പുത്തൻകഥകൾ സ്വീകരിക്കുന്ന രചനാതന്ത്രങ്ങളിലും പ്രമേയങ്ങളിലും കാലികമായ സ്വരഭേദങ്ങളും, വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധസ്വരങ്ങളും വായനക്കാരന്റെ കണ്ണുടക്കാൻ പാകത്തിൽ വേറിട്ടു കാണാൻ കഴിയും. അത്തരത്തിലുള്ള മൂന്നു കഥകളാണിന്ന് കഥാ ചർച്ചയിൽ.

ചൊടക്ക് – കെ.എസ്.രതീഷ്
(തോർച്ച വേനൽപ്പതിപ്പ്)
………………………………….
ശ്രീ.കെ .എസ്. രതീഷിന്റെ ‘ചൊടക്ക് ‘ വ്യവസ്ഥിതിയോടുള്ള കലമ്പലും, വിപ്ലവത്തോടുള്ള ന്യായീകരണവും, പ്രതിബദ്ധതയിൽ നിന്നും മനുഷ്യത്വത്തിൽ നിന്നും സ്വയമറിയാതെ ഇറങ്ങിപ്പോകുന്ന സമൂഹവും ഒക്കെ ച്ചേർന്ന് പുത്തൻ ക്യാൻവാസിലെഴുതിയ സാമൂഹ്യ വിഢംബനത്തിന്റെ രസക്കൂട്ടാണ്.
ചിരപരിചിതമായ ഫെയ്സ് ബുക്ക് പോസ്റ്റുകളുടെ രൂപത്തിൽ പ്രത്യക്ഷ്യപ്പെടുന്ന കുറിപ്പുകളായാണ് കഥ മുന്നോട്ടുപോകുന്നത്. ഓരോ പോസ്റ്റിനും കിട്ടുന്ന ലൈക്കും കമൻറും ഷെയറും കഥയ്ക്കുള്ളിൽത്തന്നെയുള്ള മറ്റൊരു കഥയുടെ സത്യസന്ധാവിഷ്കാരമാകുന്നു.
പരിസ്ഥിതിസംരക്ഷണവും വികസനവും തമ്മിലുള്ള നിരന്തര പോരാട്ടങ്ങളിലൊന്നാണ് ഇവിടെയും കഥാപശ്ചാത്തലം. ഒരു നാടിന്റെ പൈതൃകത്തിനുമേൽ, വികസനം മഴുവയ്ക്കുമ്പോൾ ആ വികസനം നേതൃനിരയുടെ കീശവീർപ്പിക്കലായി മാറുന്നതും ഒരു സമൂഹം ആ കുതന്ത്രങ്ങൾ തിരിച്ചറിയാതെ മുന്നേറുന്നതും സ്വാർത്ഥ താല്പര്യങ്ങൾ വിജയിച്ചു മുന്നേറുന്നതും വളരെ തൻമയത്വത്തോടെ ക്രമബദ്ധമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
നക്സലിസവും മാവോയിസവുമൊക്കെ ഉടലെടുക്കുന്നത് എങ്ങനെയാണെന്നു കൂടെ നാം കഥയിലൂടെ തിരിച്ചറിയുന്നു. നാട് വെള്ളാനകൾ കൈയ്യടക്കു മ്പോൾ മനുഷ്യനും അവന്റെ പ്രകൃതി സ്നേഹവും പ്രതിക്കൂട്ടിലാവുന്നു. നാട്ടുകാർക്കൊപ്പം നിന്നവരെ നാട്ടുകാർതന്നെ ഒറ്റപ്പെടുത്തി പലായനം ചെയ്യിക്കുന്നു. പോസ്റ്റുകൾക്ക് വരുന്ന കമൻറും ലൈക്കും കുറഞ്ഞു കുറഞ്ഞ് പൂജ്യത്തിലെത്തുമ്പോൾ പോസ്റ്റു കാണുന്നില്ലാ എന്നതല്ലാ അർത്ഥമെന്ന് വായനക്കാർ മനസ്സിലാക്കുന്നു. താൻ നിൽക്കുന്നിടം മാത്രം സുരക്ഷിതമാക്കാനുള്ള മനുഷ്യന്റെ അഭിവാഞ്ഛയും, അതുകാരണത്താലുള്ള പ്രതികരണ ശേഷിയില്ലായ്മയും കൂടിയാണ്.
ധനികനും ദരിദ്രനും എന്ന രണ്ടു വിഭാഗംമാത്രമായി മനുഷ്യകുലം മാറുന്നത് പ്രതിബദ്ധതയും പ്രതികരണ ശേഷിയും നഷ്ടപ്പെടുന്നിടത്തു നിന്നാണെന്ന് കഥാകൃത്ത് അടിവരയിട്ട് സമർത്ഥിക്കുന്നുണ്ട്. വ്യവസ്ഥിതിയുടെ പൈതൃകത്തിനും നൻമയ്ക്കുമായുള്ള പോരാട്ടങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുമ്പോൾ ഭൂമി തന്നെയാണ് നമുക്ക് അന്യമാകുന്നതെന്ന് തീക്ഷ്ണവർണ്ണങ്ങളിൽ കോറി വയ്ക്കുന്ന കഥയാണ് ചൊടക്ക്.
ചൊടക്ക് ഒരു നിസാര വസ്തുവായിത്തോന്നാമെങ്കിലും കഥയിൽ അതിനു ലഭിക്കുന്ന ബിംബമാനം വളരെ വലുതാണ്. കഥാകൃത്തിന്റെ ബുദ്ധികൂർമ്മതയും പുത്തൻരചനാതന്ത്രവും വായനക്കാരന്റെ ശ്രദ്ധയെ ആകർഷിക്കുന്നതാണ്.

 

 

കടൽനിറങ്ങൾ – സൂനജ (കഥ)
……………………………. …….
ശീലിച്ച സംസ്കാരത്തിന്റെ അനന്തരഫലമെന്നോണം ഉരുത്തിരിയുന്ന സദാചാരബോധത്തിന്റെ ത്രാസിൽ തൂങ്ങിയാടുന്ന പെൺമനസ്സിന്റെ സന്ത്രാസങ്ങളെ ശ്വേത എന്ന ക്യാൻവാസിൽ ഒതുക്കാൻ ശ്രമിക്കുന്ന കഥ. സ്വാതന്ത്ര്യം എന്നത് നിർവചനാതീതമായി വളരുന്ന കാലത്തിന് പിൻതിരിപ്പനെന്ന് തോന്നാവുന്ന പ്രമേയം.പെണ്ണെഴുത്തുകൾ കൈകാര്യം ചെയ്യാൻ അധികം താല്പര്യം കാണിക്കാത്ത ഒരു മേഖലയിലേക്ക് വെളിച്ചം തിരിച്ചു വയ്ക്കാനുള്ള ശ്രമം എന്ന നിലയ്ക്കാണ് ‘കടൽനിറങ്ങൾ’ വായിക്കപ്പെടുന്നത്.
വായിച്ചു മുന്നേറാവുന്ന ഒരു ലളിതഭാഷാശൈലിയാണ് കഥയുടെ ശയ്യ. എതിർലിംഗങ്ങളെ ഉള്ളിൽപ്പേറുന്ന പുരുഷനും സ്ത്രീയും അങ്ങനല്ലാതുള്ള രണ്ടുപേരുടെ ദാമ്പത്യത്തിലേക്ക് കൊണ്ടുവരുന്ന ക്രമക്കേടുകളാണ് കഥ ചർച്ച ചെയ്യുന്നത്. ശ്വേതയുടേയും റോഷന്റേയും ജീവിതത്തിലേക്ക് കടന്നുവരുന്ന സ്ത്രൈണപ്രകൃതമുള്ള ശ്യാം ക്രമേണ ശ്വേതയ്ക്ക് പകരമാകുന്നത് ശ്വേതയുടെ അപാകംകൊണ്ടല്ലാ. പുതുമ കാംക്ഷിക്കുന്ന പുരുഷന്റെ ചപലതകളുടെ ഭാഗമായാണ്. ശ്വേതയുടെ ഭാര്യാ പദവിയും ക്രമേണ അമ്മസ്ഥാനവും നഷ്ടപ്പെടുന്നത്.ശ്യാം ശ്വേതയ്ക്ക് പകരക്കാരനാവുമ്പോൾ അസ്തിത്വംതന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ശ്വേത എത്തിച്ചേരുന്നു. സ്വവർഗ്ഗലൈംഗികത നേരിട്ടുകാണുന്ന ശ്വേതയിലെ പ്രതിഷേധവും അമ്പരപ്പും ആത്മനിന്ദയും, വിശ്വസിച്ച വ്യവസ്ഥിതിയിലേൽക്കുന്ന ആഘാതവും ഛർദ്ദിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മനസ്സിന് ദഹിക്കാത്തതിന്റെയും പ്രകടനപരത അതുമാത്രമാകുന്ന തരത്തിൽ അവൾ ദാമ്പത്യത്തിൽ വേരുകളില്ലാത്തവളായി കുടുംബത്തിനു പുറത്താകുന്നു. കൂടെത്തുണയ്ക്കാനെന്നോണം എത്തുന്ന പെൺസുഹൃത്ത് രേഷ്മ പുരുഷവിദ്വേഷിയാണെന്നും പുരുഷകാ മനകളെ താലോലിക്കുന്നവളാണെന്നും തിരിച്ചറിയുന്നിടത്തു വച്ച് വീണ്ടും അവളിൽ ഛർദ്ദി ഉരുവാകുന്നു. ദാമ്പത്യത്തിൽനിന്ന് പുറന്തള്ളപ്പെട്ടതിന്റെ പ്രതികാരമായിപ്പോലും അവൾക്ക് ലൈംഗിക സങ്കല്പങ്ങളെ പൊളിച്ചെഴുതാനാവുന്നില്ലാ.
ലൈംഗികത എന്നത് ആൺ പെൺബന്ധമാണെന്നുതന്നെ കഥാകാരി അടിവരയിടുന്നു.എന്നാൽ അത് പുരുഷവികലതമാത്രമല്ലാ, അത്തരം സ്ത്രീകളുമുണ്ടെന്ന് സാമാന്യവൽക്കരിക്കുന്നുമുണ്ട്. അസ്തിത്വം ദാമ്പത്യത്തിൽ കുടുങ്ങിയ പെണ്ണിന്റെ കരുത്ത് (അതോ, ദൗർബല്യമോ ) അത്തരം ചപലതകളെ സ്ത്രീയ്ക്ക് അനാകർഷകവും, അബദ്ധജടിലവുമാക്കി മാറ്റുന്നു. നിലവിലെ വ്യവസ്ഥിതിയിൽ ദാമ്പത്യത്തിലെ സ്ത്രീ കുടുംബത്തിന് എത്രത്തോളം അപ്രധാനമാകുന്നു എന്ന് കഥാകാരി കോട്ടങ്ങളില്ലാതെ പറഞ്ഞു വയ്ക്കുന്നിടത്ത് റോഷൻ എന്ന പുരുഷൻ പ്രതിക്കൂട്ടിലാവുകയും ശ്വേത എന്ന സ്ത്രീ മഹത്വവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് സ്ത്രീപക്ഷപാതമായി കാണേണ്ടതില്ലാ എന്ന് കഥാകാരിയെ കാലികാനുഭവങ്ങൾ പിന്തുണയ്ക്കുന്നു.
സമാനവിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള മറ്റുകഥകൾകൂടെ പരിഗണിക്കുമ്പോൾ വേറിട്ടകഥയാക്കി മാറ്റാൻ കഥാകാരിക്ക് ചില ചടുലതന്ത്രങ്ങൾകൂടെ പ്രയോഗിക്കാനുള്ള പ്രതലം ഉണ്ടാവേണ്ടിയിരുന്നു.”രണ്ടു റോട്ടിക്കഷണങ്ങൾക്കിടയിൽ പച്ചക്കറികളെ ചീസ് കൊണ്ട്
ചേർത്തൊട്ടിച്ച സാൻഡ് വിച്ചിന്
ഒട്ടും രുചിയില്ലെ”ന്നും മറ്റും ചില ദ്വയാർത്ഥവാക്യങ്ങൾ കഥയെ പുഷ്ടിപ്പെടുത്തുന്നുണ്ട്. പശ്ചാത്തലത്തിലെ കടൽ പ്രക്ഷുബ്ദ്ധമായ സ്ത്രീമനസ്സിനെ പ്രതിബിംബിപ്പിക്കുന്നുണ്ടെങ്കിലും ന വ്യതയാർന്ന ബിംബങ്ങളിൽ വായനക്കാർ ആസ്വാദനം തേടുന്നുണ്ടെന്ന് ഓർക്കേണ്ടതുണ്ട്.

Read Also  പെൺരചനകളിലെ തനതുവഴികൾ ; ബൃന്ദ പുനലൂർ, ബഹിയ, സുധ തെക്കേമഠം എന്നിവരുടെ കഥകളിലൂടെ

ഓർമ്മയ്ക്കായ് – സിവിക് ജോൺ (ഡെൽഹി സ്കെച്ച സ് )
………………………………….
ശ്രീ.സിവിക് ജോണിന്റെ ഓർമ്മയ്ക്കായ് പറഞ്ഞു തേഞ്ഞ ഒരു പ്രമേയത്തെ പുതിയ മൂശയിൽ പാകപ്പെടുത്താനുള്ള പരിശ്രമം കൊണ്ട് ശ്രദ്ധേയമായ കഥയാണ്. പ്രണയം, ദാമ്പത്യം, ആത്മഹത്യ എന്ന സ്ഥിരം അനുപാതത്തെയാണ് കഥാകാരൻ പുതിയ രസതന്ത്രത്തിലൂടെ പുത്തൻ നിറത്തിലേക്ക് പരാവർത്തനം നടത്തിയിരിക്കുന്നത്.
യതി, അയ്യപ്പൻ, വിക്ടർ തുടങ്ങിയ പ്രശസ്തരായ പലരുടേയും സുഹൃത്തായ നരന്റെ ജീവിതത്തിലേക്ക് അധികമൊന്നും എത്തി നോക്കാതെ ആ ജീവിതത്തിന് ആത്മഹത്യയുടെ തിരശ്ശീലയിടുന്ന കഥാകാരൻ അയാളുടെ പ്രിയതമയുടെ സ്വഗതാഖ്യാനത്തിലൂടെയാണ് കഥയെ നയിക്കുന്നത്. നാഥൻ നഷ്ടപ്പെട്ട വീടിന്റെ കനത്ത നിശ്ശബ്ദതയേയും, ശൂന്യതയേയും തീവ്രമായി അവതരിപ്പിക്കുന്നിടത്താണ് കഥയെ ഫോക്കസ് ചെയ്യുന്നത്. ഭർത്താവ് നഷ്ടപ്പെട്ട പെണ്ണിന്റെയും അവളുടെ ഒറ്റ മകളുടേയും, ഒറ്റയെങ്കിലും ഒരുമിച്ചാണ് എന്ന അതിജീവനത്തിന്റെയും, നഷ്ടങ്ങൾ സമ്മാനിച്ചിടത്തെ ഉപേക്ഷിക്കുന്ന ജീവിതായനത്തിന്റെ പ്രതിസന്ധികളേയും തൻമയത്വമുള്ള പെൺനോട്ടത്തിലൂടെ കഥാകൃത്ത് അവതരിപ്പിക്കുന്നുണ്ട്. യതിയുടേയും വിക്ടറിന്റേയും ഏ.അയ്യപ്പന്റേയുമൊക്കെ യഥാതഥാവതരണംകഥയുടെ വിശ്വാസ്യതയെ പുഷ്ടിപ്പെടുത്തിയതിലുപരി ഒരു നവ്യാഖ്യാനരീതി പരിചയപ്പെടുത്തുന്നതിനുതകി.പ്രിയ എ. എസിന്റെയും അയ്യപ്പന്റെയും വരികളും ഷാനെക്കുറിച്ചുള്ള അനുസ്മരണവും കഥയ്ക്ക് സ്മരണികയുടെ മാനംകൂടെ നൽകി. ഓരോ മരണവും വലിയൊരു വേദനയാണ് എന്ന് പറഞ്ഞവസാനിപ്പിക്കുന്നിടത്ത് കഥാകൃത്ത് പ്രമേയം കൊണ്ടുദ്ദേശിച്ചത് നഷ്ടപെടൽ ജീവിച്ചിരിക്കുന്നവർക്ക് നൽകുന്ന ശൂന്യതയുടെ അപാരതകൾ വരച്ചുകാട്ടുകയാണ് എന്ന് വ്യക്തമാകുന്നു.
വിവരണാത്മകമായ അവതരണവും, തീക്ഷ്ണതയിലേക്ക് കടക്കാത്ത വൈകാരിക രംഗങ്ങളും, പതിഞ്ഞ അവതരണവും പ്രമേയത്തിന്റെ ദുർബലതയും ഒരു പരിധിവരെ കഥയെ ബാധിച്ചിട്ടുണ്ട് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here