Monday, January 24

ഫിലോസഫിയുടെ കാറ്റു കുത്തിനിറച്ച ലെയ് സ് പാക്കറ്റ് പോലെ

 

വന്ദനത്തിലെ ലാലേട്ടൻ്റെ `എങ്കിലേ എന്നോട് പറ ഐ ലവ് യൂന്നു` എന്ന് തുടങ്ങുന്ന സീൻ കണ്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടം കുട്ടികളിൽ നിന്ന് തുടങ്ങുന്ന ചിത്രം പ്രണയത്തിന്റെ ഭ്രാന്തമായ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ സഞ്ചരിക്കുന്നു. എതാണ്   ആ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴി എന്ന് ചോദിച്ചാൽ കണ്ടിരിക്കുന്നവക്ക് കല്ലും മുള്ളും നിറഞ്ഞ അസഹനീയമായ യാത്ര നൽകുന്ന ഒരു പ്രത്യേകതരം വഴി.എന്നേ ഉത്തരമുള്ളൂ.

വന്ദനത്തിൽ മോഹൻലാൽ പറയുന്ന ഐ ലവ് യു എന്ന വാക്ക് ആദ്യമായി കേൾക്കുന്ന നായകൻ അതിന്റെ അന്വേഷണത്തിൽ ആണ്, ഉത്തരം കിട്ടാത്ത ചോദ്യവും പേറി നായകൻ ഉറക്കവും നഷ്ട്ടപെട്ടു അച്ഛനോട് ചോദിമ്പോൾ…! അമ്മ അച്ഛനോട് പറയുന്നു മോന്റെ നശിച്ച സിനിമ കാണൽ നിർത്താൻ. ഒടുവിൽ ഉത്തരം കിട്ടാത്ത ചോദ്യത്തിന്റെ ഉത്തരം അകലെ പൂത്ത് നിൽക്കുന്ന മന്ദാരത്തിൽ ചൂണ്ടി തന്റെ അപ്പാപ്പനിൽ നിന്നാണു കിട്ടുന്നത്. മന്ദാരം മൊട്ടിടുമ്പോൾ അതിനു ചുറ്റും ആരുമില്ല അത് കഴിഞ്ഞു തേൻ കുടിക്കാൻ അതിനു ചുറ്റും പൂമ്പാറ്റകൾ വരുന്നു, അങ്ങനെ അത് പൂക്കുന്നു.  മന്ദാരം പൂക്കുന്നതാണ് പ്രണയമാണ്, അതെ മന്ദാരം പൂക്കുന്നതാണ് പ്രണയം. വല്ലോം മനസ്സിലായോ ആ എനിക്കും മനസിലായില്ല..നിങ്ങക്കോ? അങ്ങനത്തെ തമ്മിൽ ബന്ധമില്ലാത്ത ഒരുപാടു ഫിലോസഫി കുത്തി കേറ്റി കാറ്റു നിറച്ചു വെച്ച ലെയ്സ് പാക്കറ്റ് പോലെ ആണ് മന്ദാരം. എന്തായാലും എന്നെ പോലെ തന്നെ ആ നായകനും അതിന്റെ അർത്ഥം ഒന്നും പിടികിട്ടാതെ ഒടുവിൽ ഡിക്ഷണറി നോക്കി അർത്ഥം കണ്ടത്തുന്നു(മുത്തുഗവുവിൻ്റെ അർത്ഥം തെരഞ്ഞ സാക്ഷാൽ ലാൽ കഥാപാത്രത്തിനു ഡിക്ഷ്ണറികിട്ടിയില്ലയെന്നതും ഇവിടെ ഓർക്കുക)

അർത്ഥം മനസിലാക്കിയ ചെക്കൻ്റെ മുന്നിലേക്ക്‌  ക്ലാസിൽ പുതിയതായി വരുന്ന പെൺകുട്ടിയെത്തുന്നു,അവിടെ ഐ ലവ് യൂ തോന്നുന്നതും തുടങ്ങിയ നായകന്റെ ബാല കൗമാര ഭാഗം അല്പം രസകരമായി കണ്ടിരിക്കാം. കൗമാരത്തിൽ പ്രണയം നഷ്ടപ്പെടുന്ന നായകൻ ഇനി ജീവിതത്തിൽ ഒരു പെണ്ണില്ലെന്ന് ശപഥം ചെയ്യുന്നു. അതറിഞ്ഞ അപ്പൂപ്പൻ ചെറുമകനോട് പറയുന്നുണ്ട് `നമ്മളുടെ സന്ദോഷത്തിന്റെ താക്കോൽ മറ്റാർക്കും നൽകരുത് അത് നമ്മളുടെ കയ്യിൽ തന്നെ ആയിരിക്കണമെന്ന്` എന്നാൽ ഇതുപോലെ  പറയുന്ന ഫിലോസഫിയോടൊന്നിനോട് പോലും നീതിപുലർത്താൻ കഴിയാതെ ആണ് സിനിമാക്കഥയുടെ പോക്ക്.

ആസിഫ് അലി നായകനാകുന്ന രാജ് എന്ന കഥാപാത്രത്തിന്റെ ബാല്യ കൗമാര യൗവനത്തിന്റെ കഥപറയുന്ന ഈ മൂന്ന് കാലഘട്ടത്തിലും തന്നെ സ്വാധീനിക്കുന്ന പ്രേമത്തിന്റെ മന്ദാരം പൂക്കുന്ന കഥ പറയുന്നതാണ് മന്ദാരമെന്നാണ് അവകാശവാദം. സ്കൂൾ ജീവിതവും കോളേജ് ജീവിതവും പ്രേമവും സൗഹൃദവും യാത്രയും വിരഹവും പിന്നെ അതുമൂലം താടിയും മുടിയും വളർത്തുന്നതും ഹിമാലയൻ യാത്രയിലേക്ക് കടക്കുന്നതും   നന്മകൾ കണ്ടറിഞ്ഞു ചെയ്യുന്നതും ഉൾപ്പടെ ഏറക്കുറെ മലയാളികളുടെ വീക്നസ്സിൽ കേറി പിടിച്ച കഥക്ക് ബലമുള്ള ഒരു തിരക്കഥയോ തിരക്കഥക്കു പറ്റിയ സംഭാഷണങ്ങളോ ഇല്ലാതെ പോയി.

Read Also  വളരെ 'ഉയരെ'യാണ് പല്ലവി രവീന്ദ്രൻ, പാർവതിയും; ശ്രീലേഷ് എസ് കുമാർ എഴുതുന്നു

നമുക്ക് കാത്തിരിക്കാം  നവാഗതനായ വിജേഷ് വിജയനിൽ നിന്നും  ഒരു നല്ല ചിത്രത്തിനായി. പലപ്പോഴും  വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്തിരുന്ന ആസിഫ് അലിക്കാകട്ടെ മന്ദാരത്തിൽ  മികച്ച രീതിയിൽ ഒന്നും സംഭാവന ചെയ്യാനും കഴിഞ്ഞിട്ടില്ല. 

 

Spread the love

Leave a Reply