Monday, January 17

ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും കേരള ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ രോഗ ബാധിതനായിരുന്ന അദ്ദേഹം ദീർഘ നാളായി ചികിത്സയിലായിരുന്നു. ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല,  മീനമാസത്തിലെ സൂര്യൻ (1985), വചനം (1989), സ്വാതിതിരുനാൾ, ദൈവത്തിന്റെ വികൃതികൾ (1992), മഴ(2000), കുലം, അന്യർ(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്. ജനപ്രീതിയും കലാമൂല്യവും ഒത്തുചേർന്ന ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.

തിരുവനന്തപുരത്ത് ഊരൂട്ടമ്പലത്ത് ജനിച്ച ലെനിൻ രാജേന്ദ്രൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് വിദ്യാർഥിസംഘടനയിലൂടെ രാഷ്രീയത്തിൽ പ്രവേശിച്ച വ്യക്തിയായിരുന്നു. യൂണിവേഴ്സിറ്റി കോളെജിൽ ബിരുദത്തിനു പഠിക്കുമ്പോൾ എസ് എഫ് ഐ യുടെ സജീവപ്രവർത്തകനായിരുന്നു.

മീനമാസത്തിലെ സൂര്യൻ എന്ന ചിത്രം കന്നട നോവലായ നിരഞ്ജനയുടെ  ചിരസ്മരണ എന്ന നോവലിനെ ആസ്പദമാക്കിയ ചിത്രമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ വളരെ പ്രാധാന്യമുള്ള പ്രക്ഷോഭമായ കയ്യൂർ സമരത്തിൻ്റെ കഥ അനാവരണം ചെയ്യുന്ന നോവലായിരുന്നു ചിരസ്മരണ. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഒരു പോലീസുകാരൻ്റെ മരണത്തെത്തുടർന്ന് നിരന്തരമായ പോലീസ് വേട്ടയും ഇ കെ നായനാർ, കെ പി ആർ ഗോപാലൻ തുടങ്ങിയവരുടെ ഒളിവു ജീവിതവുമെല്ലാം കടന്നുവരുന്ന മീനമാസത്തിലെ സൂര്യൻ മലയാള രാഷ്ട്രീയചരിത്രത്തിൽ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു. നടൻ മുരളി ഈ സിനിമയിലൂടെയാണു മലയാളസിനിമയിൽ ശ്രദ്ധേയനായത്.

ലെനിൻ്റെ മികച്ച സിനിമ പ്രേം നസീറിനെ കാണ്മാനില്ല എന്ന ചിത്രമായിരുന്നു. നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടരായ ഏതാനും ചെറുപ്പക്കാർ ചേർന്ന് മലയാളത്തിലെ നിത്യഹരിത നായകനായിരുന്ന പ്രേം നസീറിനെ തട്ടിക്കൊണ്ടുപോയി ഒരു കാട്ടിൽ താമസിപ്പിക്കുന്നു. തുടർന്ന് അദ്ദേഹത്തെ സംരക്ഷിക്കാൻ കഴിയാതെ കീഴടങ്ങുന്ന കഥയാണു ചിത്രത്തിലൂടെ പുരോഗമിച്ചത്. 

സ്വാതി തിരുനാൾ എന്ന ചിത്രം ചരിത്രത്തിൽ നിന്നും കടം കൊണ്ട ചിത്രമായിരുന്നു. തിരുവിതാംകൂർ മഹാരാജാവും സംഗീതോപാസകനുമായിരുന്ന സ്വാതി തിരുനാളിൻ്റെ കഥ പറയുന്ന ചിത്രം അദ്ദേഹത്തിൻ്റെ വിജയിച്ച ചിത്രങ്ങളിലൊന്നായിരുന്നു.

മലയാളസിനിമയിൽ പ്രണയത്തിനു വ്യത്യസ്തമാനം നൽകിയ ചിത്രമായ ചില്ല് ഹിറ്റ് ആയ ഒരു പ്രണയചിത്രമായിരുന്നു, ശാന്തികൃഷ്ണ ഈ ചിത്രത്തിലൂടെയാണു മലയാളസിനിമയുടെ കാണികൾക്ക് പ്രിയംകരിയായത്. ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് ഓ എൻ വി യുടെ രചനയിലൂടെ എം ബി ശ്രീനിവാസൻ സംഗീതം നൽകി.

ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിന് 1992 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ‘കുലം’ എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്കാരവും നേടി. 

Spread the love
Read Also  എം.പി.വീരേന്ദ്ര കുമാർ അന്തരിച്ചു.

16 Comments

Leave a Reply