Thursday, January 20

ലെനിൻ രാജേന്ദ്രൻ : കാഴ്ചയുടെ വേനലും മകരമഞ്ഞുമായിരുന്നു ഈ പ്രോലിറ്റേറിയൻ ; വി കെ അജിത് കുമാർ എഴുതുന്നു

ജയനും നസീറുമൊക്കെ സ്ക്രീനിൽ തെളിഞ്ഞു നിന്ന ഒരു കാലം. ബ്ലാക്ക്‌ ആൻഡ് വൈറ്റ് ലോകത്തുനിന്നും കളറിലേക്ക്  മലയാള സിനിമ ഏതാണ്ട് മാറിക്കൊണ്ടിരിക്കുന്ന കാലത്താണ്, നാട്ടിലെ ഓലകൊട്ടകയിലിരുന്നു ‘മീനമാസത്തിലെ സൂര്യൻ’ കാണുന്നത്. സ്‌കൂൾ കാലമാണ്, സിനിമയെ കുറിച്ച് വലിയ ധാരണകളൊന്നുമില്ല എന്നാലും അതെന്നെ വല്ലാതെ ആകർഷിച്ചു.ലെനിൻ രാജേന്ദ്രൻ എന്ന സിനിമാക്കാരനെ അടയാളപ്പെടുത്തേണ്ടത്  ഇത്തരത്തിൽ തന്നെയാണ്.  കയ്യൂർ സമരത്തെ ആസ്പദമാക്കിയുണ്ടായ ‘ചിരസ്മരണ’ എന്ന കന്നട എഴുത്തുകാരൻ നിരഞ്ജനയുടെ പുസ്തകം വായിക്കുന്നത് ശരിക്കും വർഷങ്ങൾക്കുശേഷമാണ്. അപ്പോഴും മനസിൽ ചിരുകണ്ഠനും അപ്പുവും അബുബേക്കറും ഒക്കെയായി വേണു നാഗവള്ളിയും മുരളിയും വിജയ്‌ മേനോനുമൊക്കെയായിരുന്നു. ഒപ്പം അച്ചൻകുഞ്ഞെന്ന നടനും. അത്രയ്ക്ക് പരിചയമൊന്നുമില്ലാതിരുന്ന ഈ നടന്മാരെയൊക്കെ കണ്ടപ്പോഴാണ് സിനിമയിൽ സംവിധായകനാണ് വലുതെന്നു തോന്നിയത്. താരബിംബങ്ങളെ തകർത്ത ആ സംവിധായകൻ. ഇതിനുമുമ്പും പലരിലുടെയും ഇത്തരം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ‘മീനമാസത്തിലെ സൂര്യനോട്’എന്തോ അല്പം ഇഷ്ടം കൂടുതലായി തോന്നുന്നു.


വേനലും ചില്ലുമൊക്കെ കാണുന്നത് അതിനുശേഷമായിരുന്നു. ക്യാമ്പസിന്റെയും രതിയുടെയും ചില പുതിയ ഭാവങ്ങൾ മലയാളത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ ഐ വി ശശിയിലും പദ്മരാജനിലും മറ്റും ഉടക്കി നിന്ന ഇത്തരം കാമനകളെ മറ്റൊരു രീതിയിൽ മലയാളം സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നു ലെനിൻ രാജേന്ദ്രൻ. ഒരു തരം നിർവികാരത്വവും ഊഷരതയും ആ സിനിമകളിൽ നിറഞ്ഞുനിന്നിരുന്നു. അത് നൽകിയത് തികച്ചും വ്യത്യസ്തമായ അനുഭവവും. ജലജ എന്ന നടിയുടെ എക്കാലത്തെയും നല്ല ചിത്രങ്ങളിൽ ഒന്നായി അത് മാറി. പിന്നെ അയ്യപ്പപ്പണിക്കരുടെ കവിത `ചിറകറ്റ പക്ഷിക്ക് ചിറകുമായ് ഇനിയും വരല്ലേ നീ സന്ധ്യേ …’ വർഷങ്ങൾക്കുശേഷം ഒരു ക്യാംപസ് ദിനത്തിലാണ് വേനൽ കാണുന്നത് അത് കൊണ്ട് തന്നെ ഈ കവിതയും വല്ലാതെ പിന്തുടർന്നു കൊണ്ടിരുന്നു.

തിരുവിതാകൂറിന്റെ ചരിത്രം തന്നെ സ്വാതിതിരുനാളില്ലാതെ പറയാൻ സാധിക്കില്ല എന്ന് പറയുംപോലെയാണ് ലെനിൻ സിനിമകളിൽ അല്ലെങ്കിൽ അന്ന് വരെയുണ്ടായിരുന്ന ലെനിൻ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ‘സ്വാതിതിരുനാൾ’ എന്ന് പറയുന്നതും. കൊട്ടാരവും യുദ്ധവും ആശ്രിത്വത്വവും കാമവും പ്രണയവും എല്ലാം നിറയുന്ന ഒരു മനസിലൂടെയുള്ള യാത്രയായിരുന്നു ‘സ്വാതിതിരുനാൾ’. രാജഭരണം എന്ന ഉത്തരവാദിത്വവും സുകുമാരകലകളും തമ്മിലുള്ള കലഹം തന്നെയായിരുന്നു സ്വാതിതിരുനാൾ എന്ന മനുഷ്യൻ. അദ്ദേഹത്തിലൂടെയുള്ള യാത്ര വളരെ കൃത്യമായി സന്നിവേശിപ്പിക്കുന്നതായിരുന്നു ലെനിൻ രാജേന്ദ്രന്റെ ഈ സിനിമ. ഇതിലും നിലവിലുള്ള താരസങ്കൽപ്പത്തെ പൊളിച്ചെഴുതുകയായിരുന്നു അദ്ദേഹം. ആനന്ദ് നാഗെന്ന കന്നട നടനാണ് നമ്മുടെ സ്വാതിതിരുനാളായത്. മുരളിയുടെ ഷട്കാല ഗോവിന്ദമാരാരും നെടുമുടിയുടെ ഇരയിമ്മൻ തമ്പിയുമൊക്കെ കാലങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഇരുണ്ട കൊട്ടാരത്തിന്റെയുള്ളിൽ കൽവിളക്കുകൾക്കരികിൽ നില്കുന്നതായി തോന്നുന്നു. ഈ ചിത്രത്തെ കുറിച്ചോർക്കുമ്പോൾ അതിന്റെ നിർമ്മാണകാലഘട്ടം കൂടി പരിഗണിക്കേണ്ടതാണ്. ഇന്ന് 100 കോടിയില്ലാതെ ഇത്തരം ഒരു ചിത്രം മലയാളത്തിൽ സങ്കൽപ്പിക്കാൻ നമ്മുടെ സംവിധായകൻമാർക്ക് മടിയാണ്. കൂടാതെ ഒരു സൂപ്പർ താരവും. ഇതിനെയെല്ലാം നിരാകരിച്ചുകൊണ്ടാണ് വളരെ കൃത്യമായി -മധു അമ്പാട്ടെന്ന ഛായാഗ്രാഹകൻ്റെ എല്ലാ കഴിവുകളെയും ഉപയോഗിച്ച ആ ചിത്രമുണ്ടായത്. സംഗീതവും നൃത്തവും ഇടകലർന്ന അനുഭവമായിരുന്നു സ്വാതിതിരുനാൾ. പക്ഷെ ഇതിൽ നിന്നും ഒരു കാര്യം ഉരുത്തിരിഞ്ഞു വന്നത് ലെനിൻ രാജേന്ദ്രൻ എന്ന സംവിധായകന് പിന്നീട് ഈ തിരുവിതാംകൂർ ചരിത്രം ഒരു നിഴലായി മാറിയെന്നതാണ് .

Read Also  'മൂത്തോൻ' കാഴ്ചകളുടെ ഭാവാര്‍ത്ഥതലങ്ങൾ ; ഗോകുൽ കെ എസ് എഴുതുന്നു


കുലമെന്ന ചിത്രം മാർത്താണ്ഡവർമ്മയുടെ ഒരു പുനർ വായനയാണ്. അത്രയൊന്നും പാരായണസുഖം പ്രത്യേകിച്ചും തെക്കൻ കേരളം വിട്ടാൽ സി വി രാമൻപിള്ള നോവലുകൾക്കില്ല. അക്കാദമിക്ക് ലെവലിൽ മാത്രം വായിക്കപ്പെട്ട മാർത്താണ്ഡവർമ്മയെ ലെനിൻ രാജേന്ദ്രൻ സുഭദ്രയുടെ കാഴ്ചപ്പാടിലൂടെ വായിച്ചെടുക്കുകയായിരുന്നു. ഒരു സ്ത്രീ പക്ഷവായന അതും പുരുഷ മേധാവിത്വം കത്തിനിൽക്കുന്ന സി വി യുടെ നോവലിനെ. തിലകന്റെയും വിജയരാഘവന്റേയും അപാരസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ചിത്രം പക്ഷെ ലെനിൻ രാജേന്ദ്രൻ എന്ന സംവിധായകന്റെ കൊമേഴ്‌സ്യൽ വിട്ടുവീഴ്ചയുടെ ചിത്രം കൂടി കാട്ടിത്തന്നു എന്ന പോരായ്മ പറയാതിരിക്കാൻ വയ്യ.


നഷ്ടപ്പെട്ട നീലാമ്പരിയും ദൈവത്തിന്റെ വികൃതികളൂം ഒക്കെ സിനിമയ്ക്കു പാകമാക്കിയെടുക്കുകയുമായിരുന്നു അദ്ദേഹം മുകുന്ദന്റെ അൽഫോൻസച്ചൻ രഘുവരനിൽ ഭദ്രമാക്കിയതിന്റെ ക്രെഡിറ്റ് ലെനിൻ രാജേന്ദ്രൻ എന്ന സംവിധായകനുമാത്രം അവകാശപ്പെട്ടതാണ്.
ലെനിൻ രാജേന്ദ്രൻ കടന്നുപോകുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയത്തനുള്ളിൽ നിന്ന് സംസാരിച്ച ഒരു കലാകാരന്റെ വേർപിരിയൽ കൂടിയാണുണ്ടാകുന്നത്.
ഫ്യൂഡലിസത്തിന്റെ കാഴ്ചകൾ പകർന്നുനൽകിയ പ്രോലിറ്റേറിയൻ എന്ന വിളിപ്പേര് ചിലപ്പോഴെങ്കിലും അദ്ദേഹത്തിനറിയാതെ വീണുപോകും സ്വാതിതിരുനാളും കുലവും രാജാരവിവർമ്മയുടെ ഓർമ്മകൾ നിറയുന്ന മകരമഞ്ഞും നൽകിയ സംവിധായകനെ അങ്ങനെയല്ലാതെന്തു വിളിക്കും എന്ന ചോദ്യം പ്രസക്തമാകുമ്പോൾ, മറുപടി ഈ ചിത്രങ്ങളെ ലെനിൻ രാജേന്ദ്രൻ എന്ന സംവിധായകൻ എങ്ങനെ സമീപിച്ചുവെന്നതിൽനിന്നും  ലഭിക്കും. എന്തായാലും മലയാള ചലച്ചിത്രലോകത്ത് കാഴ്ചയുടെയും കാമനകളുടെയും താളക്രമങ്ങളിലൂടെ സഞ്ചരിച്ച കലാകാരനെയാണ് നഷ്ടമായത്.

featured image caricature by Abraham Evangeline Joseph

 

Spread the love

18 Comments

Leave a Reply