Monday, January 17

മാധ്യമം പത്രം പൂട്ടുന്നുവെന്നത് വ്യാജ വാർത്ത; നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ്

മാധ്യമം പത്രം പൂട്ടുന്നുവെന്ന എക്സ്പ്രസ് കേരള എന്ന ഓൺലൈൻ മാധ്യമത്തിന്റെ വ്യാജ വർത്തയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാധ്യമം മാനേജ്‌മെന്റ്. മലയാളിയുടെ മനം കവർന്ന മാധ്യമ സംസ്ക്കാരം അവസാനിക്കുന്നുവെന്ന് തലക്കെട്ടോടെയാണ് എക്സ്പ്രസ് കേരളയിൽ വ്യാജ വാർത്ത പ്രത്യക്ഷപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം വരുമാനത്തിൽ ഉണ്ടായ ഇടിവാണ് പത്രം പൂട്ടുന്നതിലേയ്ക്ക് എത്തിയതെന്നും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു.

ജമാഅത്തെ ഇസ്ലാമിക്കോ ഐഡിയല്‍ പബ്ലിക്കേഷനോ ആയിരുന്നില്ല ഗള്‍ഫ് മാധ്യമത്തിന്റെ ഉടമസ്ഥാവകാശം. വി.കെ ഹംസ അബ്ബാസായിരുന്നു ഗള്‍ഫ് മാധ്യമത്തിന്റെ ചീഫ് എഡിറ്ററും ഉടമയും. വാര്‍ത്തകള്‍ക്കും രൂപകല്‍പ്പന അടക്കമുള്ളവക്ക് മാധ്യമം പത്രത്തിന് എഡിറ്റോറിയില്‍ സഹകരണത്തിന് നിശ്ചിക തുക നല്‍കുകയും പരസ്യവരുമാനമടക്കമുള്ളവ ഹംസ അബ്ബാസ് എടുക്കുന്നതുമായിരുന്നു കരാര്‍. മാധ്യമത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന വമ്പന്‍ സംഗീത, നൃത്ത പരിപാടികളുടെ വരുമാനവും ഹംസ അബ്ബാസിനായിരുന്നുവെന്നും എക്സ്പ്രസ് കേരള റിപ്പോർട്ട് ചെയ്തിരുന്നു.

സൗദിയിലെ സ്വദേശി വല്‍ക്കരണം കാരണം ചെറുകിട കച്ചവടക്കാര്‍ പൂട്ടിപ്പോയതോടെ പരസ്യവരുമാനം ഗണ്യമായി കുറഞ്ഞു. നിതാഖത്തില്‍ മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കുമടങ്ങിയതോടെ വായനക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. വിദേശ ഫണ്ടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണം വന്നതോടെ ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയിലായി. അല്‍ജസീറ മോഡലില്‍ മലയാളത്തില്‍ 2013ല്‍ മീഡിയ വണ്‍ ന്യൂസ് ചാനല്‍ തുടങ്ങിയെങ്കിലും അതും ലാഭത്തിലായില്ല. പ്രതിസന്ധി കാരണം മീഡിയ വണ്ണില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മാധ്യമം പത്രത്തില്‍ അടുത്തിടെ ജീവനക്കാര്‍ക്ക് ശമ്പളവും ഘട്ടംഘട്ടമായാണ് നല്‍കിയിരുന്നത്. ഇത്തരത്തില്‍ കടംവാങ്ങി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന നിലപാടിലാണ് മാധ്യമം മാനേജ്‌മെന്റ്. തേജസിന്റെ വഴി തെരഞ്ഞെടുത്ത് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകും മുന്‍പേ പ്രവര്‍ത്തനം നിര്‍ത്തി ഓണ്‍ലൈനില്‍ ശ്രദ്ധകേന്ദ്രീകരിക്കാമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. എന്തു പ്രതിസന്ധി അതിജീവിച്ചും മാധ്യമം നിലനിര്‍ത്തണമെന്ന അഭിപ്രായം ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിലെ ചിലര്‍ക്കുണ്ടന്നും എക്സ്പ്രസ് കേരള റിപ്പോർട്ട് ചെയ്‌തു.

എന്നാൽ വിവിധ വിഷയങ്ങളിൽ മാധ്യമം സ്വീകരിച്ചു വരുന്ന ജനാധിപത്യ സമീപനത്തോട് വിരോധമുള്ള വിരുദ്ധ കേന്ദ്രങ്ങൾ ഒരു പോലെ ഈ വ്യാജ പ്രചാരണത്തിൽ കണ്ണി ചേർന്നത് കൗതുകകരമാണ്. മാധ്യമത്തിനെതിരായ വ്യാജ വാർത്തകൾക്ക് നേതൃത്വം നൽകുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിന്റെ പ്രചാരണം ഏറ്റെടുക്കുന്നവർക്കെതിരെയും അപകീർത്തിക്കേസ് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മാധ്യമം മാനേജമെന്റ് വ്യക്തമാക്കിയത്.

മൂല്യാധിഷ്ഠിത പത്ര പ്രവർത്തനത്തിലൂടെയും ജനോപകാരപ്രദമായ സാമൂഹിക പങ്കാളിത്ത സംരംഭങ്ങളിലൂടെയും മലയാളി മനസ്സിൽ മുൻ നിര സ്ഥാനം നേടിയ ‘മാധ്യമ’ത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ നടത്തിവരുന്ന വ്യാജ പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ സജീവ ഇടപെടലുമായി മുന്നേറുന്ന പത്രത്തിനെതിരെ നിക്ഷിപ്ത താൽപര്യക്കാർ പടച്ചുണ്ടാക്കുന്ന വ്യാജ കഥകൾ പ്രബുദ്ധരായ മാധ്യമ സ്നേഹികൾ തള്ളിക്കളയുമെന്നും മാധ്യമം മാനേജ്‌മെന്റ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറഞ്ഞു.

Spread the love
Read Also  സൈന്യത്തിന്റെ ആക്രമണമെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വീഡിയോ

Leave a Reply