Wednesday, July 8

  സ്ക്രീനിൽ നിന്നും മനസിലേക്കു യാത്ര ചെയ്ത മനുഷ്യരെ നൽകിയ എഴുത്തുകാരൻ..

വി. കെ. അജിത്ത് കുമാർ
സ്ക്രീനിൽ നിന്നും മനസിലേക്കു യാത്ര ചെയ്ത മനുഷ്യരെ നൽകിയ എഴുത്തുകാരൻ.. ലോഹിതദാസിനെ അങ്ങനെ കാണാനാണിഷ്ടം. തനിയാവർത്തനത്തിലെ ഉന്മാദിയാക്കപ്പെട്ട ബാലൻ മാഷിന്‍റെ വേദന ലോഹിതദാസെന്ന  എക്കാലത്തെയും ശ്രദ്ധേയനായ എഴുത്തുകാരനെ മലയാളത്തിനു നൽകുകയായിരുന്നു.

എം.ടി മലയാള സിനിമയിൽ പറഞ്ഞവസാനിപ്പിച്ചിടത്തു നിന്നും തുടങ്ങിയ യാത്രയെന്നു പറയാം,ഇരുട്ടിന്‍റെ ആത്മാവിൽ നിന്നും തനിയാവർത്തനം ആരംഭിക്കുമ്പോൾ.. സിനിമയുടെ വിപണന സാധ്യതയെന്ന പരിഗണന കൂടി ലോഹിയുടെ സാന്നിദ്ധ്യം കൊണ്ട് ഉറപ്പിച്ചു തുടങ്ങിയെന്നു പറയുന്നതാവും ശരി. സിബി മലയിൽ എന്ന സംവിധായകന്‍റെ മറ്റൊരു ആഖ്യാനശൈലിക്കു കൂടി ഇത് കാരണമായി.

പക്ഷേ പിന്നീട് പഴയ നാടകമൊരെണം സിനിമയാക്കി വന്ന (വിചാരണ) രണ്ടു പേർക്കും അല്പം പിഴച്ചു. മെലോ ഡ്രാമയും അമിതമായ സെന്റിമെൻസും കൊണ്ടല്പം വഴിവിട്ടു പോയ സിനിമ എന്നാൽ അതിനു ശേഷം  ഈ കുട്ടുകെട്ടിന്റെ ചിത്രങ്ങൾ മലയാളിക്ക് കണ്ണീരെന്ന സാന്ദർഭികപ്രതികരണത്തിനുപരി വേദനയെന്ന അവസ്ഥയാണ് നൽകിയത്.

അച്ഛനും മകനും സഹോദരങ്ങൾ തമ്മിൽ കൂട്ടുകാർ തമ്മിൽ ഉണ്ടാക്കുന്ന ബന്ധം തീവ്രവും ദൃഢവുമാണെന്ന് ലോഹിയുടെ തൂലികയിലൂടെ പ്രേക്ഷകർ അറിഞ്ഞു. സേതുമാധവൻ ഏതൊരു വീട്ടിലെയും പ്രതീക്ഷയായിരുന്നു. സാഹചര്യങ്ങൾ ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന് പല തവണ നമ്മൾ സ്ക്രീനിൽ കണ്ടെങ്കിലും കിരീടം നൽകിയത് ഒരു തരം വല്ലാത്ത അനുഭവമായിരുന്നു. അനാവശ്യ കഥാപാത്രങ്ങൾ ഒരു സിനിമയ്ക്ക് ആവശ്യമില്ലെന്ന രേഖപ്പെടുത്തലാണ് ഹൈദ്രോസെന്ന സൈഡ്റോൾ പോലും നമ്മുടെ മനസിലേക്ക് കടന്നു വരാൻ കാരണമാകുന്നത്.

in

     അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ വ്യാഖ്യാനിക്കുന്നതിനുപരി താതവാൽസല്യങ്ങളാണ് ലോഹിയുടെ തൂലികയ്ക്ക് പ്രിയമായത്. അമരത്തിലൂടെ ഇത് നമ്മൾ അനുഭവിച്ചറിഞ്ഞു. കാലത്തിനു മുൻപേ പറഞ്ഞു വച്ച സിനിമയായ ദശരഥം പേരുകൊണ്ടു പോലും അത്തരമൊരു ബന്ധത്തിന്റെ തന്നെ കഥയാണ് പറഞ്ഞത് .അമ്മയെപ്പോലെന്നെ കരുതാമോയെന്ന് നായകൻ വീട് ജോലിക്കാരിയോട് ചോദിക്കന്നിടത്ത് സിനിമ അവസാനിക്കുന്നുവെങ്കിലും താത ഹൃദയത്തിന്റെ വേദന തന്നെയാണ് പറഞ്ഞു വച്ചത്. തനി കൊമേ ഴ്ഷ്യൽ സെറ്റപ്പിൽ ചെയ്ത കൗരവർ എന്ന സിനിമയിൽ പോലും ലോഹിതദാസ്  പറഞ്ഞത് ഇതുതന്നെയാണ്.

ഇതിനനുബന്ധം തന്നെയാണ് ആദ്യമായി സംവിധായകനായപ്പോളും ,ഭൂതക്കണ്ണാടിയിലൂടെ ലോഹിതദാസ്മുന്‍പോട്ടു വച്ചത്  . അച്ഛന്‍റെ മകളെ പറ്റിയുള്ള ഉൽക്കണ്ഠയും അവളുടെ അവസ്ഥയെ പറ്റിയോർത്തുണ്ടായ ഉൻമാദവസ്ഥയുമെല്ലാം വളരെ കലാപരമായിത്തന്നെ ഒരുക്കാൻ അദ്ദേഹത്തിനായി.

ഒരു പക്ഷേ മലയാള സിനിമയിൽ തമ്പുരാൻ കളി തുടങ്ങിയത് ലോഹിതദാസ് ഒരുക്കിയ ഹൈനസ് അബ്ദുള്ളയിലൂടെയാണ് .എന്നാൽ അബ്ദുള്ള നൽകിയ ഫീലല്ല പിന്നീടു വന്ന തമ്പുരാക്കൻമാർ നൽകിയതെന്നിടത്താണ് ലോഹിതദാസ് വ്യത്യസ്തനായത്..

കഥകൾ സ്ക്രീനിൽ വഴങ്ങുന്നിടത്താണ് ഒരു തിരക്കഥാകൃത്ത് വിജയിക്കുന്നത്. നഖക്ഷതങ്ങൾക്ക് ശേഷം താരമൂല്യം തീരെയില്ലാതെ പിറന്ന സല്ലാപമെന്ന പ്രണയസിനിമ പിൽക്കാല താരങ്ങളെ സൃഷ്ടിക്കുക കൂടിയായിരുന്നു. സാധാരണ മനുഷ്യരിലൂടെ സഞ്ചരിച്ച സിനിമ.. പ്രണയത്തിനും ജീവിതത്തിനും നൽകിയത് ഒരു ‘ലോഹി വ്യാഖ്യാനം ‘ കൂടിയായിരുന്നു. ‘

Read Also  'മീ ടൂ' വിന് കാരണം പുരുഷന്മാരുടെ ഭക്ഷണ രീതി; പീഡിപ്പിക്കുന്നവരെ കല്ലെറിയാൻ നിയമം വേണം: ഷീല

കാലത്തിന്‍റെ യും ജീവിതത്തിന്‍റെ യും ആസുരതയെ കൃത്യമായി അടയാളപ്പെടുത്തിയ കന്മദം സിനിമാപ്രേമിയായ മലയാളിക്ക്ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ്.കല്ലുമലയ്ക്ക് അടിയിലെവിടെയോ നീരുറഞ്ഞുണ്ടാകുന്ന കന്മദം പോലെ യഥാർത്ഥ്യത്തിന്‍റെ പരുക്കൻ ഭാവത്തിനപ്പുറമുള്ള ജീവിതമെന്ന കേവലമായ അവസ്ഥ ബോധ്യമാക്കിയ മെയിൻ സ്ട്രീം സിനിമമെന്ന് ഇതിനെ വിലയിരുത്താം ഒരു പ്രേക്ഷകനെന്ന നിലയിൽ സിനിമയെ വിലയിരുത്താൻ പ്രാപ്തനായ കാലത്ത് വ്യവസായ സിനിമയ്ക്ക് പുതിയ വ്യാഖ്യാനം നൽകിയ ലോഹിതദാസിന്‍റെ സാന്നിധ്യം ശരിക്കും ഞങ്ങളുടെ പ്രായത്തിലുള്ള ഒരു പ്രേക്ഷകനിൽ സിനിമയെ പറ്റിയുള്ള തിരക്കഥയെപ്പറ്റിയുള്ള സ്വയം ബോധം വളർത്തുവാൻ സാധിച്ചു.

സല്ലാപത്തിൽ ഒരു സീനുണ്ട്.ഷാപ്പിൽ സ്ഥിരമായി കള്ളുകുടിക്കാനെത്തുന്ന മാള അരവിന്ദന്‍റെ കഥാപാത്രം ‘മൻമഥ ലീലയെ കാണായോ,‘ എന്ന പാട്ടും പാടി എപ്പോഴും കൊണ്ട് നടക്കാറുള്ള ഒരു സഞ്ചി സ്ഥിരമായി തൂക്കിയിടാറുള്ള ആണിയിൽ , അത് മനോജ് കെ ജയൻ എടുത്തു കൊണ്ട് പോയതറിയാതെ ,മറ്റെവിടേക്കോ നോക്കി നിന്ന് കൈ കൊണ്ട് തിരയുന്ന സീൻ … ശരിക്കും ഇത് മതി ലോഹിയെന്ന കഥാകാരൻ ചുറ്റുമുള്ള മനുഷ്യരെ എത്രമാത്രം നിരീക്ഷിരുന്നുവെന്ന് മനസിലാക്കാൻ .. ഇത്രയേറെ ജീവിതത്തോടത്തു നിന്ന കഥാകാരനെ മലയാളത്തിനു നഷ്ടമായതിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത് പിറക്കാനിരുന്ന കഥയുടെ നീരുറവകളായിരുന്നു.

Spread the love