Wednesday, January 27

‘ലോക്ക് ഡൗൺ’ വന്യമൃഗങ്ങൾ പട്ടണങ്ങളിൽ, വായുമലിനീകരണവും താഴേയ്ക്ക്

 

കോവിഡ് 19 വ്യാപനം മൂലം കേരളത്തിൽ അടച്ചിടൽ വ്യാപകമായതോടെ  അന്തരീക്ഷമലിനീകരണത്തോത് അവിശ്വസ്വനീയമായി താഴേക്കു പോവുകയാണ്. നിശ്ശബ്ദമായ ചുറ്റുപാടുകളിൽ ആകൃഷ്ടരായി സഹ്യൻ്റെ നെറുകെയിൽനിന്നും വന്യമൃഗങ്ങൾ പട്ടണങ്ങളിലേക്ക് സംഘമായി ഇറങ്ങുകയാണ്.

കിഴക്കൻമലയോരങ്ങളിൽ ഇത് പതിവായിരിക്കുന്നു. കടുവയും പുലിയും ആനകളും കരടികളും കേഴയും ആനയും മയിലുമെല്ലാം കാട് വിട്ട് നാട്ടിലേക്ക് വരുന്നത് മലയോരങ്ങളിലായിരുന്നെങ്കിൽ ഇന്ന് അവയെല്ലാം പട്ടണങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ലോക്ക് ഡൗൺ നീളുന്നതോടെ അന്തരീക്ഷത്തിൽ ശുദ്ധവായുവിൻ്റെ അളവ് വിസ്മയകരമായി ഉയരുകയാണ്. രാത്രി കാലങ്ങളിൽ വാഹനഗതാഗതവും പൂർണമായും നിശ്ചചലമാകുന്നതോടെ ഉൾക്കാട്ടിൽ മാത്രം കാണുന്ന കരടിയുൾപ്പെടെ നാട്ടിലേക്കിറങ്ങുന്ന കാഴ്ച പതിവാകുന്നു. പലയിടങ്ങളിലും സർക്കാർ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകേണ്ട സാഹചര്യവും ഉണ്ടായി.

കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ വനമേഖലയിൽ നിന്നും ദേശീയ പാതയും പട്ടണവും കടന്ന്  ജനവാസ മേഖലയിലേക്ക് കുഞ്ഞുങ്ങളുമായെത്തിയ പുലി  വളർത്തുനായയെ കടിച്ചുകൊന്നു. പിന്നാലെ കടുവയും ആനയും അന്തർസംസ്ഥാനപാത മുറിച്ചുകടന്നതും വലിയ വാർത്തയായി. ഒരിക്കലും കാടുവിട്ട് പുറത്തിറങ്ങാത്ത കരടിയാണ് ചിതറ പഞ്ചായത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം ഇത് കടയ്ക്കൽ പട്ടണത്തിന് സമീപമുള്ള കുറ്റിക്കാട്ടിലെത്തി  നിലയുറപ്പിച്ചിരിക്കുകയാണ്.

നാലു മാസം മുമ്പ് സംസ്ഥാനത്ത്  ഏർപ്പെടുത്തിയ ലോക്ഡൗൺ പിൻവലിച്ചെങ്കിലും ഇപ്പോഴും എല്ലാ ജില്ലകളുടെയും സിംഹഭാഗവും കണ്ടെയിൻമെൻ്റ്, ക്രിട്ടിക്കൽ കണ്ടയിൻമെൻ്റ് സോണായിരിക്കുകയാണ്. നിയന്ത്രണങ്ങൾ സകല മേഖലകളെയും സ്തംഭനത്തിലാക്കിയതോടെ വന്യമൃഗങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം വർദ്ധിച്ചു..

ലോക് ഡൗണിൻ്റെ ഫലമായി ജനജീവിതം ദുസ്സഹമാംവണ്ണം ദുരിതപൂർണമായെങ്കിലും ശുദ്ധവായുവിൻ്റെ അളവ് കൂടിയത് മനുഷ്യർക്ക് മാത്രമല്ല പ്രകൃതിയിലെ സഹജീവികളായ പക്ഷിമൃഗാദികൾക്കും ആശ്വാസകരമായി. നാലു മാസത്തിലേറെയായി നിരത്തിൽ വാഹനങ്ങളുടെ എണ്ണം ഗണ്യമായ തോതിൽ കുറഞ്ഞതോടെ അന്തരീക്ഷവായുവിന് പുതുജീവൻ വെച്ചിരിക്കുകയാണ്.

ദില്ലി പോലുള്ള നഗരങ്ങളിൽ അഭൂതപൂർവ്വമായി ശുദ്ധവായുവിൻ്റെ അളവ് ഉയർന്നിരുന്നു. കേരളത്തിലെ നഗരങ്ങളിലെയും അന്തരീക്ഷവായുവിലെ അപകടകരമായ ഘടകങ്ങൾ പകുതിയായി കുറഞ്ഞതായി മലിനീകരണ നിയന്ത്രണവിഭാഗം വെളിപ്പെടുത്തി.

ഇന്ത്യയിലെ 120 നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരമാണ് പഠനവിധേയമാക്കിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളും പഠനവിധേയമാക്കി.

ലോക്ഡൗൺ കാലത്ത് ആളുകൾക്ക് വീടിനുള്ളിൽ തന്നെ കഴിയേണ്ടിവന്നതും വാഹന ഗതാഗതം ഏറെക്കുറെ പൂർണമായി നിശ്ചലമായതും നമ്മുടെ നഗരങ്ങളിലെ അന്തരീക്ഷവായുവിന് പുതിയ ജീവൻ പകർന്നു. കൂടാതെ ഫാക്ടറികൾ പലതും അടച്ചുപൂട്ടി.

സംസ്ഥാനത്തെ നഗരങ്ങൾ ഇന്നത്തെ തോതിൽ വളർന്നതിനു ശേഷം ഇത്തരമൊരു സാഹചര്യം ചരിത്രസംഭവമായിരുന്നു. കാർബൺ പുറന്തള്ളലും പൊടിപടലങ്ങളും മൂലം ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം ഗുരുതരനിലയിലേയ്ക്ക് നീങ്ങുന്നതിനിടെയായിരുന്നു അന്തരീക്ഷവായുവിന് പുതുജീവൻ നൽകിയ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചത്

Spread the love
Read Also  അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കില്ലെന്ന് പൊലീസ് ; തലസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ