമായി അരൂർ കാണാം. അരൂർ എം എൽ എ എം പി യായി എന്ന മെറിറ്റ് നില നിൽക്കുമ്പോൾ തന്നെ നിയമ സഭയിൽ വർഷങ്ങളായി കാത്തുസൂക്ഷിച്ചിരുന്ന ഒരു മണ്ഡലം ഇടതിനു വിട്ടുപോകുകയായിരുന്നു. പക്ഷെ ഒരു കാര്യത്തിൽ എൽ ഡി എഫ് നു അഭിമാനിക്കാൻ കഴിയും. എസ് എൻ ഡി പി യുടെ ഏറ്റവും വലിയ കോട്ടയായ അരൂരിൽ, നിലവിൽ എസ് എൻ ഡി പി മൃദു സമീപനം സ്വീകരിച്ചെങ്കിലും എൽ ഡി എഫ് ജയിക്കാതെപോയതിൽ അല്പം ആശ്വസിക്കാൻ വകയുണ്ട്. ഇനി വെള്ളാപ്പള്ളി പക്ഷത്തുനിന്നും വലിയ വില പേശലുകളും മമ്മൂഞ്ഞു ചമയലും ഉണ്ടാകില്ല.

ഇവിടെ ആവർത്തിച്ച ഒരു തെറ്റുണ്ട് മുൻപ് പാര്ലമെന്റ് ഇലക്ഷനിൽ ആലത്തൂർ നിയോജകമണ്ഡലത്തിൽ ഒരു തലമുതിർന്ന നേതാവ് നടത്തിയ അധിക്ഷേപിക്കൽ പോലെ ഒന്ന് ഇവിടെയും സംഭവിച്ചു. അത് ജി സുധാകരൻ എന്ന ഉത്തരവാദിത്വപ്പെട്ട മന്ത്രിയിൽനിന്നും ആണുണ്ടായത്. തെരഞ്ഞെടുപ്പിലെ ജനകീയ ഓഡിററിംഗിൽ ഇതൊക്കെ വലിയ തെറ്റായി തന്നെ ജനം കരുതും. അതും ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി പി എമ്മിൽ നിന്നും ഉണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ വളരെ വലിയ തോതിൽ നമ്മുടെ മാധ്യമങ്ങൾ മാർക്കറ്റ് ചെയ്യും എന്നതിരിച്ചറിവ് എപ്പോഴാണ് ഈ നേതാക്കന്മാർക്കുണ്ടാവുക.

കോന്നി, വട്ടിയൂർക്കാവ് ഇവിടെ രണ്ടിടത്തും വോട്ടർമാർ തെറ്റു തിരുത്തുകയായിരുന്നു. കേരളത്തിൽ നിഷ്പക്ഷ ജനവിഭാഗം പെരുന്നയിൽ നിന്നുള്ള ആഹ്വാനവും ശബരിമലയെന്ന പ്രിവിലേജിൽ ഉള്ള ഹന്ദുത്വാഭിമാനവുമാണ് നിഷ്കരുണം തള്ളിക്കളഞ്ഞത്. ബി ജെ പി എന്ന അതിവേഗം വളർന്നു കൊണ്ടിരുന്ന പൊളിറ്റിക്കൽ ബൈനറിയെ എത്രവേഗമാണ് നമ്മുട ജനം തിരിച്ചറിഞ്ഞത്, വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനം ഉറപ്പിച്ച ബി ജെ പിയെ ആണ് ഇത്തവണ ഇടതു പക്ഷ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളിയത്.

Read Also  കുമ്മനത്തിനും സുരേന്ദ്രനും മത്സരിക്കാൻ ആർ എസ് എസിൻ്റെ അനുമതി

ഇവിടെ ഏറ്റവും നികൃഷ്ടമായി കാണുന്ന ഒരു കാര്യമുണ്ട്. വിജയം ഉറപ്പിച്ചപ്പോൾ ബി ഡി ജെ എസ നേതാവായ തുഷാർ വെള്ളാപ്പള്ളി ഇട്ട ഫേസ് ബുക്ക് പോസ്റ്റ് മുഖ്യ മന്ത്രിയെയും വി കെ പ്രശാന്ത് എന്ന വട്ടിയൂർ കാവിലെ നിയുക്ത എം എൽ എ യും ഒരുമിച്ചു നിർത്തി നടത്തിയ ജാതി സമവാക്യ പോസ്റ്റ്… ജനം ജാതിനോക്കിയല്ല ഇവിടെ വോട്ടു ചെയ്തതെന്ന് തെളിയിക്കുമ്പോഴാണ്ഒരു ജാതി തമ്പ്രാക്കന്മാർ ഈ ജാതി ചിന്തയും പൊക്കിക്കൊണ്ട് വരുന്നത് ഇതാണ് കേരളം സമീപകാലത്തു കണ്ട ഗുരുതര തെറ്റുകളിൽ ഒന്ന്.

ഇനിയും ആവർത്തിക്കാൻ സാധ്യതയുള്ള ഗുരുതരമായ തെറ്റുകളിൽ ഒന്നാണ് കഴിഞ്ഞ ദിവസം രാത്രി താനൂരിൽ ഉണ്ടായ ആ കൊലപാതകം. കേരളത്തിൽ സി പി എം അതിന്റെ വളർച്ചയിൽ നേരിടുന്ന ഏറ്റവും വലിയ തടസങ്ങളിൽ ഒന്ന് അതിന്റെ പ്രാദേശിക അണികൾ നടത്തുന്ന കൊലപാതക രാഷ്ട്രീയപ്രവർത്തനം ആണ് . എത്ര തന്നെ നിരസിച്ചാലും സി പി എമ്മിൽപെട്ടവർ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞാലും അത് ന്യായീകരണമാകില്ല. കാരണം ജനത്തിന്റെ ചില പ്രതീക്ഷകൾ ഇപ്പോഴും ഈ ഭരണത്തിലും ഈ രാഷ്ട്രീയ കക്ഷിയിലുമുണ്ട്, അത് മനസിലാക്കാൻ സി പി എം നേതൃത്വം മുന്നിട്ടിറങ്ങണം .

ഇത്തരം തെറ്റുകൾക്കു ഇടയിലും ആശ്വാസം പകരുന്നത് മതമേധാവിത്വത്തിനേറ്റ അടിയാണ്. നായർ മുതൽ കർദ്ദിനാൾ വരെ മുന്നിട്ടിറങ്ങിയിട്ടും ജനം അവരെ തോൽപ്പിച്ചെങ്കിൽ, ദുഷിച്ചു നാറിയ ഇത്തരം ചിന്തകൾക്കെതിരെ കുരിശു യുദ്ധം ആരംഭിച്ചുവെന്നു വേണം കരുതാൻ. അതിനു തുടർച്ചയുണ്ടാവുകയും വേണം. ജാതിസംഘടനകളുടെ വിലപേശലിനു വഴങ്ങാത്ത നവോഥാനപ്രവർത്തനങ്ങൾക്കാണു ഇടതുപ്രസ്ഥാനം മുന്നിട്ടിറങ്ങേണ്ടത്. കൂടുതൽ ജാഗ്രതയുണ്ടാവേണ്ടിയിരിക്കുന്നു, ഇവിടെ സംഘപരിവാർ എന്ന വലിയ വിപത്ത് വിളവെടുപ്പ് നടത്താൻ കാത്തുനിൽക്കുകയാണു 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply