അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയനാടകങ്ങളാണു മഹാരാഷ്ട്ര തലസ്ഥാനത്ത് അരങ്ങേറുന്നത്. ശിവസേന-ബി.ജെ.പി സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പു വേളയില്‍ ധാരണയിലെത്തിയ അധികാര പങ്കിടല്‍ വ്യവസ്ഥ ബി.ജെ.പി നടപ്പാക്കിയാല്‍ മതിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേന 56 എംഎല്‍എമാരെ ബാന്ദ്രയിലെ റിസോര്‍ട്ടിലേക്ക് മാറ്റി . ഉദ്ദവ് താക്കറെ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്നാരോപിച്ച് ശിവസേന രംഗത്തെത്തി. എംഎല്‍എമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയെ ഉണ്ടാകണമെന്നാണ് എന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു. ശിവസേനയുടെ പുതിയ എംഎല്‍എമാരെ ചിലര്‍ പണം ഉപയോഗിച്ച് ചാക്കിടാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള പരാതികള്‍ കൂടിവരുന്നു. നേരത്തെയുണ്ടായിരുന്ന സര്‍ക്കാര്‍ മണി പവര്‍ ഉപയോഗിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, ആരും സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുന്നില്ല. അതിനാല്‍ ശിവസേന മുഖ്യമന്ത്രിയെ ആണു കര്‍ഷകര്‍ക്ക് ആവശ്യം 

ഇതിനിടെ സംസ്ഥാനത്തെ ബി ജെ പി നേതാക്കൾ ഗവർണറെ കണ്ടു. സഖ്യസർക്കാർ പ്രാവർത്തികമാകുന്നില്ലെങ്കിൽ രാഷ്ട്രപതി ഭരണംവേണമെന്നാണു ബി ജെ പി നിലപാട്.  തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണു ആർ എസ് എസ്  ആഗ്രഹിക്കുന്നതെന്ന് മേധാവി മോഹൻ ഭഗവത് അറിയിച്ചിരുന്നു.

അതേസമയം രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രിപദം നല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രം ബി.ജെ.പി ശിവസേനയെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ മതിയെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. ശിവസേനാ എം.എല്‍.എമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ ആദ്യം ഉന്നയിച്ച ഡിമാൻ്റിൽ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ചത്.

‘ബി ജെ പിയുമായുള്ള സഖ്യം തകര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പി വാക്കുപാലിച്ചാല്‍ മതി. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ തീരുമാനമെടുത്തത് അംഗീകരിച്ചാല്‍ ബി.ജെ.പിയുടെ ഉന്നതരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് നല്‍കുമെന്ന് ഉറപ്പിച്ചിട്ട് ബി.ജെ.പി വിളിക്കട്ടെ. എന്നാല്‍ ചര്‍ച്ചകള്‍ക്ക് പോവാം. അല്ലെങ്കില്‍ ഞങ്ങളെ വിളിക്കേണ്ടതില്ല.’- ഉദ്ധവ് താക്കറെ പറഞ്ഞു.

‘ശിവസേന ആത്മാഭിമാനമുള്ള പാര്‍ട്ടിയാണ്. ഒറ്റയ്ക്ക് അധികാരം കൈക്കലാക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. തെരഞ്ഞെടുപ്പിലുണ്ടാക്കിയിരുന്ന ധാരണ പ്രകാരം വാക്കു പാലിക്കാന്‍ ബി. ജെ. പി തയ്യാറാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കൊണ്ട് പ്രയോജനമില്ല’. ഉദ്ധവ് താക്കറെ പറഞ്ഞു.

ശിവസേന ആസ്ഥാനത്ത് താക്കറെയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എല്ലാ എം.എല്‍.എമാരും പങ്കെടുത്തിരുന്നു. സേനയുടെ 50:50 ഫോര്‍മുലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ‘സേനാ അധ്യക്ഷന് തീരുമാനമെടുക്കാനുള്ള എല്ലാ അധികാരവും ഞങ്ങള്‍ നല്‍കി. അദ്ദേഹമാണ് ഞങ്ങള്‍ക്ക് അവസാന വാക്ക്. മുഖ്യമന്ത്രിപദം തുല്യമായി വീതിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതു പോലെതന്നെ ശിവസേനയില്‍ നിന്നു മുഖ്യമന്ത്രിയുണ്ടാകും.’- എം.എല്‍.എ അബ്ദുള്‍ സത്താര്‍ നബി മാധ്യമങ്ങളോട് വെളിപ്പെടുത്തി

Read Also  വനാവകാശനിയമങ്ങളെക്കുറിച്ചു അറിവുപകര്‍ന്നു ഗാഡ്ഗിൽ മഹാരാഷ്ട്ര ഗ്രാമസഭകളില്‍

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here