യഥാർത്ഥ ഇന്ത്യക്കാരെന്ന് പറയാവുന്നത് കേരളത്തിലെ ജനങ്ങളെയാണെന്ന് ജസ്റ്റിസ് മാർക്കണ്ടേയ കട്ജു രണ്ടുമൂന്ന് വർഷങ്ങൾക്ക് മുമ്പ് പറയുകയുണ്ടായി. സാമൂഹിക ജീവിതത്തിന്റെ പുരോഗതിയെ നിശ്ചയിക്കുന്നതിൽ ജാതിമതഘടകങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കാത്ത സാഹോദര്യം നിലനിർത്താൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുന്നു എന്നാണദ്ദേഹം അതിനോടൊപ്പം വ്യക്തമാക്കിയത്.

എന്നാൽ വർത്തമാനകാല ഇന്ത്യയിൽ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് നോക്കുമ്പോൾ കേരളത്തെ ഇന്ത്യയുടെ ഭാഗമായി പരിഗണിക്കാത്ത തരത്തിലുള്ള മാനസികവിദ്വേഷം ഇന്ത്യാരാജ്യത്തെ ഭരണ-രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ ശക്തമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അതിലേറ്റവും അവസാനം അരോചകമായി തോന്നിയത് നേപ്പാളിലെ ടൂറിസ്റ്റ് റിസോർട്ട് മുറിയിൽ വിഷവാതകം ശ്വസിച്ച് ജീവൻ വെടിയേണ്ടിവന്ന എട്ട് മലയാളികളുടെ കാര്യത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം കൈക്കൊണ്ട നിസംഗമായ സമീപനമാണ്. 

മരിച്ചവർ സംഘപരിവാർ ബന്ധങ്ങളിലുള്ളവരാണെന്നാണ് മനസ്സിലാകുന്നത്. അതേ രാഷ്ട്രീയ നിലപാടുകളുടെ കേരളീയനേതാക്കളിലൊരാളാണ് കേന്ദ്രത്തിലെ വിദേശകാര്യ സഹമന്ത്രി. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെയൊരു സമീപനമുണ്ടായി എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഇഷ്ടക്കേടിന്റെ പരിധിയിൽ കേരളത്തിലെ ജനങ്ങൾ ആകെയാണ് ഇടംപിടിക്കുന്നതെന്ന് മനസ്സിലാക്കിയാൽ മതി. (കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സുഷമാസ്വരാജ് എന്ന മന്ത്രി എങ്ങനെയായിരുന്നു എന്നത് മറക്കുന്നില്ല. പൊതുബോധത്തിന്റെ രാഷ്ട്രീയം ഉള്ളിലുണ്ടായിരുന്നവരുടെ കാര്യത്തിൽ ചിലവ്യത്യാസങ്ങൾ ഉണ്ടാവും. അത്തരക്കാരുടെ സാന്നിധ്യവും പ്രസക്തിയും ഇല്ലാതാക്കിയാണ് ഓരോ ഘട്ടവും പിന്നിടുന്നതെന്ന് മനസ്സിലാക്കിയാൽ മതി).

കേരളത്തിൽ ബീഫിനെതിരെ കലാപത്തിനിറങ്ങാൻ പരിവാർ വിഭാഗങ്ങൾക്ക് കഴിയാത്തിടത്തോളം ശക്തമാണ് പൊതുബോധമെന്നതും തങ്ങളും ബീഫ് കഴിക്കാറുണ്ടെന്ന് പറയേണ്ടിവരുന്ന ചില പരിവാർനേതാക്കളും ദേശീയ തലത്തിലെ പരിവാരത്തിനെ സന്തോഷിപ്പിക്കില്ല. ‘കേരളത്തിലെ കോൺഗ്രസും ഇച്ചിരി കമ്മ്യൂണിസ്റ്റാ’ണെന്ന ഏതോസിനിമാ ഡയലോഗ് ഓർമ്മവരുന്നു.

ഹയർ സെക്കന്ററി അധ്യാപകനായിരുന്നപ്പോൾ 2001ൽ ഡൽഹിയിൽ വച്ച് സെന്റർ ഫോർ കൾച്ചറൽ റിലേഷൻസ് & ട്രെയിനിംഗ് (സി സി ആർ ടി) എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ ഒരുമാസത്തോളമുണ്ടായിരുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. കാശ്മീർ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് അധ്യാപകർ പങ്കെടുത്തു. കേരളത്തിൽ നിന്ന് അഞ്ചിലധികമാളുകൾ ആ ബാച്ചിലുണ്ടായിരുന്നു. നാഗാലാന്റ് സംസ്ഥാനത്ത് നിന്ന് വന്നവരിലും കേരളീയരുണ്ടായിരുന്നു. അന്ന് ഉത്തർപ്രദേശിൽ നിന്ന് വന്നിരുന്ന ഒരു യുവാവ് കേരളീയർ എന്ന് കേൾക്കുമ്പോഴും ഞങ്ങളോട് സംസാരിക്കുമ്പോഴും കാണിച്ചിരുന്ന അസഹിഷ്ണുത വളരെ വലുതാണ്.

സാമൂഹിക വികസന സൂചികയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ അസൂയ കലർന്നവെറുപ്പ് അവർക്ക് കേരളത്തോട് ഉണ്ടായിരുന്നതായി തോന്നി. പലപ്പോഴും ആ യുവാവ് എന്തെങ്കിലും സംസാരിച്ച് ഞങ്ങളോട് വഴക്കിടാൻ വരുമായിരുന്നു. കേരളത്തിലുള്ളവർ ആരായാലും വർഗീയതയെ എതിർക്കുന്ന കമ്മ്യൂണിസ്റ്റുകൾ എന്ന കാഴ്ചപ്പാടാണവർക്ക്. ക്യാമ്പിന്റെ ചുമതലക്കാരായ ഉദ്യാഗസ്ഥരിലൊരാളും ‘ഗോഡ്സ് ഓൺ കൺട്രി’ എന്നപേര് പറഞ്ഞ് പലപ്പോഴും പരിഹാസത്തോടെ സംസാരിച്ചിരുന്നു. നാഗാലാന്റുകാരായ മലയാളികൾക്ക് നന്നായി ഹിന്ദി അറിയാമായിരുന്നതിനാൽ ഹിന്ദിക്കാരുടെ പരസ്പര സംസാരങ്ങൾ തിരിച്ചറിഞ്ഞ് നല്ല മറുപടികൾ നൽകാനും മടിച്ചില്ല.

ഒരു അവധി ദിവസത്തിൽ ആഗ്രയിൽ പോകാൻ പരിപാടിയിട്ടതും വാഹനം ഏർപ്പാട് ചെയ്തതുമൊക്കെ അവരറിയാതെയായിരുന്നു. ക്യാമ്പ് കഴിഞ്ഞ് പോരുന്ന ദിവസം ഇവർ വെളിയിൽ നിന്നുള്ളവരുടെ സഹായത്തോടെ ഞങ്ങളെ തേടിവരുമോയെന്ന സംശയം ചില സുഹൃത്തുക്കൾക്കുണ്ടായി. വേറെ സ്ഥലങ്ങളിൽ പോകുന്ന കാര്യമൊക്കെ അവർ കേൾക്കെപറഞ്ഞ് റൂട്ട് മാറി റെയിൽവെ സ്റ്റേഷനിലെത്തുകയായിരുന്നു അന്ന്. പരിവാരത്തിന്റെ സ്വാധീനം ഡൽഹിയിലെ സർക്കാർ സംവിധാനങ്ങളിൽ അന്നും ശക്തമായിരുന്നുവെന്നാണ് തോന്നിയത്. പരിവാർ രാഷ്ട്രീയ വിശ്വാസിയായ ഒരാളും കേരളത്തിൽ നിന്നുള്ളവരിൽ ഉണ്ടായിരുന്നു. കേരളത്തിന് പുറത്ത് വർഗീയ ഹിന്ദുത്വത്തിന്റെ വക്താക്കൾക്ക് കേരളമെന്നതാണ് അലർജിയെന്നും അന്യജാതിമതക്കാർ മാത്രമല്ലെന്നും അയാൾ നിസ്സഹായതയോടെ മനസ്സിലാക്കി.

Read Also  വീട്ടിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ജലഅതോറിട്ടി സൗജന്യമായി പരിശോധിച്ച് നൽകും

കേരളത്തിന് അർഹമായ സാമ്പത്തിക സഹായങ്ങൾ നിഷേധിക്കുന്നത്, പ്രളയദുരന്തത്തെ അവഗണിക്കുന്നത്, സൗജന്യമായി അനുവദിച്ച അരിക്ക് തിരിച്ച് പണം ചോദിക്കുന്നത്, അർഹമായ നികുതിവരുമാനം നൽകാത്തത് തുടങ്ങി എല്ലാമെല്ലാം കേരളം പരിവാരത്തെ അകറ്റിനിർത്തുന്നത് കൊണ്ടുള്ള രാഷ്ട്രീയകാരണങ്ങളാൽ മാത്രമല്ല. കേരളത്തിന്റെ വികസനത്തെ മുരടിപ്പിച്ച് ജീവിതം ദുരിതപൂർണമായ സംസ്ഥാനമാക്കി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്.

പരിവാർ രാഷ്ട്രീയത്തിനനുകൂലമായി വോട്ട് ചെയ്യുന്ന മുപ്പത് ലക്ഷത്തോളമാളുകൾ കേരളത്തിലുണ്ട്, കടുത്ത വിഭാഗീയത തലച്ചോറുകളിൽ വളർത്തിയെടുക്കപ്പെട്ടവരുൾപ്പെടെ. അവരിലും പ്രളയ-സാമ്പത്തിക ദുരിതങ്ങൾ അനുഭവിക്കുന്നവരുണ്ട്‌. അവരുടെയുൾപ്പെടെ ജീവിത സാഹചര്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിയാതെയും അറിഞ്ഞാലും മൂടിവച്ചും ‘ഓർമ്മയില്ലേ ഗുജറാത്ത്’ എന്ന മുദ്രാവാക്യവുമായി അതുപോലൊക്കെ ചെയ്യാൻ ഇവിടെയും ഞങ്ങൾ സജ്ജരാണെന്ന് പറഞ്ഞ് ദേശീയപരിവാരത്തിനുള്ളിൽ വിശ്വാസ്യത വളർത്താൻ മത്സരിക്കുകയാണ് ഒരുകൂട്ടർ.

സെൻസ് പോയ കുമാരന്മാരും വർഗീയ ഭ്രാന്തിനെ ചോദ്യം ചെയ്ത വീട്ടമ്മക്ക് നേരേ ചീറിയടുത്ത കുലസ്ത്രീകളും ‘ഇതൊക്കെ ഞാനിങ്ങെടുക്കുവാ’യെന്ന് പറയുന്ന താരങ്ങളും ഭരണഘടനാപദവിയിലിരുന്ന് മാധ്യമങ്ങളെ കാണുമ്പോൾ കിളിപോയ രീതിയിൽ വിളിച്ചുകൂവുന്നവരും ഒരു ജില്ലയിൽ മതത്തിന്റെ പേരിൽ കുറച്ചു പേർക്ക് വെള്ളം നിഷേധിച്ചുവെന്ന് അന്യസംസ്ഥാനത്ത് വ്യാജപ്രചാരണം നടത്തുന്ന എം.പി.മാരും ലക്ഷ്യം വയ്ക്കുന്നത് അത് തന്നെയാണ്; അതോടൊപ്പം കേരളത്തെയും. മതസ്വത്വത്തെ ഉയർത്തിക്കാട്ടി പ്രതിരോധിക്കാനിറങ്ങുന്ന മറ്റൊരു കൂട്ടരും കൂടിചേരുമ്പോൾ മാർക്കണ്ടേയ കട്ജുവിന് കേരളത്തെക്കുറിച്ച് തിരുത്തിപ്പറയേണ്ടിവന്നേക്കാം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here