നോട്ട് നിരോധനത്തിന്റെ രണ്ടാം വർഷത്തിൽ വിമർശനവുമായി മുൻ പ്രധാനമന്ത്രിയും ധനകാര്യവിദഗ്ധനുമായ മൻമോഹൻസിംഗ് രംഗത്തെത്തി. നോട്ട് നിരോധനം മൂലം സമ്പദ്വ്യവസ്ഥയിലെ ആഴത്തിലുള്ള മുറിവുകൾ കൂടുതൽ വ്യക്തമായെന്നും കാലം എല്ലാ മുറിവുകളെയും മായ്ക്കുകയാണ് ചെയ്യുക എന്നാൽ ഇവിടെ നേരെ തിരിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വയസ്, ലിംഗം, മതം, തൊഴിൽ, വർഗം തുടങ്ങിയ ഒരു വ്യത്യാസവുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും നോട്ട് നിരോധനം ബാധിച്ചുവെന്നും മൻമോഹൻ വ്യക്തമാക്കി.
ദുർചിന്ത നിമിത്തമുണ്ടായ ദുർവിധിയാണ് നോട്ട് നിരോധനമെന്നും അത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി.ഡി.പിയിലുണ്ടായ തകർച്ചക്ക് പുറമേ നോട്ട് നിരോധനത്തിന് ശേഷം ചെറുകിട വ്യവസായങ്ങളും പ്രതിസന്ധി നേരിടുകയാണന്നും ഇനിയും നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സമ്പദ്വ്യവസ്ഥ മുക്തമായിട്ടില്ലന്നും രാജ്യത്തെ തൊഴിലുകളിൽ ഇത് വൻ കുറവ് സൃഷ്ടിച്ചുവെന്നും സാമ്പത്തിക സാഹസങ്ങൾ സമ്പദ്വ്യവസ്ഥയെ ദീർഘകാലത്തേക്ക് പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.