Monday, July 6

ശൈലി, സങ്കേതം, പ്രമേയം ; ഫ്രാൻസിസ് നെറോണ, ശ്രീജിത്ത് കൊന്നോളി, മഹേഷ് വെട്ടിയാർ ഇവരുടെ കഥകളിലൂടെ എം ടി രാജലക്ഷ്മി

ഭാഷാപോഷിണി, മാധ്യമം, സമകാലിക മലയാളം എന്നീ മൂന്ന് ആനുകാലികങ്ങളിൽ ഒരേ കാലയളവിൽ പ്രത്യക്ഷപ്പെട്ട മൂന്ന് കഥകൾ ശൈലി, സങ്കേതം, പ്രമേയം എന്നിവയിലെല്ലാം വ്യത്യസ്തമായ നിലപാടുകളാണ് കാഴ്ചവച്ചിരിക്കുന്നത്.മലയാളകഥയുടെ ഭാവനാപരമായ ഔന്നത്യത്തെ നവകാലത്തിന്റെ കഥകൾ സാക്ഷ്യപ്പെടുത്തുന്നു എന്നുതന്നെ കരുതാവുന്ന വിധത്തിൽ ഈ നിലപാടുകളെ വിലയിരുത്താവുന്നതാണ്.


എനം
( ഭാഷാപോഷിണി )
…………………………………..
ഫ്രാൻസിസ് നെറോണയുടെ ‘എനം’ എന്ന കഥ പഴമയിൽനിന്ന് വിനിമയം ചെയ്യപ്പെട്ടുവന്ന വിശ്വാസങ്ങളും നവകാലത്തിന്റെ നവോത്ഥാന ചിന്തകളും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടും വെളിവാക്കുന്ന സന്ത്രാസങ്ങളുടെ അവതരണമാണ്. കെട്ടഴിയാതെ ഇഴുകിക്കിടക്കുന്ന ജീവിതത്തിന്റെ ചാഞ്ചാട്ടങ്ങളെ വായനക്കാരിലെത്തിക്കാനുള്ള കഥാകാരന്റെ ഉദ്യമമാണ് കഥയുടെ ശ്രദ്ധാകേന്ദ്രം. തികച്ചും പ്രാദേശികമായ ഭാഷാപ്രയോഗങ്ങൾ തെക്കൻ കേരളത്തിന്റെ വായനയ്ക്ക് ആയാസകരമായ യത്നമാകുമെന്ന് സംശയിക്കുന്നു.
ആർത്തവവുമായി ബന്ധപ്പെട്ട ചടങ്ങുകളിലൂടെ കടന്നുപോകുന്ന ഒരു കുടുംബം, അവരെച്ചേർന്നു നിൽക്കുന്ന പുരോഗമനചിന്ത പേറുന്ന സലിലയുടെ കുടുംബം ,സവർണ്ണനായ അനൂപിനോടുള്ള സലിലയുടെ പ്രണയം ,സവർണ്ണാനുഷ്ഠാനങ്ങൾ വെടിഞ്ഞ് മാവോയിസത്തോടടുത്തുനിൽക്കുന്ന അനൂപിന്റെയും കൂട്ടരുടേയും പ്രവർത്തനവഴികൾ, അതിനോടിണങ്ങിക്കൊണ്ട് മലചവിട്ടാൻ തയ്യാറെടുക്കുന്ന സലില, അതിനു പ്രതിബന്ധമായി കടന്നുവരുന്ന സ്വാഭാവികമായ ചില തടസ്സങ്ങൾ, മണ്ണിനെയും, മണ്ണിലൂന്നിയ വേരുകളേയും അടർത്തിമാറ്റാനാവില്ലെന്ന അനൂപിന്റെ ആത്യന്തികമായ തിരിച്ചറിവ് – ഇങ്ങനെ നിരവധി കണ്ണികളെ ഇണക്കി മുന്നോട്ടുപോകാനാണ് കഥാകാരൻ ശ്രമിച്ചതെങ്കിലും ഒന്നോ രണ്ടോ വായനയിൽ പിടിതരാത്തവിധം കഥാഗതി ചിതറിപ്പോയതായി അനുഭവപ്പെട്ടു. സ്ഥൂലത അല്പമൊന്നു കുറച്ച്, ചില വിളക്കുകണ്ണികൾകൂടെ ചേർത്ത് കഥാചിത്രം തെളിച്ചെടുത്തിരുന്നെങ്കിൽ കഥയ്ക്ക് കൂടുതൽ തെളിച്ചവും, ആർജ്ജവവും കൈവന്നേനേ.എന്നാൽ പഴമയും പുതുമയും ഇഴുകിയ രചനാശൈലിയും, ഒരു പുരുഷന്റെ പെൺകാഴ്ചകളുടെ തനിമയും ഈ കഥയെ വേറിട്ടതാക്കുന്നു.

ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്നങ്ങൾ ( മാധ്യമം)
……………………………………
ശ്രീജിത്ത് കൊന്നോളിയുടെ . ‘ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്നങ്ങൾ ‘ എന്ന കഥ മനുഷ്യന്റെ അസ്തിത്വദുഃഖത്തിന്റെ മറ്റൊരു മുഖം അനാവരണം ചെയ്യുന്നു. ആ അസ്തിത്വവ്യഥ അവന്റെ ജനിതകഘടനയുമായി അഥവാ പാരമ്പര്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
വലിയ വീട്ടിലെ നായ തിന്നുന്ന ബിരിയാണി മണത്തെ ചുറ്റിപ്പറ്റുന്ന രണ്ടു പേർ കാര്യസ്ഥന്റെ കണ്ണിൽ കള്ളനാകുന്നത് മണം കട്ടതുകൊണ്ടു മാത്രമാണെന്ന നിരീക്ഷണം നമ്മുടെ തലച്ചോറിലും രാസമാറ്റങ്ങളുണ്ടാക്കുന്നു. മണത്തിനുപോലും അധികാരികളുണ്ടെന്ന് ഞെട്ടലോടെ വായനക്കാരൻ ഓർക്കുന്ന നിമിഷം.
പാരമ്പര്യത്തിന്റെ അങ്ങേക്കണ്ണിയിലെ അടിമത്തവും വേർതിരിവും വിശപ്പുംപോലും ‘ജനിതകമുള്ളായി’ തുടർതലമുറകളിലൂടെ പടരുന്നു എന്നതിന് നേർസ്സാക്ഷ്യമായ സുനിലിന്റെ ജീവിതം അയാളുടെതന്നെ സ്വഗതാഖ്യാനമായി കഥയിലൂടെ ഊർന്നിറങ്ങുകയാണ്.വിദ്യാസമ്പന്നനായിട്ടും മെസ്സിക്കൊപ്പം വളർന്ന കളിക്കാരനായിട്ടും മനുഷ്യനോടു മത്സരിക്കാനാവാത്ത പതനത്തിൽ അവനെ കൊണ്ടുചെന്നെത്തിക്കുന്നത് പാരമ്പര്യത്തിലെ ഇല്ലായ്മകൾതന്നെയാണെന്നിടത്ത് ഒരു വ്യവസ്ഥിതിയുടെ പൊള്ളത്തരവും പരാജയവുമാണ് കഥാകാരൻ തുറന്നിടുന്നത്.
മനുഷ്യനോട് മത്സരിച്ചാൽ ജയിക്കില്ലാത്തതു കൊണ്ട് നായയോടും, ആടിനോടും മത്സരിച്ച് അവയിലെ തുല്യത എന്ന അവസ്ഥയെ പ്രാപിക്കാനാഗ്രഹിക്കുന്ന മനുഷ്യജൻമം! അത് നോവിന്റെ ചാട്ടുളി തറയ്ക്കുന്ന അനുഭവമാണ് വായനക്കാർക്ക് തരുന്നത്. പുഴുവിനെപ്പോലെ നിസ്സാരമായിപ്പോകുന്ന നരജൻമത്തിന്റെ നിന്ദ്യത നമ്മിലേക്ക് സംക്രമിപ്പിക്കുകയാണ് കഥാകാരൻ.
” പാരമ്പര്യം മനുഷ്യരിൽമാത്രമാണ് ഇത്രയും വേർതിരിവുകൾ ഉണ്ടാക്കുന്നത്. മറ്റുള്ള ജീവികൾക്കിടയിൽ നമ്മളോളം തരഭേദങ്ങൾ കുറവാണ്. അവർക്കിടയിൽ കുലമഹിമയുടെ തലയെടുപ്പില്ലല്ലോ. സമാനതകൾക്കു വേണ്ടിയുള്ള സമരങ്ങളില്ലല്ലോ. മനുഷ്യൻ ഒരു വലിയ മടുപ്പാണ്.ജനനത്തിനും മരണത്തിനുമിടയിലുള്ള ആനമടുപ്പ്. “
എന്ന് ഒരുവനെക്കൊണ്ടു പറയിക്കുന്ന നിസ്വതയുടെ ആഴം പൊള്ളിപ്പിക്കുന്ന നോവാണ്. അതുകൊണ്ടുമാത്രം ഒരുവൻ നായോ ആടോ ആകാൻ കൊതിക്കുന്നത് മനുഷ്യലോകത്തിന്റെ അസമത്വത്തിന്റെ പാരമ്യമാണ്.ഈ നൊമ്പരച്ചുഴികൾക്കു മുകളിൽ വെളിച്ചത്തിന്റെ മറയായി എന്നും ആഘോഷപൂർവ്വം ഉദിക്കുന്ന സൂര്യൻ വെളുക്കെച്ചിരിക്കുന്ന സമൂഹത്തിന്റെ പൊള്ളത്തരമാണ്. വായനക്കാരന്റെ തലച്ചോറിൽ തീക്ഷ്ണമായ സ്ഫോടനങ്ങളുണ്ടാക്കാൻ ഈ വീക്ഷണങ്ങളിലൂടെ കഥാകാരന് സാധിച്ചിട്ടുണ്ട്.
കാലികപ്രസക്തമായ കഥയ്ക്ക് വാങ്മയചിത്രങ്ങളുടെ സമൃദ്ധിയും, പ്രൗഢഭാഷയും ശക്തമായ രചനാ ശയ്യ ഒരുക്കിയിരിക്കുന്നു. എന്നാൽ ആഖ്യാനശൈലിയിൽ വിവരണാത്മകത മുഴച്ചുനിൽക്കുന്നത് വായനസുഖത്തിന് നേരിയ മങ്ങലുണ്ടാക്കി.

Read Also  മാധ്യമത്തിനും മീഡിയ വണ്ണിനും ഐ.എസ്. റിക്രൂട്മെന്റിൽ പങ്ക്; ഗുരുതര ആരോപണവുമായി മന്ത്രി കെ. ടി. ജലീൽ

 

അവരും ഗന്ധർവ്വനും
(സമകാലിക മലയാളം)
…………………………………
മഹേഷ് വെട്ടിയാർ എഴുതിയ ‘അവരും ഗന്ധർവ്വനും’ എന്ന കഥ സാധാരണ കഥാപരിസരത്തു നിന്നുകൊണ്ടുതന്നെ ഒരു ഫിക്ഷൻ സാധ്യത ആരായുന്നു. പുതിയ സങ്കേതമെന്ന നിലയ്ക്ക് നവകാലിക കഥാകൃത്തുക്കൾ പല രംഗങ്ങളിലായി ക്യാമറ ഫോക്കസ് ചെയ്ത് കഥ അവതരിപ്പിക്കുന്ന രീതിയാണ് ആഖ്യാനത്തിനായി കഥാകൃത്ത് അവലംബിച്ചിട്ടുള്ളത്.


ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു യുവതിക്ക് അപഥ സഞ്ചാരമായുണ്ടാകുന്ന ഗന്ധർവ്വ സേവയും, അത് കണ്ടുപിടിക്കാനും സാധിക്കുമെങ്കിൽ തങ്ങൾക്ക് അവളെ ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ട് സദാചാരപ്പോലീസാകുന്ന നാൽവർസംഘവും മറ്റുള്ളവരുമൊക്കെച്ചേർന്ന് കഥാഗതി നിയന്ത്രിക്കുന്ന ഈ കഥയിൽ പ്രമേയത്തിന് വലിയ പുതുമയൊന്നുമില്ല. കഥ പറഞ്ഞു പോകുന്നതിലെ ഒരു ജിജ്ഞാസയാണ് കഥയുടെ മുതൽക്കൂട്ട് .ആ ജിജ്ഞാസയ്ക്ക് മറുപടിയാകാത്ത കഥാന്ത്യം കഥാകൃത്ത് കൃത്രിമമായി ഫിക്ഷനിൽ കൊണ്ടവസാനിപ്പിച്ചുവെന്ന തോന്നൽ വായനക്കാരിൽ ജനിപ്പിക്കാതിരിക്കില്ല.ചിലർക്കുമാത്രം ദൃഷ്ടിഗോചരമാകുന്ന ഗന്ധർവ്വനെ വിശ്വാസ്യതയുള്ള സ്വാഭാവിക കഥാപാത്രമായി നിലനിർത്തുന്നതിൽ കഥാകൃത്ത് വേണ്ടത്ര വിജയിച്ചില്ല. ഭാഷാസൗകുമാര്യത്തിന്റെ അഭാവവും കഥയിൽ മുഴച്ചു നിൽക്കുന്നുണ്ട്. കഥാപശ്ചാത്തലം ഒട്ടൊക്കെ തനിമയോടെതന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രമേയത്തിലെ കൃത്രിമത്വത്തിന് വിശ്വാസ്യതയുടെ പിൻബലം കൊടുക്കാനാവാതെ വന്നത് ഇക്കഥയെ ദുർബലമാക്കി.
നവകാലത്തിന്റെ കഥകൾ മുൻകഥാകാലങ്ങളെപ്പോലെ യഥാതഥം, ഭാവുകത്വം, അതിഭാവുകത്വം എന്നിങ്ങനെയുള്ള അതിർവരമ്പുകളുടെ അടയാളപ്പെടുത്തലുകൾക്കപ്പുറമുള്ള ഗ്രാഫ് കാണിക്കുന്നത് വരാൻപോകുന്ന കഥാകാലത്തിന്റെ വിശാലതയെക്കുറിക്കുന്ന ശുഭസൂചനയായിത്തന്നെ പരിഗണിക്കാവുന്നതാണ്.

Spread the love