Wednesday, June 23

മാടമ്പ് കടന്നു പോകുമ്പോൾ

കെ രാജേഷ് കുമാർ

മലയാള നോവലുകൾ ആർത്തി പിടിച്ചു വായിച്ച യൗവനാരംഭ കാലത്താണ് മാടമ്പിൻ്റെ നോവലുകൾ വായിക്കുന്നത്. അക്കാലത്ത് പുസ്തകങ്ങൾ സ്വന്തമായി വാങ്ങി വായിക്കാനുള്ള പാങ്ങൊന്നുമില്ല. ഗ്രാമത്തിൽ ഒരു വിളക്കായി ശോഭിക്കുന്ന പബ്ലിക് ലൈബ്രറിയായിരുന്നു ആശ്രയം. പുസ്തകങ്ങൾ തെരഞ്ഞു പിടിച്ചു വായിക്കുകയായിരുന്നില്ല. കൈയിൽ ആദ്യം തടയുന്നത് എടുത്ത് അതിവേഗം പാരായണം ചെയ്തു തീർക്കുകയാണ്. പുസ്തകങ്ങളോട് കേരളീയർക്ക് വലിയ പ്രിയമുള്ള കാലം കൂടിയായിരുന്നു അത്. ആധുനികത സാഹിത്യത്തിലേക്ക് എത്തിനോക്കിയ കാലം. നോവലുകളിൽ ആധുനികത കത്തിജ്ജ്വലിച്ചു കഴിഞ്ഞിരുന്നു. ഭാഷയും പ്രമേയവും അതിൻ്റെ ലാളിത്യം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.

മാടമ്പു കുഞ്ഞുകുട്ടൻ്റെ അശ്വത്ഥാമാവും ഭ്രഷ്ടുമൊക്കെ ഈ കാലത്ത് വായിച്ചു. നമ്പൂതിരി സമുദായത്തിൻ്റെ പശ്ചാത്തലത്തിൽ ഉരുവം കൊണ്ട നോവലുകൾ .പുല്ലാശ്ശേരി മനയ്ക്കൽ കുഞ്ചുണ്ണി എന്ന അശ്വത്ഥാമാവിലെ നായക കഥാപാത്രത്തിൽ ആധുനിക നോവലുകളിൽ പൊതുവേ കാണുന്ന നായക കഥാപാത്രങ്ങളുടെ ചില സ്വഭാവസവിശേഷതകൾ അടങ്ങിയിട്ടുണ്ടായിരുന്നു. കഥയുടെ പശ്ചാത്തലത്തിൽ നമ്പൂതിരി സമുദായം നിറഞ്ഞു നിന്നത് മാടമ്പിനെ വേറിട്ടു നിർത്തി. നമ്പൂതിരി സമുദായത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാള കൃതികളുടെ തുടർച്ചയെന്ന നിലയിൽ മാടമ്പിൻ്റെ ആദ്യ കൃതിയായ അശ്വത്ഥാമാവിനെ കാണുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. നരക ദു:ഖങ്ങൾ അനുഭവിക്കുന്ന അന്തർജ്ജനങ്ങൾ – നങ്ങേ മയും ഉണ്യേമയും – ആ തുടർച്ചയെ ഓർമ്മിപ്പിക്കുന്നു.

അശ്വത്ഥാമാവോടെ മലയാള നോവലിൽ ഒരു മാടമ്പുകാലം തുടങ്ങുകയായി. ‘ഭ്രഷ്ട് ‘ ആണ് മാടമ്പിൻ്റെ ഏറ്റവും മികച്ച നോവൽ. എഴുപതുകളിൽ മലയാളത്തിൽ ഉണ്ടായ എണ്ണംപറഞ്ഞ നോവലുകളിലൊന്നാണ് ‘ഭ്രഷ്ട് ‘ . ചരിത്ര മാനങ്ങളുള്ള ഒരു സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി മാടമ്പ് ‘ഭ്രഷ്ട് ‘എഴുതി. ചരിത്രത്തിലേക്ക് ഭാവനയെ സന്നിവേശിപ്പിക്കുന്നതിൽ നല്ല കൈയടക്കം മാടമ്പ് ഈ നോവലിൽ കാട്ടി. മാടമ്പിൻ്റെ പ്രതിഭ പൂത്തു വിടർന്നത് ഭ്രഷ്ടിലാണ്. കുറിയേടത്ത് താത്രിയെ പാപ്തിക്കുട്ടിയായി മാടമ്പ് അവതരിപ്പിച്ചത് നാളേ കാലങ്ങളിലും വായിക്കപ്പെടും. ആ അർത്ഥത്തിൽ മലയാളത്തിലെ ക്ലാസ്സിക് നോവലുകളിലൊന്നായി ഭ്രഷ്ടിനെ കരുതാം. നമ്പൂതിരി സമുദായത്തിലെ ജീർണ്ണതകളെ അതിൻ്റെ തീവ്രതയിൽ മാടമ്പിനോളം മറ്റാരും ആവിഷ്കരിച്ചിട്ടില്ല .’ ഭ്രഷ്ട് ‘ ആണ് അതിനു തെളിവ്.

മഹാപ്രസ്ഥാനം ,മാരാരാശ്രീ, അവിഘ്നമസ്തു തുടങ്ങി മാടമ്പിൻ്റെ പല നോവലുകളും ശ്രദ്ധേയങ്ങളാണ്. മികച്ച ചെറുകഥകളും ആ തൂലികയിൽ നിന്ന് ജന്മമെടുത്തിട്ടുണ്ട്.

‘പോത്ത് ‘ എന്ന ഒരു ചെറിയ നോവൽ ആ കാലത്ത് കുറേക്കാലം എൻ്റെ പക്കൽ എങ്ങനെയോ വന്നു പെട്ടിരുന്നു. കുറേക്കാലം അത് സ്വന്തം പോലെ കൈയിലിരുന്നു. മികച്ച ഒരു നോവലല്ല അത്. എന്നാലും മറ്റൊന്നും ഇല്ലാത്തപ്പോൾ പോത്തെടുത്ത് വായിക്കുമായിരുന്നു. മാടമ്പ് എന്ന് ആ പുസ്തകത്തിൻ്റെ കവറിൽ എഴുതിയിരുന്നത് എത്രയോ പ്രാവശ്യം കണ്ടു കണ്ടു പോയിരിക്കുന്നു.

പിന്നെ മാടമ്പിനെ ടി.വിയിലാണ് കാണുന്നത് .ഏറെ വർഷങ്ങൾ കഴിഞ്ഞ്. ഏഷ്യാനെറ്റിലാണെന്നു തോന്നുന്നു, ആന വിശേഷങ്ങൾ പരമ്പരയായി മാടമ്പ് അവതരിപ്പിക്കുന്നു. അന്ന് മകൻ കൊച്ചു കുട്ടിയാണ്. അവനീ ആനക്കഥകൾ കാണുന്നത് ഇഷ്ടമായിരുന്നു. അവനൊപ്പം മാടമ്പ് എന്ന ആനമർമ്മജ്ഞനെ കണ്ടിരുന്നു. മാടമ്പ് അഭിനയിച്ച അശ്വത്ഥാമാവ് സിനിമയൊന്നും കണ്ടിരുന്നില്ല .നടനായും തിരക്കഥാകൃത്തായുമൊക്കെ മാടമ്പ് പ്രസിദ്ധനായി.

Read Also  അറ്റുപോകാത്ത ഓർമ്മകൾ ; പ്രൊഫ.ടി. ജെ.ജോസഫിൻ്റെ ആത്മകഥ

കൊടുങ്ങല്ലൂരിൽ ബിജെപി സ്ഥാനാർത്ഥിയുമായി ഒരിക്കൽ. തപസ്യയുടെ അദ്ധ്യക്ഷനും. അത്തരം രാഷ്ടീയമൊക്കെ മാടമ്പിൻ്റെ വ്യക്തിപരമായ കാര്യം.

ഭ്രഷ്ടും അശ്വത്ഥാമാവും മറ്റും എഴുതിയ മാടമ്പിനെ മലയാളിക്ക് മറക്കാനാവില്ല. നമ്മുടെ നോവൽ സാഹിത്യ ശാഖയിൽ അടയാളങ്ങൾ പതിപ്പിച്ചിട്ടാണ് മാടമ്പ് പോകുന്നത്. ശാസ്ത്ര സാങ്കേതിക യുഗത്തിനെ കൊഞ്ഞനം കുത്തി വൈറസ് വിളയാടുകയാണ്. കോവിഡ് മാടമ്പിനെയും കൊണ്ടുപോയിരിക്കുന്നു. വിട.

Spread the love