Sunday, January 16

കേരളത്തിൽ ലെസ്ബിയൻ ജോഡികൾ ഒരുമിച്ച് താമസിച്ചാൽ എന്ത് സംഭവിക്കും?

“രണ്ട് സ്ത്രീകൾ പരസ്പരം ഇഷ്ട്ടപെടുന്നതിലോ, ഒരുമിച്ച് താമസിക്കുന്നതിലോ അസ്വാഭാവികമായി യാതൊന്നും തന്നെ ഇല്ല. ലെസ്ബിയൻസിനും സമൂഹത്തിൽ സ്വാഭാവിക ജീവിതം നയിക്കാൻ കഴിയും. ഞങ്ങൾ ഈ സമൂഹത്തിന് അത് കാണിച്ച് കൊടുക്കും.” ശ്രീജ

കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി രണ്ട് ലെസ്ബിയൻ ജോഡികളെ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ച് കൊണ്ട് ഉത്തരവിട്ടിരുന്നു.
അരുണയ്‌ക്കൊപ്പം ഒരുമിച്ച് താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീജ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ആണ് ഹർജിക്കാരിയ്ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവിട്ടത്. ഒരുമിച്ച് ജീവിക്കാനുള്ള അരുണയുടെയും ശ്രീജയുടെയും തീരുമാനത്തെ അരുണയുടെ വീട്ടുകാർ എതിർക്കുകയും അരുണയെ ബലമായി കൂട്ടികൊണ്ട് പോവുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ശ്രീജ ഹൈക്കോടതിയിൽ നിന്ന് ഇരുവർക്കും അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു.

ഇന്നലെ ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം അരുണയും ശ്രീജയും വീണ്ടും ഒരുമിച്ചു. കഴിഞ്ഞ മാസം 12നാണ് ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരെയും വേർപ്പെടുത്തി അരുണയുടെ വീട്ടുകാർ ബലമായി അരുണയെ പിടിച്ചു കൊണ്ട് പോയത്.

“എന്റെ പങ്കാളിയെ തിരികെ വീട്ടിലേക്ക് കൊണ്ട് വരാനായതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. അമ്മ ജീവനോട് ഉണ്ടായിരുന്നെങ്കിൽ അവരായിരിക്കും ഇതിൽ ഏറ്റവും കൂടതൽ സന്തോഷിക്കുക” ശ്രീജ പറഞ്ഞു.

ആർട്ടിക്കൽ 377 എടുത്തുകളഞ്ഞതിന് ശേഷം സ്വവർഗ്ഗ ലൈംഗീകതയുമായി ബന്ധപ്പെട്ട പുറത്ത് വരുന്ന ആദ്യവിധിയാണ് ഇതെന്ന് ശ്രീജയ്ക്ക് വേണ്ടി ഹാജരായ വക്കീൽ ഫെർഹ അസീസ് പറഞ്ഞു.

40 വയസ്സുള്ള ശ്രീജയും 24 വയസ്സുള്ള അരുണയും 2016ൽ ലെസ്ബിയൻ ഡേറ്റിങ് സൈറ്റ് വഴിയാണ് പരിചയപ്പെടുന്നത്. സൗഹൃദങ്ങൾക്കപ്പുറം ഇരുവരും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതോടെ ജൂലൈയോട് കൂടി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ആഗസ്റ്റ് 12ന് തിരുവനന്തപുരത്തെ സ്വന്തം വീടുവട്ടിറങ്ങിയ അരുണ കൊല്ലത്തെ ശ്രീജയുടെ വീട്ടിലേക്ക് പോരുകയായിരുന്നു. തുടർന്ന് അരുണയുടെ വീട്ടുകാർ അരുണയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് 13ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ അരുണയെ ശ്രീജയുടെ കൂടെ പോകാൻ കോടതി അനുവദിക്കുകയായിരുന്നു. എന്നാൽ കോടതിയ്ക്ക് പുറത്ത് അരുണയെ ബലം പ്രയോഗിച്ച് വീട്ടുകാർ കൂട്ടികൊണ്ട് പോവുകയായിരുന്നു. തുടർന്ന് വീട്ടുകാർ അരുണയ്ക്ക് മാനസികരോഗമാണെന്ന് കാണിച്ച് തിരുവനന്തപുരത്തുള്ള മാനസിക രോഗാശുപത്രിയിൽ ആക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് അരുണയെ കണ്ട ശ്രീജ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ഇരുവർക്കും അനുകൂലമായ വിധി നേടി എടുക്കുകയും ചെയ്തു.

ശ്രീജയുടെ സമരജീവിതം

വിദേശത്ത് ഒരു ബിസിനസ്സ് കമ്പനിയിൽ ജോലി നോക്കുകയാണ് ശ്രീജ. ചെറുപ്പത്തിലേ അച്ഛൻ മരിച്ച ശ്രീജയുടെ ‘അമ്മ ക്യാൻസർ ബാധിച്ച് 2012ൽ മരണപ്പെടുകയായിരുന്നു. “അമ്മയോട് താൻ ലെസ്ബിയൻ ആണെന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കത് നല്ല വിഷമം ഉണ്ടാക്കി. ഞാൻ എങ്ങനെ ജീവിക്കുമെന്നുള്ള കാര്യമോർത്തായിരുന്നു അമ്മയ്ക്ക് ടെൻഷൻ ഉണ്ടായിരുന്നത്. എന്നാൽ ഒരിക്കൽ പോലും അമ്മ എന്റെ ലൈംഗീകത സംബന്ധിച്ച തീരുമാനത്തെ അപമാനിച്ചിട്ടില്ല. എന്റെ പഠനം ഞാൻ പൂർത്തിയാക്കാൻ നിൽക്കാതെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്കെത്താൻ അങ്ങനെയാണ് വിദേശത്ത് ജോലിയ്ക്ക് പോയത്.”

സ്വവർഗ്ഗാനുരാഗം കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കു ശേഷം സ്വവർഗ്ഗ വിവാഹം നിയമപരമാക്കുന്നതിനായി തങ്ങൾ കാത്തിരിക്കുകയാണെന്നാണ് ഇരുവരും പറഞ്ഞത്. സുപ്രീം കടോത്തി വിധി വന്നെങ്കിലും ഇപ്പോഴും സ്വവർഗ്ഗാനുരാഗം മാനസിക രോഗമാണെന്ന് നിലയിലാണ് സമൂഹം കാണുന്നതെന്നും ഈ ചിന്താഗതിയ്ക്ക് മാറ്റം വരണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. “രണ്ട് സ്ത്രീകൾ പരസ്പരം ഇഷ്ട്ടപെടുന്നതിലോ, ഒരുമിച്ച് താമസിക്കുന്നതിലോ അസ്വാഭാവികമായി യാതൊന്നും തന്നെ ഇല്ല. ലെസ്ബിയൻസിനും സമൂഹത്തിൽ സ്വാഭാവിക ജീവിതം നയിക്കാൻ കഴിയും. ഞങ്ങൾ ഈ സമൂഹത്തിന് അത് കാണിച്ച് കൊടുക്കും.” ശ്രീജ പറഞ്ഞു. 

കടപ്പാട്: സ്ക്രോൾ

Spread the love

Leave a Reply