Wednesday, July 15

ലോക് ഡൗൺ നിയന്ത്രണ ലംഘനം കണ്ടെത്താൻ മിന്നൽപരിശോധനയെന്ന് ഡി ജി പി

കോവിഡ് 19 നെത്തുടർന്ന് ഏർപ്പെടുത്തിയ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി പോലീസ് മിന്നൽ പരിശോധന നടത്തുന്നു.
വാഹനങ്ങളിലെ അമിതയാത്രക്കാരെ കണ്ടെത്താനും ക്വാറൻ്റൈനിലിരിക്കുന്നവർ പുറത്തിറങ്ങുന്നുണ്ടോ എന്നു പരിശോധിക്കാനുമായാണ് പോലീസ് മിന്നൽ പരിശോധന നടത്തുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും വിദേശത്തുനിന്നുള്ള പ്രവാസികളുടെയും വരവ് തുടങ്ങിയതോടെ സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ കർശനമായി നടപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായും ഡി.ജി.പി. വെളിപ്പെടുത്തി.

ആരോഗ്യവകുപ്പിൻ്റെ മാനദണ്ഡങ്ങൾ പ്രകാരം ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താൻ പോലീസ് മിന്നൽ പരിശോധന നടത്തും. ഇതിനായി ബൈക്ക് പട്രോൾ, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാൽ അവരെ സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിയമനടപടികൾ സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിമാരോട് നിർദ്ദേശിച്ചിട്ടുണ്ട് – ഡി.ജി.പി. പറഞ്ഞു.

രോഗപ്രതിരോധനടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ വാർഡ് തല സമിതികൾ, ബൈക്ക് പട്രോൾ, ജനമൈത്രി പോലീസ് എന്നിവരുടെ പരിശോധനയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനമെന്നും നിരീക്ഷണത്തിൽ കഴിയുന്നവരോട് അടുത്ത് ഇടപഴകിയ ശേഷം വീട്ടുകാർ മറ്റു വീടുകൾ സന്ദർശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഡി.ജി.പി. പറഞ്ഞു.

ഇതുകൂടാതെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവയിൽ അനുവദനീയമായതിൽ കൂടുതൽ പേർ യാത്രചെയ്യുന്നത് നിരുത്സാഹപ്പെടുത്തുമെന്നും ഇത്തരം പ്രവണതകൾ തടയുന്നതിനായി വാഹനങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും ട്രാഫിക്കിനു കാര്യമായ തടസ്സമുണ്ടാകാത്ത തരത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ബെഹ്റ കുട്ടിച്ചേർത്തു.

മാത്രമല്ല ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ചിലർ മാസ്ക് ഉപയോഗിക്കുകയും ഹെൽമെറ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഹെൽമെറ്റ് ഉപയോഗിക്കുന്നവർ മാസ്ക് ധരിക്കാത്തതായും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിക്കും.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  അതിഥി തൊഴിലാളികൾ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു ; പോലീസ് ലാത്തി വീശി

Leave a Reply