Thursday, January 20

മലങ്കരസഭയിലെ ലൈംഗീകാരോപണം: പോലീസും വനിത കമ്മീഷനും എവിടെ?

കുമ്പസാരരഹസ്യം ഉപയോഗിച്ച് വൈദീകര്‍ സ്ത്രീയെ കൂട്ടമായി പീഢിപ്പിച്ചുവെന്ന കേസില്‍ പോലീസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാനേതൃത്വം. യുവതിയുടെ ഭര്‍ത്താവ് സഭാനേതൃത്വത്തിന് പരാതി നല്‍കി രണ്ടു മാസം ആവുമ്പോഴും പോലീസില്‍ പരാതി നല്‍കാന്‍ സഭാനേതൃത്വമോ ഇരയോ തയ്യാറായിട്ടില്ല. മേയ് ഏഴിന് നിരണം രൂപത നേതൃത്വത്തിന് പരാതി നല്‍കിയെന്നാണ് ഇരയായ തിരുവല്ലാക്കാരി യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
ആരോപണം ഗുരുതരമായിട്ടും ഇക്കാര്യത്തില്‍ സംസ്ഥാന വനിത കമ്മീഷനോ പോലീസോ സ്വമേധയാ കേസെടുക്കാത്തതും ദുരൂഹമാണ്. ഇതിനിടെ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ വനിത കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനിലും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു. സത്യം കണ്ടെത്തുന്നതിന് സഭയുടെ ആഭ്യന്തര സമിതി നടത്തുന്ന അന്വേഷണം മതിയെന്നാണ് ഓര്‍ത്തഡോക്‌സ് സഭ നേതൃത്വത്തിന്റെ നിലപാട്. പ്രമുഖ അഭിഭാഷകരും മുതിര്‍ന്ന പുരോഹിതരും അടങ്ങുന്ന അന്വേഷണ സമിതിക്ക് സത്യം പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നും അതിനാല്‍ പോലീസ് അന്വേഷണം ആവശ്യമില്ലെന്നും സഭ സെക്രട്ടറി ബിജു ഉമ്മന്‍ വിശദീകരിക്കുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അതുകൊണ്ടാണ് ആരോപണ വിധേയരോട് അവധിയില്‍ പോകാന്‍ സഭ നേതൃത്വം നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പോലീസില്‍ പരാതി നല്‍കുന്നതില്‍ യുവതിയുടെ ഭര്‍ത്താവിന് വിമുഖതയുണ്ടെന്നാണ് അന്വേഷണ സമിതി അംഗവും സഭയുടെ പ്രവര്‍ത്തകസമിതി അംഗവുമായ ഫാദര്‍ എംഒ ജോണ്‍ പറയുന്നത്. പരാതി ലഭിച്ചയുടനെ പോലീസില്‍ പരാതിപ്പെടാനാണ് സഭാനേതൃത്വം യുവതിയുടെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ലെന്നുമാണ് ഫാദര്‍ ജോണ്‍ നല്‍കുന്ന വിശദീകരണം. സഭാനേതൃത്വം തന്നെ നടപടി സ്വീകരിക്കണമെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആഗ്രഹമെന്നും ഫാദര്‍ ജോണ്‍ കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വൈദീകര്‍ രാജ്യത്തെ നിയമനടപടികള്‍ അനുവിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സഭ സമിതിയുടെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മേയ് ഏഴിന് വൈദീകര്‍ക്കെതിരെ പരാതി ലഭിച്ചിട്ടും ഇതുവരെ ഇരയെ കാണാന്‍ അന്വേഷണ സമിതി തയ്യാറായിട്ടില്ലെന്നാണ് ആരോപണം. ഇരയുടെ ഭര്‍ത്താവുമായി തങ്ങള്‍ സംസാരിച്ചുവെന്നും യുവതിയെ കാണാന്‍ ഇതുവരെ അവസരം ലഭിച്ചില്ലെന്നുമാണ് ഇതിന് ഫാദര്‍ ജോണ്‍ നല്‍കുന്ന വിശദീകരണം. ജൂലൈ അവസാനത്തോടെ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇത്തരം ഒരന്വേഷണത്തില്‍ രണ്ടു മാസം ഒരു വലിയ കാലതാമസമല്ലെന്നും എല്ലാ തെളിവുകളും പരിശോധിച്ചതിന് ശേഷം മാത്രമേ ഒരു നിഗമനത്തില്‍ എത്താന്‍ സാധിക്കുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇതിനിടെ സഭയുടെ അന്വേഷണ സമിതിക്ക് ആരോപണം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചെന്ന് സൂചനയുള്ളതായി മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തു. പുരോഹിതര്‍ക്ക് യോജിക്കാത്ത ഇടപെടലുകള്‍ വൈദീകരുടെ ഭാഗത്തുനിന്നുണ്ടായെന്നും വിശ്വാസികളായ സ്ത്രീകളോടും കുടുംബങ്ങളോടും പുലര്‍ത്തേണ്ട മര്യാദകള്‍ പാലിച്ചില്ലെന്നുമാണ് വിവരമെന്നും മാതൃഭൂമി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ വൈദീകരെ അവരുടെ ചുമതലകളില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. കുറ്റവാളികളാണെന്ന് തെളിഞ്ഞാലും ഇവരുടെ വൈദീക പട്ടം റദ്ദാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Spread the love
Read Also  കിളിനക്കോടിനെക്കുറിച്ച് വീഡിയോ ഇട്ട പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

Leave a Reply