Friday, September 17

മലമ്പുഴ ‘രണ്ടാംനേമം’ ; ബി ജെ പി ക്ക് വഴിയൊരുക്കി കോൺഗ്രസ്സ്, പ്രതിഷേധം ശക്തം

മലമ്പുഴ നിയോജക മണ്ഡലത്തെ ബി ജെ പി ക്കുവേണ്ടി രണ്ടാം നേമമാക്കി കോൺഗ്രസ്സ് നീക്കം. മണ്ഡലത്തിൽ  ഭാരതീയ നാഷണൽ ജനതാദളിന് നൽകിയത് ബി ജെ പി സ്ഥാനാർഥിയുടെ ജയത്തിനുവേണ്ടിയുള്ള വഴിയൊരുക്കലാണെന്നാണ് കോൺഗ്രസ്സ് പ്രവർത്തകർ തന്നെ ആരോപിക്കുന്നത്.

ഈ നീക്കത്തിനെതിരേ കോൺഗ്രസിൽ പ്രതിഷേധം ശക്തമാവുക യാണ്. ബി.ജെ.പി.രണ്ടാംസ്ഥാനത്തുളള മലമ്പുഴയിൽ  നേമം ആവർത്തിക്കുമെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.

കൂടാതെ നെന്മാറ, കോങ്ങാട് മണ്ഡലങ്ങൾ ഘടകക്ഷികൾക്ക് നൽകിയതിനെതിരേയും സമാനമായ പ്രതിഷേധമാണ് കോൺഗ്രസിൽ നിന്ന് ഉയരുന്നത്. കോൺഗ്രസ്സ് – ബിജെപി നീക്കുപോക്കിനെതിരെ  ഡിസിസി ഓഫീസിലക്ക് പുതുശ്ശേരി കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് അച്ചുതാനന്ദനാണ് വിജയിച്ചത്. ഇവിടെ രണ്ടാം സ്ഥാനം ബി ജെ പിക്കായിരുന്നു.  മലമ്പുഴ സീറ്റ് ഭാരതീയ നാഷണൽ ജനതാദളിനാണെന്നറിഞ്ഞതോടെ മണ്ഡലത്തിൽ ഉടനീളം പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

മലമ്പുഴയിൽ മത്സരിക്കാൻ താല്പര്യമറിയിച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനും കത്തയച്ചിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് മലമ്പുഴയിൽ യാതൊരു സാന്നിധ്യവുമില്ലാത്ത  പാർട്ടിക്ക് നൽകിയതെന്നാണ് പാർട്ടി പ്രവർത്തകർ ആരോപിക്കുന്നത്.

പാലക്കാട് നഗരസഭയിൽ ബിജെപിയാണ് ഭരിക്കുന്നത്. ബിജെപിക്ക്ശക്തമായ വേരോട്ടമുളള മലമ്പുഴ സീറ്റ് വിജയിപ്പിക്കാനായി കോൺഗ്രസ്സ് ഇത്തവണ ദുർബലരായ  ഭാരതീയ നാഷണൽ ജനതാദളിന് മണ്ഡലം വിറ്റുവെന്നാണ് പ്രവർത്തകർ ഉന്നയിക്കുന്ന ആരോപണം.

സിഎംപിക്ക് നൽകിയ നെന്മാറ സീറ്റിനെ ചൊല്ലിയും കോൺഗ്രസിൽ കലാപം ഉയർന്നിട്ടുണ്ട്. എം.വി.രാഘവൻ മത്സരിച്ചിരുന്ന സീറ്റ് എന്ന കാരണം കൊണ്ടുമാത്രമാണ് ഈ സീറ്റ് സിഎംപിക്ക് നൽകിയത്. ഇവിടെയും കച്ചവടം നടന്നതായി കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. കോൺഗ്രസ്സിനു ജയസാധ്യതയുള്ള സീറ്റുകൾ ദുർബലരായ ഘടകകക്ഷികൾക്ക് നൽകുമ്പോൾ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്ന സീറ്റുകളിൽ ബി ജെ പി വോട്ടു ചെയ്യും എന്നാണ് പ്രചാരണം.

അച്ചുതാനന്ദൻ മത്സരരംഗത്തില്ലാത്തതിനാൽ സി പി എം – കോൺഗ്രസ്സ് കടുത്ത മത്സരത്തിന് വഴിയൊരുങ്ങിയിരിക്കുകയായിരുന്നു. അപ്പോഴാണ് സീറ്റുകച്ചവടവുമായി യു ഡി എഫ് നേതാക്കൾ രംഗത്തിറങ്ങുന്നത് എന്നാണ് പ്രാദേശിക കോൺഗ്രസ്സ് നേതാക്കളുടെ ആരോപണം

 

Spread the love
Read Also  കോൺഗ്രസ്സും ലീഗുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തൽ