Friday, January 21

377ാം വകുപ്പ് സ്വാതന്ത്ര്യം, ചില സ്വവര്‍ഗ്ഗവിവരങ്ങള്‍

കഴിഞ്ഞ വ്യാഴാഴ്ച നമ്മുടെ പരമോന്നത നീതിപീഠം സുപ്രീം കോടതി ബ്രിട്ടീഷ് കാല നിയമമായ 377ാം വകുപ്പ് പരിഷ്കരിച്ചു. അതിലെ പ്രധാന തീരുമാനമാണ് സ്വവര്‍ഗ്ഗഭോഗം കുറ്റകരമല്ലാതാക്കല്‍. ആ നിലയ്ക്ക് സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് ചില ചിന്തകള്‍ ആകാം.

ഓക്സഫോര്‍ഡ് ഡിക്ഷനറി ഗേ (സ്വവര്‍ഗ്ഗഭോഗി) എന്ന പദത്തെ ഗൈ എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് എടുക്കുന്നത്.  മെറിയം വെബ്സ്റ്റര്‍ ആ പദത്തെ എടുത്തിട്ടുള്ളത് ജര്‍മ്മന്‍ ഉല്പത്തിയിലെ സജാതീയമെന്ന രീതിലുള്ള ഗാഹിയില്‍ നിന്നാണ്. ആ ജര്‍മ്മന്‍ പദത്തിന് വേഗതയുള്ളതും തീക്ഷ്ണവും എന്നാണ് അര്‍ത്ഥം. ഇരു ഭാഷകളിലെയും വാക്ക് ഇംഗ്ലീഷിലെത്തിയപ്പോള്‍ 12ാം നൂറ്റാണ്ടു മുതല്‍ 16ാം നൂറ്റാണ്ടു വരെ സന്തോഷകരം, ഉത്തേജിതം, ആനന്ദകരം,  അല്ലലില്ലാത്തത്, സമര്‍ത്ഥമായത് എന്നൊക്കെയാണ് അര്‍ത്ഥത്തിലായത്.

എന്നാല്‍ ചില പുസ്തകങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും പില്‍ക്കാലത്ത് ഗേ എന്ന പദം ഇരുപതാം നൂറ്റാണ്ടിലാണ് സ്വവര്‍ഗ്ഗഭോഗി എന്ന വ്യവഹാരത്തിലെത്തിയത്. അതാകട്ടെ ഇരുപതാം നൂറ്റാണ്ടിന് മുമ്പുള്ള വ്യവഹാരത്തെ മാറ്റിയെടുത്തതുമായിരുന്നു. 1960കളിലാണ് ആ പദം ഒരു സമൂഹത്തെ കുറിച്ചു തുടങ്ങിയതെന്നാണ് പ്രൊഫസര്‍ ആഷ്ലി ടെല്ലിസ് പറയുന്നത്. 1969ല്‍ ന്യൂയോര്‍ക്കില്‍ ആദ്യകാല സ്വവര്‍ഗ്ഗാനുരാഗ പ്രസ്ഥാനത്തിന്‍റെ ഭാഗമായി എല്‍ ജി ബി റ്റി സമൂഹവും പോലീസും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്നാണ് ഗേ (സ്വവര്‍ഗ്ഗാനുരാഗി) എന്ന പദം വന്നതെന്നാണ് എഴുത്തുകാരനും പൂനെ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പ്രൊഫസറുമായിരുന്ന ആര്‍. രാജാറാവു വ്യക്തമാക്കുന്നത്.  അക്കാലം തൊട്ടാണ് സ്വവര്‍ഗ്ഗാനുരാഗികള്‍ അവരുടെ അസ്തിത്വത്തിന്‍റെ ഭാഗമായി ആ പദം ഉപയോഗിക്കാന്‍ തുടങ്ങിയതും. അതാകട്ടെ നിങ്ങള്‍ക്ക് നല്ലത് എന്ന സംക്ഷേപമായിരുന്നു താനും. ആരംഭത്തില്‍ ഇംഗ്ലീഷില്‍ ‘Good As You’ എന്ന പ്രയോഗത്തിലെ വാക്കുകളിലെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് Gay എന്ന പദം ഉണ്ടായത്.

ഇന്ത്യയില്‍ 1970കളിലും 80കളിലുമാണ് പടിഞ്ഞാറന്‍ നാടുകളില്‍ പോയവര്‍ തിരികെ വന്ന് ഗേ എന്ന പദം സ്വവര്‍ഗ്ഗഭോഗി എന്ന നിലയില്‍ പ്രചാരത്തിലാക്കിയതെന്നാണ് ടെല്ലിസ് പറയുന്നത് . റാവുവും  എഴുത്തുകാരന്‍ ഹൊഷാങ് മെര്‍ച്ചന്‍റും പറയുന്നത്, സാമൂഹ്യപ്രവര്‍ത്തകനായ അശോക് റോ കവി ബോംബെ ദോസ്ത് എന്ന ആദ്യ എല്‍ ജി ബി റ്റി മാഗസിന്‍ തുടങ്ങിയ 1990കളിലാണ് ഗേ എന്ന പദം ഇന്ത്യയില്‍ പ്രചാരമായതെന്നാണ്.

ആഗോളതലത്തില്‍ സമൂഹത്തില്‍ ഗേ എന്ന പദം സ്വവര്‍ഗ്ഗഭോഗി എന്ന അര്‍ത്ഥത്തില്‍ പ്രചാരത്തിലായി എന്ന് പറയുന്ന ടെല്ലിസ് ഈ പദം ആരോഗ്യചികിത്സാസംബന്ധമായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. ദ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ വെബ്സൈറ്റ് സൂചിപ്പിക്കുന്നത്,  അമേരിക്കന്‍ മനഃശാസ്ത്ര അസോസിയേഷന്‍ ഡയഗ്ണോസ്റ്റിക് ആന്‍റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവലില്‍ നിന്നും 1980ല്‍ ഹോമോ സെക്ഷ്വാലിറ്റി എന്ന പദം നീക്കം ചെയ്തെന്നാണ്. ക്രമരഹിതമായ ഒരു സ്വഭാവവിശേഷം എന്ന നിലയിലായിരുന്നു അത് ഒഴിവാക്കിയത്.

എല്‍ ജി ബി റ്റി സമൂഹത്തിന് അവരുടേതായ പദപ്രയോഗങ്ങളുണ്ട്. അത് വിവിധ നഗരങ്ങളില്‍ വ്യത്യസ്തമായിരിക്കും. അത് ആ സമൂഹത്തില്‍ പൊതുസമൂഹത്തില്‍ നിന്നും വ്യത്യസ്തമായാണ് ഉപയോഗിക്കപ്പെടുന്നത്. ഉദാഹരണമായി ബോംബെയില്‍ യൂണിഫോമിലല്ലാത്ത പോലീസുകാരെ അറിയാന്‍ അവര്‍ ഘോഡി എന്ന പദമാണ് ഉപയോഗിക്കുന്നതെന്നാണ് അശോക് റോ കവി പറയുന്നത്.

സമകാലത്ത് ഗേ എന്ന പദം സ്വവര്‍ഗ്ഗഭോഗിയെ കുറിക്കുന്നതായി മാറി. ടൈസന്‍ ഗേ 100 മീറ്റര്‍ ഒളിമ്പിക് ട്രയല്‍ യോഗ്യത നേടിയപ്പോള്‍ ഒരു വാര്‍ത്താ വെബ്സൈറ്റ് എഴുതിയത് സ്വവര്‍ഗ്ഗഭോഗിക്ക് ഒളിമ്പിക് 100 മീറ്റര്‍ ട്രയല്‍ സാധ്യമായിരിക്കുന്നു എന്നാണ്. ഇതേപ്പറ്റി, ഈ തെറ്റ് വെബ്സൈറ്റിന്‍റെ എഡിറ്റോറിയല്‍ തകരാറാണെന്നാണ് 2017ല്‍ വാഷിങ്ടണ്‍ പോസ്റ്റ് എഴുതിയത്. അത് ഓട്ടക്കാരന്‍റെ പേരിന്‍റെ അവസാനഭാഗം തെറ്റായ നിഗമനത്തിലെടുത്തതിനാലാണെന്നും വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നു.  

ഓക്സഫോര്‍ഡ് ഡിക്ഷണറി ഗേ എന്ന പദത്തെ വിശേഷണ(Adjective)മായാണ് ആദ്യം നിര്‍വ്വചിക്കുന്നത്. ഒരു വ്യക്തി, പ്രത്യേകിച്ചും സ്വവര്‍ഗ്ഗഭോഗിയായ പുരുഷന്‍ എന്നാണ് തുടര്‍ന്ന് വ്യക്തമാക്കുന്നത്. ഗേ ലെസ്ബിയന്‍ എന്ന പദം പോലെ ലിംഗപരമല്ലെന്നാണ് റാവു പറയുന്നത്.  സ്ത്രീകളെ കുറിക്കാന്‍ ലെസ്ബിയന്‍ എന്ന പദം ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഗേ എന്ന പദം പുല്ലിംഗമാവുകയായിരുന്നു. ലിംഗഭേദപഠനങ്ങളില്‍ സ്വവര്‍ഗ്ഗഭോഗികളെ പരാമര്‍ശിക്കാന്‍ ഗേ മാന്‍ എന്ന് പ്രയോഗിക്കുന്നുമുണ്ട്. വിചിത്രസ്വഭാവമുള്ള അസ്തിത്വം സാര്‍വ്വത്രികവുമാണ്.

കുറച്ച് വര്‍ഷം മുമ്പ് മെറിയം വെബ്സ്റ്റര്‍ ഡിക്ഷണറിയിലെ ഗേ എന്ന പദത്തിന്‍റെ നിര്‍വ്വചനക്രമം മാറ്റാന്‍ വേണ്ടി ചെയ്ഞ്ച്.ഓര്‍ഗ് ഒരു നിവേദനം സമര്‍പ്പിക്കുകയുണ്ടായി. സന്തോഷകരമായി ഉത്തേജിച്ചത് എന്നായിരുന്നു മെറിയം വെബ്സ്റ്ററില്‍ ഗേ എന്ന പദത്തിന്‍റെ ആദ്യവിശദീകരണം. ഒരേ ലിംഗത്തിലുള്ള മറ്റൊരാളോട് തോന്നുന്ന ലൈംഗികാഭിനിവേശവുമായി ബന്ധപ്പെട്ടത് എന്നാണ് അവര്‍ നാലാമതായി വ്യക്തമാക്കുന്നത്. കൂടുതല്‍ സന്തോഷം തരുന്നത് എന്ന അര്‍ത്ഥത്തില്‍ ഗേ എന്ന പദം ആരുപയോഗിക്കും എന്നാണ് മെര്‍ച്ചന്‍റ് ചോദിക്കുന്നത്.

എല്‍ ജി ബി റ്റി സമൂഹം ഹോമോസെക്ഷ്വല്‍ എന്നതിനെക്കാള്‍ പുരോഗമനപരമായാണ് ഗേ എന്ന പദം ഉപയോഗിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം നിഷേധാര്‍ത്ഥത്തില്‍ ഉപയോഗിച്ച ബഹുഭൂരിപക്ഷമാണ്  ആ പദത്തെ ദുഷിപ്പിച്ചത്. 2008ലെ ബിബിസി പഠന റിപ്പോര്‍ട്ട് പറയുന്നത് ഗേ എന്ന പദം സ്കൂളുകളില്‍ അസഭ്യപദമായി കൂടുതലായി ഉപയോഗിച്ചിരുന്നുവെന്നാണ്.

സ്വവര്‍ഗ്ഗഭോഗികള്‍ വര്‍ഷങ്ങളായി സാമൂഹികവിവേചനത്തിനും നിയമപരമായ വെല്ലുവിളികള്‍ക്കെതിരെയും പോരടിക്കുകയായിരുന്നു. സ്വവര്‍ഗ്ഗഭോഗികളായ ആണുങ്ങളെയും പെണ്ണുങ്ങളെയും മാനസികരോഗികളായി കണ്ട് തൊഴിലിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുപോലും പുറത്താക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സുപ്രീം കോടതി വിധി അവര്‍ക്ക് നല്കുന്ന ആശ്വാസവും പരിഗണനയും ഏറെ വിലപ്പെട്ടതാണ്.

 

അവകാശങ്ങൾ അംഗീകരിക്കപ്പെട്ടപ്പോൾ, സ്വാഭിമാനത്തിനായി നിലകൊണ്ട ചില ജീവിതങ്ങളെ ഓർക്കാം… 

പുനർവായനക്കായി ഒരു ലസ്ബിയൻപ്രണയകാലം; കെ വേലപ്പന്‍റെ ലേഖനം… 

Spread the love