Saturday, January 29

2019 പൊതുതിരഞ്ഞെടുപ്പ്: ബംഗാളി സ്വത്വരാഷ്ട്രീയം ഉയര്‍ത്തി ബിജെപിയെ നേരിടാന്‍ മമത

1990കള്‍ക്ക് ശേഷം കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയും പ്രദേശിക പാര്‍ട്ടികള്‍ സ്വന്തം തട്ടകങ്ങളില്‍ ശക്തിപ്രാപിക്കുകയും ചെയ്‌തോടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രദേശിക സ്വത്വത്തിന് പുതിയ നിര്‍വചനങ്ങള്‍ ലഭിച്ചത്. കോളോനിയല്‍ കാലഘട്ടത്തില്‍ ലഭിച്ച ഇംഗ്ലീഷ് സ്ഥലനാമങ്ങള്‍ മാറ്റുകയും പകരം പ്രദേശിക ഭാഷയിലുള്ള പേരുകള്‍ നല്‍കുകയും ചെയ്യുക എന്നതായിരുന്നു പ്രദേശിക സ്വത്വരാഷ്ട്രീയം നടപ്പില്‍ വരുത്തിയ ആദ്യമാറ്റം. മദ്രാസ് ചെന്നെയായതും ട്രിവാന്‍ഡ്രം തിരുവനന്തപുരമായതും ബോംബെ മുംബെയായതും ബാംഗ്ലൂര്‍ ബംഗളൂരു ആയതുമൊക്കെ ഈ മാറ്റത്തിന്റെ സാക്ഷ്യപത്രങ്ങളാണ്.

ഭാരതീയ ജനതാപാര്‍ട്ടിയുടെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും വളര്‍ച്ചയോടുകൂടി വ്യത്യസ്തമായ ഒരു സംസ്ഥാന സ്വത്വരാഷ്ട്രീയമാണ് അരങ്ങേറുന്നതെന്ന് സ്‌ക്രോള്‍.ഇന്നില്‍ എഴുതിയ ലേഖനത്തില്‍ ഷൊഹൈബ് ദാനിയല്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ് സ്വത്വത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകവും ഒഡിയ സ്വത്വത്തെ ഉപയോഗിക്കുന്ന ബിജു ജനതാദളും കന്നട സ്വത്വത്തെ ചൂഷണം ചെയ്യുന്ന കര്‍ണാടക കോണ്‍ഗ്രസുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ഈ നിരയിലേക്കാണ് പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്ന് മാറ്റാന്‍ മുന്‍കൈയെടുത്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും കടന്നു വരുന്നത്.

പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കി മാറ്റണമെന്ന പ്രമേയം വ്യാഴാഴ്ച ഏകകണ്ഠമായാണ് സംസ്ഥാന നിയമസഭ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രമേയം അംഗീകരിക്കുന്നപക്ഷം 1947ലെ വിഭജനത്തെ കുറിച്ച് നേരിട്ടുള്ള സൂചനകള്‍ നല്‍കുന്നതും 70 വര്‍ഷമായി നിലനില്‍ക്കുന്നതുമായ പശ്ചിമ ബംഗാള്‍ എന്ന പേര് ചരിത്രരേഖകളിലേക്ക് ഒതുങ്ങും. സംസ്ഥാനത്ത് ഉപയോഗിക്കുന്ന എല്ലാ ഭാഷകളിലും ബംഗ്ല എന്നായിരിക്കും പേര് എന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ഹിന്ദുത്വ സ്വത്വത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ബംഗാളിസ്വത്വത്തെ ഉദ്ദീപിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ പേരുമാറ്റം. സംസ്ഥാനത്ത് നിന്നുള്ള 42 ലോക്‌സഭ സീറ്റുകളില്‍ പകുതിയെങ്കിലും കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെ ബിജെപി അഴിച്ചുവിടുന്ന തീവ്രഹിന്ദുത്വ നിലപാടുകളെ ബംഗാള്‍ സ്വത്വം ഉയര്‍ത്തി തടയാന്‍ സാധിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

ബംഗാളി സ്വത്വത്തെ ഉദ്ദീപിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ബംഗാളി പഠിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് 2017 മേയില്‍ മമത സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ത്രിഭാഷ പാഠ്യ പ്ദ്ധതിയെ അനുകരിച്ചുള്ള ഒരു നീക്കമായിരുന്നു ഇത്. എന്നാല്‍ നേപ്പാളി സംസാരിക്കുന്ന ഗൂര്‍ഖ വിഭാഗങ്ങള്‍ക്ക് മേധാവിത്വമുള്ള ഡാര്‍ജിലിംഗ് പ്രദേശത്ത് ഈ തീരുമാനം പ്രതിഷേധത്തിന് കാരണമായി. ഏറെ നാളായി ഉന്നയിക്കപ്പെടുന്ന പ്രത്യേക ഗൂര്‍ഖ സംസ്ഥാനം എന്ന ആവശ്യത്തിന് ആക്കം കൂട്ടാനും ഈ തീരുമാനം വഴിതെളിച്ചു.
മമത പെട്ടെന്ന് തന്നെ തീരുമാനം പിന്‍വലിച്ചെങ്കിലും പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള ഡാര്‍ജിലിംഗ് പ്രദേശത്തെ കലാപം തൃണമൂല്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമായി മാറി.

Read Also  വർഗീയ വിഷം ചീറ്റി ശബരിമല കർമ്മ സമിതി നേതാവ്; മുസ്ലിം അധ്യാപകൻ പാക്കിസ്ഥാനിൽ പോകേണ്ടി വരുമെന്നും ഭീഷണി

ബംഗാളി സംസാരിക്കുന്ന മുഖ്യധാര മാധ്യമങ്ങള്‍ മമതയുടെ തീരുമാനത്തെ പിന്തുണച്ചു. പശ്ചിമ ബംഗാള്‍ വിഭജിക്കാനുള്ള ഏതൊരു നീക്കവും മുഖ്യധാര രാഷ്ട്രീയ മണ്ഡലത്തിന് പുറത്താണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെട്ടു. ബിജെപി ഗൂര്‍ഖ സംസ്ഥാനത്തിന് അനുകൂലമാണെന്നതും മമതയ്ക്ക് ഗുണം ചെയ്തു. പ്രത്യേക സംസ്ഥാനം എന്ന ഗൂര്‍ഖകളുടെ ദീര്‍ഘകാല ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് 2014ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. മമതയുടെ നീക്കത്തില്‍ ആശയക്കുഴപ്പത്തിലായതിനെ തുടര്‍ന്ന്, ബംഗാളി സംസാരിക്കുന്ന വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള വോട്ടര്‍മാരെ സ്വന്തം കുടക്കീഴില്‍ നിറുത്താനാണ് മമത ശ്രമിക്കുന്നതെന്ന ആരോപണവുമായി രംഗത്തിറങ്ങാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് നിര്‍ബന്ധിതനായി.

ബംഗാളി ദേശീയതാവികാരങ്ങള്‍ ചൂഷണം ചെയ്തുകൊണ്ട് ബിജെപി പുറത്തുനിന്നും വന്ന ശക്തിയാണെന്ന് സ്ഥാപിക്കാനാണ് മമത ശ്രമിക്കുന്നത്. ഹിന്ദുത്വ വിഭാഗീയ വളര്‍ത്തുന്നതിനായി ബിജെപി കലാപരൂക്ഷിതമായ രാമജന്മ റാലികളെ ആശ്രയിച്ചപ്പോള്‍, ബംഗാളിലേക്ക് വൈദേശിക സംസ്‌കാരം ഇറക്കുമതി ചെയ്യാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് 2017ല്‍ മമത ആരോപിച്ചിരുന്നു. ബംഗാളിലെ ജനങ്ങള്‍ ശിവനെയും ദുര്‍ഗയെയും കാളിയെയും നൂറ്റാണ്ടുകളായി ആരാധിക്കുമ്പോള്‍ ഒരു നിശ്ചിത ദൈവത്തെ അവര്‍ ആരാധിക്കണമെന്നാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും അവര്‍ വിശദീകരിച്ചിരുന്നു. ബംഗാളി ഹിന്ദുക്കളുടെ ആരാധന രീതികള്‍ വിശദീകരിച്ചുകൊണ്ട് പ്രാദേശിക ബംഗാളി ഹിന്ദുക്കളും പുറത്തുനിന്നുള്ള ഹി്ന്ദുത്വ ശക്തികളും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ജൂലൈയില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷീക രക്തസാക്ഷിദിന റാലിയില്‍ അവര്‍ വ്യ്ക്തമാക്കിയിരുന്നു. ജനുവരിയില്‍ ബംഗാളിന്റെ പുതിയ സ്വത്വം എന്ന പ്രഖ്യാപനത്തോടെ പുതിയ സംസ്ഥാന ചിഹ്നം മമത അവതരിപ്പിച്ചിരുന്നു. ബംഗാളിന്റെ ദേശീയഗാനം തയ്യാറാക്കൊണ്ടിരിക്കുയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാന പതാക അവതരിപ്പിക്കുകയും സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പാതയാണ് മമത പിന്തുടരുന്നതെന്ന് വ്യക്തം. ദേശീയതയുടെ പ്രാദേശിക രൂപം അവതരിപ്പിക്കാനുള്ള മമതയുടെ ശ്രമം മാധ്യമ ബഹളങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള നീക്കത്തിന് വലിയ മാധ്യമ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ സിദ്ധരാമയ്യയുടെ തന്ത്രം മിശ്രിത പ്രതികരണമാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയതെന്ന സത്യം മമതയെ അലട്ടുന്നുണ്ട്. ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം സി്ദ്ധരാമയ്യയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ലഭിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബിജെപിയെക്കാള്‍ 26 സീറ്റുകള്‍ അവര്‍ക്ക് കുറവായിരുന്നു എന്ന യാഥാര്‍ത്ഥ്യം തീര്‍്ച്ചയായും മമതയ്ക്ക് അലോസരങ്ങള്‍ സൃഷ്ടിക്കും.

Spread the love

Leave a Reply