Wednesday, January 19

അവകാശങ്ങൾ അംഗീകരിക്കപ്പെട്ടപ്പോൾ, സ്വാഭിമാനത്തിനായി നിലകൊണ്ട ചില ജീവിതങ്ങളെ ഓർക്കാം

അവർ തെരുവുകളിൽ നിറഞ്ഞാടി അത്രയ്ക് സന്തോഷം അവരുടെ മുഖത്തും ശരീരത്തിലുമുണ്ടായിരുന്നു. ജനനത്തിന്‍റെ പേരിലും ലൈംഗികതയുടെപേരിലും ആക്രമിക്കപ്പെടുന്ന ഒരു സമൂഹത്തിന്‍റെ സ്വാഭിമാനത്തിന്‍റെ ആനന്ദമായിരുന്നു. ഡൽഹിയിലേയും പിന്നെ ഓരോ സംസ്ഥാനത്തിന്‍റെയും പൊതുഇടങ്ങളിൽ കണ്ടത്.

സ്വീറ്റ് മറിയം എന്ന പേരിൽ വിളിക്കപ്പെട്ടിരുന്ന  ട്രാൻസ് ആക്റ്റിവിസ്റ്റ് അഞ്ജലി സദാനന്ദൻ അതി ദാരുണമായി കൊലചെയ്യപ്പെട്ടത് കേരളത്തിലാണ്. എച്ച് ഐ വി ബാധിതയെന്നാരോപിച്ചായിരുന്നു മറിയത്തെ അതിക്രൂരമായി വെട്ടി നുറുക്കിയത്. ദുരഭിമാനത്തിന്‍റെ ക്രോധമടങ്ങാതെ ഒടുവിൽ മുളക് പൊടി കൂടി മുറിവുകളിൽ വാരി വിതറാനും നമ്മുടെ സമൂഹത്തിനായി. ഇതൊരൊറ്റപ്പെട്ട സംഭവമല്ല കേരളത്തിൽതന്നെ വീടിനുള്ളിൽ തൂങ്ങിമരിച്ച ഗൗരി പിന്നിടു നിരന്തരമായി,സദാചാര  പോലീസുകാരാലും യഥാർത്ഥപോലീസുകാരാലും ആക്രമിക്കപ്പെടുകയോ പീഡനങ്ങൾക്ക് വിധേയമാകപ്പെടുകയോ ചെയ്യുന്നവർ അനവധി. ഇത്തരം സംഭവങ്ങളിൽ പ്രധാന ഘടകം ലൈംഗികതതന്നെയാണ്. ഇന്ത്യൻ ജനാധിപത്യത്തിൽ ജന്മകാരണം കൊണ്ട് സാമൂഹിക നീതി നഷ്ടമാകുന്ന ദലിത് പാർശ്വവൽകൃതരേക്കാൾ ഭയാനകമാണ് ട്രാൻസ്ജെൻഡറുകളുടെ ജീവിതം.

ഇന്ത്യയിൽ മാത്രമല്ല ഇത്തരം ആക്രമങ്ങൾ നടക്കുന്നത്. കൊല്ലത്ത് നടന്ന സ്വീറ്റ് മറിയത്തിന്‍റെ കൊലപാതകത്തിനു സമാനമായ തരത്തിലായിരുന്നു  വര്‍ഷങ്ങള്‍ക്ക് മുന്‍പ്,  1998ൽ ദക്ഷിണാഫ്രിക്കയിൽ ആഫ്രോ അമേരിക്കനായ റീത്താ ഹെസ്റ്റർ കൊലചെയ്യപ്പെട്ടതും. മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന തരത്തിലാണവർ കൊലചെയ്യപ്പെട്ടതെന്നതുകൊണ്ടു തന്നെ ഈ ദിവസം പിന്നീട് ലോകമെമ്പാടും ട്രാൻസ് ജൻഡർ ദിനമായി തന്നെ പിന്തുടരുകയായിരുന്നു. തികച്ചും വിഭിന്നങ്ങളായ ആക്രമണങ്ങളല്ല ഇവർ നേരിടെണ്ടി വരുന്നത്. അതെല്ലാം പൊതുമനുഷ്യരുടെ കപടസാംസ്കാരിക ആധിപത്യബോധത്തിൽനിന്നും രൂപപ്പെട്ട അസഹിഷ്ണുതയുടെ ഫലങ്ങളായിരുന്നു.

റീത്താ ഹെസ്റ്റർ

ബംഗലരു നഗരത്തിൽ ബസ്സ്റ്റൊപ്പിൽ വച്ചു വസ്ത്രമുരിയപ്പെട്ട ക്രിസ്റ്റി രാജ്, ആൺസുഹൃത്താൽ കടത്തിക്കൊണ്ട് പോകപ്പെടുകയും കൂട്ടബലാൽസംഗത്തിനിരയാകുകയും അതിനുശേഷം ആസിഡാക്രമണത്തിനു വിധേയമാകുകയും ചെയ്ത സോണിയ. ഇവരിൽ പലരും പോലീസിൽ  പരാതിയുമായി ചെല്ലുമ്പോൾ ട്രാൻസ്ജൻഡർ എങ്ങനെ ബലാൽസംഗം ചെയ്യപ്പെടുമെന്ന പരിഹാസം നിറഞ്ഞ ചോദ്യങ്ങൾപോലും നേരിടേണ്ടിവന്നിട്ടുണ്ട്. പോലിസല്ല  ഡോക്ടർമാർവരെ ഇത്തരം സംശയമുന്നയിച്ച ചരിത്രമാണ് പൂനയിൽ കൂട്ടബലാൽസംഗത്തിനിരയായ ട്രാൻസ്ജെൻഡറുകൾക്ക് പറയാനുള്ളത്. നമുക്കറിയാം ആണിന്‍റെ ഗദ്ഗദങ്ങളും പെണ്ണിന്‍റെ നിലവിളിയും നൊമ്പരമാകുന്ന സമൂഹത്തിന് ഒരു ട്രാൻസ് വിങ്ങലുകളും വികാരങ്ങളും പരിഹാസവും അവജ്ഞയും നിറഞ്ഞ ഒരു മനോഭാവം മാത്രമേ സൃഷ്ടിക്കാൻ കഴിയുകയുള്ളു.’’ അതൊക്കെ’ അങ്ങനെതന്നെ എന്ന   സാമാന്യവൽക്കരണവും നടത്തും.

സോണിയ
സോണിയ ആസിഡ് ആക്രമണത്തിന് മുൻപും ശേഷവും

പ്രകൃതി വിരുദ്ധ ലൈംഗികതയെപറ്റിയുള്ള  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 ആണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി തിരുത്തിയത്.  അതായത്   പ്രകൃതി അനുശാസിക്കുന്ന ലൈംഗികതയ്ക്കപ്പുറം പോകുന്ന എല്ലാ  ലൈംഗികവേഴ്ചകളും ശിക്ഷാർഹമാണെന്ന നിയമമാണ് തിരുത്തപ്പെട്ടത്.

കുറച്ചുകൂടി വ്യഖ്യാനങ്ങൾ കോടതിയിൽ നിന്നുമുണ്ടായി. ലിംഗവ്യത്യാസമില്ലാതെ, ഉഭയ സമ്മതപ്രകാരമുള്ള എല്ലാ ലൈംഗിക ബന്ധങ്ങൾക്കും നിയമസാധുതയുണ്ടെന്ന് കോടതി വെളിപ്പെടുത്തുന്നു. ഒരാൾക്കും മറ്റൊരാളുടെ കിടപ്പുമുറിയിൽ എന്തു നടക്കുന്നുവെന്ന് എത്തിനോക്കാൻ അവകാശമില്ലെന്നും ലൈംഗികത തികച്ചും വ്യക്തിപരമായ ഒരു പ്രക്രിയയാണെന്നും വിധിയിൽ കൂട്ടിചേർക്കലുണ്ടാകുന്നു.

ഇതുവരേ അസംബന്ധമെന്നും തോന്നിയവാസമെന്നും വിഢിത്വമെന്നുമൊക്കെ പുറം കാഴ്ചക്കാർ വിളിച്ച ബന്ധങ്ങൾക്കാണിപ്പോൾ നിയമസാധുത കൈവന്നിരിക്കുന്നത്.

പുതിയ ഇന്ത്യയിൽ രണ്ടാം കിടപൗരത്വമവർക്കില്ലെന്നും LGBTയ്ക്ക് എല്ലാവിധ ഭരണഘടനാ പിന്തുണയും ഇനിയുണ്ടാകുമെന്നും നിയമം ഉറപ്പുനൽകുന്നുണ്ട്.

കോടതി വിധിയുടെ ചരിത്രം

Read Also  സ്വവര്‍ഗരതി ഇനി കുറ്റകൃത്യം അല്ല; നിയമവിധേയമാക്കി സുപ്രിം കോടതി ഉത്തരവ്

2001ൽ എച് ഐ വി എയ്ഡ്സ് ബാധിതർക്കായി പ്രവർത്തിക്കുന്ന സംഘടനയായ നാസ് ഫൗണ്ടേഷൻ ദൽഹി ഹൈകോടതിയിൽ  തുടങ്ങിവച്ച ഒരു നിയമ പോരാട്ടത്തിനാണ് ഇപ്പോഴന്ത്യമായത്.ഇതിനെ മുന്നിർത്തി 2009ൽ കോടതി പരാതിക്കാർക്ക് അനുകൂലമായി ഒരു റൂളിംഗും നൽകിയിരുന്നു.

നിയമപരമായ വിലയിരുത്തലിൽ ഒരുകുറ്റവും ചെയ്യാത്തവരായ , എന്നാൽ മറ്റുള്ളവർ കുറ്റവാളികളെന്ന് വിളിക്കുന്ന ഇവർ ജീവിതത്തിൻ്റെ വിവിധതലങ്ങളിൽ പലതരത്തിലുള്ള വിവേചനങ്ങൾക്ക് വിധേയമാകുന്നുവെന്നും 2009ലെ റൂളിംഗ് വ്യക്തമാക്കിയെങ്കിലും പിന്നിട്  സുപ്രീം കോടതി ഈ റൂളിംഗിനെ 2013ൽ തള്ളിക്കളയുകയാണുണ്ടായത്. പകരം നിയമനിർമ്മാണ സഭയാണിത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്നും സൂചിപ്പിച്ചു. ഇതു നിലവിൽ 2009 ൽ പൊരുതി നേടിയ വിജയത്തെ അല്ലെങ്കിൽ ഒരു സമൂഹത്തിൻ്റെ സ്വാഭിമാനത്തെ ചോദ്യംചെയ്യുന്നതായിരുന്നു. നിരവധി ആക്രമണങ്ങൾ ഇതിനുശേഷം ഇവർക്കു നേരിടേണ്ടതായി വന്നു. ബലാൽസംഗം ഉൾപ്പടെ, പോലീസ് ഉദ്യോഗസ്ഥന്മാർ പോലും ഇതിൽ പ്രതികളുമായിട്ടുണ്ട്.

പക്ഷേ  2016ൽ റൂളിനെ പുനർനിർണ്ണയിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അവർ സുപ്രീം കോടതിയിലെത്തിയത് മറ്റൊരു ചരിത്രം. പക്ഷേ അപ്പോഴേക്കും സമൂഹത്തിൽ അവർക്ക് വേണ്ടി വാദിക്കാൻ പലരും രംഗത്തെത്തിയിരുന്നു. വിശദമായ വിചാരണയ്ക്കായി അഞ്ചംഗ സമിതിയടങ്ങുന്ന ഒരു ബഞ്ചിൻ്റെ പരിഗണനയ്ക്ക് കേസ് കൈമാറി. ജുലൈ മുതൽ വാദം കേൽക്കുകയും ചെയ്തു.

 1860ൽ ബ്രിട്ടൻ്റെ കോളനികളിലൂടെ നിറവേറ്റപ്പെട്ട നിയമം, കൊളോണിയൽ അവക്ഷിപ്തമായി പല ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളും പിന്തുടരുകയായിരുന്നുവെന്നതാണ് ശരിക്കും യാഥാർത്ഥ്യം. പ്രകൃതി വിരുദ്ധസംഭോഗത്തിനു പുതിയ ഭേദങ്ങളും അവർകണ്ടെത്തി  സൊഡമിയെന്നും ഏനൽ സെക്സെന്നു മൊക്കെയുള്ള പ്രത്യക്ഷമായ വ്യഖ്യാനങ്ങൾ നൽകി വിവിധ ലൈംഗിക ബന്ധങ്ങളെ നിയമത്തിൻ്റെ നിഴലിലേക്ക് കൊണ്ടുവരികയും ചെയ്തു.

എഴുപതോളം കോമൺ വെൽത്ത് രാജ്യങ്ങളിത്തരം ലൈംഗിക ബന്ധങ്ങളെ ക്രിമിനൽ പ്രവർത്തനങ്ങളായി വ്യഖ്യാനിക്കുകയും ഇത്തരം കേസുകൾ കോടതിയുടെ പരിഗണനയ്കയക്കുകയും ചെയ്തതായും രേഖപ്പെടുത്തലുകളുണ്ട്.

എന്നാൽ ഇന്ത്യപോലൊരു രാജ്യത്ത് ഇപ്പോഴുണ്ടായ വിധിയുടെ നല്ലവശങ്ങൾ എത്രമാത്രം നടപ്പാകുമെന്ന കാര്യത്തിൽ ഹ്യൂമൻ റൈറ്റ് വാച്ച് പോലെയുള്ള സംഘടനകൾ സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ തൊഴിലിൻ്റെ കാര്യത്തിലും പുനരധിവാസത്തിൻ്റെ കാര്യത്തിലും ആരോഗ്യപരിപലനത്തിലുമെല്ലാം ഇവർക്ക് പ്രത്യേക പരിഗണനനൽകേണ്ടതായിട്ടുണ്ട്.

ഈ നിയമത്തിൽ അതിനുള്ള സാധുതകൂടി കണ്ടെത്തണം. അതിനുപരിജീവിതത്തിലും ഉപജീവനത്തിലും ലൈംഗികതയുടെ കാര്യത്തിലും ആത്മീയതയുടേതു പോലുള്ള അംശങ്ങൾ പ്രത്യേകിച്ചും ഇവരിൽ പലപ്പോഴും നിറഞ്ഞു നിൽക്കുമ്പോൾ.

മറ്റ് ചില സന്ദേഹങ്ങളും വ്യാഖ്യാനങ്ങളും ഇതിനോടനുബന്ധിച്ചുണ്ടാകൂന്നു. അതിൽ പലതും ലൈംഗിക ധാർമ്മികതയുമായും ലൈംഗിക പട്ടിണിയുമായും വളരെ അടുത്തു നിൽക്കുന്നതുമാണ് .ലൈംഗികത സന്താനോൽപാദനപ്രക്രിയയ്ക്ക് മാത്രമാണെന്ന വാദം തള്ളിക്കളയുന്നു. അതുപോലെ തന്നെ രതികാമനകൾ അക്രമാസക്തമാകാതിരിക്കാനും അത് ഉഭയസമ്മതമെന്ന വാക്കിൽ തളയ്ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

{അവകാശങ്ങൾ അംഗീകരിക്കപ്പെട്ടപ്പോൾ, സ്വാഭിമാനത്തിനായി നിലകൊണ്ട ചില ജീവിതങ്ങളെ ഓർത്തെടുക്കുകയാണ് ഇവിടെ. ഒരുപാട് വേദനകളിലൂടെയും അവഗണയിലൂടെയും കടന്ന് പോകുന്ന ട്രാൻസ് സമൂഹത്തിൽ എടുത്ത് പറയേണ്ട പല പേരുകളും ഇവിടെ പ്രതിപാദിക്കുന്നില്ല. വേദനകളിലൂടെയും അതിജീവനത്തിന്റെയും പാതയിൽ ജീവിതം കൊണ്ട് മറുപടി നൽകിയ ചില വ്യക്തിത്വങ്ങളെ മാത്രം ഓർക്കുന്നു. ആരെയും ഒഴിവാക്കിയതല്ലെന്നും മറന്നതല്ലെന്നും അറിയിക്കട്ടെ.}

 

Read Also  മലയാളത്തിൽ ആദ്യമായി ട്രാൻസ്ജെൻഡറിൻ്റെ കവിത പാഠ്യപദ്ധതിയിൽ

 

Spread the love