Thursday, February 25

ഓരോ മില്ലീമീറ്ററിലും ‘ബ്രില്യൻസ്’ നിറയുന്ന ദൃശ്യം 2 ഉം ഒന്നര മണിക്കൂർ കൊണ്ട് മനസിൽ കടന്ന ‘ലൗ’ ഉം.

Love എന്ന ഒരു ചിത്രം നെറ്റ് ഫ്ലിക് സ് പ്ലാറ്റ്ഫോം റിലീസ് ചെയ്തിട്ടുണ്ട്. ദൃശ്യം 2 ചവുട്ടിമെതിച്ചു കൊണ്ടിരിക്കുന്ന നവ മാധ്യമ ഇടത്തിലെത്തിയ Love ഒഴിഞ്ഞുമാറി നിൽക്കുന്നു. പാരമ്പര്യ കുടുംബ ബന്ധത്തിൻ്റെയും മാനാഭിമാനങ്ങളുടെയും തിൻമകളെ മറ്റ് ചില മാനസിക പ്രക്രിയകൾ കൊണ്ട് ന്യായീകരിക്കുകയും ചെയ്യുകയാണ് ദൃശ്യം മൂവികൾ രണ്ടും.പ്രായപൂർത്തിയാകാത്ത ഒരു യുവാവിൻ്റെ ജീവിത ചുറ്റുപാടുകളിൽ നിന്നുണ്ടായ അധമ ചിന്ത മൂലം അയാൾ കൊല ചെയ്യപ്പെടുകയും കൊലപാതകം ഒളിപ്പിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന നായകനുമാണല്ലോ ദൃശ്യത്തിൽ കണ്ടത്. കൗമാരക്കാരൻ്റെ ചപലതകൾ കൊലപാതകത്തിനേക്കാൾ വലിയ പാപമായി വിലയിരുത്തപ്പെടുന്ന സാമൂഹിക അവസ്ഥയുടെ കൈയടിയാണ് ദൃശ്യത്തിൻ്റെ വിജയവും ദൃശ്യം രണ്ടിൻ്റെ ജനനവും.
മലയാളിയുടെ സദാചാര ബോധത്തിൻ്റെ പകർപ്പുകളാണ് ഈ ചിത്രങ്ങൾ. അറിയാതെ ചെയതു പോയ ഒരു വലിയ തെറ്റ് മറയ്ക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്തു കൂട്ടി ഒടുവിൽ നിയമ പാലകരുടെ കാൽചുവട്ടിൽ തന്നെ തെളിവ് കുഴിച്ചിട്ട് കൈയടി നേടുന്ന നായകൻ അയാളുടെ ജീവിത ചുറ്റുപാടു കൊണ്ട് ന്യായീകരിക്കപ്പെടുകയായിരുന്നു ആദ്യ ഭാഗത്ത് എങ്കിൽ കുറഞ്ഞ കാലം കൊണ്ട് സമ്പന്നനായ ഇയാൾ പണവും ബുദ്ധിയും കൊണ്ട് രക്ഷപെടുന്നതാണ് തുടർ ഭാഗത്തുള്ളത്.നടക്കട്ടെ  ജോർജ്‌ കുട്ടിയുടെ മെഗാഷോ തുടർന്നുകൊണ്ടിരിക്കും. എന്തോ ജിത്തു ജോസഫ് എന്ന സംവിധായകൻ എന്തുകൊണ്ട് സമാന കാലത്ത് തന്നെ വന്ന അമൽ നീരദ് അൻവർ റഷീദ് .. ആഷിക് അബു എന്നിവരുടെ ഒരു ശ്രേണിയിലേക്ക് എത്തുന്നില്ല എന്നത് കൂടി ചിന്തിക്കണം. സിനിമ എന്നത് ഇത്തരം തട്ടിക്കൂട്ടലല്ല എന്നത് തന്നെയാണതിനുത്തരം.
പറഞ്ഞ് തുടങ്ങിയത് ലൗ എന്ന സിനിമയെ പറ്റിയായിരുന്നല്ലോ? വളരെ പ്രതീക്ഷ തരുന്ന യുവസംവിധായകനായ ഖാലിദ് റഹ്മാൻ ചിത്രം .ശരിക്കും ഒരു ഷോർട്ട് മൂവീ സബ്ജക്ട് ഒന്നര മണിക്കൂറാക്കി വലിച്ചു നീട്ടിയെന്ന തകരാർ മാത്രമാണ് ഈ സിനിമയ്ക്കുള്ളത്. ദൃശ്യത്തിൻ്റെ മറുപുറ ദൃശ്യമാണ് ഈ സിനിമ. പുതിയ ജീവിതാ വേഗത്തിൽ ആൺ പെൺ ബന്ധം വിവാഹബന്ധം ലൈംഗികത അതിലുള്ള പ്രശ്നങ്ങൾ ഇതൊക്കെ പറഞ്ഞു പോകുന്നുണ്ട് ലൗ വിൽ ..
വർഷങ്ങൾക്ക് മുമ്പിറങ്ങിയ ബ്രാഡ് പിറ്റ് സിനിമയായ ഫൈറ്റ് ക്ലബിൻ്റെ ഒരു സങ്കല്പം ഈ സിനിമയിൽ വായിച്ചെടുക്കാം .മനസിനെ പേർസോണിഫിക്കേഷൻ നടത്തുന്ന ഒരു രീതി.
വളരെ സീരിയസായി സിനിമയെ കാണുന്നതിൽ മലയാളത്തിലെ ഒരു യുവനിര വളർന്നു വരുന്നു എന്നതിൻ്റെ തെളിവാണ് ഖാലിദ് റഹ്മാൻ ചിത്രം. ആസ്വാദനതലത്തെ വരുതിക്കു നിർത്തി ദൃശ്യം പോലുള്ള സിനിമകൾ കൊണ്ടാടുമ്പോഴാണ് അതിനെ കെട്ടഴിച്ചുവിട്ട് ലൗ പോലുള്ള ചിത്രങ്ങൾ നിലനിൽക്കുന്നത്.
അല്പം കൂടി ഒതുക്കിപ്പറഞ്ഞിരുന്നെങ്കിലും ലൗ ഒരു മെച്ചപ്പെട്ട ചിന്തകാഴ്ചവച്ചിരുന്നേനെ.
തിയറ്ററുകളെ അടക്കിവാഴുന്ന പ്രൊഡ്യൂസർ ആമസോൺ പ്രൈമിൽ എന്തുകൊണ്ട് ദൃശ്യം 2 റിലീസ് ചെയ്തു എന്നത് തുടങ്ങി ഓരോ മില്ലീമീറ്ററിലും ബ്രില്യൻസ് മാത്രം കണ്ടെത്തുന്ന ഫാൻ ഫൈറ്റും കാണുമ്പോൾ സിനിമയെ വളരെ സീരിയസായി കാണുന്ന പ്രേക്ഷകന് വിഷമമോ പുശ്ചമോ ഉണ്ടായില്ലെങ്കിൽ അത്ഭുതപ്പെട്ടാൽ മതിയാകും.

Read Also  ചലച്ചിത്ര-നാടക നടി പി കെ കാഞ്ചന അന്തരിച്ചു

ഇതിനിടെയുണ്ടാകുന്ന ഗ്രേറ്റ് ഇന്ത്യൻ കിച്ചണും ലൗവും ഒക്കെയാണ് മലയാള സിനിമയുടെ പുതിയ ചിന്തയെന്നു കൂടി പറഞ്ഞവസാനിപ്പിക്കാം

Spread the love